മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട് അരക്കിട്ടുറപ്പിച്ച ‘നാടോടിക്കാറ്റി’ന്റെ നാലാംഭാഗം അടുത്തവർഷം പ്രേക്ഷകർക്ക് മുന്നിലെത്തും. 2007 ആദ്യം ചിത്രീകരണം ആരംഭിക്കും. കഥാചർച്ചകൾ പൂർത്തിയായതായി സംവിധായകൻ റോഷൻ ആൻഡ്രൂസ് പറഞ്ഞു. പുതുമുഖചിത്രം ‘നോട്ട്‌ബുക്ക്’, ‘ഉദയനാണ് താരം’ ഹിന്ദി റീമേക്ക് എന്നിവ പൂർത്തീകരിച്ചശേഷമാണ് ലാലിനെയും ശ്രീനിയെയും അണിനിരത്തി റോഷൻ ചിത്രമൊരുക്കുക. റോഷന്റെ കന്നിച്ചിത്രത്തിന്റെ വിജയഘടകങ്ങളിൽ പ്രധാനം ഈ കൂട്ടുകെട്ടായിരുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത നാടോടിക്കാറ്റിന് പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ തുടർച്ചകളാണ് ഉണ്ടായത്.
നാടോടിക്കാറ്റും പട്ടണപ്രവേശവും സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌തപ്പോൾ, മൂന്നാംഖണ്‌ഡം അക്കരെ അക്കരെ അക്കരെയുടെ സംവിധാന ചുമതല പ്രിയദർശനാണ് ലഭിച്ചത്. മൂന്നു ചിത്രങ്ങളും വൻ വിജയങ്ങളായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ പരമ്പരയിലെ ചിത്രങ്ങളുടെയെല്ലാം തിരക്കഥ ഒരുക്കിയ ശ്രീനിവാസൻ തന്നെയാണ് നാലാംഭാഗവും രചിക്കുന്നത്. മോഹൻലാലും ശ്രീനിവാസനും ദാസനും വിജയനുമായി വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നത് എത്രമാത്രം വ്യത്യസ്‌തമാക്കാം എന്ന ചിന്തയിലാണ് അണിയറ പ്രവർത്തകർ.
മമ്മൂട്ടി-കെ.മധു-എസ്.എൻ.സ്വാമി ടീമിന്റെ സി.ബി.ഐ. ചിത്രങ്ങൾക്കുശേഷം നാലാംഭാഗം മലയാളത്തിൽ വീണ്ടുമെത്തുകയാണ്.
Generated from archived content: cinema1_aug2_06.html Author: chithra_lekha