ഒരു പെണ്ണിടത്തിന്റെ ഓര്‍മ്മവഴികള്‍

ആറരപ്പതിറ്റാണ്ടുകള്‍ക്കു മുമ്പ് വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ സ്ത്രീകള്‍‍ ഒന്നിച്ചു താമസിക്കുകയും സാമൂഹ്യ താത്പര്യങ്ങളാല്‍ പ്രചോദിതരായി വിദ്യാഭ്യാസത്തിനും തൊഴിലിനുമൊപ്പം സാമൂഹ്യ ഇടപെടലുകളും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളും നടത്തിയിരുന്ന ഒരു ‘ പെണ്‍പൊതു ജീവിതയിട’ മുണ്ടായിരുന്നു കേരളത്തില്‍. കലാപ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന ചെറിയ തുകകള്‍‍ സ്വരുക്കൂട്ടി അഗതികളെയും ദുര്‍ബ്ബല ജനവിഭാഗങ്ങളേയും സഹായിക്കുക എന്നതായിരുന്നു ആ സ്ത്രീ കൂട്ടയ്മയുടെ ലക്ഷ്യം. ഫെമിനിസ്റ്റു ഗ്രൂപ്പുകളും കുടുംബസ്ത്രീ സ്ത്രീശാക്തീകരണ പദ്ധതികളുമൊക്കെയായി സജീവമായ ഈ പുതിയ കാലത്തു നിന്ന് സ്ത്രീകളുടെ ഉയര്‍ത്തെഴുന്നേല്പ്പിന്റെയും കര്‍മ്മോത്സുകതയുടേയും ആ പൂര്‍ വ മാതൃകയെ തിരഞ്ഞുപോകാം.

കോട്ടയത്തായിരുന്നു ‘ മഹിളാസദനം’ എന്ന പേരിലുള്ള ആ പൊതുജീവിതയിടം. വേണമെങ്കില്‍ വനിതാ ഹോസ്റ്റല്‍ എന്ന് ലളിതമായി കരുതാം. 1945 – 48 കാലഘട്ടത്തില്‍ അവിടുത്ത അന്തേവാസികളായിരുന്ന ഇന്നു ജീവിച്ചിരിക്കുന്ന മൂന്നു വയോധികമാരോട് സംസാരിക്കുമ്പോള്‍ നാമറിയുന്നു അത് കേവലമായ ഹോസ്റ്റല്‍ മാത്രമായിരുന്നില്ല എന്ന്. പഠനത്തിലും തൊഴിലിനുമായി താമസിക്കാനുള്ള സ്ഥലമായിരുന്നെങ്കിലും അന്നത്തെ സാമൂഹ്യ രാഷ്ട്രീയ കടലിരമ്പങ്ങളുടെ ഊര്‍ജ്ജത്താല്‍ സദനത്തിലെ സ്ത്രീകളും പൊതുപ്രവര്‍ത്തനങ്ങളുടെ ദൗത്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. കേരളത്തില്‍ അന്ന് മറ്റു ചില സദനങ്ങളും പ്രവര്‍ത്തിച്ചിരുന്നു എന്ന ചരിത്രം നമുക്കറിയാവുന്നതാണ്. വി ടി ഭട്ടതിരിപ്പാടിന്റെയൊക്കെ നേതൃത്വത്തില്‍ നടന്നു വന്ന നമ്പൂതിരി നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായ ‘ ബാലികാസദനങ്ങളും പാര്‍വതി അയ്യപ്പനും മറ്റും നേതൃത്വം കൊടുത്തിരുന്ന ‘ ശ്രീനാരായണ സദന’ ങ്ങളും ആയിരുന്നു അവ. എന്നാല്‍ കോട്ടയത്തെ സദനത്തിന് ഇവ രണ്ടുമായി ബന്ധമില്ലായിരുന്നു.

ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭണത്തിന്റെയും അവിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയുമെല്ലാം സമരോത്സുകമായ മുന്നേറ്റങ്ങളാല്‍ തിളച്ചു മറിയന്ന സാമൂഹ്യ അന്തരീക്ഷമായിരുന്നു നാല്പ്പതുകള്‍.‍ അതിന്റെ ചൂടും ചൂരും സദനത്തിലെ അന്തേവാസികളെയും കാര്യമായി സ്വാധീനിച്ചു. കമ്യൂണിസ്റ്റ് നേതാക്കളോ അതിന്റെ കലാ സാംസ്ക്കാരിക സഹയാത്രികയോ ആയിരുന്നു കോട്ടയം സദനത്തിന്റെ നേതൃത്വപരമായ പങ്കുവഹിച്ചിരുന്നത് , ഭാവനിയമ്മ എന്ന സ്ത്രീയായിരുന്നു. സദനത്തിന്റെ സര്‍ വാധികാരി പി. ഭാസ്ക്കരന്‍ മാഷ്, സി. ജെ തോമസ്, എ. കെ തമ്പി എന്നിവരൊക്കെ സദനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യ ദര്‍ശികളായി ഇടപെട്ടിരുന്നു. ഗാന്ധി വാര്‍ദ്ധാ സ്കീം എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും കലാഭ്യാസനവും നല്‍കിയിരുന്നു സദനത്തില്‍. പാട്ട്, നൃത്തം, വാദ്യോപകരണ പഠനം, ഹിന്ദി പഠനം തുടങ്ങിയവക്കൊപ്പം നൂല്‍ നൂല്‍പ്പ്, പായ് നെയ്ത്ത് തുടങ്ങിയ പരിശീലനങ്ങള്‍ അന്തേവാസികള്‍ക്കു നല്‍കിയിരുന്നു. വോയ്സ് ഓഫ് കേരള എന്ന ഗാനമേള ഗ്രൂപ്പും ജലതരംഗം ഓര്‍ക്കസ്ട്ര എന്ന ഗാനമേള ഗ്രൂപ്പും സദനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഈ ട്രൂപ്പുകളുടെ പരിപാടികള്‍ കേരളത്തിനകത്തും പുറത്തും അവതരിപ്പിച്ച് ലഭിക്കുന്ന വരുമാനം കൊണ്ട് ഇവര്‍ ഒട്ടേറെ സേവന- സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വളരെ യാഥാസ്ഥിതിക കുടുംബങ്ങളില്‍ നിന്ന് വന്നിരുന്ന കുട്ടികള്‍ പോലും സദന ജീവിതത്തിന്റെ ഭാഗമായി പുരോഗമന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയിരുന്നു. അത് ഇന്നത്തേപ്പോലെ മാധ്യമ പ്രശസ്തിക്കു വേണ്ടിയോ അംഗീകാരങ്ങള്‍ക്കോ പുരസ്ക്കാരങ്ങള്‍ക്കോ വേണ്ടിയോ ആയിരുന്നില്ല. മാറ്റത്തിനായ് വെമ്പല്‍കൊള്ളുന്ന സാമൂഹ്യ സാഹചര്യത്തിന്റെ ഊര്‍ജ്ജപ്രസരണങ്ങളെ ഉള്ളില്‍ പേറുന്നതുകൊണ്ടായിരുന്നു.

ഡല്‍ഹിയിലെ പ്രമുഖ സാംസ്ക്കാരിക നായകനും സംവിധായകനുമായ പ്രൊഫ. ഓംചേരി എന്‍ എന്‍ പിള്ള അന്ന് സദനവുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ്. കോട്ടയത്ത് കോളേജില്‍ പഠിച്ചിരുന്ന അദ്ദേഹം സദനത്തില്‍‍ അന്ന് ക്ല്ലാസെടുത്തിരുന്നു. അതിന്റെ കലാ സാംസ്ക്കാരിക പ്രവര്‍ത്തങ്ങളെക്കുറിച്ചും അദ്ദേഹം ഇന്നും വാചാലനാണ്. അദ്ദേഹത്തില്‍ നിന്ന് പകര്‍ന്നു കിട്ടിയ വിവരങ്ങളുമായാണ് ഇന്ന് ജീവിച്ചിരിക്കുന്ന മൂന്നു അപൂര്‍വ സൗഹൃദങ്ങളെ തേടിയിറങ്ങിയത്. സദനം ജീവിതത്തിന്റെ ഓര്‍മ്മകള്‍ ഇന്നും സജീവമായി സൂക്ഷിക്കുന്ന മൂന്നു വ്യക്തിത്വങ്ങള്‍

സൗഹൃദത്തിന്റെ വേറിട്ട മാതൃക —————————–

മഹാകവി വള്ളത്തോളീന്റെ പുത്രി വാസന്തിമേനോന്‍ എറണാകുളത്ത് താമസിക്കുന്ന കമലമ്മ ( പ്രൊ. ആനന്ദക്കുട്ടന്റെ സഹധര്‍മ്മിണി ) പത്തനം തിട്ട ജില്ലയില്‍ മല്ലപ്പള്ളി സ്വദേശിനി ഡോ. ആലീസ് .ഇവരാണ് ഇന്നും ഊഷ്മള സൗഹൃദം സൂക്ഷിക്കുന്ന ആ മൂന്നു പേര്‍.

മഹാകവിയുടെ മകളെ അന്വേഷിച്ച് വള്ളത്തോള്‍ മ്യൂസിയത്തോട് ചേര്‍ന്നുള്ള നാഗില ( മഹാകവിയുടെ കവിതയുടെ പേരാണിത്) എന്ന വീട്ടില്‍ എത്തുമ്പോള്‍ വാസന്തി മേനോന്‍ എന്ന മുത്തശി കാത്തിരിക്കുന്നുണ്ടായിരുന്നു.

”അച്ഛനോടൊത്ത് അധികം ഇടപഴകാന്‍ പറ്റിയിട്ടില്ല. മഗ്ദലന മറിയവും, സാഹിത്യമജ്ജരിയും, നാഗിലയും, വീരപത്നിയും, എന്റെ ഗുരുനാഥനും ഏറെ ഇഷ്ടമുള്ളവയുടെ കൂട്ടത്തില്‍ പെടുന്നു”. കഥകളിയില്‍ ഏറെ തത്പരനായിരുന്ന, അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ആ കഥാ രൂപത്തെ നെഞ്ചിലേറ്റി നടന്നിരുന്ന, അതിനുവേണ്ടി അവിരാമാക്ഷീണം പ്രവര്‍ത്തിച്ചിരുന്ന മഹാകവിയുടെ അന്നത്തെ സ്വപ്നം ഇന്ന് കലാമണ്ഡലമായി പൂവണിഞ്ഞ് നില്‍ക്കുന്നതില്‍ ചാരിതാര്‍ത്ഥ്യപ്പെടുന്നു ഈ മകള്‍.

പ്രൊ. ആനനന്ദക്കുട്ടന്റെ പ്രേമഭാജനവും പിന്നീട് സഹധര്‍മ്മിണിയുമായെത്തിയ എറണാകുളത്തെ പേരു കേട്ട സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസിദ്ധ ന്യൂറോളജിസ്റ്റിന്റെ അമ്മയുമായ കമലമ്മയുടെ ഓര്‍മ്മകള്‍ക്കൊപ്പം.

”വടക്കന്‍ പറവൂരില്‍ ജനിച്ചു പഠിച്ചത് കോട്ടയത്ത്. അടുത്ത കൂട്ടുകാരികളായിരുന്നു വാസന്തി മേനോനും, ആലീസും ഇന്നുമത് നിലനിര്‍ത്തി പോരുന്നു. ജോലികള്‍ എല്ലാം ഒന്നിച്ചു ചെയ്യുമായിരുന്നു. അങ്ങിനെയാ ബന്ധം വളര്‍ന്നു. പണ്ടുള്ള കൂട്ട് ഒരിക്കലും പിരിയുമായിരുന്നില്ല. കണ്ടു മുട്ടുമ്പോള്‍ പുതു ചേതനയുടെ ആവേശം എല്ലാവരിലും നിറയുന്നു. ഉന്നത പഠനത്തിനു അവിടം വിട്ടപ്പോഴും ഇടയ്ക്കിടക്കു ബന്ധം നില നിര്‍ത്തിപ്പോന്നു. ഇതൊക്കെ തന്നെ ഈ പ്രായത്തെ വീണ്ടും പിന്നോട്ടു നയിക്കുന്നു”

അടുത്ത കൂട്ടുകാരിയിലേക്ക് ഡോ. ആലീസിലേക്ക് – സദനത്തിലെ ജലതരംഗം ഓര്‍ക്കസ്ട്രയിലെ അംഗമായിരുന്നു ആലിസ്സ്. അവരുടെ വര്‍ത്തമാനത്തിലും വാസന്തി മേനോനും കമലമ്മയും നിറഞ്ഞു നിന്നു. സദനത്തെക്കുറിച്ചും അതിന്റെ കലാപ്രവര്‍ത്തനങ്ങളെ കുറിച്ചും കൂടുതല്‍ ഓര്‍മ്മിക്കുന്നത് ആലീസാണ്. ഇപ്പോള്‍‍ മല്ലപ്പിള്ളിയില്‍ താമസിക്കുന്നു സദനം നിന്നിരുന്ന സ്ഥലത്ത് പോകുമ്പോള്‍ കാലം മായ്ക്കാത്ത ഓര്‍മ്മകളുടെ ഇരമ്പമുണ്ട് ഹൃദയത്തില്‍. പ്രായത്തിന്റെ ക്ഷീണം വകവയ്ക്കാതെ ഓടി നടന്നും സ്വയം കാറോടിച്ച് ഓരോ സ്ഥലങ്ങളില്‍ പോയും സുഹൃത്തുക്കളെ സന്ദര്‍ശിച്ചും ജീവിത സായാഹ്നം കഴിക്കുന്നു

അര്‍ത്ഥവിരാമം —————-

1950 -നു തൊട്ടുമുമ്പു വരെ കോട്ടയത്ത് സദനം പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കുറെക്കാലം ചില ഗൗരവതരമായ പ്രശ്നങ്ങളാല്‍ സദനം അടച്ചിടേണ്ടി വന്നു എന്നും ഓം ചേരി ഓര്‍മ്മിക്കുന്നു. പിന്നീട് കേരളത്തിലെ സാമൂഹ്യ ചരിത്രമെഴുതിയവരോ കമ്യൂണിസ്റ്റ് ചരിത്രകാരന്മാരോ ഈ സ്ഥാപനത്തെക്കുറിച്ച് അധികമൊന്നും അന്വേഷിച്ചതായി അറിവില്ല എന്ന് അദ്ദേഹം വേദനയോടെ പറയുന്നു. നീലി ബെന്‍ എന്ന സ്ത്രീയെ എന്ന സ്ത്രീയെ ഉത്തരേന്ത്യയിലെ ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് ഇദ്ദേഹം ഒരിക്കല്‍ മാത്രം കാണാന്‍ ഇടയായി പരസ്പരം തിരിച്ചറിഞ്ഞു അത്രമാത്രം.

സദനത്തിന്റെ മുഖ്യ സംഘാടകയും മേധാവിയുമായിരുന്ന ഭവാനിയമ്മക്ക് സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച ഒരു കാലിടര്‍ച്ച മുലം അവര്‍ ആരുമറിയാതെ സദനം ഉപേക്ഷിച്ചു പോവുകയാണുണ്ടായത്. വളരെ തന്റേടവും നിശ്ചയദാര്‍ഢ്യവും കാര്യ ശേഷിയും ഉണ്ടായിരുന്ന അവര്‍ക്കു സംഭവിച്ച പാകപ്പിഴ അഭിമാന ക്ഷതമേല്പ്പിച്ചു. ആരേയും അഭിമുഖീകരിക്കാനാവാത്തതുകൊണ്ടാകണം അവര്‍ അപ്രത്യയായി . അതോടെ സദനം നാഥനില്ലാതാവുകയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. സര്‍ഗ്ഗാത്മകതയും സാമൂഹ്യ വീക്ഷണവും കാര്യ ശേഷിയും സമ്മേളിച്ചിരുന്ന ആ ‘ പെണ്‍ താവളം’ എഴുതപ്പെടത്ത ചരിത്രത്തിന്റെ വരികളില്‍ ഇരുള്‍ മൂടിക്കിടക്കുന്നു. മങ്ങിത്തുടങ്ങുന്ന ഓര്‍മ്മകളില്‍ നിന്ന് ചിലതൊക്കെ മാത്രം വാ മൊഴിയായിപ്പറയാന്‍ എണ്‍പത്തഞ്ചു വയസു കഴിഞ്ഞ ഈ മുത്തശിമാര്‍ മാത്രം .

Generated from archived content: essay1_aug12_14.html Author: chandrika_balakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here