പ്രേക്ഷകരെ വീണ്ടും ആവേശഭരിതരാക്കി തീയേറ്ററുകളിൽ പ്രകമ്പനം സൃഷ്‌ടിക്കാൻ വിജയ് പുത്തൻഭാവരൂപവുമായി പ്രത്യക്ഷപ്പെടുകയാണ്. ഗില്ലി, ദുൾ, പോക്കിരി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കുശേഷം വിജയിനെ നായകനാക്കി ധരണി സംവിധാനം ചെയ്യുന്ന കുരുവിയാണ് മറ്റൊരു വിജയ തരംഗത്തിനായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
റെഡ് ജെയിന്റ് മൂവീസിന്റെ ബാനറിൽ മുക്ക സ്‌റ്റാൻലിയുടെ മകൻ ഉദയനിധി നിർമ്മിക്കുന്ന ആദ്യ ചിത്രമായ ‘കുരുവി’ ഇന്ത്യൻ സിനിമയിൽ തന്നെ ഒരു മഹാസംഭവമായി മാറ്റാനുളള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഏകദേശം നാൽപതുകോടി മുതൽ മുടക്കിയാണ് ഈ ചിത്രം പൂർത്തീകരിച്ചത്.
കളള പാസ്‌പോർട്ട് സംഘടിപ്പിച്ച് വിദേശരാജ്യങ്ങളിലേക്ക് ആളെ കടത്തിവിടുന്ന സംഘടനകളുടെയും കുഴൽ പണം കടത്തുന്നവരുടെയും അതിസാഹസിക ജീവിതത്തിലേക്ക് ഒരു കൊടുങ്കാറ്റായി എത്തുന്ന കഥാപാത്രത്തെ വിജയ് അവതരിപ്പിക്കുന്നു. തൃഷയാണ് നായിക. സുമൻ, ആശിഷ് വിദ്യാർഥി എന്നിവരാണ് മറ്റു താരങ്ങൾ.
പതിവുപോലെ തന്നെ ഫാൻസിനെ തൃപ്‌തിപ്പെടുത്തുന്ന വിജയുടെ പുതിയ നമ്പരുകളും കുരുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി ഹിറ്റ് ചിത്രം അനിവാര്യമെന്ന വാശിയിൽ തന്നെ മുഴുവൻ സമയവും വിജയ് ഈ ചിത്രത്തിന്റെ പിന്നിലായിരുന്നു.
വിദേശരാജ്യങ്ങളിൽ ചിത്രീകരിച്ച് ആരേയും ഹരം കൊളളിക്കുന്ന അഞ്ചു ഗാനങ്ങളും തീപാറും വിധത്തിലുളള അഞ്ച് സംഘട്ടന രംഗങ്ങളും കുടുംബസഹിതം ആസ്വദിക്കാൻ കഴിയും വിധത്തിൽ ‘കുരുവി’യിൽ ചിത്രീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഒരു റിലീസ് വിപ്ലവം തന്നെ ഉണ്ടാകാൻ പോകുന്ന വിജയുടെ കുരുവി മോഹവിലക്കാണ് കേരളത്തിലെ വിതരണക്കാരായ സൂപ്പർ റിലീസ് എടുത്തിട്ടുളളത്. കടുത്ത മത്സരത്തിലൂടെ ഏകദേശം അഞ്ച് പടം റിലീസ് ചെയ്യാൻ കഴിയുന്നത്ര തുക മുടക്കി സൂപ്പർ റിലീസ് കേരളത്തിൽ വിതരണത്തിനെടുത്ത കുരുവി മെയ് ആദ്യം തീയറ്ററിലെത്തിക്കുന്നു. ഒരു ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുന്നതുപോലെ റിലീസ് കേന്ദ്രങ്ങളിൽ മൂന്നും നാലും തീയേറ്ററുകളിലായി ‘കുരുവി’ റിലീസ് ചെയ്‌ത് മറ്റൊരു വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ്. ഒരുപക്ഷെ കേരളത്തിൽ ആദ്യമായിട്ടായിരിക്കും ഇത്രയും തീയറ്ററുകളിൽ ഒരു തമിഴ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് ഉത്തമ വിശ്വാസമുളളതിനാലാണ് റിലീസിലും ഈ പുതിയ പ്രവണത കൊണ്ടുവരാൻ ശ്രമിക്കുന്നത്.
‘കുരുവി’ തീയറ്ററിൽ എത്തുന്നതിനുമുമ്പ് തന്നെ റെഡ് ജെയിന്റ് മൂവീസ് സൂര്യ, രജനികാന്ത്, ധനുഷ് തുടങ്ങി സൂപ്പർ താരങ്ങളെ വെച്ച് ചിത്രങ്ങൾ നിർമ്മിക്കാനുളള നടപടികളും പൂർത്തിയാക്കിക്കഴിഞ്ഞു.
‘കുരുവി’യിലൂടെ ഇളയ ദളപതി വിജയ് ആരാധകർ കേരളത്തിലെ തീയറ്ററുകളിൽ വീണ്ടും ആടിത്തിമിർക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
Generated from archived content: cinema1_apr23_08.html Author: chithra_lekha