തമിഴിൽ വില്ലനാകാൻ അനൂപ്‌ ഒരുങ്ങുന്നു

‘കാട്ടുചെമ്പക’ത്തിൽ ഇരട്ടനായകന്മാരിലൊരാളായി വിനയൻ അവതരിപ്പിച്ച അനൂപ്‌ മേനോൻ വില്ലൻ കഥാപാത്രമായി തമിഴകത്തെത്തുന്നു. നവാഗതനായ അനിൽ കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്‌ അനൂപ്‌ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്‌. മലയാളത്തിൽ പോസിറ്റീവ്‌ കഥാപാത്രങ്ങൾ മാത്രം ചെയ്‌തിട്ടുളള ഈ നടൻ തമിഴിൽ വില്ലനായി തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്‌. ‘കാട്ടുചെമ്പക’ത്തിൽ നായികയുടെ സഹോദരനായി മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെച്ചെങ്കിലും ചിത്രത്തിന്റെ പരാജയം തിരിച്ചടിയായി. രാജീവ്‌ നാഥിന്റെ ‘മോക്ഷ’ത്തിൽ ശ്രദ്ധേയമായ വേഷം ചെയ്‌തു. സീനത്ത്‌ അമനൊപ്പമാണ്‌ ഈ ചിത്രത്തിൽ അനൂപ്‌ അഭിനയിച്ചത്‌. തുടർന്ന്‌ അഭിനയിച്ച ‘ഇവർ’ ബോക്‌സ്‌ ഓഫീസിൽ ഹിറ്റാകാതിരുന്നതും പുതുമുഖ നായകന്റെ കരിയറിൽ കരിനിഴൽ പടർത്തി.

സിനിമയിൽ വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെങ്കിലും ടെലിവിഷൻ രംഗത്ത്‌ വൻ ജനപ്രീതി നേടാനായി. മികച്ച പരമ്പരകളായി തിരഞ്ഞെടുക്കപ്പെട്ട ‘സ്വപ്‌ന’ത്തിലെ ആംഗ്ലോ ഇന്ത്യൻ കഥാപാത്രം എഡ്വേർഡും മേഘത്തിലെ ഡോ. ആദിത്യനും അനൂപിനെ ഒന്നാം നിരയിലെത്തിച്ചു.

അമൃത ടി.വിയിലെ സംപ്രേക്ഷണം തുടരുന്ന ‘സ്വരം’ പരമ്പരയിലും ഈ യുവനായകന്‌ ശ്രദ്ധേയമായ വേഷമാണ്‌. റാങ്കോടെ നിയമബിരുദം സ്വന്തമാക്കിയ അനൂപ്‌ യാദൃച്ഛികമായാണ്‌ ടെലിവിഷനിലെത്തിയത്‌. സൂര്യ ടി.വിയിലെ പ്രഭാത പരിപാടിയായ ‘പൊൻപുലരി’യുടെ അവതാരകനായി അനൂപിനെ തിരഞ്ഞെടുത്തത്‌ കഥാകൃത്ത്‌ സുരേഷ്‌ ബാബു പയ്യന്നൂരാണ്‌. ആങ്കറിംഗിലെ കയ്യടക്കമാണ്‌ അനൂപിനെ അഭിനയ ലോകത്തെത്തിച്ചത്‌.

Generated from archived content: cinema1_dec7_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here