കിട്ട്വാര് ബന്ധു തങ്കപ്പൻ കമ്പോണ്ട് രേം കൊണ്ട് പെടഞ്ഞ് വരണ കണ്ടപ്പഴെ മൂത്താര് വിചാരിച്ചു; ഇന്നിവിടെ എന്തെങ്കിലും നടക്കുംന്ന്!
മൂത്താര് കസേരയിലൊന്നുകൂടി ഉറച്ചിരുന്നു. കമ്പോണ്ട് ഋടെ കൂടെ അയ്യാടെ ആ പെരട്ട മൊശോടൻ ചെക്കനും അള്ളിപിടിച്ചട്ട്‌ണ്ട്. തന്തോം മോനും കൂടി എന്തിന്‌ള്ള പൊറപ്പാടാണാവൊ?
“വരണം….. വരണം. ഇപ്പൊങ്ങോട്ടൊന്നും കാണാനേല്ല.”
“എന്റെ വക്കീലേ ഒന്നും പറേണ്ട. ദ്ദേയ്യ്, ഇവന്റെ കല്ല്യാണം കഴിഞ്ഞന്നു തൊടങ്ങ്യെ ഏടാകൂടങ്ങളാ. ഒന്നിനു പൊറകെ മറ്റൊന്ന്. മനുഷ്യനൊന്ന് വാല്‌പൊക്കി മുള്ളാൻ പോലും നേരല്ല്യാണ്ടായി”.
“വാലു പൊക്കി മുള്ളണോറ്റങ്ങള് കമ്പോണ്ടരദ്ദേഹത്തിന്റെ മൃഗാശുപത്രിലാണ്.”
“പറഞ്ഞുവന്നപ്പൊ പെട്ടെന്ന.്…….”
“പറ്റിപ്പോയി!”
“അതെ! അതെ!”
“അപ്പൊ ഇനി വന്നകാര്യം പറ തങ്ക – അപ്പൻനായരെ?”
“വക്കീല് ഇവനോടന്നെ ചോദീര്.”
“എന്തുപറ്റിയെടാ മനോഹരാ?”
“അച്‌ഛൻ തന്നെ പറഞ്ഞാമതി.” മനോഹരന് നാണംകൊണ്ട് ദേഷ്യം വന്നു. ക്ഷൗരം ചെയ്‌ത് ചെത്തിമിനുക്കിയ മുഖം കൊണ്ട് മനോഹരൻ കിട്ട്വാരെ എടക്കണ്ണിട്ട് ഒര് നോട്ടം നോക്കി. നോട്ടം തറച്ചതും കിട്ട്വാര് നിന്നോടത്ത് നിന്ന് ഒരു ശൃഗാരചിരിചിരിച്ച് “കൊച്ച് കള്ളൻ”! ന്നും പറഞ്ഞ്് മനോഹരനെ തോണ്ടാൻ ചെന്നപ്പോൾ, മനോഹരൻ “ശ്ശെ! അസത്തിനൊര് നാണോല്ല്യാന്നു” പറഞ്ഞ് മാറി നിന്ന് നഖം കടിച്ചു തുപ്പി.
ഇതുകണ്ടതോടെ മൂത്താര്‌ക്ക് പൊരുവിരലീന്ന് ഒരുമാതിരി ചൊറിഞ്ഞ് കേറാൻ തുടങ്ങി. തന്തേം മോനും കൂടി മാർഗ്ഗംകളി കളിയ്‌ക്കാ അതിനൊപ്പം മൂളാൻ കൊശവൻ കിട്ട്വാരും. ഇയ്യാളിതെന്തിന്‌ള്ള പൊറപ്പാടാന്നാ ഇപ്പളും മനസ്സിലാവാത്തത്! മൂത്താര് കിട്ട്വാരെ ഒന്ന് ഇരുത്തി നോക്കി. നോട്ടം തറച്ചപ്പോൾ കിട്ട്വാര് പരുങ്ങി “ ഞാൻ വെറുതെ………..”
“മനസ്സിലായി.”
“എന്തോന്ന് വക്കീലേ?”
“വെറുത്യാണെന്ന്.”
“ന്റെ കൊച്ചമ്മിണിയാണെ, മൊത്തം പുള്ളാരാണെ, തങ്കപ്പേട്ടൻ കേസുകൊടുക്കണംന്നു പറഞ്ഞപ്പം ഞാൻ…..”
“ഉവ്വ്! ഉവ്വ്!…… കാര്യം പറേടൊ തങ്ക – അപ്പൻ നായരെ എന്താന്ന്‌ച്ചാ”.
“ന്റെ മോൻ മനോഹരന്റെ ഭാര്യ മനോഹരി പ്രസവിക്കാൻ പോയി വക്കീലേ അതന്നെ!”
“അതിലെന്താപ്പോ ഇത്ര കേസ് കൊടുക്കാൻ?”
“മനോഹരനെ വെല്ലുവിളിച്ചട്ടാ……” കിട്ട്വാര് എടെചാടി.
“ൻഘേ!?”
“നിറുത്തി. പറഞ്ഞുകൊടടാ മനോഹരാ മണി മണ്യായി. അവള്‌ടെ ഗർഭനാളീമെ നമ്‌ക്ക് അടപ്പ്‌ടണം.” ഹമ്പട വീരാ!! അപ്പൊ ഇതൊക്കെ പറഞ്ഞ് സെറ്റാക്കി തൊട്ടൂട്ടാനും വാങ്ങിട്ടാണല്ലെ കൊണ്ടുവന്നിരിക്കുന്നത്! ഇയ്യാടെ ഒര് ബന്ധുക്കള്? മൂത്താര് പേനേം ഒര് കക്ഷണം കടലാസും എടുത്ത് മേശപ്പുറത്തുവെച്ചു.
“ഇനി ആര്‌ക്കാന്ന്‌ച്ചാ വിശദമായി കാര്യം പറയാം”.
“പറ മനോഹരാ, നീയ്യൊരാണല്ലേടാ?”
“അങ്ങന്യൊന്നും പറഞ്ഞ് അവനെ വേദനിപ്പിക്കാതെ തങ്ക-അപ്പൻ നായരെ നിങ്ങളന്നെ പറ.”
“ഇവന്റെ ഭാര്യ ഞങ്ങടെ കുടുംബക്കാരെ ഒന്നടക്കം വെല്ലുവിളിച്ചോണ്ട് പ്രസവിക്കാൻ പോയിരിക്കാ.”
“കഷ്‌ടം! പേരെടുത്ത് വെല്ലുവിളിച്ചോ?”
“ഉവ്വ! അതും നാട്ടാര് മുഴോൻ കേക്കതന്നെ ന്റെ വക്കീലേ.”
“അതി കഷ്‌ടം. ആരെക്ക്യാ കേട്ടത്?”
“ചുറ്റുവട്ടം മുഴോനും. പോരാത്തേന് അമ്പലപറമ്പും കവലേലും കൂടി പ്രസംഗിച്ചിട്ടാ അവള് പോയത്.
”പുവ്വുമ്പോ അവള്‌ടെ കയ്യില് എന്തേലും ഉണ്ടായിര്‌ന്നോ?“
”കയ്യിലില്ല്യാ. വയ്‌റ്റിലല്ല്യോ കെടക്കണെ.“
”അതെന്തോന്ന്?“
”ഗർഭം“.
”അതിലിപ്പെന്താ ഭയപ്പെടാൻ? പെണ്ണല്ലേ?.“
”എന്റെ വക്കീലേ കല്ല്യാണം കഴിഞ്ഞട്ട് മാസം ആറായിട്ടില്ല്യാ. അപ്പളയ്‌ക്കും അവള്‌ക്ക് പ്രസവവേദനാന്നും പറഞ്ഞ് തള്ളേം പരിവാരങ്ങളേം വിളിച്ചുവരത്തിയിരിക്ക്യാ. കൂടെ ഒര് ഒണക്ക പണിയ്‌ക്കരും. സിസേറിയന് സമയം കുറിക്കാനാത്രെ. നമ്‌ക്കിത്‌പ്പൊ തടേണം വക്കീലേ. അതിനെത്രകാശ് ചെലവായാലും ഒര് വിരോധോല്ല്യാ.“
”ഇഞ്ചക്‌ഷൻകൊടക്കണ്ട കാര്യാ തങ്കപ്പേട്ടൻ പറേണെ…..“ കിട്ട്വാര് വീണ്ടും എടെകേറി.
”ൻഘേ!?“
”ഞാൻ നിറ്‌ത്തി. തങ്കപ്പേട്ടൻ പറ“.
”തന്നെ. അവൻ പറഞ്ഞ ഇഞ്ചക്‌ഷണൻ തന്ന്യാകൊടുക്കണ്ടെ വക്കീലെ. വെറയ്‌ക്കണം അവറ്റങ്ങള്.“
”എന്തോന്ന് പറഞ്ഞട്ട് ഇഞ്ചക്ഷ്‌ണൻ?! മനോഹര്യോട് പ്രസവിച്ച് പോകരുതെന്നു പറഞ്ഞട്ടൊ?“
”ആന്ന്..!! അവ്‌ടെനിക്കട്ടെ. ഈ തങ്കപ്പൻ നായരാരാന്ന് അവളും തള്ളേം ഒന്നറിയണം. എന്റെ മകന്റെ ജീവിതാ അവള് തൊലച്ചത്. പറഞ്ഞ് കൊട്‌ടാ മനോഹരാ നീയ്യൊരാണല്ലേടാ.“
”ഇങ്ങനെ പറഞ്ഞാണാക്കാതെ തങ്ക-അപ്പൻ നായരെ. അവനെ കൊണ്ടുപോയി അടിമുടിയൊന്ന് തപ്പി പരിശോധിപ്പിക്ക്. എന്നിട്ടാവാം ഇഞ്ചക്ഷ്‌ണൻ! പത്തിരുപത് കൊല്ലം മൃഗാശുപത്രില് കമ്പോണ്ടരായി ജോലി നോക്ക്യേന്റെ കൊണം ശരിക്കും കാണാന്‌ണ്ട്. അല്ലിങ്ങെ തന്തേം മോനും സ്‌ത്രീപീഢനത്തിന് ഉണ്ടതിന്നണ്ടിവരും.“
”വക്കീലേ!?“
”എറങ്ങിപോടോ പുണ്ണാക്കൻ നായരെ. പ്രസവം തടയാൻ ഒരിഞ്ചക്ഷ്‌ണൻ പോലും കിട്ട്വാര് ഉപദേശിച്ചതാവും. ആ കൊശവന് ഞാൻ വെച്ചട്ട്‌ണ്ട്.“
അവസ്‌ഥ പന്ത്യല്ലാന്നു കണ്ടതും കിട്ട്വാര് പത്‌ക്കെ പുറത്തേക്കു ചാടി. പക്ഷേ, തങ്കപ്പൻ നായരെപ്പോഴും എന്തെങ്കിലും ചെയ്‌തെ വക്കീലോ ഫീസിന്നെറങ്ങൂ എന്ന തീരുമാനത്തിൽതന്നെയായിരുന്നു.
”എന്നാവേറെന്തെങ്കിലും ഒര് വഴി പറഞ്ഞുതാ എന്റെ വക്കീലേ?“
”വന്നവഴിതന്നെ പെരുവഴി! ഇപ്പൊപോയാ കുത്തനെള്ള ബസ്സ് കിട്ടും. മാറി കേറണ്ടാന്ന് ചുരുക്കം.“
”വക്കീലേ?!“
”ഒന്ന് പോടോ………!!
Generated from archived content: mootharu14.html Author: chandrasekhar_narayanan