കൊച്ചുനാരായാണി ക്ലാർക്കിന്റെ കൂടുസുമുറീന്ന് കിട്ട്വാര് നീറ്റെലി വരണപോലെ വരണകണ്ടപ്പഴെ മൂത്താര്‌ക്ക് മേലാസകലം തരിച്ചു.
“എവ്ട്ന്നാണാെവോ അടിയൻ – ?”
“ അത്……”
“കൊതം !! അന്യായ പട്ടികവഹകള് പരിശോധിക്കാൻ പോയതായിരിക്കും?”
“ദൈവദോഷം പറയാതെ വക്കീലെ ……”
“കൊല്ലും ഞാൻ ! കൊശവൻ!! ആവശ്യത്തിനന്വേഷിച്ചാ പൊടിപോലുണ്ടാവില്ല്യാ”
“ഞാൻ……”
“മിണ്ടര്‌ത്!! ഒര് ഗുമസ്‌തനെ കൊല്ലുംന്ന് ജാതകത്തിലുള്ളതാ. എവ്‌ട്യാടോ കി-ട്ട്വാ-രെ ആ ‘ഉപ്പുമാങ്ങഭരണി ഡോട്ട് കോം? തന്നോട് രാവിലെ മുതല് തപ്പാൻ പറയുന്നതല്ലേഹെ?”
“അതിനായിട്ടാ ഞാൻ കൊച്ചുനാരായണി……..”
“ഓഹോ!”
“കൊടം പോയാ………..”
“കൊടവല്ല. ഭരണി, ഭരണി.”
“പോയാ കുന്തത്തിലും തപ്പണന്നല്ലേ…….”
“അതെ. അതുതന്ന്യാ പ്രമാണം. പോയി കൊച്ചുനാരായണീടെ അന്യായപ്പട്ടിക വഹകളില് ഒന്നുംകൂടി തപ്പിനോക്ക്. എന്നിട്ട് ഇനി കിട്ടുമ്പോ ഓഫീസിലോട്ട് വന്നാമതി.”
“വക്കീലേ!!”
“വഴീന്ന് മാറടൊ കിട്ട്വാരെ ഗുമസ്‌തപണീന്ന് പെൻഷൻ പറ്റണ്ട കാലൊക്ക്യായി.”
പറഞ്ഞ് നാക്കെട്‌ത്തില്യാ. തുള്ളീട്ടാവരണെ മഹാകവി എളേത്‌മാൻ. അയ്യാടൊരു സ്യൂട്ട്‌കേസും ഖദറ് ഷർട്ടും.
“നമസ്‌ക്കാരം വക്കീലേ”
“ന-മ-സ്‌കാ–രം.”
“കോടതീന്നാവും?”
“അല്ല കോഴിക്കൂട്ടീന്നാ”
“തമാശകളേയ് വക്കീലേ. ഇവ്‌ടെ മനുഷ്യൻ തീയ്യില് നിക്ക്‌മ്പളാ.”
“ആര് പറഞ്ഞു തീയ്യില് കേറി നിക്കാൻ?”
“നിന്നതല്ലല്ലോ ആ തൈക്കാടൻ കേറ്റി നിറുത്തീതല്ലേ?”
“എന്നാ താഴോട്ടെറങ്ങ്‌ഹെ”.
“സ്വയം കേറീതാണെങ്കിലല്ലേ അതിനെറങ്ങാൻ പറ്റൂ.”
“അങ്ങനെ!”
“എന്തെങ്കിലൊര് പോംവഴി കണ്ടെത്തെന്റെ വക്കീലേ”
“അതിന് തന്റെ ’ഉപ്പുമാങ്ങഭരണി ഡോട്ട് കോം‘ രാവിലെ മുതലെ അന്വേഷിക്കുന്നതാ. അത് നോക്കാനേൽപ്പിച്ച വിദ്ദ്വാനാണെങ്കി ഈ പേരും പറഞ്ഞ് ആ കൊച്ചുനാരായണി ക്ലാർക്കിന്റെ അന്യായപട്ടിക വഹകളില് കേറിയൊരേയിരിപ്പാ”.
“ബുക്കെത്രവേണംന്ന് പറഞ്ഞാ മതി. അത് ഞാൻ തരാം. വക്കീല് പോംവഴി പറയ്.”
“ഫോൺ വഴ്യൊ?”
“ഫോൺ വഴ്യല്ല. പോംവഴി”
“തന്റെ ഉപ്പുമാങ്ങ ഭരണി ഡോട്ട് കോമിൽ മൊത്തം എത്ര കവിതകളുണ്ട്?”.
“ന്യൂറ്റൊന്ന്”.
“ഒരായിസിന്‌ള്ളത് ഇപ്പഴെ എഴുതിതീർത്തോ?”
“അറം പറ്റണത് പറയാതെ വക്കീലെ. കവിതകള് ഇനിം കെട്‌ക്കാ പ്രസിദ്ധീകരണക്കാര് മൊത്തം തഴഞ്ഞപ്പഴാ ഞാൻ ചിട്ടി പിടിച്ച് ഇങ്ങനൊരെണ്ണം പൊറത്തെറക്കീത്. അതിന്റെ കേസോള് വരാൻ കെടക്കണെള്ള്.”
“അപ്പോ താനിനി മൊത്തം കേസിലാവാൻ പൂവ്വാന്ന് ചുരുക്കം.”
“അതോണ്ടൊക്കെകൂട്യാന്റെ വക്കീലെ ഞാനാ തൈക്കാടനെ പിടിച്ചെ. അവൻ മൊത്തത്തില് ഒറപ്പുതന്നതാ. പൗരാവലീടെ ഈ വർഷത്തെ കവിതാ അവാർഡ് എന്റെ ഉപ്പുമാങ്ങ ഭരണി ഡോട്ട് കോമിന് വാങ്ങിത്തരാന്ന്. ആ വകേല് അവനെന്റെ കയ്യീന്ന് രൂപ ഇരുപതിനായിരാ അടിച്ചോണ്ട് പോയത്. എന്ന്‌ട്ട് അവാർഡ് പ്രഖ്യാപിച്ചപ്പോ ന്റെ ഉപ്പുമാങ്ങഭരണി അതിന്റെ നാലയലത്തുപോലും എത്തീട്ടില്ല്യാ. അവനിപ്പോ എന്നോട് പറയാ അക്കാദമീടെ നോക്കാന്ന്. എന്നാ കാശ് മടക്കി ചോദിച്ചപ്പോ അതൊക്കെ ജഡ്‌ജിംഗ് കമ്മറ്റിക്ക് കള്ള് വാങ്ങികൊട്‌ത്തതത്രെ. പോരാത്തതിന് എന്റെ കവിതകളെ കുറിച്ച് നഖശിഖാന്തം ഒരു വിമർശനോം. കവിതേല് വിപ്ലവാശയങ്ങള് പോരാന്ന്. അപ്പോ ഞാൻ ചോദിച്ചു; ഇപ്പോ അവാർഡ് കൊടുത്ത ആ ഒണക്കകഞ്ഞിക്കുഴിയുടെ കവിതകൾക്ക് എന്ത് വിപ്ലവാ ഉള്ളതെന്ന്? അപ്പോ അവൻ പറയ്വാ; കഞ്ഞിക്കുഴിക്ക് ആധുനിക കോത്തരതയുടെ സർഗാത്‌മകമായ വിഛേശ്ലഷണശക്തിയുണ്ടെന്ന്…”
“അത് ശരിയാണ്‌ഹെ.”
“എന്തോന്ന് വിഛേശളഷണ ശക്‌ത്യോ”?
“ആന്ന്.”
“അതെന്തോന്ന്?! എന്റെ ഉപ്പു മാങ്ങഭരണിയൊന്ന് കേട്ട് നോക്ക്യെ വക്കീല് –
ഉപ്പു മാങ്ങ ഭരണി
കൊടുങ്കാറ്റിനെഗർഭം ധരിച്ച
കുപ്പിച്ചില്ല്
കുറ്റിപെൻസില്
ആഗോളവത്‌ക്കരണ
പ്രേതങ്ങൾ…..
”നിറുത്തടൊ!!“
”വക്കീലേ ?“
”എന്താഹെ?“
”ഇപ്പോ നിക്ക് ഒന്ന് മനസസിലായി.“
”ഭ്രാന്ത് പിടിക്കണങ്ങെ കവിത കളെഴ്‌ത്യാമതീന്ന്“
”അത് മാത്രല്ലടോ, കവിതകളെഴ്‌ത്യെശേഷം അത് ചിട്ടിപിടിച്ച് പുസ്‌തകാക്കി അവാർഡ് ശരിപ്പെടുത്താൻ കാശ് കൊടുത്ത് ആളെകൂടിയേർപ്പാടാക്കിയശേഷം ഫീസില്ലാതെ വക്കീലിനെ കാണാൻ കൂടിവരണം.“
”രക്ഷയില്ല്യാന്ന് സാരം.“
”തൈക്കാടൻ കാശു വാങ്ങീന്നു കാണിക്കാൻ ആധാരൊന്നും രജിസ്‌ത്രാക്കി തന്നിട്ടില്ലല്ലോ?“
”ഇല്ല“.
”എങ്കി, അതുണ്ടാക്കണങ്ങെ എളേത്‌മാൻ വേറെ ചിട്ടി പിടിക്കേണ്ടിവരും. അതിനെക്കാട്ടും നല്ലത് ഉപ്പാമാങ്ങഭരണിം കൈപിടിച്ച് റോഡിലോട്ടിറങ്ങുന്നതാ. ദെവസം ഒര് പത്ത് കോപ്യെങ്കിലും ചെലവായാ വട്ടച്ചെലവ് നടക്കും. മാത്രോല്ല, നല്ല ഒന്നാംതരം അനുഭവോയിരിക്കും. അതായത് അട്‌ത്ത ഭരണിക്കുള്ള കോപ്പായീന്ന് ചുരുക്കം.“.
എളേത്‌മാൻ മെല്ലെ സൂട്ട്‌കേസ്‌തുറന്ന് ഒരു ബുക്കെടുത്ത് മുത്താര്‌ടെ കയ്യിൽ കൊടുത്തു.
”ഐശ്വര്യായിട്ട് വാങ്ങണം. കടം പറയരുത്. വില്‌പനോദ്‌ഘാടനമാണ്. വെറും ഇരുന്നൂറ്റിപത്ത് രൂപ തന്നാമതി.“
ഈശ്വരാ!! ഭസ്‌മാസൂരന് വരംകൊടുത്ത പോല്യായല്ലോ?
മൂത്താര് ഇരുന്നൂറ്റിപത്ത് രൂപയെടുത്ത് എളേത്‌മാന്റെ കയ്യിൽ തൊടീച്ചശേഷം ഭദ്രമായി തന്റെ പോക്കറ്റിൽതന്നെ നിക്ഷേപിച്ചു.
”മഹാകവേക്ക് ഒന്നും തോന്നരുത് താനിന്നത്തെ എന്റെ ആദ്യത്തെ കക്ഷ്യ. നല്ല ദെവസായിട്ട് ഇരുന്നൂറ്റിപത്ത് രൂപ തന്റെ കൈനീട്ടായിത്തന്നെ കരുതികൊണ്ട് പോക്കറ്റിലിരിക്കട്ടെ. വർക്കത്തുണ്ടോന്നറ്യാലോ?“
”വക്കീലേ!! പ്പൊ നിയ്‌ക്ക് തൈക്കാടൻ പറഞ്ഞ സർഗാത്മകമായ വിഛേശ്ലണ ശക്തി ശരിക്കും മനസ്സിലായി.“.
”സന്തോഷം.“
”എന്നാ……“
”ഓ……..വേഗം നടന്നോളൂ.“
Generated from archived content: mootharu11.html Author: chandrasekhar_narayanan