സായ്‌കുമാറിനു പിന്നാലെ മുകേഷും അച്ഛൻ റോളിൽ തിളങ്ങുന്നു. കമലിന്റെ ‘ഗോളി’ൽ പുതുമുഖ നായകൻ രജിത്‌മേനോന്റെ പിതാവായി ശ്രദ്ധേയ പ്രകടനമാണ് മുകേഷ് കാഴ്‌ചവച്ചിട്ടുള്ളത്. മുൻകാല ഫുട്‌ബോൾ കളിക്കാരൻ ഐസക് മുകേഷിന്റെ കരിയറിൽ നിർണായകമാകുകയാണ്. ആദ്യമായി നായകനടന്റെ അച്ഛനായി പ്രത്യക്ഷപ്പെടുന്നു എന്നതാണ് പ്രത്യേകത. മകനെ മികച്ച ഫുട്‌ബോൾ താരമാക്കണമെന്ന ആഗ്രഹം വച്ചുപുലർത്തുന്ന പ്രാരാബ്ധക്കാരനായ ഐസക് ഈ നടന്റെ മറ്റൊരു മുഖമാണ് പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുന്നത്.
‘വിനോദയാത്ര’യിൽ ദിലീപിന്റെ സഹോദരീ ഭർത്താവായി പ്രേക്ഷകരെ കീഴടക്കിയ മുകേഷ് ‘ഗോളി’ൽ നായകന്റെ അച്ഛനായി പ്രത്യക്ഷപ്പെട്ടപ്പോഴും പ്രതീക്ഷ തെറ്റിച്ചില്ല. മുകേഷിനുശേഷം ഫീൽഡിലെത്തിയ സായ്‌കുമാർ അടക്കമുള്ളവർ അച്ഛൻവേഷങ്ങളെ വാരിപ്പുണർന്നിട്ടും മുകേഷ് നായകനായും ഉപനായകനായും പിടിച്ചു നിൽക്കുകയായിരുന്നു ഇതുവരെ. സമീപഭാവിയിൽ യുവനിര മലയാള സിനിമ കീഴടക്കുമെന്നതിന്റെ സൂചനയാണ് മുകേഷിനെപ്പോലുള്ളവർ അച്ഛൻ വേഷങ്ങളിൽ അഭയം തേടുന്നതിനു പിന്നിലെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
Generated from archived content: cinema1_may17_07.html Author: chithra_lekha