അനശ്വര ചലച്ചിത്രകാരൻ പത്മരാജൻ ഒരുക്കിയ ‘ഇന്നലെ’ ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നു. ‘യെസ്‌റ്റർഡേ’ എന്ന പേരിലാകും ഈ ചിത്രം തീയറ്ററുകളിലെത്തുക. ഒരു ബസപകടത്തെ തുടർന്ന് ‘ഇന്നലെ’യെ കുറിച്ചുള്ള ഓർമകളെല്ലാം നഷ്‌ടമാകുന്ന പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. വിദ്യാബാലൻ, അസിൻ എന്നീ സുന്ദരിമാരെയാണ് ശോഭന പൂർണതയിലെത്തിച്ച കഥാപാത്രത്തിനായി പരിഗണിക്കുന്നത്.
മലയാളിയായ അജോയ് വർമ്മയാണ് ‘ഇന്നലെ’ ഹിന്ദിയിൽ എടുക്കുന്നത്. സുരേഷ്‌ഗോപിയുടെ കരിയറിൽ നിർണായക സ്‌ഥാനം നേടിയെടുത്ത നരേന്ദ്രൻ എന്ന ഭർത്താവുവേഷം സൽമാൻഖാൻ അവതരിപ്പിച്ചേക്കും. ജയറാം അവതരിപ്പിച്ച നായകവേഷം ആർക്കാണെന്ന് അറിവായിട്ടില്ല.
തമിഴ് എഴുത്തുകാരൻ സുജാതയുടെ കഥയെ അവലംബിച്ച് പത്മരാജൻ തിരക്കഥ ഒരുക്കിയ ‘ഇന്നലെ’യിലെ ഗാനങ്ങളും ജനശ്രദ്ധയാകർഷിച്ചിരുന്നു.
നേരത്തെ പത്മരാജൻ തിരക്കഥ രചിച്ച ‘കാണാമറയത്ത്’ ഹിന്ദിയിൽ റീമേക്ക് ചെയ്‌തിട്ടുണ്ട്. ഐ.വി.ശശി സംവിധാനം ചെയ്‌ത അനോഖരിസ്‌ത പക്ഷേ വേണ്ടത്ര ശ്രദ്ധ നേടിയില്ല.
Generated from archived content: cinema1_apr22_10.html Author: chithra_lekha