‘ബോയ്‌ഫ്രണ്ടി’നുശേഷം വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴകത്തെ മുൻനിരനായകൻ സത്യരാജ് മലയാളത്തിൽ എത്തുന്നു. ഫാന്റസിയും യാഥാർത്ഥ്യവും ഇടകലർത്തി വിനയൻ ഒരുക്കുന്ന സിനിമയിൽ പത്തുവയസ്സുകാരനായ കുട്ടിയാണ് കേന്ദ്ര കഥാപാത്രം. മാന്ത്രിക മോതിരം ലഭിക്കാനിടയാകുന്ന ബാലൻ കാട്ടിക്കൂട്ടുന്ന വിസ്‌മയങ്ങളാണ് ചിത്രത്തിന്റെ കാതൽ.
കഥയിൽ നിർണ്ണായക പ്രാധാന്യമുളള പോലീസ് ഓഫീസറായാണ് സത്യരാജ് മലയാളി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. കഥാചർച്ചകൾ പുരോഗമിക്കുന്ന ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.
ഗാന്ധിനഗർ സെക്കൻഡ് സ്‌ട്രീറ്റ്, പൂവിനു പുതിയ പൂന്തെന്നൽ, എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക് എന്നിവയുടെ തമിഴ് റീമേക്കുകളിൽ സത്യരാജ് വേഷമിട്ടിട്ടുണ്ട്.
അത്ഭുതദ്വീപിന്റെ തമിഴ് പതിപ്പ് പൂർത്തിയാക്കിയശേഷമേ മലയാള ചിത്രത്തിന്റെ ജോലികൾ ആരംഭിക്കൂ.
ബോയ്‌ഫ്രണ്ട് നവംബറിൽ തീയേറ്ററുകളിലെത്തും. കാമ്പസ് സൗഹൃദങ്ങളുടെ ആഴങ്ങൾ അനാവരണം ചെയ്യുന്ന ‘ബോയ്‌ഫ്രണ്ടി’ൽ ടെലിവിഷൻ രംഗത്തെ പ്രശസ്‌തിയുമായി എത്തിയ മണിക്കുട്ടനാണ് നായകൻ. മധുമിതയും ഹണിയുമാണ് നായികമാർ. ‘ഇംഗ്ലീഷ്‌കാരൻ’ എന്ന തമിഴ് സിനിമയിൽ വേഷമിട്ട മധുമിതയുടെ ആദ്യമലയാള ചിത്രമാണ്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഹണിയുടെ ആദ്യ ചലച്ചിത്രാനുഭവമാണ് ബോയ്‌ഫ്രണ്ട്. ശ്രീനിവാസന്റെ ഇടിയൻ കർത്ത, മുകേഷിന്റെ മന്ത്രി നടേശൻ, ലക്ഷ്‌മി ഗോപാലസ്വാമിയുടെ നന്ദിനിപ്രസാദ് എന്നിവ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. ലാലു അലക്‌സ്, ജഗദീഷ്, ക്യാപ്‌റ്റർ രാജു, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിന്ദുപണിക്കർ എന്നിവരും താരനിരയിലുണ്ട്. ജെ.പളളാശ്ശേരിയുടേതാണ് ചിത്രത്തിന്റെ രചന. കൈതപ്രം-എം.ജയചന്ദ്രൻ ടീം സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നു. ഹരികൃഷ്‌ണ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വിദ്യാസാഗറാണ് ബോയ്‌ഫ്രണ്ട് നിർമ്മിച്ചിട്ടുളളത്.
Generated from archived content: cenima4_oct19_o5.html Author: chithra_lekha