അവാർഡ്‌മാമാങ്കം

ഇടിവാള്‌ സായാഹ്നപത്രത്തിന്റെ പത്രാധിപർ ചീങ്കണ്ണിക്കുറുപ്പ്‌ ആടിയുലഞ്ഞ്‌ താടിതടവി വരുന്നകണ്ടപ്പഴെ മൂത്താര്‌ വക്കീൽ ഗുമസ്‌തൻ കിട്ട്വാരോടു പറഞ്ഞു.

“ഇടിവാള്‌ വെട്ടുന്നുണ്ടല്ലോടോ കിട്ട്വാരെ മഴപെയ്യോ?”

“ഈ കൊടും വേനയ്‌ക്കോ! കൊടത്തില്‌ വല്ല തവളേം ഇട്ട്‌ വെക്കേണ്ടി വരും പ്രവചിക്കാൻ.” അതും പറഞ്ഞ്‌ നോക്കിയത്‌ ചീങ്കണ്ണിക്കുറുപ്പിന്റെ തിരുമുഖത്തേയ്‌ക്ക്‌. അപ്പോഴാണ്‌ വക്കീലുപറഞ്ഞ ഇടിവാളിന്റെ ജഗ കിട്ട്വാര്‌ക്ക്‌ കൊണ്ടത്‌. അതോടെ കിട്ട്വാര്‌ വീണോടത്തുകിടന്നൊന്നുരുണ്ടു. “നല്ല ചൂടല്ല്യോ കുറുപ്പേട്ടാ അതോണ്ട്‌ ഒര്‌ മഴപെയ്യോന്ന്‌ ചോദിക്കുവായിരുന്നു വക്കീല്‌ !”

“വക്കീലങ്ങനെ പലതും ചോദിക്കും. വക്കീലതിന്‌ വകുപ്പുള്ളോനാ. കേട്ടോടോ ഉവ്വേ! താനെന്ത്‌ കണ്ടിട്ടാ കിട്ട്വാരെ?”

“വക്കീലിനെ കണ്ടിട്ട്‌! പിന്നല്ലാതെ വക്കീലുണ്ടങ്കിലല്ല്യോ……”

“താനുള്ളോന്ന്‌. അതല്ലെ പറ്യാൻ പോണത്‌. എന്നാ കേട്ടോ, ഇന്നുമുതൽ വക്കീലില്ലടോ ഉവ്വേ!”

“ഇതെന്ത്‌ മറിമായം കുറുപ്പേട്ടാ?! വക്കീലല്ല്യോ ഈ ഇരിമ്പിൻ തൂണ്‌ പോലെ നിക്കണെ.”

“എടാ ഉവ്വേ വക്കീലില്ല്യാന്നു പറഞ്ഞാ, ഇപ്പോള്ള ഈ രൂപത്തിലും ഭാവത്തിലും ഇനി വക്കീലില്ല്യാന്നർത്ഥം.”

“ന്റെ കോടതിമുത്തപ്പാ! അപ്പോ വക്കീലിന്റെ ഷെയ്‌പ്പെ മാറ്റാൻ പൂവ്വാണോ കുറുപ്പേട്ടൻ?”

“ശ്ശെടാ ഉവ്വേ, ഇയ്യാൾക്ക്‌ ഇത്രേം കാലം വക്കീലിന്റൊപ്പം നടന്നിട്ടും ഒര്‌ മാറ്റോം വന്നിട്ടില്ല. എന്തായാലും കിട്ട്വാര്‌ടെ കാര്യം പോക്കാ.”

“എന്റെ കുറുപ്പേട്ടാ നിങ്ങടെ സാഹിത്യോം സാംസ്‌കാര്യോന്നും എനിക്ക്‌ മനസ്സിലാവണില്ലേ.”

“അതാ പറഞ്ഞെ കിട്ട്വാര്‌ടെ കാര്യം പോക്കാടെ ഉവ്വേ. താൻ വേറെ പണിയന്വേഷിച്ച്‌ തുടങ്ങിയ്‌ക്കോ.”

“അതെന്തോന്നിന്‌?! വക്കീലൊന്നും പറഞ്ഞില്ലല്ലോ?!”

“ങ്‌ഹാ! അതാണ്‌ പ്രശ്‌നം. എന്നാ ഇപ്പോ ഞാൻ പ്രഖ്യാപിക്കാൻ പോകുന്നതുകേട്ടാ വക്കീല്‌ പറേം. ഈ വർഷത്തെ ഞങ്ങടെ ഇടിവാള്‌ പത്രത്തിന്റെ നീണ്ട പതിനാറ്‌ വ്യക്തിത്വങ്ങൾക്കുള്ള വിശിഷ്‌ടാപുരസ്‌കാരങ്ങൾ ഡിക്ലയർ ചെയ്യാൻ പോവുകയാണ്‌. അതിൽ നിയമത്തിന്റെ മേഖലയിൽ സർവ്വ ശ്രീ മൂത്താര്‌ വക്കീലിനാണ്‌ ‘നിയമവിജ്ഞാനപീഠം’ പുരസ്‌കാരം. ഈ വരുന്ന ഇടിവാളിന്റെ പതിനാറാം പിറന്നാളിനോടനുബന്ധിച്ച്‌ സാഹിത്യ അക്കാദമിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ കേന്ദ്രമന്ത്രി അമരാമണി റാണി തുടങ്ങിയവർ അടങ്ങുന്ന വലിയൊരു നിര അവാർഡുകൾ സമ്മാനിക്കുന്നതായിരിക്കും. എപ്പട്‌ടീ?!…….”

“ഭഗവാനേ!!” മൂത്താര്‌ ഇരുന്നോടത്തിരുന്നൊരു ദീർഘനിശ്വാസംവിട്ടു. “ടോ കിട്ട്വാരെ ആ കൂജേലെ വെള്ളങ്ങ്‌ട്‌ട്‌ക്ക്‌.”

മൂത്താര്‌ കുടുകുടന്നനെവെള്ളം കുടിക്കുന്ന കണ്ടപ്പോ ചീങ്കണ്ണികുറുപ്പിന്‌ സന്തോഷായി.

“കണ്ടോടോ ഉവ്വേ വക്കീലിന്‌ വാർത്തകേട്ടപ്പോ ‘ക്ഷ’ ആയെന്ന്‌ തോന്നുന്നു.”

“എന്ന്‌ പറയാറായിട്ടില്ല കുറുപ്പേട്ടാ. ഏതായാലും കുജേലെ വെളെളാന്ന്‌ കഴിഞ്ഞോട്ടെ. അതുവരെ ചെറിയൊരു ബ്രൈക്ക്‌!” അതും പറഞ്ഞ്‌ കിട്ട്വാര്‌ പുറത്തേക്കു ചാടി.

“കിട്ട്വാര്‌ എവ്‌ടേയ്‌ക്കാ?”

“ബ്രൈക്ക്‌ന്ന്‌ പറഞ്ഞാ പരസ്യത്തിന്റെ നേരല്ല്യോ. ഇനി കഥ തൊടങ്ങുമ്പോഴേക്കും ഞാനൊര്‌ ചായ കഴിചേച്ചു വരാം.”

“അത്‌ നീയ്യെനിക്കിട്ടൊര്‌ വെപ്പ്‌ വെച്ചതാണല്ലോടെ ഉവ്വേ?”

“വെപ്പോ?! അതിന്‌ ഞങ്ങളിവിടെ വെപ്പില്ല കുറുപ്പേട്ടാ. അതല്ല്യോ ഞാനിപ്പോ ചായകുടിക്കാൻ പുറത്തോട്ടു പോകുന്നത്‌.”

“ന്നാ ചെന്നാട്ടെ. അല്ലേല്‌ ചായ തണുത്ത്‌ പോകും. പിന്നേയ്യ്‌….” മൂത്താര്‌ പതുക്കെ തലയൊന്ന്‌ പൊക്കി.

“വാർത്തകേട്ടിട്ട്‌ വക്കീലൊന്നും പറഞ്ഞില്ല.”

“പറയാറായിട്ടില്ലാ ഹെ!”

“അതെന്തുപറ്റി?”

ഇതിൽ കൂടുതലെന്തു പറ്റാൻ? കുറുപ്പ്‌ വെറപ്പിച്ചിരിക്കല്ലേ! ആരായിരുന്നു അവാർഡ്‌ ജഡ്‌ജിംഗ്‌കമ്മിറ്റി?“

”അത്‌………….“

”ഓ, പറയാനായി വിനയം അനുവദിക്കണില്ല്യാന്നു സാരം.“

”തന്നെ! തന്നെ!“

”അപ്പോ മനസ്സിലായി തന്നെ തന്ന്യാന്ന്‌.“

”എനിക്കിക്കാര്യത്തിലൊന്നും ആരും കൈകടത്തണത്‌ ഇഷ്‌ടല്ല. അതുകൊണ്ടല്ലെ ഇപ്പഴും ഇടിവാളിന്റെ ചീഫ്‌ എഡിറ്ററായി ഞാൻ തന്നെ ഇരിക്കുന്നത്‌. വക്കീലിനറ്യോ, ഇന്നലെ ഇടിവാളില്‌ വന്ന ഒര്‌ സ്‌കൂപ്പ്‌ സാധനം വായനക്കാരെ ഒന്നടങ്കം പിടിച്ചുകുലുക്കിയിരിക്കാണ്‌. എത്രാളാ ഓഫീസിലേക്ക്‌ വിളിച്ചേന്നറ്യോ?“

”അതെന്തുപറ്റി?“

”പറ്റീതൊന്ന്വല്ല. ഞാൻ പറ്റിച്ചതാ. എടയ്‌ക്കൊരു വെടിപൊട്ടിച്ചില്ലെങ്ങെ പിടിച്ചു നിക്കാനാവില്ല വക്കീലേ.“

”എന്തോന്നായിരുന്നു വെടി?“

”ഇടിവാളിന്റെ ഓഫീസ്‌ തകർക്കുമെന്ന്‌ ടെററിസ്‌റ്റ്‌ ഭീക്ഷണി. പോരെ? ഞാൻ തന്നെ പെടച്ചുണ്ടാക്കിയ കത്താ. ചെക്കനോടുപോയി മലപ്പൊറത്ത്‌ന്ന്‌ പോസ്‌റ്റ്‌ ചെയ്യാൻ പറഞ്ഞു. കത്ത്‌ എത്തീതും ഞാൻ വാർത്ത കാച്ചി. ഐ.ജി. മൊതല്‌, സി.എം.വരെ വിളിയോട്‌ വിളിതന്നെ. ഇപ്പോ കത്തിനെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിരിക്ക്വാ. എപ്പടി?! അതാണ്‌ ഈ പൊട്ടനാട്ടെ ചീങ്കണ്ണികുറുപ്പ്‌! അതോണ്ട്‌ ഇപ്പൊര്‌ അവാർഡ്‌ പെടേം കൂടി പെടച്ചാ…….“

”തെല്ല്‌ പോന്ന്‌ കിട്ടുംന്നന്നെ…..“

”ജീവിക്കണ്ടേ വക്കീലേ? ഒര്‌ കോഴിബിരിയാണി കിട്ടണങ്ങെ വെല എത്ര്യാ?“

” അവാർഡ്‌ ആളൊന്നുക്ക്‌ എത്ര്യാണവോ?“

”വക്കീലിന്റെ കാര്യത്തില്‌ ഞാനധികം പറേണില്ല്യാ. ചെലവ്‌ മാത്രം മതി. ഒര്‌ ഇരുപത്തയ്യായിരം ഉലുവ. വക്കീലിന്‌ മൂക്കില്‌ വലിക്കാനൊള്ള പൊടി വാങ്ങണ കാശെ വരൂ. നല്ല ഒന്നാംതരം അവാർഡ്‌ ശില്‌പം. താമ്രപത്രം. ഒപ്പം ഒര്‌ ഖദറ്‌ മുണ്ടും. അതോടെ വക്കീലിന്റെ നെല്യോന്ന്‌ പൊങ്ങും. അല്ലിങ്ങെ ഞാൻ പൊക്കും. പരിപാടീടന്ന്‌ ഇടിവാളിന്റെ സ്‌പെഷ്യൽ കളർ പതിപ്പാ. ഒന്നാം പേജില്‌ അവാർഡ്‌ ജേതാക്കള്‌ടെ കളർ ഫോട്ടോസ്‌. അവരങ്ങ്‌ട്‌ കേറട്ടേന്ന്‌ വെച്ചിട്ടാ.“

”പതിനാറടിയന്തിരത്തിന്‌ള്ള……“

”ങ്‌ഹേ!!“

”അല്ല, പതിനാറിലെ മറ്റ്‌ പതിനഞ്ച്‌ ലവച്ചാരേതോക്ക്യടോ?“

”മുഴുവനായിട്ടില്ല വക്കീലെ. പലരേം വിളിച്ച്‌ കാര്യം പറഞ്ഞട്ടെ ഉള്ള്‌. ഇനി റിപ്ലേ വരണ്ടായോ? മ്മ്‌ടെ സാംസ്‌കാരിക നായകൻ കുമാർജി തൊക എത്ര്യാച്യാലും അവാർഡ്‌ വേണംന്ന്‌ പറഞ്ഞേണ്ട്‌. പിന്നെ ചില എമ്പോക്കികളൊക്കെ കാര്യറിഞ്ഞ്‌ വിളിച്ചു. അങ്ങനെ നമ്‌ക്ക്‌ കൊടുക്കാൻ പറ്റ്വൊ വക്കീലേ? ഇടിവാളിനൊര്‌ നെലേം വെലേം ഇല്ലേ?“

”അതാണ്‌ പ്രശ്‌നം.“

”ഏത്‌“?”

“ഇടിവാളിന്റെ നെലേം വെലേം കുറുപ്പിനതത്ര പിടികിട്ടി കാണ്വാ ആവോ?”

“ഇടിവാളെന്ന്‌ പറഞ്ഞാ ഞാനല്ല്യോ?”

“എന്നാ നാളത്തന്നെ ഒര്‌ വാർത്തങ്ങ്‌ട്‌ കാച്ചിക്കൊ കുറുപ്പെ.”

“അതെന്തോന്ന്‌?”

“നിയമ വിജ്ഞാനപീഠം അവാർഡ്‌ മൂത്താര്‌ വക്കീൽ നിരസിച്ചുയെന്നും പറഞ്ഞ്‌. ഇടിവാള്‌ മിന്നട്ടേന്ന്‌. വാർത്തവന്നാ ജനം തരിക്കണം.”

“ഇത്‌ നല്ല കൂത്ത്‌!!”

“നിയമ വിജഞ്ഞാനപീഠം അവാർഡ്‌ കൊടുക്കണതാരാ?”

“ഇടിവാള്‌പത്രം”.

“ആണല്ലോ?”

“എന്താ സംശയം? ഇടിവാളെന്നു പറഞ്ഞാ വക്കീലന്മാരൊക്കെ വെറയ്‌ക്കും.”

“വെറക്കണം. അതിനല്ല്യോ ഇരുപത്തയ്യായിരം ചെലവിലേക്ക്‌ തരുന്നത്‌.”

“അങ്ങനേന്ന്‌….”

“പിന്നല്ലാതെ. അവാർഡ്‌ പ്രഖ്യാപിച്ചാ ഇടിവാള്‌ വെറക്കുമെങ്കി, ആ അവാർഡ്‌ നിരസിച്ച വാർത്തവന്നാ ഇടിവാള്‌ വെട്ടി മഴ പെയ്യില്ല്യോ?”

“മഴ്യോ?”

“സർക്കുലേഷനാണ്‌ ഹെ, ഉദ്ദേശിച്ചത്‌. കാരണം ഇത്രേം വലിയ അവാർഡിന്‌ അത്രേങ്കിലും കിട്ടണല്ലോ. അതോണ്ട്‌ കുറുപ്പ്‌ അവാർഡ്‌ പ്രഖ്യാപിച്ച പിറ്റെ ദിവസം ഞാൻ നിരസിച്ചതായ കുറിപ്പ്‌ തരാം. ടി വാർത്ത തരുന്നതിന്റെ ചെലവിലേക്കായി കുറുപ്പേട്ടൻ ചെറിയൊര്‌ കാണിയ്‌ക്ക കിട്ട്വാര്‌ടെ കയ്യില്‌ കൊടുത്തേച്ചാമതി. കുറുപ്പേട്ടൻ പറഞ്ഞേക്കാട്ടും വെറും ഒരയ്യായിരവും കൂടി കൂട്ടി മുപ്പതിനായിരം രൂപ. അപ്പോ എന്തായി? ഇരുവർക്കും സന്തോഷം. ഇടിവാളിലവാർഡുണ്ടെന്ന്വായി. എനിയ്‌ക്ക്‌ നിരസിക്കാന്ന്വായി. കുറുപ്പിന്‌ ചെലവൂല്ല്യാ. എനിയ്‌ക്കാണേൽ പൊടിവാങ്ങാൻ നോക്കൂ കൂലിയായി”. ചീങ്കണ്ണികുറുപ്പ്‌ നിന്നോടത്തുനിന്ന്‌ രണ്ട്‌ ഏമ്പക്കോം ഒന്നരകീഴ്‌ശ്വാസോം വിട്ടു. കടുവയെ പിടിക്കണ കിടുവാന്ന്‌ കേട്ടിട്ടെ ഒള്ളൂ. ഇതിപ്പോ കാണാനുംപറ്റി. എന്തായാലും സന്തോഷായി. ഇനി എന്തായാലും തടി കേടാവാതെ ഊർവാന്നുള്ളതെ ഒള്ളൂ.

“ഞാൻ പറഞ്ഞേന്‌ കുറുപ്പ്‌ മറുപടിയൊന്നും പറഞ്ഞില്ല.”

“എല്ലാറ്റിനൊര്‌ ബ്രൈക്ക്‌ വേണ്ടെ വക്കീലേ?”

“ഓ!! കമേഴ്‌സ്യൽ ബ്രൈക്ക്‌.”

“തന്നെ തന്നെ. ഒര്‌ ചായകഴിച്ചിട്ട്‌പ്പൊ വരാം.”

“ന്നാ ങ്ങന്യാവട്ടെ. പോണവഴിക്ക്‌ കിട്ട്വാരെ കാണാന്ന്‌ച്ചാ പരസ്യം കഴിഞ്ഞൂന്ന്‌ പറഞ്ഞേക്കൂ. മറക്കണ്ട.”

Generated from archived content: mootharu16.html Author: chandrasekhar_narayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English