നീയുരുകിയിറങ്ങിയ
വഴികളിൽ, കവികൾ
ഒടുവിലത്തെ
ഉറക്കം വരേയ്‌ക്കും
ഉറക്കമില്ലാത്തവർ.
കുട്ടികൾ, മാമുണ്ണാനും
മുയലിനെ കാണാനും
മേലോട്ടു നോക്കുന്നവർ
വേശ്യകൾ, ഇരുളിൽ
പകർന്ന സുഖത്തിന്റെ
കണക്കുകൾ, നിഴലുകൾക്കപ്പുറം
തിട്ടപ്പെടുത്തുന്നവർ.
തെണ്ടികൾ, മരം കോച്ചുന്ന
തണുപ്പിലും നിലാവ്
നെയ്ത കമ്പിളി പങ്ക് വയ്‌ക്കുന്നവർ.
പ്രണയികൾ, എങ്ങോ മയങ്ങുന്ന
കാട്ടുതീയൊളിപ്പിച്ച കണ്ണുകൾക്ക്
മീതെ, നിലാപ്പെയ്‌ത്തിനൊപ്പം
കാവൽ നിൽക്കുന്നവർ.
സഞ്ചാരികൾ, അപൂർണ്ണമായ
നിലാശിൽപ്പങ്ങൾ പോലെ
തുടക്കവും ഒടുക്കവും
ഇല്ലാത്തവർ.
എല്ലാമെല്ലാം ചേർന്ന
ഞങ്ങൾ, കാലങ്ങൾക്കിപ്പുറം
ദേശാന്തരങ്ങൾക്കപ്പുറം
നീ ഭിക്ഷയായി തന്ന
വെളിച്ചത്തുട്ടുകൾക്കു
പകരം തരാനീ
പ്രണയമല്ലാതെയൊന്നും
സ്വന്തമായില്ലാത്തവർ…
Generated from archived content: poem1_apr29_08.html Author: chithra