കൊതുകുപുരാണം ഒന്നാംപർവ്വം

“ആന കുത്തീട്ട്‌ ആള്‌ മരിച്ചൂന്ന്‌ കേട്ടിട്ടുണ്ട്‌. അതിലൊര്‌ അഭിമാനോണ്ട്‌. ഇനി പത്രത്തിലാണേലും നാല്‌കോളം പടോം വാർത്തേം വരും. പക്ഷേ, ഇത്‌ കൊതുകുത്തീട്ട്‌ മരിച്ചൂന്ന്‌ കേക്കുമ്പോ, ഛെ!! കൊതൂനെതിരെ നിയമപരമായി യാതൊരു ആക്‌ഷനും എടുക്കാൻ പറ്റത്തില്ലാഹെ. കൊതൂന്ന്‌ എതിരേന്നു പറഞ്ഞാ കൊതൂന്റെ ഓണർക്കെതിരേന്നാ അർത്ഥം. മനസ്സിലായോടോ മാ-കർക്കടം-നായരെ?”

“ഇനിപ്പോ എന്താ ഒരു പോംവഴി?”

“തെക്കോട്ടേയ്‌ക്ക്‌ളള വഴിയന്നെ.”

“അതെന്തോന്ന്‌?”

“ചിക്കൻഗുനിയവഴി.”

“പേടിപ്പിക്കാതെ വക്കീലേ.”

“പിന്നല്ലാതെ. ടോ​‍ാ​‍ാ, തന്നേം തന്റെ കുടുംബത്തിനേം ഇടതടവില്ലാതെ കടിച്ചുകൊണ്ടിരിക്കുന്നത്‌ തൊട്ടപ്പുറത്തെ വീട്ടുകാരന്റെ വഹകളിൽ നിന്നും വരുന്ന കൊതുവാണെന്ന്‌ എന്താ തെളിവ്‌?”

“അത്‌…. കളറ്‌ വെത്യാസംണ്ട്‌.”

“തേങ്ങാക്കൊല!! മനുഷ്യനെ മെനക്കെടുത്താതൊന്ന്‌ പോടോ… രാവിലെതന്നെ ഓരോ….”

ധൃതിപിടിച്ച്‌ കോടതീല്‌ കേറി ചെന്നപ്പം അവിടേം കൊതുവന്ന്യാ പ്രശ്‌നം. മുൻസിഫ്‌ ഹോസ്‌പിറ്റലൈസ്‌ഡ്‌. ടിയ്യാന്‌ താമസിക്കാൻ അനുവദിച്ചു കൊടുത്ത സർക്കാർ ക്വാർട്ടേഴ്‌സിന്റെ പരിസരത്ത്‌ സകുടുംബം തലമുറകളായി പാർക്കുന്ന കൊതുകുകൾ കൂട്ടത്തോടെ ഇന്നലെ മുൻസിഫിനെ ആക്രമിക്ക്യായിരൂത്രേ. കൊതൂനുണ്ടോ മുൻസീഫെന്നും മുഖ്യമന്ത്രീന്നൊക്കെ. വാർത്ത കൊണ്ടുവന്നത്‌ ബഞ്ച്‌ ക്ലാർക്ക്‌ ഗുണോധരൻപിളളയാണ്‌. ഇതുകേട്ട ക്ഷണത്തിൽ കൊച്ചുനാരായണി വക്കീല്‌ തന്റെ തത്വജ്ഞാനം വിളമ്പി.

“ഈ കൊതുക്‌ എന്ന്‌ പറേണത്‌ അപമൃത്യം സംഭവിച്ചവരുടെ ആത്മാക്കളാണത്രെ! അങ്ങനെയുളളവർക്ക്‌ ദൈവം പെട്ടെന്ന്‌ മനുഷ്യജന്മം കൊടുക്കില്ല്യാന്ന്‌. അതോണ്ട്‌ എടേല്‌ളള നട്ടം തിരിച്ചലാണ്‌ ഈ കൊതുകുകളും മൂട്ട്യൊക്കെ…”

ഇതു കേട്ടപ്പോൾ മൂത്താര്‌ വക്കീലിന്‌ കൊച്ചുനാരായണി വക്കീലിനോട്‌ സഹാനുഭൂതി തോന്നി.

പാവം! എന്നാണാവോ ഇനി മനുഷ്യജന്മത്തിലേയ്‌ക്കൊക്കെ എത്തിപ്പെടുന്നത്‌? ഏഷണീം കുന്നായ്‌മേം കുത്തികുത്തി ഇവിട്‌ളേളാരെ മുഴോൻ മെന്റൽ ഗുനിയകളാക്കി തീർത്തിട്ട്‌ണ്ട്‌.

മൂത്താര്‌ടെ ആലോചന കണ്ടപ്പോൾ കൊച്ചുനാരായണിവക്കീൽ ചോദിച്ചു.

“എന്താ വക്കീലെ കൂലംകക്ഷായൊര്‌…..”

“കൂലംകക്ഷായൊന്നൂല്ല്യാ. കക്ഷത്തൊര്‌ കൊതുകടിച്ചപ്പോ നിന്നതാ.”

മൂത്താര്‌ കോടതിയിൽ നിന്നും പുറത്തേക്കു കടന്നപ്പോൾ വരാന്തയിലൂടെ വേഗമാനകം ഘടിപ്പിച്ചപോലെയാണ്‌ മനുഷ്യാവകാശവേദിയുടെ സ്ഥിരം പ്രസിഡന്റ്‌ പരമൻപാറമ്പലിന്റെ വരവ്‌. വന്നപാടെ പറമ്പില്‌ ക്ഷുഭിതനായി.

“മൂത്താര്‌ വക്കീലിനെപ്പോലെയുളളവർ ഇങ്ങനെ ശബ്‌ദമുയർത്താതിരിക്കുന്നത്‌ തീർത്തും ശരിയല്ല. ഇന്ന്‌ കൊതുകടി കൊണ്ടത്‌ മുൻസിഫിനാണെങ്കിൽ നാളെ വക്കീലിനാ. ഇതിനെതിരെ മനുഷ്യാവകാശവേദി ശക്തമായ പ്രസ്താവനകളിറക്കി പത്രമോഫീസുകളിൽ എത്തിച്ചു കഴിഞ്ഞു. ചാനലുകളിലും കൊടുത്തു. അടുത്ത പരിപാടി ഒരു പ്രതിഷേധ ഹർത്താലായാലോന്നാലോചിച്ചുകൊണ്ടിരിക്ക്വാ.”

“എന്തിന്‌ ആലോചിക്കണം. ആഹ്വാനിക്ക്‌ പാറമ്പലേ. കേരളം ഞെട്ടണം.”

“തന്നെ, തന്നെ!”

“കൊതുകുകടിക്കെതിരെ കേരളത്തില്‌ ആദ്യത്തെ ഹർത്താലിന്‌ ആഹ്വാനം ചെയ്‌ത പ്രതിഭാശാലിയാരെന്ന്‌ കുട്ടികൾ നാളെ പഠിക്കട്ടെ.”

“പഠിക്കാനൊക്കെ വർവോ വക്കീലേ?”

“പിന്നല്ലാതെ…”

“ഞാനത്രേം കടന്ന്‌ ചിന്തിച്ചില്ല!! എന്നാ ഒന്നാലോചിച്ചട്ടന്നെ കാര്യം. അതിനുമുമ്പ്‌ ഞങ്ങള്‌ ചിക്കൻഗുനിയ ബാധിച്ച്‌ ചികിത്സയിൽ കഴിയുന്ന മുൻസിഫിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ നാളൊരു കൊതുകുകൊല്ലൽ പ്രഖ്യാപന കൺവെൻഷന്‌ ആഹ്വാനം ചെയ്തിട്ടുണ്ട്‌. ഇവ്‌ട്‌ത്തെ ഗവൺമെന്റിന്റെ പിടിപ്പുകേടാ വക്കീലേ ഈ കേരളത്തിലിങ്ങനെ കൊതുക്‌ വർധിക്കാൻ കാരണമായിരിക്കണത്‌. യഥാർത്ഥത്തിൽ ഞാൻ കൺവെൻഷന്റെ ഉദ്‌ഘാടനത്തിന്‌ ഏതെങ്കിലൊരു മന്ത്രീനെ തപ്പി എറങ്ങീതാ. എന്നാലെ പത്രക്കാര്‌ടെ കവറേജ്‌ കിട്ടൂ.”

“എന്നിട്ടെന്തായി? കിട്ട്യോ?”

“അന്വേഷിച്ചപ്പളാ അറിയണെ വകുപ്പുമന്ത്രി അമേരിക്കെ പോയിരിക്ക്യാത്രേ. കൊതുകുനിവാരണത്തെക്കുറിച്ച്‌ പഠിക്കാൻ.”

“എന്തോന്ന്‌ പഠിക്കാൻ പാറമ്പിലെ? വീട്ടിലൊര്‌ നാല്‌ തവളെ വളർത്ത്യാമതി.”

പാറമ്പില്‌ സ്തബ്ധനായി.

“ഉഗ്രൻ ഐഡിയ! ഇത്രനാളും ആലോചിച്ചിട്ട്‌ എനിക്കിങ്ങനൊരെണ്ണം നാക്കത്ത്‌ വന്നില്ല. മതിവക്കീലേ. തികച്ചും പ്രകൃതിദത്തമായ മാർഗം. അസ്സല്‌ വാർത്താപ്രാധാന്യോം കിട്ടും. പക്ഷേ, ഉദ്‌ഘാടനത്തിന്റെന്ന്‌ നാലഞ്ച്‌ തവളോളെ എവിടുന്ന്‌ സംഘടിപ്പിക്കും?”

“അതിനാണങ്ങേ ഇപ്പോ വകുപ്പുമന്ത്ര്യെ വിളിച്ചു പറഞ്ഞാമതി. മൂപ്പര്‌ അമേരിക്കേന്ന്‌ വരുമ്പോ നാലഞ്ചെണ്ണത്തിനെ കൊണ്ടുവന്നോളും.”

“അതും കലക്കി! അല്ലാതെ ഇവിടെ എവ്‌ട്യാ തവള അല്ലേ?”

“ഇവ്‌ടെ വാൽമാക്രികളേ ഉളള്‌!”

“കൊട്‌ കൈ വക്കീലേ!!!”

പാറമ്പില്‌ അടുത്ത പ്രസ്താവന ഇറക്കാനായി പാഞ്ഞു.

Generated from archived content: mootharu7.html Author: chandrasekhar_narayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here