ചരിത്രത്തിനൊപ്പം നടന്ന ഒരാൾ

രചന -അനിൽകുമാർ എ.വി.

പ്രസാധകർ -മൾബറി പബ്ലിക്കേഷൻസ്‌

….“വ്യക്തിയും ജീവിതവും”, “വ്യക്തിയും പ്രസ്ഥാനവും”, “വ്യക്തിയും സംഭാവനയും” എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്‌ “ചരിത്രത്തിനൊപ്പം നടന്ന ഒരാൾ” എന്ന അനിൽകുമാറിന്റെ കൃതിയ്‌ക്ക്‌. മാറിക്കൊണ്ടിരുന്ന കേരളത്തിൽ മുമ്പിലില്ലാതിരുന്ന ഒരു നവവ്യക്തിത്വം രൂപംകൊണ്ടതെങ്ങനെ എന്ന്‌ ആദ്യതെ രണ്ടു ഭാഗങ്ങൾ വ്യക്തമാക്കുന്നു….

… ഇത്‌ ഇ.എം.എസ്സിന്റെ ധൈഷണിക ജീവചരിത്രമാണ്‌. കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ ആദ്യഘട്ടങ്ങളിൽ “ബഹുജന സംഘാടകനും പ്രവർത്തകനുമെന്ന നിലയിൽ കൃഷ്‌ണപിളളയ്‌ക്കും ”ബുദ്ധിജീവി“ എന്ന നിലയിൽ ഇ.എം.എസ്സിനും ഉണ്ടായിരുന്ന വ്യത്യസ്‌തമായ പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിൽ അനിൽകുമാർ താത്ത്വിക പ്രവർത്തനങ്ങളെ വിശകലനം ചെയ്യുന്നു…

..അനിൽകുമാർ ഇ.എം.എസ്സിൽ അപ്രമാദിത്വം അടിച്ചേൽപ്പിക്കുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌. കേരള ചരിത്രത്തെക്കുറിച്ചുളള ഇ.എം.എസ്സിന്റെ പഠനത്തെപ്പറ്റി അനിൽകുമാർ എഴുതുന്നുഃ ”കേരളത്തിന്റെ പ്രാചീനചരിത്ര രൂപീകരണത്തെക്കുറിച്ചുളള ഇ.എം.എസ്സിന്റെ ധാരണകൾ പലതും പഴകിപ്പോയിട്ടുണ്ട്‌. അദ്ദേഹം ഇതുമായി ബന്ധപ്പെട്ട്‌ ഉയർത്തുന്ന പല പ്രശ്‌നങ്ങളും യഥാർത്ഥ പ്രശ്‌നങ്ങൾ തന്നെയുമല്ല“ എങ്കിലും കേരള ചരിത്രത്തെപ്പറ്റിയുളള സാമ്പ്രദായികധാരണകളെ ചോദ്യം ചെയ്യാനും നിരാകരിക്കാനും ഇ.എം.എസ്സിനു കഴിഞ്ഞു…

…മാർക്‌സിസ്‌റ്റ്‌ സൗന്ദര്യശാസ്‌ത്രത്തിന്റെ മണ്‌ഡലത്തിൽ ഇ.എം.എസ്സിന്റെ സംഭാവനയെപ്പറ്റിയാണ്‌ ഈ കൃതിയുടെ അവസാന അദ്ധ്യായം ഇ.എം.എസ്സിന്റെ കലാസാഹിത്യ വിചിന്തനങ്ങൾ കേരളത്തിലെ സവിശേഷ പശ്ചാത്തലത്തിൽ ഒതുങ്ങുമ്പോൾപോലും അവ ഒരു മുതൽക്കൂട്ടായിരുന്നു. മാർക്‌സിസ്‌റ്റു സൗന്ദര്യശാസ്‌ത്രത്തിന്‌ ലോകത്തിന്റെ ഇതരഭാഗങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പുത്തൻ വികാസമുന്നേറ്റങ്ങൾ ഉൾക്കൊളളാൻ അബോധപൂർവ്വമായി ശ്രമിക്കുകയും ബോധപൂർവ്വമായി വിമർശന-സ്വയം വിമർശനങ്ങൾ നിർവഹിക്കുകയും ചെയ്‌തു ഇ.എം.എസ്സ്‌ എന്ന്‌ അനിൽകുമാർ നിരീക്ഷിക്കുന്നു..

ഇ.എം.എസ്സിനെപ്പോലുളള ഒരു ചിന്തകന്റെ സംഭാവനകളെ എങ്ങനെ സമീപിക്കണമെന്ന്‌ ഒരു പക്ഷെ ആദ്യമായി അന്വേഷിക്കുന്ന കൃതിയാണിത്‌. ഒന്നുകിൽ പുകഴ്‌ത്തുക, അല്ലെങ്കിൽ ഇകഴ്‌ത്തുക- ഇതേ നമുക്ക്‌ പരിചയമുളളൂ. പുകഴ്‌ത്തലും ഇകഴ്‌ത്തലും ഒരുപോലെ യുക്തിരഹിതവുമാണ്‌. സ്‌തുതിയുടെയും നിന്ദയുടെയും വികാരാധിക്യത്തിനപ്പുറത്തെ വാസ്‌തവകഥനത്തിലേക്ക്‌ ശ്രദ്ധതിരിക്കാൻ അനിൽകുമാർ ആവശ്യപ്പെടുന്നു. ഇതിനു വ്യത്യസ്‌തമായ ഒരു ചർച്ചാരീതി തന്നെ രൂപപ്പെടുത്തേണ്ടതുണ്ട്‌. വളരെ കൃത്യമായും നിർവ്വികാരമായും നമ്മുടെ ആചാര്യന്മാരെ വീണ്ടും വായിക്കാതെ ഒരടിപോലും മുന്നോട്ടുവെയ്‌ക്കാനാവില്ല. ആചാര്യന്മാർ പറഞ്ഞതു മുഴുവൻ സ്വാംശീകരിച്ചശേഷം അതിൽ വിശ്രമസ്ഥാനം കണ്ടെത്താതെ അതിനും അപ്പുറം എന്തുണ്ട്‌ എന്നു അന്വേഷിക്കാൻ പ്രാപ്‌തിയുളള തലമുറയാണു നമുക്കിന്ന്‌ ആവശ്യം. അനിൽകുമാറിന്റെ യത്‌നം അടിവരയിടുന്നതും ഇതൊന്നുതന്നെ.(വി.സി.ശ്രീജന്റെ പഠനത്തിൽ നിന്നും).

ഏറ്റവും നല്ല ജീവചരിത്രഗ്രന്ഥത്തിനുളള 1996-ലെ സാഹിത്യ അക്കാദമി അവാർഡു നേടിയ കൃതിയാണ്‌ ”ചരിത്രത്തോടൊപ്പം നടന്ന ഒരാൾ“. പുസ്തകപ്രസാധനരംഗത്ത്‌ ചലനം സൃഷ്‌ടിച്ച ധൈഷണിക ജീവചരിത്രത്തിന്റെ മൾബറി പതിപ്പാണിത്‌. വി.സി. ശ്രീജന്റെ പഠനവും, ബിഷപ്പ്‌ പൗലോസ്‌ മാർ പൗലോസിന്റെ സ്‌മൃതിക്കുറിപ്പും ഈ പുസ്‌തകത്തിലുണ്ട്‌. ഈ പുസ്തകം ഡി.സി.ബുക്‌സ്‌റ്റോർ.കോമിലൂടെ ലഭ്യമാണ്‌.

Generated from archived content: charithram_oral.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English