ഗാനഗന്ധർവ്വൻ യേശുദാസിന്റെ പാത പിന്തുടർന്ന് സംഗീതജ്ഞൻ എം. ജയചന്ദ്രനും വെള്ളിത്തിരയിൽ മുഖം കാണിക്കുന്നു. ലോഹിതദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘നിവേദ്യ’ത്തിലാണ് ജയചന്ദ്രൻ അഭിനേതാവായി പ്രത്യക്ഷപ്പെടുന്നത്. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുമൊത്തുള്ള കോമ്പിനേഷൻ സീനുകളിൽ സംഗീതജ്ഞനായിട്ടാണ് അഭിനയ അരങ്ങേറ്റം. കൈതപ്രം ഇതിനുമുമ്പ് നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ജയചന്ദ്രൻ കഥാപാത്രമാകുന്നത് ഇതാദ്യം.
പുതുമുഖ നായികാനായകന്മാർ അണിനിരക്കുന്ന ‘നിവേദ്യ’ത്തിലെ ഗാനസംവിധായകനും ജയചന്ദ്രനാണ്. ഗോപി, നെടുമുടി വേണു എന്നീ പ്രമുഖർ അണിനിരക്കുന്ന ചിത്രത്തിൽ മുഖം കാണിക്കാനായത് ഭാഗ്യമായി എം. ജയചന്ദ്രൻ കരുതുന്നു. ടച്ച്‌വുഡ് കോർപ്പറേഷന്റെ ബാനറിൽ ഒമർ ഷെരീഫ് നിർമിക്കുന്ന ഈ പ്രണയചിത്രം സംഗീത പ്രധാനമാണ്.
‘പെരുമഴക്കാല’ത്തിന്റെ ‘പ്രൊമോ’ക്കു വേണ്ടി ‘രാക്കിളിതൻ…’ എന്നു തുടങ്ങുന്ന ഗാനരംഗത്ത് ജയചന്ദ്രൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആഹിർഭൈരവ് രാഗത്തിനനുസരിച്ചുള്ള ജയചന്ദ്രന്റെ ഭാവചലനങ്ങൾ ടി.വി പ്രേക്ഷകർക്ക് സുപരിചിതമായിരുന്നു. മിമിക്രി കലാകാരന്മാർ ജയചന്ദ്രനെ വ്യാപകമായി അനുകരിച്ചു തുടങ്ങിയത് ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടതിനെ തുടർന്നായിരുന്നു.
ഗാനഗന്ധർവ്വൻ യേശുദാസ് ഒടുവിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിലൂടെയായിരുന്നു. ‘ബോയ്‌ഫ്രണ്ടി’ലെ ‘റംസാൻ നിലാവൊത്ത പെണ്ണല്ലേ…’ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം കണ്ടെത്തിയിരുന്നു.
Generated from archived content: cinema1_july19_07.html Author: chithra_lekha