മനസ്സിന്റെ മരവിച്ച
വാതില്‍പ്പുറങ്ങള്‍
മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു
സുഹൃത്തേ, നിനക്ക്
വരാം; പോകാം
പുത്തനാസക്തി തന്‍
മേച്ചില്‍പ്പുറങ്ങളില്‍
ഒന്നുമേ കാണാതുഴറി നീ
യെത്തുമ്പോള്‍
ഒരു വേള കയറിയൊന്നി
ളവേല്‍ക്കുവാന്‍
ഇടമേതുമില്ലാതെയല-
യുന്ന നേരത്ത്
ഇമയൊന്നു ചിമ്മാതെ
കാത്തിരിക്കുന്നു ഞാന്‍,
മനസ്സിന്റെ മരവിച്ച
വാതില്‍പ്പുറങ്ങള്‍
മലര്‍ക്കെ തുറന്നിട്ട്.
നിണമിറ്റും മിഴി ചൂഴ്ന്ന്
കൈവെള്ളയില്‍ വച്ച്
ഒരു മുലക്കണ്ണില്‍ കൊടും
കാളകൂടം പുരട്ടി, ചടുല
നടന മാടിത്തിമിര്‍ക്കുന്ന
കാലത്തിന്നിരുപുറവും നിന്ന്
ജ്വര ജല്‍പനങ്ങള്‍
ചൊല്‍ുന്നു നാമിന്ന്.
ലക്ഷ്യബോധം മറന്നൊരുപാട്
പോയല്ലോ, തിരികെയെത്തുവാന്‍
കഴിയാത്ത ദൂരത്ത്.
തര്‍ക്കശാസ്ത്രത്തിന്റെ മാസ്മര
ഛായയില്‍, നീ ചൊന്നതെല്ലാം
തത്വശാസ്ത്രങ്ങള്‍ !
കോണ്‍ക്രീറ്റ് സൗധങ്ങള്‍, തുണ്ട്-
ഭൂമികള്‍, മുറിഞ്ഞപുഴകള്‍
കുളങ്ങള്‍, വനതീരങ്ങള്‍
ചുമയ്ക്കുന്ന യന്ത്രങ്ങള്‍, ഫാക്ടറികള്‍
ആതുരസേവനം, മാനവസേവനം
വിദ്വല്‍ സദസ്സുകള്‍,
സെമിനാറുകള്‍- എല്ലാറ്റിലും
നിന്റെ മുഖമുദ്രയാണിപ്പോള്‍.
നീ നിറഞ്ഞാടിത്തിമിര്‍ക്കുന്നു
കാലത്തിനൊപ്പം.
നീ കുതിച്ചോടുന്നു ശരവേഗത്തില്‍
മാറാത്ത മാറ്റത്തിനായി.
എന്നിനിയെത്തുമെന്‍ സുഹൃത്തേ,
എന്റെയീ പാഴ്മുളം കുടിലില്‍
നനുനനുത്തൊരെന്‍ ഗ്രാമമണ്ണില്‍
ചവിട്ടി നടന്നുകൊണ്ട് ?
എന്‍ മനസ്സിന്റെ മരവിച്ച
വാതില്‍പ്പുറങ്ങള്‍ മലര്‍ക്കെ
തുറന്നിടുന്നു ഞാന്‍.
Generated from archived content: poem4_oct30_15.html Author: chenkulam_sabu