“പ്രതി കന്തസ്വാമി ചെട്ടിയാർ ഹാജരുണ്ടോ?”
കോടതിയിൽ നീട്ടി വിളിച്ചു.
“ഹാജരുണ്ടേ……….”
കന്തസ്വാമി ചെട്ടിയാർ ആൾക്കൂട്ടത്തിനിടയിൽ നിന്നും തിക്കിത്തിരക്കി പ്രതിക്കൂടിനടത്തേക്കുനടന്ന്, ജഡ്‌ജിയദ്ദേഹത്തെ ഒന്ന് നന്നായി കുമ്പിട്ട് തൊഴുതശേഷം ഭയഭക്തിബഹുമാനങ്ങളോടെ പ്രതിക്കൂട്ടിൽ കയറിനിന്നു. കാവിമുണ്ട്, കാവിജുബ, തലയിലെ കെട്ടും തുണിസഞ്ചിം കാവിതന്നെ. നെറ്റിയിൽ ടാർറോഡുപോലെ നീണ്ടുകിടക്കുന്ന ഭസ്‌മക്കുറി. അതിനു നടുവിൽ ഏതോ വണ്ടിയപകടത്തിൽ പെട്ടവന്റെ ചോര തെറിച്ചു കിടക്കുന്നപോലെ കുങ്കുമപൊട്ട്.
ജഡ്‌ജിയദ്ദേഹം ചെട്ട്യാരെ ഒന്ന് ഇരുത്തി നോക്കി.
“കന്തസ്വാമിയാര് ദേശാടനത്തിന്‌ള്ള ഒരുക്കങ്ങളായിട്ടന്ന്യാണ് വന്നിരിക്കുന്നത്”
“അവ്‌ട്‌ത്തെ കൃപ!”
“കഴിഞ്ഞദേശാടനം എന്നായിരുന്നു?”
“ആറുമാസം മുമ്പായിരുന്നു.”
“ഇനിം ദേശാടനങ്ങള് വരാൻ കിടക്കണ്‌ണ്ടോ ആവോ?”
“ഒന്ന് രണ്ടെണ്ണം കൂടിണ്ട്.”
“ഇപ്പോയെത്ര വയസ്സായി?”
“എഴുപത്തിരണ്ട് കർക്കടകത്തിൽ കഴിഞ്ഞു”.
“മൊത്തം എത്ര ദേശാടനം കഴിഞ്ഞു.?”
“പതിനേഴ്”.
“ഇനി പതിനെട്ട്. അപ്പോ തെങ്ങിൻ തൈ വെക്കാറായെന്ന് ചുരുക്കം.”
“അങ്ങന്യേം പറ്യേം”
“വരാനുള്ളതും കൂടി കഴിഞ്ഞാനിറ്‌ത്താറായി.”
“സ്വാമി വല്ല പെൻഷനും കൂടിണ്ടോന്നറിഞ്ഞട്ട് നിറുത്താനാണ്”. കോടതി വാതുക്കലിലെ ആളുകളെ തിക്കിമാറ്റിക്കൊണ്ട് മൂത്താര് വക്കീൽ ഉള്ളിലേക്കുവന്നു“. സ്വാമിക്ക് അങ്ങനേം ഒരാഗ്രഹണ്ട്. ഈ സ്വാതന്ത്ര്യ സമര പെൻഷ്യന്നൊക്കെ പറേണപോലെ……”
“മുത്താര് വക്കീലായിരിക്കും നിയമോപദേശം.”
“സ്വാമി ഇങ്ങടാണ് ഉപദേശിക്കാറ്.”
“നിത്യഭ്യാസി ആനയെ എടുക്കുമെന്ന് കേട്ടിട്ടില്ലെ?”
“നിത്യഭ്യാസ്യെ ആനെട്‌ക്കുന്നും കേട്ടട്ടുണ്ട്”.
“വക്കീലിന് ഞാനുദ്ദേശ്ശിച്ചത് മനസ്സിലായില്ല്യാന്നു തോന്നുണു.”
“മനസ്സിലാവാണ്ടല്ല! ചെട്ട്യാരെകുറിച്ചോർത്തു പോയതാ.”
“അതെന്താ വക്കീലെ?”
“പൊറത്ത് കുറിചേർന്നോരൊക്കെ കൂട്ടായി നിക്കണ്‌ണ്ടെ. അളെ കുത്ത്യാ ചേരേം കടിക്കുന്നാ പ്രമാണം.”
“കേട്ടോ മിസ്‌റ്റർ സ്വാമി” ജഡ്‌ജിയദ്ദേഹം ചെട്ട്യാരെ നോക്കി“
”നിങ്ങൾ വക്കീലിന് ഫീസ് കൊടുക്കാറില്ലെ?“
”ഒരുമിച്ച് കൊടുക്കാനാണ്.“
”അത് താങ്ങാന്‌ള്ള ശക്തി ഉണ്ടാവുംന്ന് തോന്നണില്ല്യാ“ മൂത്താര് പതുക്കെ പറഞ്ഞു.
”ഓരോ കേസ് കഴിയുമ്പോഴും വക്കീലിന് അതിന്റെ ഫീസ് കൊടുക്കല്ലെ നല്ലത്?“
”അതിനുണ്ടെങ്ങെ സ്വാമി വേറെ കുറി കമ്പനി തൊടങ്ങ്യേനെ. അല്ലേ ചെട്ട്യാരെ?“
ചെട്ട്യാര് മൂത്താര്‌ടെ മുഖത്തേക്കുനോക്കി ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി.
”സ്വാമിമൊത്തം എത്ര പേർക്ക് കാശ് കൊടുക്കാനുണ്ട്?“
”അങ്ങന്യൊന്നൂല്ല്യാ.“
”അതെന്താ?“
”എല്ലാവർക്കും ഞാൻ ചെക്കുകൊടുത്തേണ്ടെ“.
”ചെക്ക് കാശല്ലല്ലോ ചെട്ട്യാരെ?“
”കാശാക്കാലോ“.
”അതിന് ചെട്ട്യാര്‌ടെ എക്കൗണ്ടില് പണം വേണ്ടെ?“
”പണടാൻ സമ്മതിക്കാണ്ടല്ലേ?
“അതാര്?”
“ചെക്ക് വാങ്ങിയോര്‌തന്നെ”
“അതെന്താ?”
“വേറെ കുറിതൊടങ്ങണങ്ങെ സ്വാമിക്ക് കേസൊഴിഞ്ഞട്ട് കയ്യും കാലൊന്ന് നെലത്തുകുത്താൻ പറ്റണ്ടേന്നാണ് സ്വാമി പറേണത്.” മുത്താര് വിശദീകരിച്ചു.
“അതു ശരി! ഇപ്പൊ സ്വാമിക്ക് കേസുകളാണ് പ്രശ്‌നം”.
“തന്നെ? തന്നെ?”
“സ്വാമിക്കപ്പോ വേറെ ആളുകളില്ലേ വീട്ടിൽ?”.
“പിന്നെ പൊണ്ടാട്ടികൾ രണ്ട്. താമരവല്ലി, കോമളവല്ലി. കൊളന്തകൾ പന്ത്രണ്ട്. മൂത്തവള് കുമ്പളവല്ലി. ഓള്‌ടെ വിവാഹം കഴിഞ്ഞു. കൊളന്തകൾ നാല്. പിന്നെ പൊണ്ടാട്ടികളുടെ അപ്പാ അമ്മ. തിരുട്ടുസ്വാമി ചെട്ട്യാരും തിരുമുടി ചെട്ടിച്ച്യാരും. അങ്ങനെ മൊത്തം ഇരുപത്. ശാപ്പാടുക്ക് സ്വാമി താൻ ഏക ആശ്രയം. സ്വാമിയാണെങ്കിലോ പരമ മുരുക ഭക്തനും. ഇപ്പോഴാണെങ്കിലൊ ഏതുനേരം ദേശാടനത്തിലും. പഴനിമലയിലേക്കല്ലാന്നു മാത്രം. നേരെ ചെക്കു കേസിൽ ശിക്ഷിക്കപ്പെട്ട് മുമ്മൂന്നും ആറാറും മാസങ്ങളായി സെട്രൽ ജയിലിൽ”
“വക്കീലിന് ചെട്ട്യാര്‌ടെ മുഴുവൻ ചരിത്രങ്ങളും അറിയാന്നു തോന്നുന്നു”.
“കോടതിയ്‌ക്കത് ഇപ്പോഴങ്ങിലും ബോധ്യപ്പെട്ടല്ലോ, സന്തോഷം”.
“സ്വാമി ഇന്നു വരുമ്പോഴും വീട്ടുകാരോടെല്ലാം ദേശാടനത്തിനാണെന്നാണോ പറഞ്ഞിരിക്കുന്നത്.?
”അല്ലാതെന്തു പറയാനാണ് യുവർ ഓണർ?. സ്വാമി ദേശാടനത്തിനു പോകാണെന്നു പറഞ്ഞാലെ വീട്ടീന്ന് പൊണ്ടാട്ടികൾ ഇറക്കിവിടു. അവരും പരമ മുരുക ഭക്തകളാണ്.“
”അപ്പടിയാ!! എന്നാ ഇന്ന് കന്തസ്വാമി ചെട്ടിയാർ ദേശാടനത്തിന് പോകുന്നില്ല.“
ഇതു കേട്ടതും മൂത്താര് ചാടിയെഴുന്നേറ്റു.
”ബഹുമാനപ്പെട്ട കോടതി തമാശപറയാണോ?
“അല്ല വക്കീലെ. ഇന്നത്തെ ചെക്ക് കേസ് വാദിയുടെ മൊഴി ശരിയല്ലാത്ത കാരണം സ്വാമിയെ വെറുതെ വിട്ടിരിക്കുന്നു.”
“ആണ്ടവാ!!”
അതൊരലർച്ചയായിരുന്നു. വാർത്ത സഹിക്കാനാവാതെ കന്തസ്വാമി ചെട്ട്യാർ പ്രതിക്കൂട്ടിൽ മോഹാലസ്യപ്പെട്ട് വീണതാണ്. കോടതി മൊത്തം വിറച്ചുപോയി.
Generated from archived content: mootharu15.html Author: chandrasekhar_narayanan