ഹിറ്റ്‌മേക്കർ ഷാഫിയുടെ പുതിയ സിനിമ ‘ലോലിപ്പോപ്പി’ലൂടെ മാതൃഭാഷയിൽ വീണ്ടും സജീവമാകാനുളള തീരുമാനത്തിലാണ് മലയാളത്തിന്റെ സ്വന്തം നായിക ഭാവന. അന്യഭാഷാചിത്രങ്ങളിൽ വിലയേറിയ താരമായുയർന്നതിന്റെ ഭാഗമായി ഗോസിപ്പുകൾ ഒന്നിനുപിറകെ ഒന്നായി പടർന്നതിനെ തുടർന്നാണ് താൽക്കാലികമായി മാതൃഭാഷയിൽ ചേക്കേറാൻ തൃശൂർക്കാരി സുന്ദരിയെ പ്രേരിപ്പിക്കുന്നതത്രേ. മലയാളത്തിൽ മാത്രം നിലയുറപ്പിച്ച ഘട്ടത്തിൽ വൻ ഗോസിപ്പുകൾ ഒന്നും ഭാവനയെ നായികയാക്കി പുറത്തുവന്നിരുന്നില്ല.
തമിഴിലും തെലുങ്കിലും കന്നടയിലും തിരക്കേറിയതോടെ ഭാവനയെയും ഗോസിപ്പുകൾ വേട്ടയാടിത്തുടങ്ങി. ഏറെ ഡിമാന്റുളള ഒരു യുവനായകനുമായി ഭാവനയുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് ഒടുവിൽ ഗോസിപ്പ് പരന്നത്.
അമ്മച്ചിത്രം ‘ട്വന്റി 20’ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഭാവന അടുത്തിടെ കൊച്ചിയിലെത്തിയിരുന്നു. ലാൽ, ജയറാം, ദിലീപ് എന്നിവരൊന്നിച്ചുളള കോമ്പിനേഷൻ സീനുകളാണ് പൂർത്തിയാക്കിയത്. എറണാകുളം തന്നെ ലൊക്കേഷനായ ‘ലോലിപ്പോപ്പി’ൽ ഭാവന ഉടൻ ജോയിൻ ചെയ്യും. കന്നട ചിത്രത്തിന്റെ സെറ്റിൽ നിന്നുമെത്തുന്ന ഭാവന ലോലിപ്പോപ്പിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കും. പൃഥ്വിരാജ്-ജയസൂര്യ-കുഞ്ചാക്കോബോബൻ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രത്തിൽ റോമയും നായികനിരയിലുണ്ട്.
Generated from archived content: cinema1_aug23_08.html Author: chithra_lekha