ഗർഷോം, മഗ്‌രിബ് എന്നീ ചിത്രങ്ങളിലൂടെ മികച്ച സംവിധായകനെന്ന് പേരെടുത്ത പി.ടി. കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ‘പരദേശി’ എന്നു പേരിട്ടിട്ടുളള ഈ ചിത്രത്തിൽ നായക കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളാണ് മമ്മൂട്ടിക്ക് ആവിഷ്‌കരിക്കേണ്ടത്. യൗവനവും വാർധക്യവും അവതരിപ്പിക്കേണ്ട പരദേശിലെ നായകൻ വീണ്ടും മമ്മൂട്ടിക്ക് അംഗീകാരങ്ങൾ നേടിക്കൊടുത്തേക്കും. പൗരത്വം നിഷേധിക്കപ്പെട്ട ഒരു മനുഷ്യന്റെ നിസ്സഹായതയാണ് ഈ ചിത്രത്തിലൂടെ കുഞ്ഞുമുഹമ്മദ് പറയുന്നത്. വിഭജനത്തിന്റെ ജീവിക്കുന്ന ദുരന്തമായ നായകന്റെ വികാരങ്ങൾ ഉൾക്കൊളളാൻ മമ്മൂട്ടിക്ക് നിഷ്‌പ്രയാസം കഴിയുമെന്ന് സംവിധായകന്റെ സാക്ഷ്യം. ‘ചന്ദ്രോത്സവ’ത്തിലൂടെ തിരിച്ചുവരവ് നടത്തിയ ഖുശ്‌ബുവാണ് ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. കെ.ജി.ജോർജിന്റെ ‘ഇലവങ്കോട് ദേശ’ത്തിലാണ് ഇവർ ഒടുവിൽ ഒന്നിച്ചത്. കാവ്യാ മാധവനും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയും കാവ്യയും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും പരദേശി ശ്രദ്ധേയമായേക്കും. മമ്മൂട്ടിയുടെ ‘അഴകിയ രാവണനിൽ’ ബാലതാരമായി കാവ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Generated from archived content: cinema1_apr21.html Author: chithra_lekha