സംഗീതസംബന്ധിയായ നിരവധി ചിത്രങ്ങളിൽ മുഖ്യ വേഷമണിഞ്ഞ സൂപ്പർതാരം മോഹൻലാൽ സംഗീതജ്ഞനായി വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നു. രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലാൽ പാട്ടുകാരനാകുന്നത്. മമ്മൂട്ടി-ജോഷി ടീമിന്റെ നസ്രാണിയുടെ രചന പൂർത്തിയാക്കിയ ശേഷം രഞ്ജിത് ലാൽചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ബാംഗ്ലൂർ ആസ്ഥാനമായുള്ള നിർമ്മാണ കമ്പനിയുടെ ആദ്യസംരംഭമായ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയിൽ ആരംഭിക്കും.
ഹിസ്‌ഹൈനസ് അബ്ദുള്ള, ഭരതം തുടങ്ങിയ സിബി മലയിൽ ചിത്രങ്ങളിലെ നായകരാണ് സൂപ്പർതാരത്തിന്റെ സംഗീതജ്ഞരായ കഥാപാത്രങ്ങളിൽ മുന്നിട്ടുനിൽക്കുന്നത്. അബ്ദുള്ളയും ഗോപിനാഥനും ഈ നടന്റെ അഭിനയജീവിതത്തിൽ നാഴികക്കല്ലുകളായിത്തന്നെ വിളങ്ങുന്നു. ലോഹിതദാസിന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങളെയാണ് ലാൽ അനശ്വരങ്ങളാക്കിയത്. ‘ഭരത’ത്തിലെ വേഷം ദേശീയാംഗീകരവും നേടിക്കൊടുത്തു. രവീന്ദ്ര സംഗീതത്തിൽ പിറന്ന അനശ്വരഗാനങ്ങൾ ഈ കഥാപാത്രങ്ങൾക്ക് ശക്തമായ പിൻബലമായിരുന്നു.
രജ്ഞിത് മോഹൻലാലിനു വേണ്ടി സൃഷ്ടിച്ച ദേവാസുരം, ആറാംതമ്പുരാൻ എന്നീ ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളും സംഗീതത്തിൽ നിപുണരായിരുന്നു.
Generated from archived content: cinema1_june13_07.html Author: chithra_lekha