പോലീസ് വേഷങ്ങളോട് തൽക്കാലത്തേക്ക് വിട പറഞ്ഞുവെങ്കിലും സുരേഷ്‌ഗോപി സിനിമയിൽ അനീതിക്കെതിരായ പോരാട്ടം അവസാനിപ്പിക്കുന്നില്ല. വരുംകാല ചിത്രങ്ങളിലെല്ലാം സുരേഷിന് രക്ഷകന്റെ റോളാണ്. ഒരു ഗ്രാമത്തിന്റെ മുഴുവൻ രക്ഷകനായാണ് സൂപ്പർതാരം ജയരാജിന്റെ ‘അശ്വാരൂഢനി’ൽ എത്തുന്നത്. തികച്ചും വ്യത്യസ്‌തമായ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലൂടെ പത്മപ്രിയ ആദ്യമായി സുരേഷ്‌ഗോപിയുടെ നായികയാവുകയാണ്. ജയരാജ് ചിത്രം സുരേഷിന് നേട്ടങ്ങൾ ഉണ്ടാക്കുമെന്നാണ് അണിയറ സംസാരം. ഷാജി കൈലാസിന്റെ ‘രക്ഷ’യിലും സുരേഷ് രക്ഷകൻ തന്നെ.
ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഒരു ദേശത്തിന്റെ സുരക്ഷയാണ് സുരേഷിന്റെ കഥാപാത്രത്തിന്റെ നിയോഗം. നീണ്ട ഇടവേളക്കുശേഷം ഹരിഹരന്റെ കീഴിൽ സുരേഷ് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മനോജ് കെ.ജയൻ ഈ സിനിമയിൽ തുല്യപ്രാധാന്യമുളള വേഷത്തിലുണ്ട്.
ജോഷിയുടെ സിനിമയിലും രക്ഷകന്റെ പരിവേഷമാണ്. അധോലോകത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ വലിയൊരു വിഭാഗം ജനങ്ങളുടെ ആശ്രയമാണ് സുരേഷ് പ്രതിനിധാനം ചെയ്യുന്ന കഥാപാത്രം. സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി-സുരേഷ്‌ഗോപി ടീമിന്റെ ചിത്രം പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാണുന്നത്. ‘ചിന്താമണി കൊലക്കേസി’ൽ അനീതിക്കെതിരെ നിയമത്തിന് പുറത്ത് പോരാടുന്ന അഭിഭാഷകനായി തിളങ്ങിയ സുരേഷിന്റെ പ്രതിഛായ ഈ ചിത്രങ്ങളുടെ അണിയറ ശില്‌പികളെ സന്തുഷ്‌ടരാക്കിയിരിക്കുകയാണത്രെ.
‘ലങ്ക’യിലേതുപോലുളള നെഗറ്റീവ് വേഷങ്ങൾ താരം തളളിക്കളയുന്നതായും വാർത്തകളുണ്ട്.
Generated from archived content: cinema1_apr26_06.html Author: chithra_lekha