ലാൽജോസിന്റെ നായികമാർ ഒന്നിക്കുന്നു

ക്യാമ്പസ്‌ കഥ പറയുന്ന ‘ക്ലാസ്‌മേറ്റ്‌സി’ലൂടെ കാവ്യാ മാധവനും സംവൃത സുനിലും ഒന്നിക്കുന്നു. ലാൽ ജോസ്‌ സിനിമക്ക്‌ പരിചയപ്പെടുത്തിയ നായികമാർ രണ്ടുപേരും തങ്ങളുടെ പ്രായത്തിനിണങ്ങുന്ന കഥാപാത്രങ്ങളെ ലഭിച്ചതിന്റെ ത്രില്ലിലാണ്‌. പൃഥ്വിരാജ്‌, ജയസൂര്യ, നരേൻ, ഇന്ദ്രജിത്ത്‌ എന്നിവരാണ്‌ ക്ലാസ്‌മേറ്റ്‌സിലെ നായകർ.

നൃത്തത്തിന്‌ പ്രാധാന്യമുളള വേഷം ആദ്യമായി അവതരിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ്‌ കാവ്യ. കലാതിലകം പട്ടം ചൂടി കോളേജിന്റെ അഭിമാനമായി മാറുന്ന താര നായികയുടെ കരിയറിൽ നിർണായകമായേക്കും. നീണ്ട ഇടവേളക്കുശേഷം കാവ്യ ലാൽജോസിന്റെ നായികയാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. ലാൽ ജോസിന്റെ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം തുടങ്ങിയ കാവ്യ മലയാളത്തിലെ ഒന്നാംനിരക്കാരിയായി ഉയർന്നത്‌ വളരെ പെട്ടെന്നാണ്‌. പിന്നീട്‌ ഈ സംവിധായകനൊപ്പം സഹകരിച്ച ‘മീശമാധവൻ’ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി. രണ്ടു ഘട്ടമുളള കഥാപാത്രമാണ്‌ കാവ്യക്ക്‌ ‘ക്ലാസ്‌മേറ്റ്‌സി’ൽ.

ലാൽജോസ്‌ ‘രസികനി’ലൂടെ മലയാളത്തിനു സമ്മാനിച്ച സംവൃത സുനിൽ ഇപ്പോൾ മലയാളത്തിനു പുറമെ തമിഴകത്തും സുപരിചിതയാണ്‌. ലാൽജോസിന്റെ കഴിഞ്ഞ ചിത്രം ‘അച്ഛനുറങ്ങാത്ത വീട്ടി’ൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു ഈ നായികയുടേത്‌. പുലിജന്മം, നോട്ടം എന്നീ ചിത്രങ്ങളിലൂടെ സംവൃത ആർട്ട്‌ സംവിധായകരുടെയും പ്രിയങ്കരിയായി കഴിഞ്ഞു. മലയാളം തട്ടകമാക്കാൻ ആഗ്രഹിക്കുന്ന, ഗ്ലാമർ പ്രദർശനത്തിനു തയ്യാറാകാത്ത നായികമാരുടെ സംഗമം ചർച്ചാവിഷയമായി കഴിഞ്ഞു.

Generated from archived content: cinema1_may18_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here