മമ്മൂട്ടിയുടെ ‘ബസ്‌ കണ്ടക്‌ടറി’ൽ മൂന്നു നായികമാർ

‘വേഷ’ത്തിനുശേഷം മമ്മൂട്ടിയും വി.എം.വിനുവും ഒന്നിക്കുന്ന ‘ബസ്‌ കണ്ടക്‌ടറി’ൽ മൂന്നു നായികമാർ. മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ഞാപ്പ’യുടെ ജീവിതത്തിൽ നിർണായക സ്ഥാനം അലങ്കരിക്കുന്ന ശക്തമായ സ്ര്തീകഥാപാത്രങ്ങളാകാൻ തികച്ചും അനുയോജ്യരായ നായികമാരെയാണ്‌ അണിയറക്കാർ തിരഞ്ഞെടുത്തിട്ടുളളത്‌. മമ്മൂട്ടിയുടെ ഭാര്യയായി വേഷമിടുന്നത്‌ ‘കയ്യെത്തും ദൂരത്തി’ലൂടെ മലയാളി പ്രേക്ഷകർക്ക്‌ സുപരിചിതയായ നിഖിതയാണ്‌. സ്‌കൂൾ അധ്യാപികയായി ഇരുത്തം വന്ന രൂപത്തിലാണ്‌ നിഖിത മലയാളത്തിൽ രണ്ടാം വരവ്‌ നടത്തുന്നത്‌. ഫാസിൽ മകൻ ഷാനുവിന്റെ നായികയാക്കാൻ കണ്ടെത്തിയ ഈ പഞ്ചാബുകാരി തമിഴിൽ ശരത്‌കുമാറിന്റെ നായികയായി ഗ്ലാമർ പ്രദർശനം നടത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റിയില്ല. മമ്മൂട്ടിയുടെ നായികാവേഷം നിഖിതയെ വീണ്ടും തിരക്കുളള താരമാക്കിയേക്കും.

ഹരിഹരൻ ‘മയൂഖ’ത്തിനുവേണ്ടി കണ്ടെടുത്ത മംമ്‌തയാണ്‌ ഈ സിനിമയിലെ മറ്റൊരു നായിക. മമ്മൂട്ടിയുടെ സഹോദരീവേഷമാണ്‌ മംമ്‌തക്ക്‌. മയൂഖം ഒക്‌ടോബർ 13ന്‌ തീയറ്ററുകളിലെത്തുകയാണ്‌. ഇതിനകം മോഡലിംഗ്‌ രംഗം കീഴടക്കിയ ഈ സുന്ദരിയെ മമ്മൂട്ടി ചിത്രം മുൻനിരയിലെത്തിക്കും.

കഥയിൽ നിർണായക പ്രാധാന്യമുളള കഥാപാത്രമാണ്‌ ഭാവനയുടേത്‌. ഓണച്ചിത്രങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്‌ചവച്ച ഭാവന വി.എം. വിനുവിന്റെ ചിത്രത്തിൽ ആദ്യമായിട്ടാണ്‌ സഹകരിക്കുന്നത്‌.

ദക്ഷിണേന്ത്യയിലെ മുൻനിര നായികമാരായ നമിത, സ്‌നേഹ എന്നിവരെ പരിഗണിച്ചതിനുശേഷമാണ്‌ വി.എം.വിനു മമ്മൂട്ടിയുടെ നായികമാരായി നിഖിത, മംമ്‌ത, ഭാവന എന്നിവരെ സ്വീകരിച്ചത്‌. ചിത്രീകരണം തുടങ്ങിയ ശേഷമാണ്‌ നായികമാരുടെ കാര്യത്തിൽ അവസാന തീരുമാനമായത്‌. മലയാള സിനിമയ്‌ക്ക്‌ അനൽപ്പമായ സംഭാവനകൾ നൽകിയ ഹരിഹരൻ, കമൽ, ഫാസിൽ എന്നിവരുടെ കണ്ടുപിടിത്തങ്ങളായ നായികമാർ മമ്മൂട്ടിക്കൊപ്പം അണിനിരക്കുന്നത്‌ ചലച്ചിത്രവൃത്തങ്ങളിൽ കൗതുകമുണർത്തിക്കഴിഞ്ഞു.

Generated from archived content: cenima1_oct05_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here