അച്ഛന്റെ കല്യാണത്തിന് ഞാനാണ് ഉപ്പു വിളമ്പുന്നതെന്ന് അമരത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിട്ട മാതുവിന്റെ ഡയലോഗാണ്. ബോളീവുഡ് ഉറ്റു നോക്കുന്ന ഒരു താരവിവാഹത്തെ പറ്റി ചിന്തിച്ചപ്പോഴാണ് ലോഹിദദാസിന്റെ തൂലികയില്‍ വിരിഞ്ഞ മേല്‍പ്പറഞ്ഞ സംഭാഷണശകലം ഓര്‍മ്മയില്‍ തെളിയുന്നത് മുന്‍ നിര നയകന്‍ സെയ്ഫ് അലിഖാന്‍ താരറാണി കരീന കപൂറിനെ 2012 ഫെബ്രുവരിയിലോ മാര്‍ച്ചിലോ വിവാഹം ചെയ്യുമെന്ന വാര്‍ത്ത വരുമ്പോള്‍ , മറുപുറത്ത് സെയ്ഫിന്റെ മകള്‍ സാറ ബോളീവുഡില്‍ അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പുകളുടെ തിരക്കിലാണെന്ന വാര്‍ത്തയും പരക്കുന്നു.
സെയ്ഫിന് നടി അമൃതാ സിംഗില്‍ പിറന്ന രണ്ടു മക്കളില്‍ പെണ്‍തരിയായ സാറാ അലി ഖാന്‍ ഉടന്‍ തന്നെ നായിക നിരയിലെത്തുമെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചിരികുന്നത് അമൃതയുടെ അടുത്ത സുഹൃത്തായതുകൊണ്ട് വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് തള്ളി ക്കളയാനാകില്ല. അച്ഛനൊപ്പം നായകനിരയില്‍ തിളങ്ങുന്ന ഒരു താരത്തിന്റെ ജോഡിയായി സിനിമാ അരങ്ങേറ്റം നടത്താനുള്ള നിയോഗമാണ് സാറാക്ക് കൈവന്നിരിക്കുന്നതെത്രെ. ഇക്കാര്യം സെയ്ഫിന്റെ ചെവിയിലെത്തിയെന്നും മകളുടെ സിനിമാപ്രവേശത്തില്‍ താരത്തിന് യാതൊരു വിധ അസഹിഷ്ണുതയുമില്ലെന്നും അമൃതയുടെ സുഹൃത്ത് പറയുന്നു. പഠനം പൂര്‍ത്തിയാക്കിയിട്ട് അഭിനയരംഗത്തേക്ക് കടന്നാല്‍ പോരേ എന്ന നിര്‍ദ്ദേശം മാത്രമാണ് സെയ്ഫ് മുന്നോട്ട് വച്ചത്. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ മാത്രം സിനിമയിലെത്തു എന്ന് വാശിയും സാറക്കുണ്ട്.
മകന്‍ ഇബ്രാഹിമിനേക്കാള്‍ സെയ്ഫിനിഷ്ടം മകള്‍ സാറായേയാണ്. സെയ്ഫിനൊപ്പം പൊതുവേദികളില്‍ സജീവമാണ് സാറ. സെയ്ഫിന്റെ പിതാവ് പട്ടൌഡിയുടെ മരണാനന്തരകര്‍മ്മങ്ങളിലും പുതിയ നവാബായി സെയ്ഫിനെ വാഴിച്ച് ചടങ്ങിലും അച്ഛന്റെ കൂടെത്തന്നെയുണ്ടായിരുന്നു സാറ.
അനില്‍ കപൂര്‍, ശത്രുഘന്‍ സിന്‍ഹ എന്നിവരുടെ മക്കളായ സോനം കപൂര്‍, സോണാക്ഷി സിന്‍ഹ എന്നിവര്‍ താരറാണിമാരായി തിളങ്ങുന്ന ഘട്ടത്തിലാണ് സെയ്ഫിന്റെ മകള്‍ സാറ അലിഖാന്റെ കടന്നു വരവ് എന്നതും ശ്രദ്ധേയം. ശ്രീദേവിയുടെ മകള്‍ ജാന്‍വിയും നായിക നിരയില്‍ ഉടനെത്തുന്നുണ്ട്.
സെയ്ഫ് നിര്‍മ്മിച്ച ഏജന്റ് വിനോദ് എന്ന ചിത്രത്തിന്റെ റിലീസിംഗ് നീണ്ടതു മൂലമാണ് സെയ്ഫ് കരീന വിവാഹം വൈകിയത്. 2012 ഫെബ്രുവരിയിലോ മാര്‍ച്ചിലോ റിലീസുണ്ടാകുമെന്നാണിപ്പോള്‍ ലഭിക്കുന്ന സൂചന. ഇതിന് ആനുപാതികമായി വിവാഹവുമുണ്ടാകുമെന്ന് സെയ്ഫ് തന്നെ അറിയിച്ചിട്ടുണ്ട്. തന്നേക്കാള്‍ പ്രായമുള്ള അമൃത സിംഗുമായുള്ള വിവാഹത്തിലൂടെ ബോളീവുഡിനെ ഞെട്ടിച്ച സെയ്ഫ് രണ്ടു മക്കളായശേഷം അമൃതയുമായി പിരിഞ്ഞതിലൂടെയും വാര്‍ത്താകേന്ദ്രമായി.
Generated from archived content: cinema1_nov25_11.html Author: chithra_lekha