വീടിന്റെ കോലായിൽ കാലും നീട്ടി വിസ്‌തരിച്ചിരുന്ന് നാലുകൂട്ടിയൊന്നു മുറുക്കി കോളാമ്പീലേയ്‌ക്ക് നീട്ടിയൊര് തുപ്പുതുപ്പാനായുമ്പോഴാണ് പടികടന്നുള്ള കരയോഗക്കാരുടെ വരവ്! കാര്യസ്‌ഥൻ രൈരു പണിയ്‌ക്കര് വാളും വട്ടകേം പോലെ മുമ്പെതന്നെ അകമ്പട്യായിട്ട്‌ണ്ട്. കൊശവൻ!! കാക്കാശിന് ഗതീല്ലെങ്കിലും കരയോഗത്തിന്റെ കൂൺസ്‌റായാന്നാ വിചാരം! പണിയ്‌ക്കരോട്യാ കരയോഗം വരെ! അല്ലാതെ എവിടെ പൂവ്വാൻ? നടക്കട്ടെ!
“വരണം വരണം. എല്ലാവരുണ്ടല്ലോ? കുടിക്കാനിത്തിരി സംഭാരാവാലോല്ലെ? അവ്‌ടെ അകത്താരാള്ളെച്ചാ ത്തിരി സംഭാരങ്ക്‌ട് പോരട്ടെ….. കേറിരിക്കൂ പൂമണൻ മേനോക്കി.”.
“ഓ! എന്തൊര് വിനയം!! എന്തൊര് എളിമ! വക്കീലിന്റെ വാക്കുകേട്ടപ്പഴെ സംഭാരം കുടിച്ചപോല്യായി.”
“കുടിച്ചപോല്യായിട്ട് കാര്യല്ല്യാ മേനോക്കി. കുടിപ്പിച്ചിട്ടെ വിടൂ. എന്റെ മുതുമുത്തശ്ശന്മാരായിട്ടെ അങ്ങന്യാ.”
“തന്നെ! തന്നെ!”
“വന്ന കാര്യം ഉണർത്തിച്ചില്ല.”
“ഉവ്വ്!”
“കരയോഗത്തിന്റെ…….”
“പുനഃരുദ്ധാരണപ്രവർത്തനങ്ങളുമായി വന്നതാണ്.”
“വരവുകണ്ടപ്പഴെ തോന്നി.”
“കുറേ നാളായിട്ട്……”
“അറിയാം.”
“നമ്മ്‌ടെ സമുദായക്കാര്‌ക്ക് ഒര് ബിസിനസ്സ് മൈന്റില്ലാത്തതിന്റെ പ്രശ്‌നാ ഇത്. നഷ്‌ടത്തിലോടണതിലാരെങ്കിലും എടപെട്വൊ വക്കീലേ?”
ഹമ്പടാ വിരുതാ!! ഓന്റെ ആക്രികച്ചോടോം അണ്ടികച്ചോടൊക്കെ നിറുത്തി വന്നിരിക്കാണല്ലേ? കൊറെനാള് ജയിലിലാന്നും കേട്ടിരുന്നു.
“മേനേക്കിപ്പോ അണ്ടികച്ചോടൊക്കെ നിറുത്തി നാട്ട്യെ പോന്നൂന്ന്‌കേട്ടപ്പഴെ വിചാരിച്ചു.”
“തന്നെ! തന്നെ! കേഷ്യൂനട്ട്്സ് -”
“ഞങ്ങള് അണ്ടികച്ചോടംന്നാ പറയാ……”
“അതൊക്കെ അന്തകാലത്ത്. ഇന്ന് ഇംഗ്ലീഷിലന്നെ പറേണം വക്കീലേ. എന്നാലേ ഒര് സ്‌റ്റാന്റേഡൈസേഷൻ ഒള്ള്. ബിസിനസ്സൊക്കെ ഞാൻ പുള്ളാരെ ഏല്‌പിച്ച്. ഇനി ലവന്മാര് നോക്കട്ടേന്ന്. നമിക്കിനികൊറച്ച് സോഷ്യൽ ഏക്‌ടിവിറ്റീസൊക്ക്യായി ഇങ്ങനെ……”
“വളരെ നല്ലത്….. രാഷ്‌ട്രീയോം ആവാം. ജയിൽവസൊക്കെ കഴിഞ്ഞതല്ലേ?”
“അതെങ്ങനെ വക്കീലറിഞ്ഞ്?!”
“അതെന്താചോദ്യാമേനോക്കി? ജയില് ആണുങ്ങൾക്ക് പറഞ്ഞട്ട്‌ള്ളതല്ലേ? മ്മ്‌ടെ ഗാന്ധിപോലും എത്ര്യാ……..”
“ഓ!! വക്കീന്റൊര്…….. അത്രയ്‌ക്കൊന്നൂല്ല്യാ. എന്നാലും രാഷ്‌ട്രീയത്തീന്ന് ചില ക്ഷണങ്ങള്‌ണ്ട്. ആദ്യം സമുദായത്തിലൊന്ന് പിടിമുറുക്കീണ്ടാവാന്ന്‌ച്ച്‌ട്ടാ.”
“ശര്യാ. അങ്ങന്യാവുമ്പോ മതേതരായി.”
“ഉവ്വോ!? അത്രേം ഞാൻ ചിന്തിച്ചില്ല.” എന്തായാലും പറഞ്ഞത് നന്നായി. വക്കീലിനൊഴിവുള്ളപ്പോ എന്നൊന്ന് കുത്ത്യാമതി. നമുക്കല്‌പം ഡെയലോഗ് വെച്ചിരിക്കാം. എന്റെ നമ്പ്രൊക്കെ അറ്യാലോ അല്ലേ?“
”ഇപ്പൊ മനസ്സിലായി“.
”അതെങ്ങനെ?“
”നോട്ടീസിലില്ല്യോ?“
”ഓ ഞാനാക്കാര്യം മറന്ന്. പിന്നെ, ഇനി വന്നകാര്യത്തിലേക്ക് കടക്കാം.
“കടന്നോളൂ.”
“നമ്മ്‌ടെ കരയോഗത്തിന്റെ വക കൊറച്ച് പറമ്പ് കൊടക്കണകാര്യം അറ്യാലോ. അതില് കൊറച്ച് തെങ്ങും കവുങ്ങൊക്ക്യാണ് കൃഷി. ഒര് കാര്യോല്ല്യ. ന.പ. കിട്ടാനില്ല്യാ. സകലം മണ്ഡരിയാണ്. കൃഷിയോണ്ടെന്നും ഇനി ഒര് കാര്യോല്ല്യാ. അങ്ങനെ ആലോചിച്ചപ്പോ. ഞാനൊര് സജഷൻ വെച്ച്. ഉള്ളതൊക്ക്യങ്ക്‌ട് പിഴ്‌ത് മാറ്റീട്ട് പറമ്പ് നല്ല ഒന്നാം തരം ഒര് പൊതു ശ്‌മശാനക്ക്യങ്ക്‌ട് മാറ്റ്വാ. ഏത്? മോഡേൺ ഇലക്‌ട്രിക് ക്രമേറ്റോറിയം. ശവങ്ങള് ക്യൂ നില്‌ക്കും. ഇന്ന് വക്കീലൊന്ന് ആലോചിച്ച് നോക്ക്യെ, ഈ മൂന്നുസെന്റ്‌രനും, ഫ്ലാറ്റ് കാരനൊക്കെ ശവം കൊണ്ട് പൊതുതേടി പായുവാ. അപ്പൊ അങ്ങനെരെണ്ണം കരയോഗം പേരിലാവാന്ന്‌ച്ചാ അതൊര് വരുമാനായി. ദെവസം ഒന്ന് കിട്ട്യാപോരെ? മാസം മുപ്പത്. ഒന്നിന് ഒര് രണ്ടായിരം വെച്ച് കൂട്ട്യാ മാസം അറുപതിനായിരം. എല്ലാവർക്കും സമ്മതം. അങ്ങനെ കരയോഗങ്ങ്‌ട് പുനഃസംഘടിപ്പിച്ചു. പ്രിസിഡന്റും ഖജാൻജിയും ഈ ഞാൻ തന്നെ വേണംന്ന് നിർബന്ധം. ആയിക്കോട്ടെന്ന് ഞാനും പറഞ്ഞു. സെക്രട്ടറി മ്മ്‌ടെ രൈർവാരാണ്. അപ്പോ വക്കീലേ, ഇതിന്റെ ആദ്യ പടിയായി നമ്മ്‌ള്‌പ്പൊ ഉദ്ദേശ്ശിക്കണത് കരയോഗക്കാര് ആളൊന്നുക്ക് ഒരഞ്ഞൂറ് ഉറുപ്പിക വീതം സംഭാവന തന്ന് തങ്ങള്‌ടെ പേര് നിർബന്ധമായും രജിസ്‌റ്റർ ചെയ്യുക… രജിസ്‌റ്റർ ചെയ്‌തവർക്ക് മരിച്ചാൽ പിന്നെ യാതൊരു പേടീം വേണ്ട. എല്ലാം കരയോഗം ഏറ്റെടുക്കും. ഈ സദ്‌കർമ്മത്തിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ആദ്യം കാശു സംഭാവന നൽകികൊണ്ട് വക്കീല് ചെയ്യണംന്നാണ് കരയോഗത്തിന്റെ താല്‌പര്യം. വക്കില് എതിരൊന്നും പറയരുത്.”
ഈശ്വരാ!! കാലന്മാരാണ് ഉന്മറത്ത് വന്ന് വട്ടംകൂടി നിൽക്കണത്. ഒന്ന് മൂള്യാ ഉടലോടെ കൊണ്ടു പോകും. ഇതൊക്കെ ആ കൊശവൻ രൈരൂന്റെ പണ്യാ. ഉദ്‌ഘാടനത്തിന്റെ അന്നന്നെ ജീവനോടെ ദഹിപ്പിക്കാനാവും പരിപാടി. എന്തായാലും ഈ വകേല് മേനോക്കി ഒരണ്ടികമ്പനി കൂടി ഉദ്‌ഘാടനം കഴിക്കും.
മൂത്താര് കൂജേല് വെച്ചിരിക്കണ തണുത്തവെള്ളം ഒര് ഗ്ലാസ്സെടുത്ത് ഒരൊറ്റ വലിക്ക് അകത്താക്കി.
“ വക്കിലൊന്നും പറഞ്ഞില്ല്യാ”……….മേനോക്കി തലചൊറിഞ്ഞു.
“വൈകി പോയി.”
“ ആര്? ഞങ്ങളോ? അതെന്തു പറ്റി?”
“ഇന്നലെ മെഡിക്കൽ കോളേജിലൊര് ഫംക്‌ഷന് പോയപ്പോ അവര്‌ടെ നിർബന്ധപ്രകാരം ഞാൻ മരിച്ചാ ശവം അവർക്ക് പഠിക്കാൻ വിട്ടുകൊടുക്കാന്ന് സമ്മതിച്ച് ഒപ്പിട്ടുകൊടുത്തു പോയി.”
“അയ്യോ!! കഷ്‌ടായിപ്പോയില്ലേ വക്കീലേ?”
“ഇനിപ്പൊ മാറ്റാനും പറ്റില്ല. കൊടുത്തത് മെഡിക്കൽ കോളേജിനായി പോയില്ലേ.”
“ ഇനിപ്പൊ എന്തോ ചെയ്യും വക്കീലേ?”
“അതിനാണോ വെഷമം? മ്മ്‌ടെ സെക്രട്ടറി രൈരൂനെകൊണ്ടങ്ങ്‌ട് ചെയ്യിക്കണം. ടിയ്യാൻ ഒന്നൂല്ലെങ്കിലും കരയോഗത്തിലെ തലമൂത്തൊര് കാർന്നോരും കൂട്യല്ലേ?”
“വക്കീലേ!!?” രൈരുപണിയ്‌ക്കര് ഇരുന്നോടത്ത്‌ന്ന് പഴുതാരകുത്തേറ്റപോലെ ചാട്യെണീറ്റു.
“രൈരൂന് സന്തോഷായീന്ന് തോന്നുണു. ഇനി കാര്യസ്‌ഥ പണ്യൊക്കെ അവസാനിപ്പിച്ച് ഇതായിട്ടങ്ങ്‌ട് കൂട്വാ. എന്താ?”
“ഉദ്‌ഘാടനം വക്കിലിനെക്കൊണ്ടന്നെ ചെയ്യിക്കണംന്ന് രൈരൂന് നിർബന്ധായിര്‌ന്നു.”
“സന്തോഷം. രൈരൂന് അത് തോന്നീലോ മേനോക്കി.”
“തന്നെ! തന്നെ! അങ്ങന്യാണെങ്കിൽ രൈരുന്നെ മ്മ്‌ടെ ഉദ്‌ഘാടനങ്ങ്‌ട് കഴിക്കട്ടെല്ലെ വക്കീലേ?”
മേനോക്കി പറഞ്ഞ് നാക്കെടുക്കുമ്പോഴെക്കും രൈരുപണിയ്‌ക്കർ കൊലവാഴവെട്ടീട്ട പോലെ ദ്ദാ കെട്‌ക്കണു മൂക്കുംകുത്തി നെലത്ത്! മോഹാലസ്യം വന്നതാ! എങ്ങനെ വരാതിരിക്കുംഃ ഉദ്‌ഘാടന തിയ്യതി കുറിക്കാൻ പോയ ജോത്‌സ്യൻ അന്നേ പറഞ്ഞിട്ടുള്ളതാ. ആദ്യത്തെ സംഭവാനകൊടുത്ത് ഉദ്‌ഘാടനം ചെയ്യുന്നവൻ കൊല്ലെത്തില്ല്യാന്ന്.
Generated from archived content: mootharu12.html Author: chandrasekhar_narayanan