മാക്‌ടയിലെ പിളർപ്പ്‌ഃ വിനയന്റെ തമിഴ്‌ ചിത്രം ഉൾപ്പെടെ നിരവധി സിനിമകൾ പ്രതിസന്ധിയിൽ

മാക്‌ടയിലെ പിളർപ്പിനെ തുടർന്ന്‌ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുളള ചിത്രങ്ങൾ പലതും അനിശ്ചിതത്വത്തിലായി. വിനയൻ സംവിധാനം ചെയ്യുന്ന തമിഴ്‌ചിത്രം ‘നാളൈ നമതൈ’ ഇക്കൂട്ടത്തിൽപ്പെടുന്നു.

മോഹൻലാലിന്റെ മാടമ്പി, മമ്മൂട്ടിയുടെ പരുന്ത്‌, അമ്മ നിർമ്മിക്കുന്ന ട്വന്റി ട്വന്റി, കമലിന്റെ മിന്നാമിന്നിക്കൂട്ടം, രഞ്ഞ്‌ജിത്തിന്റെ തിരക്കഥ, വൺവേ ടിക്കറ്റ്‌, ആയുധം, ബുളളറ്റ്‌, സുൽത്താൻ, കബഡി കബഡി തുടങ്ങിയവയാണ്‌ നിർമാണത്തിന്റെ വിവിധ ഘട്ടത്തിലുളള ചിത്രങ്ങൾ. ഇതിൽ മാടമ്പി പൂർത്തിയായെങ്കിലും ചിത്രീകരണാനന്തര ജോലികൾ ബാക്കിയുണ്ട്‌. എഡിറ്റിംഗ്‌, ഡബ്ബിംഗ്‌, ലാബ്‌ വർക്ക്‌ എന്നിവക്ക്‌ തടസ്സം ഉണ്ടാകില്ലെന്നാണ്‌ നിർമ്മാതാക്കൾ പറയുന്നത്‌. എന്നാൽ പരിമിതമായ പോസ്‌റ്റ്‌ പ്രൊഡക്ഷൻ സൗകര്യങ്ങളെ കേരളത്തിലുളളൂ എന്നതിനാൽ എല്ലാ ചിത്രങ്ങളുടേയും ജോലികൾ ഇവിടെതന്നെ പൂർത്തിയാക്കാനാകുമോ എന്ന്‌ സംശയമുണ്ട്‌. ഇതിൽ ഏറിയ പങ്കും രാജിവെച്ച സംവിധായകരുടെ ചേരിയിൽ പെടുന്നവരുടെ ചിത്രങ്ങളാണ്‌. മാക്‌ടയും ഫെഫ്‌സിയും ഐഫെക്കും ഈ വിഭാഗവുമായി നിസ്സഹരണം പ്രഖ്യാപിച്ചിട്ടുണ്ട്‌.

മലയാള ചിത്രങ്ങൾക്ക്‌ ഒരു ഘട്ടത്തിലല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ ചെന്നൈയിലെ സാങ്കേതികവും അല്ലാത്തതുമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തേണ്ടി വരാറുണ്ട്‌. രാജിവെച്ച സംവിധായകരെ ഫെഫ്‌സി തളളിപ്പറഞ്ഞതോടെ ചെന്നൈയിൽ നിന്ന്‌ പൂർണ സഹായം കിട്ടുമോ എന്ന്‌ ചിലരെങ്കിലും ആശങ്കപ്പെടുന്നു. പോസ്‌റ്റ്‌ പ്രൊഡക്ഷൻ ജോലികൾക്കിടയിൽ ഏതെങ്കിലും അട്ടിമറികൾ നടത്താൻ എതിർചേരിയിൽ നിൽക്കുന്നവർ ശ്രമിക്കുമോ എന്നുപോലും ആശങ്കയുണ്ട്‌. അതിനാൽ ഫെഫ്‌സിയുടെ സഹായം ഉറപ്പു വരുത്താനുളള ശ്രമങ്ങളിലാണ്‌ സംവിധായകർ.

വിനയൻ സംവിധാനം ചെയ്യുന്ന തമിഴ്‌ ചിത്രമായ നാളൈ നമതൈ പൂർത്തിയായിട്ടില്ല. മാറിയ സാഹചര്യത്തിൽ ചിത്രം കേരളത്തിൽ റിലീസ്‌ ചെയ്യുന്ന കാര്യം സംശയത്തിലാണ്‌. വിതരണക്കാരും തിയറ്ററുടമകളും മാക്‌ടയുമായി നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കെ കേരളത്തിൽ വിനയൻ ചിത്രത്തിന്റെ വിതരണം ഏറ്റെടുക്കാനും പ്രദർശിപ്പിക്കാനും ആരെങ്കിലും തയ്യാറാകുമോ എന്നാണ്‌ സംശയം. ജനസേവാശിശുഭവൻ പ്രസിഡണ്ട്‌ ജോസ്‌ മാവേലിയാണ്‌ നാളൈനമതൈ നിർമിക്കുന്നത്‌. ഈ ചിത്രത്തിന്റെ പേരിൽ ജനസേവ ശിശുഭവന്റെ ഭാവിതന്നെ അവതാളത്തിലാകുകയും ജോസ്‌ മാവേലിക്ക്‌ പ്രസിഡണ്ട്‌ സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്‌തു. അനാഥക്കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കി നിർമ്മിക്കുന്ന ഈ ചിത്രം തിയറ്ററുകളിൽ നിന്ന്‌ ലാഭമുണ്ടാക്കേണ്ടത്‌ ജനസേവയുടെ നിലനിൽപ്പിന്റെയും പ്രശ്‌നമാണ്‌.

Generated from archived content: cinema1_june17_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English