‘കമ്പനി’ക്കു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ബോളിവുഡ് ചിത്രമായ പുതിയ ‘ഷോലെ’യുടെ പേര് മാറി. കഥാപാത്രങ്ങളുടെ പേരും മാറിയിട്ടുണ്ട്. ‘രാംഗോപാൽവർമ്മ കി ഷോലെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ പേര് ‘രാംഗോപാൽ വർമ്മ കി ആഗ്’ എന്നായിരിക്കും.
‘ഷോലെ’ എന്ന ഇതിഹാസ ചിത്രം അതേ പേരിൽ വീണ്ടും ഇറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഷോലെ നിർമാതാവ് ജി.പി. സിപ്പിയുടെ ചെറുമകൻ നൽകിയ ഹർജിയിലാണ് ഡൽഹി കോടതി ചിത്രത്തിന്റെ പേര് മാറ്റാൻ രാംഗോപാൽ വർമ്മയ്‌ക്ക് നിർദ്ദേശം നൽകിയത്. ചിത്രത്തിന്റെ പേരും കഥാപാത്രങ്ങളുടെ പേരും ഉപയോഗിക്കില്ലെന്ന് രാംഗോപാൽവർമ്മ കോടതിയിൽ ഉറപ്പു നൽകിയിട്ടുണ്ട്.
‘ഷോലെ’യിലെ ഗബ്ബർസിംഗ് ‘ആഗിൽ’ ബബ്ബൻസിംഗ് ആയിരിക്കും. നായികയായ ബസന്തിയുടെ പേര് ഗുംഗ്‌ന്ദ്ര എന്നായിരിക്കും.
ചരിത്രം സൃഷ്ടിച്ച ഷോലെയുടെ പുതിയ പതിപ്പിൽ അമിതാഭ്‌ബച്ചൻ ഗബ്ബർസിംഗിനെയും മോഹൻലാൽ പോലീസ് ഓഫീസറായ ഠാക്കൂറിനേയുമാണ് അവതരിപ്പിക്കുന്നത്. ‘ഷോലെ’യിൽ ക്രൂരതയുടെ പര്യായമായ ചമ്പൽക്കൊള്ളസംഘത്തലവന്റെയും അയാളെ നേരിടുന്ന പോലീസ് ഓഫീസറുടെയും കഥയാണ് പറയുന്നതെങ്കിൽ രാംഗോപാൽ വർമ്മയുടെ ഷോലെയിൽ പ്രതിനായകൻ അധോലോക സംഘത്തലവനാണ്. രാംഗോപാൽ വർമ്മയുടെ ‘കമ്പനി’യിൽ അധോലോകത്തെ ബുദ്ധികൊണ്ടു നേരിടുന്ന ശ്രീനിവാസൻ എന്ന പോലീസ് ഓഫീസറെ അവതരിപ്പിച്ച മോഹൻലാലിന് അതിന്റെ തുടർച്ചയായ ഒരു പോലീസ് കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്. ഷോലെയിലെ ഠാക്കൂറിന്റെ രണ്ടുകൈകളും ഗബ്ബർസിംഗ് വെട്ടിക്കളയുകയാണെങ്കിൽ ലാലിന്റെ കഥാപാത്രത്തിന്റെ കൈവിരലുകളാണ് ഛേദിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങി. അടുത്തമാസം ആദ്യം ചിത്രം രാജ്യത്തിനകത്തും പുറത്തുമായി റിലീസ് ചെയ്യും.
Generated from archived content: cinema1_aug7_07.html Author: chithra_lekha