ചുരുങ്ങിയ കാലയളവിനുള്ളിൽ സംസ്ഥാന-ദേശീയ അംഗീകാരങ്ങൾ വാരിക്കൂട്ടിയെങ്കിലും സത്യൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് പ്രേക്ഷകരിലേക്ക് മീരയെ അടുപ്പിക്കുന്നത്. അച്ചുവിന്റെ അമ്മയിലെ അശ്വതിയേയും, രസതന്ത്രത്തിലെ വേലക്കാരി കൺമണിയേയും സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് മീര മികവുറ്റതാക്കി. ഈ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്‌തു. സത്യന്റെ അടുത്ത ചിത്രത്തിലൂടെ മീര ഡൗൺ ടു എർത്ത് നായികയായി എത്തുന്നു.
എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ച് കർഷകകുടുംബത്തിന് കൈത്താങ്ങാകുന്ന അനുപമയെന്ന കഥാപാത്രമായാണ് മീരയെത്തുന്നത്. മീരയുടെ അസൗകര്യം മൂലം പുതുമുഖനായികയെ നിശ്ചയിക്കുകയും ചെയ്‌തുവെങ്കിലും കഥാപാത്രത്തിന്റെ കരുത്തറിഞ്ഞ് മീര തന്നെ അനുപമയാകാൻ തീരുമാനിക്കുകയായിരുന്നു. ലോഹിതദാസിന്റെ ചെമ്പട്ട് എന്ന ചിത്രത്തിനു വേണ്ടി മാറ്റിവച്ച ദിവസങ്ങൾ ‘അനുപമയ്‌ക്ക്’ കൈമാറുകയായിരുന്നു. ദിലീപാണ് ഈ ചിത്രത്തിലെ നായകൻ. അലസനായ വിനോദ് എന്ന നായകന്റെ ജീവിതം കഠിനാദ്ധ്വാനിയായ അനുപമയുമായുള്ള കണ്ടുമുട്ടലോടെ മാറിമറിയുകയാണ്. എല്ലാം അതിഭാവുകത്വത്തിന്റെ അകമ്പടിയില്ലാതെയാണ് സംവിധായകൻ ചിട്ടപ്പെടുത്തുന്നത്.
Generated from archived content: cinema1_feb28_07.html Author: chithra_lekha