സത്യൻ ചിത്രത്തിലൂടെ ഗോപി തിരിച്ചെത്തുന്നു

മലയാളത്തിലെ എന്നത്തേയും മികച്ച നടന്മാരിലൊരാളായ ഭരത്‌ഗോപി സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ ചിത്രത്തിലൂടെ അഭിനയരംഗത്ത്‌ വീണ്ടും സജീവമാകാനൊരുങ്ങുന്നു. മീരാ ജാസ്‌മിനും മോഹൻലാലും നായികാനായകന്മാരായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ അതിപ്രധാനമായ വേഷമാണ്‌ അഭിനയചക്രവർത്തിക്ക്‌. സമാന്തര-മുഖ്യധാരാ ചിത്രങ്ങളിൽ ഒരേപോലെ സഹകരിച്ച്‌ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഗോപി പക്ഷാഘാതത്തെ തുടർന്നാണ്‌ സിനിമയിൽനിന്നും വിട്ടുനിന്നത്‌. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ‘പാഥേയം’ എന്ന ചിത്രത്തിലൂടെ നിർമ്മാതാവിന്റെയും അഭിനേതാവിന്റെയും വേഷമിട്ടാണ്‌ രണ്ടാം വരവ്‌ നടത്തിയത്‌. തുടർന്നും ചില ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും ഓർമ്മയിൽ തങ്ങി നിൽക്കുന്നവ വിരളമായിരുന്നു. ഉത്സവപ്പിറ്റേന്ന്‌, യമനം, എന്റെ ഹൃദയത്തിന്റെ ഉടമ എന്നീ സിനിമകളിലൂടെ സംവിധായകൻ എന്ന നിലയിലും ഗോപി ശ്രദ്ധേയനായി.

അപ്പുണ്ണി, രേവതിക്കൊരു പാവക്കുട്ടി എന്നീ സത്യൻ അന്തിക്കാട്‌ ചിത്രങ്ങളിൽ അതിശക്തമായ കഥാപാത്രങ്ങളായിരുന്നു ഭരത്‌ ഗോപിക്ക്‌. അടൂർ ഗോപാലകൃഷ്‌ണൻ, പത്മരാജൻ, കെ.ജി.ജോർജ്‌, ഭരതൻ എന്നീ പ്രഗത്ഭരുടെ സിനിമകളിൽ അസാമാന്യമായ അഭിനയമികവാണ്‌ ഈ നടൻ പ്രകടിപ്പിച്ചത്‌.

Generated from archived content: cinema1_nov30_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English