പൃഥ്വിരാജ്-പ്രിയാമണി ജോഡിയെ അണിനിരത്തി രഞ്ഞ്‌ജിത് ഒരുക്കുന്ന തിരക്കഥയിൽ സംവൃത സുനിൽ മുഖ്യവേഷത്തിൽ. സിനിമാ പശ്ചാത്തലത്തിൽ വികാസം പ്രാപിക്കുന്ന ‘തിരക്കഥ’യിൽ പൃഥ്വിരാജിന് സംവിധായകന്റെ റോളാണ്.
കമലിന്റെ മിന്നാമിന്നിക്കൂട്ടമാണ് സംവൃത സഹകരിച്ചു വരുന്ന മറ്റൊരു ചിത്രം. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളും അണിനിരക്കുന്ന ‘മിന്നാമിന്നിക്കൂട്ട’ത്തിൽ ഇന്ദ്രജിത്തിന്റെ ഭാര്യാവേഷത്തിൽ സംവൃത എത്തുന്നു.
രഞ്ഞ്‌ജിത്തിന്റെ സംവിധാനത്തിൻ കീഴിൽ ഇതാദ്യമായല്ല സംവൃത അഭിനയിക്കുന്നത്. മോഹൻലാൽ നായകനായ ‘ചന്ദ്രോത്സവ’ത്തിൽ ശ്രദ്ധേയ വേഷമായിരുന്നു. ഈ കണ്ണൂർകാരിയുടെ സിനിമാ പ്രവേശനത്തിനു തന്നെ കാരണക്കാരൻ രഞ്ഞ്‌ജിത്താണ്. രഞ്ഞ്‌ജിത് സംവിധാനം ചെയ്യാനിരുന്ന ‘ഹലോ’ എന്ന ചിത്രത്തിൽ സംവൃതയെ നായികയായി കാസ്‌റ്റ് ചെയ്‌തെങ്കിലും പ്രോജക്‌ട് തുടക്കത്തിലെ മുടങ്ങി. രസികനിൽ പുതുമുഖ നായികയെ തേടിനടന്ന ലാൽജോസിന് സംവൃതയെ പരിചയപ്പെടുത്തിയതും രഞ്ഞ്‌ജിത് തന്നെയാണ്.
Generated from archived content: cinema1_may13_08.html Author: chithra_lekha