വില്ലേജ് ഓഫീസില്‍
തിക്കും തിരക്കിനുമിടയില്‍
തോളിലെ മാറാപ്പു സഞ്ചി കൊഞ്ഞനംകാട്ടി
സമയദോഷം പോലെ ഒരു ഘടികാരവും.
കെട്ടുകെട്ടായി ഫയലുകള്‍
മുദ്രകടലാസുകള്‍ ചിതല്‍ തിന്ന പേപ്പറുകള്‍
കാര്ക്കിച്ചുതുപ്പിയ ചുമരില്‍
കണക്കില്ലാത്ത കണക്കുകളുടെ ഒട്ടിപ്പും..
എന്റെ കുറുകെ ചാടിയ വീരന്‍
അപരനെന്നാലും സുമുഖനെന്നഭാവം
കണ്ടാല്‍ മാന്യന്‍ വായതുറന്നാല്‍..!!!
ഹാ കഷ്ടം! കുളം വിടും ആര്യനും
വരുമാന സര്‍ട്ടിഫിക്കറ്റ് വേണം
സ്വന്തമായ് പുരയിടമുണ്ട്
പിന്നെ ഒരു ഭാര്യയും,
രണ്ടു കിടാങ്ങളും ഒരു പശുവും..
പോരാത്തേന് കുറച്ചു കണ്ടകശനിയും
വലിയ വഴിപാടുകളും,
കണക്കിലേറെ ചിലവും
അതിലേറെ ചീത്തപ്പേരും.
വരുമാന സര്‍ട്ടിഫിക്കറ്റ് വേണം
ഇരുപതില്‍ കുറയരുത്
വില്ലേജ് ഓഫീസറുടെ കണ്ണുതള്ളി-
കാരണം, പഹയന്റെ പോക്കറ്റില്‍ ഗാന്ധിയുണ്ട്..
ചുമരില്‍ തോക്കിയ മഹാത്മാ
പോക്കറ്റില്‍ കണ്ടതപ്പോള്‍,
വില്ലേജ് ഓഫീസര്‍ പുഞ്ചിരി തൂകി
പല്ലിനു മഞ്ഞ നിറമല്ല വെള്ള തന്നെ..!!!
മഞ്ഞളിച്ചത് പല്ലല്ല കണ്ണാണ്
കണ്ണ് മഞ്ഞളിച്ചാല്‍ മനസ്സ് കറുക്കുമോ??!
ഉത്തരങ്ങള്‍ക്കിപ്പോ ക്ഷയമാണ്,
ചോദ്യങ്ങള്‍ക്ക് കാന്‍സറും.
മേശയുടെ അടിയിലൂടെ നുഴഞ്ഞിറങ്ങുന്ന
കൈ കൊണ്ട്..വില്ലേജ് ഓഫീസറിനു ഇക്കിളി വന്നു
കുലുങ്ങി കുലുങ്ങി ചിരിച്ചു, ഗാന്ധി തന്നെ!
പല്ലിനു വെള്ള നിറം തന്നെ!!!
നിങ്ങള്‍ക്ക് വരുമാനമില്ലെന്നാലും
എനിക്കിത് വരുമാനമാണ്.
വരുമാനം ഇരുപതുമതിയല്ലോ??
എനിക്കും ഇരുപതു മതികേട്ടോ!!!
ഓഫീസര്‍ പറഞ്ഞത് കേട്ട പഹയന്‍
മതി,മതിയെന്ന വാക്ക് പറച്ചിലും.
കൈ കീശയില്‍ തിരുകി,
തുപ്പല്‍തോട്ട്എണ്ണിതീര്‍ത്തു പല ഗാന്ധിയെ
അധികാരമധികമാവുമ്പോള്‍
പോക്കറ്റിന് ഭാരം കൂടും
കണ്ണ് മഞ്ഞളിക്കും, പല്ല് വെളുക്കും
മനസ്സ് കറുക്കും, ചോര ചിതറും…
Generated from archived content: poem5_agu27_14.html Author: chinnu_thenooran