രജനീകാന്ത്‌ വീണ്ടും ആരാധകരോടൊപ്പം

പതിനൊന്നു വർഷത്തിനുശേഷം രജനി വീണ്ടും ആരാധകർക്കൊപ്പം ഫോട്ടോക്ക്‌ പോസ്‌ ചെയ്തു. കഴിഞ്ഞ ഒരു വർഷമായി ‘ശിവാജി’യുടെ ഷൂട്ടിംഗ്‌ തിരക്കിലായിരുന്നു രജനി. ഷൂട്ടിംഗൊക്കെ തീർന്ന്‌ മെയ്‌ 17ന്‌ റിലീസ്‌ ഡേറ്റും നിശ്ചയിച്ചശേഷം വിശ്രമത്തിലാണിപ്പോൾ സൂപ്പർതാരം.

രാഷ്‌ട്രീയരംഗപ്രവേശത്തെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നശേഷം പൊടുന്നനെ അമേരിക്കയിലേക്ക്‌ മുങ്ങിയ രജനി പിന്നീട്‌ ഷൂട്ടിംഗുകൾക്കായി തിരിച്ചെത്തിയെങ്കിലും ആരാധകരെ കാണുന്ന പതിവ്‌ 96 മുതൽ നിർത്തിവെച്ചിരിക്കയായിരുന്നു. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരും ആരാധകസംഘടനകളും ഉള്ള നടനാണ്‌ രജനി. ആരാധകരെ കാണുന്ന പതിവ്‌ നിർത്തിയതോടെ ആരാധകസംഘങ്ങൾ കടുത്ത നിരാശയിലായിരുന്നു. സൂപ്പർസ്‌റ്റാർ രാഷ്‌ട്രീയത്തിലറങ്ങുമെന്നും ജയലളിതയ്‌ക്കും കരുണാനിധിക്കും പകരം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിക്കസേരയിൽ ഇരുപ്പുറപ്പിക്കുമെന്നും സ്വപ്നം കണ്ടിരുന്ന ആരാധകലക്ഷങ്ങൾക്ക്‌ രജനിയുടെ രാഷ്‌ട്രീയ പിൻമാറ്റവും ആരാധകരെ കാണുന്ന പതിവു നിർത്തിയതും ഏറെ നിരാശയുയർത്തിയിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയുടെ ഷൂട്ടിംഗ്‌ പൂർത്തിയാക്കുകയും വിതരണാവകാശം റിക്കാർഡ്‌ സൃഷ്ടിച്ച്‌ വൻതുകയ്‌ക്ക്‌ വിറ്റുതീർക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ്‌ സൂപ്പർതാരമിപ്പോൾ. കഴിഞ്ഞ ആഴ്‌ച മൂന്നുദിവസം രാഘവേന്ദ്ര ഓഡിറ്റോറിയത്തിൽ പ്രശസ്ത സംവിധായകൻ പി. വാസുവിന്റെ മകൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കാണാൻ രജനി എത്തിയിരുന്നു. വാസുവിന്റെ മകന്റെ അഭിനയം കണ്ട്‌ രജനി അഭിനന്ദിക്കുകയും ചെയ്തു. അതിനിടെയാണ്‌ പഴയകാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട്‌ മുന്നൂറോളം ആരാധകർ രജനിയെ കാണാൻ ഓഡിറ്റോറിയത്തിനു പുറത്ത്‌ തടിച്ചുകൂടിയത്‌. ഉടനെ അവരെ വിളിച്ച്‌ സംസാരിക്കുകയും കുറേ പേരുടെ കൂടെ ഫോട്ടോകൾക്ക്‌ പോസ്‌ ചെയ്യുകയും ചെയ്തു രജനി. രജനിയോടൊപ്പം ഫോട്ടോ എടുക്കാൻ കഴിയുന്നത്‌ ആരാധകർക്ക്‌ ജന്മസാഫല്യം കിട്ടിയപോലെയാണ്‌.

Generated from archived content: cinema1_may4_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here