യുദ്ധഭൂമിയില്‍ നിരപരാധികള്‍
വെടിയുണ്ടകളാല്‍ പിടയുമ്പോള്‍
ഒന്നുമറിയാത്ത ഭാവത്തില്‍ ലോകം മുഴുവനും
സമാധാനദിനാഘോഷം പൊടിപൊടിക്കുന്നു.
പട്ടിണിക്കോലങ്ങള്‍ പെരുകുന്നതറിയാതെ
ലക്ഷങ്ങള്‍ ധൂര്ത്തിടിച്ചു ഭക്ഷ്യദിനാചരണം.
തെരുവില്‍ അന്തിയുറങ്ങുന്നവരെ മറന്ന്
കൊഴുക്കുന്ന പാര്‍പ്പിട ദിനാചരണം.
വയോധികരെ വൃദ്ധസദനത്തിലാക്കി
നാടുനീളെ വയോജനദിനാഘോഷം.
കുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാല്‍ നല്കി
ഗ്രാമംതോറും മുലയൂട്ടല്‍ വാരം കെങ്കേമം.
മാംസക്കൊതി തീര്‍ക്കാന്‍ എങ്ങും
മൃഗസ്നേഹവും സംരക്ഷണമേളയും .
വോട്ട് നേടി അധികാരം കൈയ്യാളാനുള്ള
പ്രഹസന സമരമുറകളുടെ പ്രളയം.
മാലിന്യക്കൂമ്പാരം ആകാശം മുട്ടുമ്പോഴും
നാടാകെ ശുചീകരണ യജ്ഞം.
Generated from archived content: poem1_feb20_15.html Author: chemmaniyod_haridasan