കോടതിയിലെ വിചാരണമധ്യേ തന്റെ മകളെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത് കനൽവെട്ടത്തിൽ കണ്ടതാണെന്ന കാളിപോത്തന്റെ മൊഴി കേട്ടപ്പോൾ, കാരാമ ഭയം കലർന്ന ഒരാനന്ദത്തിന്റെ ഉന്മാദ മൂർച്ചയോടെ പ്രതിക്കൂട്ടിൽ പൊടുന്നനെ പെരണ്ടുവീണു. വീഴ്‌ചയുടെ വിറങ്ങലിപ്പിൽ കോടതി നടപടികൾ തൽക്കാലത്തേയ്‌ക്ക് മാറ്റിവെച്ച് കോടതി പിരിഞ്ഞു. കാക്കിധാരികൾ കാരാമയെ താങ്ങിയെടുത്ത് വരാന്തയുടെ കോണിച്ചോട്ടിൽ മലർത്തി കിടത്തി. കാരാമയുടെ പതനുരഞ്ഞ തൊള്ളയിലേക്ക് വെള്ളം വീഴ്‌ത്താനായി കോടതിയാളുകളും പോലീസും പരക്കം പാഞ്ഞു. എന്നാൽ പ്രതിയുടെ വീഴ്‌ച കോടതി ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ പോയ പോലീസുകാരൻ തിരിച്ചെത്തുമ്പോഴേക്കും കാരാമ അപ്രത്യക്ഷമായിരുന്നു.
കാളിപോത്തന്റെ ചരിത്രം
ഞങ്ങളുടെ ഗ്രാമാതിർത്തിയിലെ വെളിംപ്രദേശായ ചോരക്കുന്നിന്റെ താഴ്‌വാരത്തിലുള്ള ഒരു ചതുപ്പുതടത്തിലായിരുന്നു കാളിപോത്തന്റെ താമസം. പൊന്തപ്പടർപ്പുകളും ഒറ്റതിരിഞ്ഞ ചില കാഞ്ഞിരമരങ്ങളും തീ പൂക്കുന്ന മലവാകകളും ചോരക്കുന്നിനെ എന്നും ഞങ്ങൾ ഗ്രാമവാസികളിൽ നിന്നും അകറ്റിനിർത്തിയിരുന്നു. നട്ടുച്ചക്കുപോലും പ്രേതങ്ങളലറുന്ന, തലയോട്ടികൾ ചിതറികിടക്കുന്ന ചാവുനിലമായിരുന്നു ഞങ്ങളുടെ സഞ്ചാരങ്ങൾക്കുപോലും വിലക്കേർപ്പെട്ട ചോരക്കുന്ന്.
ചവിട്ടിക്കുഴച്ച പശിമണ്ണ് വാരിപ്പൊത്തി പനയോലകൊണ്ട് കെട്ടിമേഞ്ഞ ഒരു ഒറ്റയിറക്കുപ്പുരയിലായിരുന്നു കാളിപോത്തൻ താമസിച്ചിരുന്നത്. ആണുങ്ങളിൽ അഗ്നി പടർത്തുന്ന ഒരു സത്വം; അതായിരുന്നു ഞങ്ങൾക്ക് കാളിപോത്തൻ. ദുർമന്ത്രവാദങ്ങളുടെയും വെളിപാടുകളുടേയും രാത്രിസഞ്ചാരിണി. ഞങ്ങളുടെ ഗ്രാമത്തിലെ ഏതെങ്കിലുമൊരാണ് കാളിപോത്തനാൽ വശീകരിക്കപ്പെട്ട് ചതുപ്പിലേക്കിറങ്ങി പോയാൽ പിന്നെ കാളി അയാളുടെ ജീവനെടുത്തതായി ഞങ്ങൾ ഗ്രാമവാസികൾ കരുതിപോന്നു. പോത്തൻ എന്നത് അവരുടെ തന്തയുടെ പേരായിരുന്നു; പോത്തൻ മാധ. തനി തെമ്മാടിയായിതുന്ന ഇയ്യാളെ ഒരു വരത്തനാണ് ഒരൊറ്റ ചവിട്ടിന് പണ്ടം തുറിപ്പിച്ച് കൊന്നുകളഞ്ഞത്. ഇയ്യാളുടെ മരണശേഷമാണ് ഞങ്ങൾ ഗ്രാമവാസികൾ കാളിപോത്തന്റെ അവതാരോദ്ദേശ്യം പൂർണ്ണമായും മനസ്സിലാക്കി തുടങ്ങുന്നത്.
വശീകരണത്തിനായി കരിനീലിക്ക് ശത്രുവിന്റെ പേരിൽ കോഴ്യെ അറുത്ത്; മുളകരച്ച്, മാട്ടിപുകച്ച് കൊല്ലുന്നതു തൊട്ട് കുടുംബം കുളം തോണ്ടുന്ന കാളികൂളി വിദ്യകൾ വരെ കാളിപോത്തന്റെ കൈവശമുണ്ടായിരുന്നു.
കാളിപോത്തന്റെ കെട്ട്യോൻ എന്ന നിലയ്‌ക്ക് ഒരാളെ ഞങ്ങൾ ഗ്രാമവാസികൾ കണ്ടിട്ടില്ലെങ്കിലും പോത്ത് പലരിൽ നിന്നുമായി ആറുപ്രാവശ്യം പൂർണ്ണഗർഭം ധരിച്ചിരുന്നതായും ആയതിൽ രണ്ടെണ്ണം മാത്രം ഇപ്പോൾ ജീവിച്ചിരുന്നതായും അറിയാം. അതിൽ ഒന്ന് വേശ എന്ന് പേരുള്ള ഇരുപത്തിയഞ്ചുകാരിയായ സർപ്പസുന്ദരിയും മറ്റൊന്ന് മാനസിക വിഭ്രാന്തിയിളകി ഉണ്ണാതെ, ഉറങ്ങാതെ, ഉരിയാടാതെ ഊരുചുറ്റുന്ന വേശപ്പനെന്നു പേരുള്ള ഭ്രാന്തനുമാണ്.
വേശപ്പനു ഭ്രാന്തുപിടിക്കാനുള്ള കാരണം ഇന്നും ഞങ്ങളുടെ അന്തിക്കൂട്ടായ്മകളുടെ സങ്കടങ്ങളിലൊന്നാണ്. വേശപ്പൻ ഇങ്ങനെയൊന്നുമായിരുന്നില്ലത്രെ! കാളിപ്പോത്തനേയും വേശയേയും അന്വേഷിച്ച് വരുന്നവർക്ക് ഉപദ്രവമാവാതിരിക്കാനായി മന്ത്രവാദങ്ങളും മരുന്ന് കൂട്ടുകളും കണക്കില്ലാതെ കൊടുത്ത് തലയ്‌ക്ക് സുഖമില്ലാതാക്കിയതാണെന്നാണ് പറയുന്നത്.
കാളിപോത്തൻ ഗ്രാമവഴികളിലേക്കിറങ്ങിയാൽ കുട്ടികൾ വഴിമാറ്റിവെയ്‌ക്കും. പെണ്ണുങ്ങൾ തങ്ങളുടെ കണവന്മാരുടെ കണ്ണുകൾ പൊത്തും. ഗർഭിണികൾ ഓലമറകളിലൊളിഞ്ഞ് നിന്ന് പാളിനോക്കും. പ്രായംചെന്നവർ മാത്രം പ്രാകിയും പുലയാട്ടു പറഞ്ഞും വഴികളിൽ കോർക്കും. കടത്തുവക്കത്തെ കള്ളുഷാപ്പിന്റെ വൃത്തികെട്ട അകങ്ങളിലിരുന്ന് ചീട്ടുകളിക്കാരും താറാവുകാരും തെറിപ്പാട്ടുകൾ പാടി നൃത്തം ചവിട്ടും. കന്നാലി പിള്ളേർ ചോറക്കാടുകളിലിരുന്ന് ശൃംഗാരചൊവയുള്ള ചൂളമടിക്കും. അടഞ്ഞുകിടക്കുന്ന കരയോഗം കെട്ടിടത്തിന്റെ തിണ്ണകളിലിരുന്ന് പാമ്പുപിടുത്തക്കാരും തവളപിടുത്തക്കാരും തൊണ്ടക്കുഴിയിലെ മെടയിറക്കി അസ്പഷ്ടമായ ശബ്ദങ്ങൾ പുറപ്പെടുവിക്കും.
പക്ഷെ ഇതൊന്നും കാളിപോത്തനെ സംബന്ധിച്ചിടത്തോളം ഏശാറില്ല. നേർക്കുനേരെ ആരു കയർത്താലും അവർക്ക് പുല്ലുവിലയാണ്. ഗ്രാമത്തിലെ ഏതെങ്കിലും പെണ്ണുങ്ങൾ തങ്ങളുടെ ഭർത്താവിനെയോ ആങ്ങളമാരേയോ പറ്റി അവരോട് ചോദിച്ചാൽ വെച്ചടി ഉടുതുണി പൊക്കി ഒരൊറ്റ നിൽപാണ്. –‘ഉവ്വ്‌ടി ചെളുക്കെ നിന്റെ മറ്റോനെ ഞാനിവ്യട്യാ ഒളിപ്പിച്ചേണെ. കഴിവ്‌ണ്ടെങ്ങെ വന്നോന്ന് എട്‌ക്കടീ’ എന്ന് അലറികൊണ്ട്.
രാത്രികളുടെ അപനേരങ്ങളിൽ വഴിചൂട്ടുമായി ചോരക്കുന്നിറങ്ങി പോകുന്നവരെ കാണുമ്പോൾ ഞങ്ങൾ ഗ്രാമവാസികൾ മുജ്ജന്മ കർമ്മ ഫലങ്ങളുടെ വരുംവരായ്‌കൾ പറഞ്ഞ് പരസ്പരം സമാധാനിക്കും. കാറ്റിൽ ദുരാത്മാക്കളലറുന്ന കാഞ്ഞിരമരത്തിന്റെ മൊരൾച്ചകളും തീ പൂക്കുന്ന മലവാകകളും എന്നും ഞങ്ങൾ ഗ്രാമവാസികളുടെ സ്വ്‌ഛതയിലൂടെ അപമൃത്യുവിന്റെ തേർവാഴ്‌ചകളായി വിഹരിച്ചുകൊണ്ടിരുന്നു. ചതുപ്പുകളുടെ നീർത്തടങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ചാലുകളിലൂടെ കാളിപോത്തന്റെ മാട്ടും മാരണങ്ങളുടേയും കോഴിത്തലകളും ചെമ്പരത്തിപ്പൂക്കളും ഞങ്ങളുടെ സ്വതന്ത്രമായ മുങ്ങിക്കുളികൾക്ക് അറുതിവരുത്തി. ഇങ്ങനെയുള്ള ഒരു പുലർച്ചയിലാണ് വേശയെത്തേടി ഒരാൾ ഞങ്ങളുടെ ഗ്രാമത്തിലെത്തുന്നത്.
കാരാമയുടെ വരവ്
മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ ശവങ്ങൾ വെട്ടിപൊളിക്കുന്ന പണിയായിരുന്നു കാരാമയ്‌ക്ക്. ഇത് ഗവൺമെന്റ് ജോലിയായിരുന്നിട്ടുകൂടി ഒരു കല്ല്യാണക്കാര്യം തിരക്കിനടക്കേണ്ടിവന്നപ്പോൾ കുടുംബത്തിൽ പിന്ന പെമ്പിള്ളേരൊന്നും സ്വമനസ്സാലെ കാരാമയെ കെട്ടാൻ സമ്മതിക്കില്ലെന്ന മട്ടായി. അങ്ങനെയാണ് കല്ല്യാണദല്ലാൾ ആണിക്കല ഞൊണ്ടിനാണുവിന്റെ നിഴലിനു കാവലായി കാരാമ ഞങ്ങളുടെ ഗ്രാമത്തിലെത്തുന്നത്. ആണിക്കാലൻ ഞൊണ്ടിനാണുവിന് മുമ്പ് കശാപ്പിനായി ആടുമാടുകളെ വേടിച്ചുകൊണ്ടുപോയി കൊടുക്കുന്ന പണിയായിരുന്നു. അങ്ങനെ തമ്പടിക്കുന്ന കൂട്ടത്തിലുള്ള ഒരു പഴയ പറ്റിന്റെ പരിചയം ഞൊണ്ടിനാണുവിന് കാളിപോത്തനുമായി നേരെത്തെ തന്നെയുണ്ട്. ആ പരിചയത്തിന്റെ ചോടുപിടിച്ചാണ് വേശയ്‌ക്കൊരു ആലോചനയുമായി കാരാമയേയും കൊണ്ട് ഞൊണ്ടിയുടെ വരവ്.
കാരാമയ്‌ക്ക് ജനിച്ച നാടും വീടും അറിയില്ല. ഓർമ്മവയ്‌ക്കുമ്പോൾ ഒരു മാപ്ലേടെകൂടെ തേക്കിലയിൽ ഇറച്ചി പൊതിഞ്ഞുകൊടുക്കലായിരുന്നു കാരാമയുടെ പണി. ആ മാപ്ല തന്നെയാണ് കാരാമയ്‌ക്ക് പേരിട്ടതും അത്രമേൽ വളർത്തികൊണ്ടുവന്നതും. മക്കളില്ലാത്ത മാപ്ലയ്‌ക്കും ഉമ്മയ്‌ക്കും ഒരു ദിവസം ധർമ്മാശുപത്രിയിൽ നിന്നും ഒരു സ്‌ത്രീ രണ്ടര ഗ്രാമിന്റെ ഒരു തൊരട് ചെയിന് കൊടുത്താണത്രെ കാരാമയെ. മാപ്ലയും ഉമ്മയും കാരാമയെ സ്വന്തം മകനെപ്പോലെ വളർത്തുകയും പള്ളിക്കൂടത്തിലയച്ച് പഠിപ്പിക്കുകയും ചെയ്തു.
പക്ഷേ കാരാമയ്‌ക്ക് പഠിപ്പിനേക്കാൾ ഇഷ്ടം രാഷ്‌ട്രീയത്തിലായിരുന്നു. അങ്ങനെ കൂടെ നടന്ന് കള്ളോട്ട് ചെയ്യാൻ സഹായിച്ച ചില രാഷ്‌ട്രീയസഖാക്കളുടെ ഒത്താശകൊണ്ടാണ് കാരാമയ്‌ക്ക് ഇങ്ങനെ ഒര് പണി ശര്യായതുതന്നെ. ആദ്യം കരാറ് വ്യവസ്ഥയിലായിരുന്നെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തി. പക്ഷേ അപ്പോഴേക്കും മാപ്ലേനേം ഉമ്മേനേം എതിർച്ചേരിയിലെ രാഷ്‌ട്രീയമതനിരപേക്ഷ നിലപാടുകൾ കോളനിയിൽ പൊട്ടിപ്പുറപ്പെട്ട ഒരു വർഗ്ഗീയ ലഹളയുടെ പക തീർക്കാൻ പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞിരുന്നു. അതോടെ കാരാമ ഇടത്താവളങ്ങളില്ലാതെ അലഞ്ഞു. അങ്ങനെ ഒരു ദിവസം കെട്ടിത്തൂങ്ങിച്ചത്ത ഒരു അളിഞ്ഞ ശവം വെട്ടിപ്പൊളിക്കുന്നതിന് മുന്നോടിയായിച്ചിരി സൊയമ്പൻ മോന്താൻ പോയപ്പോഴാണ് ഞൊണ്ടിയെ പരിചയപ്പെടുന്നതും ടിയ്യാന്റെ അഭിപ്രായപ്രകാരം ഞങ്ങളുടെ ഗ്രാമത്തിൽ എത്തിപ്പെടുന്നതും.
കാരാമയ്‌ക്ക് ആദ്യകാണലിൽ തന്നെ വേശയെ പിടിച്ചു. പളപളാന്ന് വെളുത്തുമുഴുത്ത ഒരു സുന്ദരി. കാളിപോത്തനാണെങ്കിൽ നൂറുവട്ടം സമ്മതവുമായിരുന്നു. അങ്ങനെ ഒരു ദുഃഖവെള്ളിയാഴ്‌ച ഞങ്ങൾ ഗ്രാമവാസികളെ അന്താളിപ്പിച്ചുകൊണ്ട് ചോരക്കുന്നിലെ കരിനീലിയുടെ ബലിത്തറയിൽ കാരാമയും വേശയും തെച്ചിമാലകൾ കൈമാറി കൈകോർത്തു പിടിച്ച് പൊറുപ്പു തുടങ്ങി.
വേശയുടെ കന്യാപടലം
ആദ്യരാത്രിയുടെ പുലരിത്തുടിപ്പിനു മുമ്പുതന്നെ കാരാമ താൻ എത്തിപ്പെട്ടിരിക്കുന്ന നെറികെട്ട ജീവിതത്തെക്കുറിച്ച് തിരിച്ചറിഞ്ഞിരുന്നു. വേശയുടെ ഗർഭപാത്രത്തിൽ ഊറിയും ഉറഞ്ഞും കിടക്കുന്ന കരുക്കളെക്കുറിച്ച് കാരാമ മനഃപൂർവ്വം നിശബ്ദനായി. എന്നാലും ഇത് കാരാമയുടെ രാഷ്ര്ടീയബോധത്തിന് നേരെപോലുമുള്ള ഒരു കനത്ത ആഘാതമായി പിൻതുടർന്നുകൊണ്ടിരുന്നു.
വെളുപ്പിന് ഉമിക്കരിയുമായി വെളിക്കിറങ്ങിയ കാരാമ കണ്ടത് ആണിക്കാലൻ ഞൊണ്ടിനാണു ചാടിചാടി കുന്നിറങ്ങിപോകുന്ന കാഴ്‌ചയാണ്.
കണക്കുപറച്ചിലും ഉച്ചിഷ്‌ടവും നക്കിയുള്ള പോക്കുകണ്ടപ്പോൾ കാരാമ ഓർത്തു. പോട്ടെ. ഞൊണ്ടിയെ പറഞ്ഞിട്ടു കാര്യമില്ല. ശവങ്ങൾ പൊളിക്കുന്നവന് വേറെയാരു പെണ്ണു തരാൻ എന്നവൻ ചോദിക്കും.? പിന്നെ ഉത്തരമില്ല. വേണ്ടെങ്കിൽ ഉപേക്ഷിച്ചുകൂടെ എന്നൊരു കുത്തുവാക്കുമാകാം.
ശവം പൊളിക്കുന്നവനാണെങ്കിലും തന്റെ കാശ് എല്ലാവർക്കും വേണം. കാശിന് അയിത്തൊന്നൂല്ല്യാ. മരണക്കിടക്കേല് കെടക്കുന്നോർക്കുപോലും താൻ ചെന്നാ പേട്യാ. പരിചയക്കാരുപോലും ഒരു ശുഭകാര്യങ്ങൾക്കും വിളിക്കാറില്ല്യാ. ആർക്കും വേണ്ടാത്ത ഒരു നികൃഷ്ട ജന്മം! മരിച്ചവന്റെ മാത്രം അവസാനബന്ധുവായി ജീവിക്കാനായിരിക്കും വിധി.
കാരാമ പലപ്പോഴും മറ്റൊരു താമസസ്ഥലമെടുത്ത് കൂടെ കൊണ്ടുപോയെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞ് അവൾ അതെല്ലാം ഉപേക്ഷിച്ചുകൊണ്ട് അവസാനമവസാനം തന്റെ രോഗഗ്രസ്ഥമായ ചതുപ്പിൽ തന്നെ വന്നടിഞ്ഞുകൊണ്ടിരുന്നു. കുറിഞ്ഞിപ്പെണ്ണിന്റെ ജനനശേഷവും ഇതിനൊരു മാറ്റവും വന്നില്ലെന്നു കണ്ടപ്പോൾ കാരാമയിൽ അടിഞ്ഞുകൂടിയിരുന്ന പകയുടെ വിഷാംശം കുറേശ്ശെ കുറേശ്ശെയായി പുറത്തേയ്‌ക്ക് ചീറ്റാൻ തുടങ്ങി.
നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ഒരു തരം ഭ്രമിപ്പിക്കുന്ന സൗന്ദര്യമായിരുന്നു വേശക്ക്. കുറിഞ്ഞിപ്പെണ്ണിനെ അവൾ ശ്രദ്ധിക്കാറെയില്ല. കുറിഞ്ഞിപ്പെണ്ണിന് കറുത്ത നിറമായിരുന്നതിനാൽ കാളിപോത്തനും അതിനോട് വെറുപ്പായിരുന്നു. രാവിലെ മുതൽ അണിഞ്ഞൊരുങ്ങുന്ന വേശയുടെ ദിനചര്യകൾ കാളിപോത്തന്റെ കൂടെയുള്ള അജ്‌ഞ്ഞാതമായ പോക്കുവരവുകളിലൊതുങ്ങുന്നതായിരുന്നു. മദ്യപിച്ച് അസമയങ്ങളിൽ കേറിവരുന്ന കാരാമ അതുകൊണ്ടുതന്നെ അടഞ്ഞുകിടക്കുന്ന ചെറ്റവാതിലിന്റെ മുമ്പിൽ തലുകുമ്പിട്ടിട്ട് നാഴികകളോളം കാത്തുനിന്നു.
എവിടേയ്‌ക്കാണ്? എന്തിനാണ്? എന്നോ മറ്റോ ചോദിച്ചാൽ ഉത്തരങ്ങൾ പറഞ്ഞിരുന്നത് കനത്ത ഭാഷയിൽ കാളിപോത്തനായിരുന്നു. ഞങ്ങൾക്ക് ഇഷ്ടമുള്ളേടത്തേക്ക് പോകുമെന്നും, ഭരിക്കാനാരും വരേണ്ടെന്നും, മത്യായെങ്കിൽ എറങ്ങിപൊയ്‌ക്കൊള്ളാനും തീർത്തുപറഞ്ഞു.
വേശയ്‌ക്ക് യാതൊന്നിനും മറുപടികളില്ലായിരുന്നു. എല്ലാറ്റിനും കാളിപോത്തന്റെ പക്ഷംപറ്റി, തള്ള പറയുന്നതും കേട്ട്, തള്ളയുടെ ഇഷ്ടത്തിന് അവൾ ജീവിച്ചുപോന്നു.
ഞങ്ങൾ ഗ്രാമവാസികളുടെ സ്വസ്ഥതകളിൽ പലപ്പോഴും കാരാമയുടെ തകർന്ന ജീവിതത്തിന്റെ കനൽപെരുക്കങ്ങൾ മദ്യത്തിന്റെയും കഞ്ചാവിന്റെയും വിഷലിപ്തതകളായി ഉറക്കം കെടുത്തികൊണ്ടിരുന്നു. നാട്ടുവഴികളുടെ ചള്ളകളിലും കടത്തുവക്കുകളിലും കാരാമ ഒരു ഭ്രാന്തനെപോലെ അലയാൻ തുടങ്ങി. നട്ടപാതിരയുടെ വന്യതയെ കീറിമുറിച്ചുകൊണ്ട് ചോരക്കുന്നിന്റെ താഴ്‌വാരത്തുനിന്ന് പേടിപ്പെടുത്തുന്ന നിലവിളികളും പോർവിളികളും ഗ്രാമത്തെ ചൂഴ്‌ന്നു.
ഒരു ദിവസം നേരം തെറ്റിയ നേരത്ത് അപ്രതീക്ഷിതമായി ചോരക്കുന്നിറങ്ങിവന്ന കാരാമ കണ്ടത് പുരയ്‌ക്കകത്ത് വേശ മറ്റൊരാളുടെ കൂടെ കിടക്കുന്നതായിരുന്നു. കാൽപെരുമാറ്റം കേട്ടപ്പോൾ കൂടെ കിടന്നവൻ ചെറ്റ പൊക്കി പരക്കം പാഞ്ഞെങ്കിലും കാരാമയ്‌ക്ക് പകയൊടുക്കാനായില്ല. അയാൾ മണതൊട്ടിയിൽ കോരിവെച്ചിരുന്ന കലക്കവെള്ളത്തിലേക്ക് വേശയുടെ തല ആവോളം താഴ്‌ത്തിപ്പിടിച്ച് കലി തീർത്തു. പക്ഷേ, വേശ ജീവൻ കളഞ്ഞത് മോന്തായത്തിൽ കെട്ടിത്തൂങ്ങിയായിരുന്നു. പിന്നിട് ഞങ്ങൾ ഗ്രാമവാസികൾ കണ്ടത് രണ്ട് പോലീസുകാരുടെ നടുവിലായി കൈയ്യാമത്തോടെ നടന്നുപോകുന്ന കാരാമയെയാണ്.
കാക്കത്തിയമ്മദേവി
വേശയുടെ മരണശേഷം ഞങ്ങളുടെ ഗ്രാമത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു. അതിൽ പ്രധാനമായത് ഞങ്ങളുടെ ഗ്രാമത്തിന്റെ പേര് പട്ടണങ്ങളിൽ പോലും വലിയവലിയ ബോർഡുകളിൽ തൂങ്ങി തുടങ്ങിയിരിക്കുന്ന എന്നതാണ്. അതിനുള്ള പ്രധാനകാരണം കാളിപോത്തന്റെ ‘കാക്കാത്തിയമ്മദേവി’ എന്ന നിലയിലേക്കുള്ള ദൈവാവരോധമായിരുന്നു.
വേശയുടെ മരണശേഷം കാളിപോത്തൻ മാനസാന്തരപ്പെട്ടുവെന്നും, കരിനീലിയുറഞ്ഞ അവർക്ക് ദൈവവിളി ഉണ്ടായെന്നും, ഇപ്പോൾ അമാനുഷിക കഴിവുകളുള്ള ഒരാളായിത്തീർന്നിരിക്കുന്നുവെന്നും ഗ്രാമത്തിൽ സകലരും വിശ്വസിച്ചുപോന്നു.
ത്രിസന്ധ്യ എരിഞ്ഞടങ്ങുന്നതോടെ ചോരക്കുന്നിന്റെ നെറുകയിൽ നിന്നും മുക്തി തേടുന്ന മരിച്ചവരുടെ ആത്മാക്കൾ കാലൻ കോഴികളായും, നത്തുകളായും, കടവാവലുകളായും, കുറ്റിച്ചുളായും കാക്കാത്തിയമ്മയുടെ അഭീഷ്ടങ്ങൾക്കായി എപ്പോഴും അടിമകളെപ്പോലെ ചതുപ്പിലലയുകയാണെന്ന് ജനം പറഞ്ഞു.
കടവത്തും കവലകളിലും ലെയിൻ ബസുകളിലും ദിശാസൂചകങ്ങൾ നിരന്നു. ചായക്കടകളിലും ബാർബർഷോപ്പുകളിലും കൊല്ലക്കുടിലുകളിലും കാക്കാത്തിയമ്മ ദേവിയുടെ സോത്രങ്ങൾ പാടി ചോരക്കുന്നിനെ ഭക്തി സാന്ദ്രമാക്കി. അങ്ങകലങ്ങളിലുള്ള ഒറ്റപ്പെട്ടവരും തെറ്റപ്പെട്ടവരും ഉദ്ദിഷ്ടകാര്യ സാധ്യങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ ഗ്രാമവാസികളോടു വഴിതിരക്കി ചോരക്കുന്നിലേക്ക് കയറിപ്പോയി.
അങ്ങനെ സാവധാനം ഞങ്ങൾ ഗ്രാമവാസികളും കുറേശ്ശെ കുറേശ്ശെ കാളിപോത്തനെ വിസ്മരിക്കുകയും കാക്കാത്തിയമ്മദേവിയെപ്പറ്റി വീരവാദങ്ങൾ മുഴക്കുവാനും തുടങ്ങി. കൊച്ച് കൊച്ച് കമ്മിറ്റികളുടെയും ട്രസ്‌റ്റുകളുടെയും കൂടിച്ചേരലുകളിൽ ദേവിക്കുള്ള ക്ഷേത്രങ്ങളെപ്പറ്റി പോലും ഞങ്ങളുടെയിടയിൽ ആലോചനകളുയർന്നു.
കൊലയൊരുക്കങ്ങളുടെ ന്യായം
കോടതി വരാന്തയിൽ നിന്നും രക്ഷപ്പെട്ട് ചോരക്കുന്നിന്റെ ആളൊഴിഞ്ഞ മുനമ്പിൽ എത്തിപ്പെട്ട കാരാമ കാളിപോത്തന്റെ കാക്കാത്തിയമ്മ ദേവിയിലേക്കുള്ള പരിണാമങ്ങളെ കുറിച്ച് എല്ലാം അറിഞ്ഞിരുന്നു.
തിന്നാതെ, കുടിക്കാതെ, നടന്നു തളർന്ന ശരീരവുമായി കാരാമ ചുറ്റുപാടും നോക്കി. വെയിൽ ചാഞ്ഞുതുടങ്ങിയിട്ടേയുള്ളൂ. കരിപ്പാവണമെങ്കിൽ ഇനിയും നാലഞ്ച് നാഴികകൾ കൂടി കഴിയണം.
കാരാമ ഉടുമുണ്ടഴിച്ച് വിരിച്ച് പാതിയടർന്ന ഒരു കരിമ്പാറയുടെ ചേരെ കമിഴ്‌ന്നുകിടന്നു.
ആർക്കും വേണ്ടാത്ത തന്റെ മകൾ കുറിഞ്ഞിപ്പെണ്ണ് ഇപ്പോൾ ഏതോ ഒരു സേവാസദനത്തിലാണെന്നാണ് കേട്ടത്. കാക്കാത്തിയമ്മദേവിക്ക് നോക്കാൻ സമയം കാണില്ല. കുഞ്ഞ് ജീവനോടെ ഉള്ളതെ ഭാഗ്യം!
തന്റെ ജീവിതത്തിന്റെ കടയ്‌ക്കൽ പാഷാണം വെച്ച കാളിപോത്തനിപ്പോൾ ദൈവമായി മാറിയിരിക്കുന്നുവത്രെ!?
‘ഫൂ!’ കാരാമ കാർപ്പിച്ചു തുപ്പി. മൂക്കളപ്പോലയുള്ള ബീഡിക്കറപുരണ്ട കഫം കരിമ്പാറയിലൂടെ ഒലിച്ചിറങ്ങി. കൂത്തിച്ചി!!!
ജീവനില്ലാത്ത എത്ര എണ്ണത്തിന്യാ താൻ ദിവസോം വെട്ടിപ്പൊളിച്ചിരുന്നത്…, പിന്ന്യല്ലെ ജീവനുള്ള ഒരെണ്ണത്തിനെ. അറക്കും! ചോരകണ്ട് പൊളപ്പ് മാറ്യെ കണ്ണും കയ്യാ. കാക്കാത്തിയമ്മ ദേവിയാണുപോലും! താൻ തന്നെ കൊല്ലണം. ദുഷിച്ചവന്റെ കൈകൊണ്ട് മരിക്കണം. അല്ലെങ്കിൽ വിശുദ്ധയായി വാഴ്‌ത്തപ്പെടും. പിന്നെ…
പാവം ഭക്തന്മാര്…?
കാക്കാത്തിയമ്മ ദേവിയുടെ ഭക്തന്മാര്? തെണ്ടികള്. ദൈവങ്ങളെ തെരക്കി എറങ്ങിയിരിക്കുവാ. കാരാമ വീണ്ടും കാർപ്പിച്ചു തുപ്പി.
ഒരിക്കെ എല്ലാം തന്റെ മകളോടെങ്കിലും പറയണം. അവളെങ്കിലും മനസ്സിലാക്കാതിരിക്കില്ല.
കാരാമ മണ്ണിൽ കൈകളൂന്നി എഴുന്നേറ്റു. നേരം മങ്ങിയിരിക്കുന്നു. ചോരക്കുന്നിനെ പുകമഞ്ഞ് മൂടി തുടങ്ങി. താഴ്‌വാരത്ത് ചതുപ്പിൽ പനയോലകൊണ്ട് മേഞ്ഞ ആ ഒറ്റയിറക്കു പുരയിൽ വിളക്കുകൾ തെളിഞ്ഞിരിക്കുന്നു. കാരാമ ചതുപ്പിനെ ലക്ഷ്യമാക്കി ശീഘ്രം നടന്നു.
ദൈവത്താരുടെ അന്ത്യം
പിറ്റെ ദിവസം ഞങ്ങൾ ഗ്രാമവാസികൾ പാതിയുറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത് കാക്കാത്തിയമ്മ ദേവിയുടെ അറും കൊലപാതകത്തെക്കുറിച്ച് കേട്ടുകൊണ്ടായിരുന്നു. പുലർച്ചയുടെ തണുപ്പിലൂടെ ഞങ്ങൾ ഗ്രാമവാസികൾ ഒന്നടങ്കം ചതുപ്പിലേക്കോടി. പക്ഷേ അവിടെ കണ്ട കാഴ്‌ച യഥാർത്ഥത്തിൽ ഞങ്ങൾ ഗ്രാമവാസികളെ ഭയവിഹ്വലരാക്കുന്നതായിരുന്നില്ല. കാരണം വെട്ടിനുറുക്കപ്പെട്ട കാക്കാത്തിയമ്മ ദേവിയുടെ ശവശരീരത്തിനപ്പുറത്ത് വരണ്ടുണങ്ങിയ ചോരക്കറ തീണ്ടിയ കൊടുവാളും കൂറകളുമായി വേശപ്പനെ ആളുകൾ ചേർന്ന് ഒരു മരത്തൂണിൽ അള്ളി കെട്ടിയിട്ടിരിക്കുന്ന കാഴ്‌ചയായിരുന്നു അത്.
Generated from archived content: story2_june4_07.html Author: chandrasekhar_narayanan