വിവാഹശേഷം പേരും പ്രശസ്‌തിയും നേടിക്കൊടുത്ത സിനിമയെ പുറംതള്ളുന്ന നായിക മാർക്കിടയിൽ വ്യത്യസ്‌തയാവുകയാണ് ശ്വേത മേനോൻ. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജേണലിസ്‌റ്റ് ശ്രീവത്സൻ മേനോനുമായുള്ള പ്രണയവിവാഹത്തെ തുടർന്നും താൻ സിനിമയിൽ തന്നെ നിലയുറപ്പിക്കുമെന്ന് സുന്ദരി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 18നാണ് വിവാഹം.
കരിയറിൽ തന്നെ വേറിട്ടുനിൽക്കുന്ന രതിനിർവേദം റീമേക്ക് തീയറ്റുറുകളിലെത്തുന്നതിന്റെ പിറ്റേന്ന് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു എന്ന യാദൃച്ഛികതയും ശ്വേതക്ക് സ്വന്തം. ഇമേജ് ബ്രേക്കിംഗ് കഥാപാത്രമാണ് രതിനിർവേദത്തിലെ രതിചേച്ചി. അനശ്വരനായ പത്മരാജന്റെ തൂലികത്തുമ്പിൽ നിന്നടർന്ന വേഷം മുൻനായിക ജയഭാരതിയെ വാർത്തകളിൽ നിറച്ചിരുന്നു. അരഞ്ഞാണം പ്രദർശിപ്പിച്ച് മദാലസയായി കിടക്കുന്ന ജയഭാരതിയുടെ ചിത്രമടങ്ങുന്ന പോസ്‌റ്റർ അക്കാലത്ത് ചർച്ചാവിഷയമായിരുന്നു. കൗമാരക്കാരനെ പ്രണയിക്കുന്ന മുതിർന്ന പെണ്ണായ രതി സമൂഹം അടിച്ചേൽപ്പിച്ചിട്ടുള്ള കപട സദാചാരത്തെ വെല്ലുവിളിക്കുന്ന കഥാപാത്രമാണ്. ഇത്തരം പ്രതിഛായയുള്ള നായികാവേഷം ഉൾക്കൊള്ളാൻ മലയാളത്തിൽ ഇപ്പോൾ ശ്വേതയല്ലാതെ മറ്റാരുമില്ല എന്നതും ശ്രദ്ധേയം. സംസ്‌ഥാന പുരസ്‌കാരം നേടിക്കൊടുത്ത പാലേരിമാണിക്യത്തിലെ ചീരുവും ഈ ജനുസിൽപ്പെട്ട വേഷംതന്നെ.
Generated from archived content: cinema1_jun13_11.html Author: chithra_lekha