മലയാള സിനിമയിൽ പുതുരക്തത്തിന്റെ ചൂടും യുവത്വത്തിന്റെ സൗന്ദര്യവുമായി എത്തിയ യുവനടൻ അജ്‌മലിന് അവസരങ്ങളേറുന്നു. എ.വി.എ പ്രൊഡക്ഷൻസിന്റെ ആദ്യ ചലച്ചിത്ര സംരംഭമായ ‘പ്രണയകാല’ത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച അജ്‌മലിനെ ഈ ചിത്രത്തിന്റെ പ്രിവ്യൂ കണ്ട ശേഷം പുതിയ ചിത്രങ്ങളുടെ ആലോചനകളുമായി പലരും സമീപിച്ചിരിക്കയാണ്. തമിഴിലെ ബാലാജി ശക്തിവേലുവിന്റെ ചിത്രത്തിൽ ഉടൻ അഭിനയിച്ചു തുടങ്ങും.
ഉക്രെയിനിലെ നാഷണൽ പിറഗോ മെമ്മോറിയൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെഡിസിനിൽ ബിരുദം നേടിയ അജ്‌മലിന് അഭിനയം ജീവിതമാക്കി മാറ്റാനുള്ള വെമ്പലാണ് ഇപ്പോഴുള്ളത്. മോഡലിംഗിനായി ഹംഗറി, ഇറ്റലി, മോസ്‌കോ തുടങ്ങിയ സ്ഥലങ്ങളിൽ പോയിട്ടുള്ള നർത്തകൻ കൂടിയായ അജ്‌മൽ വളരെ നേരത്തെ തന്നെ സിനിമയിൽ വരാൻ ആഗ്രഹിച്ചെങ്കിലും നല്ലൊരു പ്രവേശനം ഇതോടെ സാധ്യമായിരിക്കയാണ്.
ചില തമിഴ് സിനിമാ പ്രൊഡക്ഷൻ കമ്പനികളുമായി ചർച്ചയിലേർപ്പെട്ടിട്ടും സ്‌ക്രീനിംഗിന് വിധേയനായും കഴിഞ്ഞ സമയത്താണ് അടുത്ത സുഹൃത്തായ ജോണി സാഗരിക വഴി ഒരു സിനിമ യാഥാർഥ്യമാകുന്നത്.
എ.വി.എ. പ്രൊഡക്ഷൻസിന്റെ സാരഥിയും മെഡിമിക്സ് ഉല്പന്നങ്ങളുടെ ഉടമയുമായ ഡോ. എ.വി. അനൂപുമായി അടുക്കാൻ കഴിഞ്ഞത് ഇതിലൂടെയാണ്. സംവിധായകൻ ഉദയ് അനന്തന് അജ്‌മലിന്റെ രൂപവും ചലനങ്ങളും ഇഷ്ടമായി.
എന്നും യുവത്വത്തിന്റെ ഉള്ളിലെ തീയായിരിക്കുന്ന പ്രണയമാണ് ‘പ്രണയകാല’ത്തിന്റെ പ്രമേയം.
പത്മരാജൻ, ഭരതൻ എന്നിവർക്ക് ശേഷം ആ ധാരയിൽ വരുന്ന സംവിധായകനായ ഉദയ് അനന്തന്റെ ചിത്രത്തിൽ തുടക്കമിടാനായത് വലിയ പാഠമായെന്ന് അജ്‌മൽ പറയുന്നു.
മുരളി, ബാലചന്ദ്രമേനോൻ, തിലകൻ തുടങ്ങിയവരോടൊത്ത് അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി അജ്‌മൽ കരുതുന്നു. ജോണി സാഗരികയുമായുള്ള സൗഹൃദമാണ് എല്ലാറ്റിനും നിമിത്തമായത്. അത് ദൈവനിയോഗമാണെന്ന് അജ്‌മൽ.
ചെറായി, എറണാകുളം, ഫോർട്ടുകൊച്ചി, ചോറ്റാനിക്കര എന്നിവിടങ്ങളിലായിരുന്നു പ്രണയകാലത്തിന്റെ ഷൂട്ടിംഗ്. ഔസേപ്പച്ചൻ-റഫീക്ക് അഹമ്മദ് ടീമിന്റെ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
Generated from archived content: cinema1_june19_07.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English