കോമഡി ചിത്രങ്ങളിലൂടെ തരംഗം സൃഷ്‌ടിച്ച സിദ്ദിഖും കോമഡി രാജാവ് ദിലീപും ഒന്നിക്കുന്നു. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ കരുണാകരൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഈ പ്രതിഭാസംഗമം. തെലുങ്കിലും തമിഴിലും ഓരോ ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സിദ്ദിഖ് ദിലീപിനെ നായകനാക്കി മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘ക്രോണിക് ബാച്ചിലറി’ന്റെ വൻവിജയത്തെ തുടർന്ന് സിദ്ധിഖ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രവും കോമഡി ട്രാക്കിലുളളതാണ്. മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർതാരങ്ങളെ പോലെ ഉയർന്നുവരാവുന്ന നടനാണ് ദിലീപെന്ന് സിദ്ദിഖ് അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
ദിലീപിന്റെയും സിദ്ദിഖിന്റെയും തിരക്ക് കുറഞ്ഞതിനുശേഷമേ ചിത്രത്തിന്റെ നിർമ്മാണം തുടങ്ങൂ. വാരിവലിച്ച് ചിത്രങ്ങൾ ചെയ്‌തു ശീലമില്ലാത്ത സിദ്ദിഖിന്റെ നീണ്ടനാളത്തെ ആഗ്രഹമായിരുന്നത്രേ ദിലീപ് നായകനായുളള ചിത്രം. ദിലീപിന്റെ കരിയറിൽ നിർണായകമാകും സിദ്ദിഖിന്റെ ചിത്രമെന്ന് സംസാരമുയർന്നിട്ടുണ്ട്.
‘ഹിറ്റ്‌ലറി’ലൂടെ സ്വതന്ത്ര സംവിധായകനായ സിദ്ദിഖ്-ലാൽ ടീമിലെ സിദ്ദിഖ് സംവിധാനം ചെയ്‌ത ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലർ എന്നിവയെല്ലാം തന്നെ സൂപ്പർഹിറ്റുകളായിരുന്നു. ഈ ചിത്രങ്ങളുടെ റീമേക്ക് തമിഴകത്തും വൻവിജയങ്ങളായിരുന്നു.
Generated from archived content: cinema1_july27_05.html Author: chithra_lekha