മുറിവിനു മീതെ
മുറിവു നെയ്യുന്നു കാലം
തിരയ്‌ക്കു മീതെ
തിര നെയ്യുന്ന കടൽപോലെ
മണ്ണിൽ വരച്ചത്
കടലെടുത്തു
മനസ്സിൽ വരച്ചത്
കാലവും
ഇനിയില്ലിതുപോലൊരു
തിരയെന്ന് കടൽ
ഇനിയില്ലിതുപോലൊര
സ്തമയമെന്നാകാശവും
ഒടുവിലത്തെയിതൾ
കൊഴിയുമ്പോഴും
പൂവിനോടാരും ചോദിച്ചില്ല
അന്ത്യാഭിലാഷം
വരിക യാത്രക്കാരാ
കാഴ്‌ചയ്‌ക്കായുണ്ടിവിടെ
നന്നങ്ങാടികൾ
മറന്നൊഴിയാത്ത കാഴ്‌ചയും കേട്ടു
മതി വരാത്ത ശബ്ദവും
ഇതൾ കൊഴിഞ്ഞ സ്വപ്നവുമായ്
ഞാനുമുണ്ടീ കുടക്കല്ലിൻ കീഴിൽ
മടങ്ങുമ്പോൾ കരുതുകയീ
വക്കു പൊട്ടിയ
നിറമുള്ള ചിപ്പികൾ
കടൽ പോലുമറിയില്ല
കടലിന്റെയീ
തീരാനഷ്ടമെങ്കിലും…
Generated from archived content: poem1_oct17_07.html Author: chithra