സരളാമണിയുടെ ദൂരേന്നുള്ള വരവുകണ്ടപ്പഴെ മൂത്താര് വക്കീല് ഓഫീസിനുള്ളിൽ ഒന്നിളകിയിരുന്നു. എന്തൊരു വരവാവരവ്! കക്ഷികളായ ഇങ്ങനെ വേണം. എന്തിനാ അധികം? നന്നായാ ഒന്നുമതി. കോടതി വരാന്തയിലൂടെ സരളാമണിയേയുംകൊണ്ട് ഒര് നടത്തം നടന്നാ ഏത് സൃതീ വിരോധിം ഒന്ന് നോക്കും അതാ എനള.
“ വരണം, വരണം. കൊറെനാളായല്ലോ ഈ വഴിയൊക്കെന്നെറങ്ങീട്ട്?
”അതിന് അലക്കൊഴിഞ്ഞിട്ട് ഷോപ്പിംഗിന് പൂവ്വാൻ നേരല്ല്യാന്നു പറഞ്ഞ പോല്യാ എന്റെ കാര്യം. ഒരു സാമൂഹിക പ്രവർത്തകയുടെ കഷ്‌ടപ്പാടുകളെ കുറിച്ച് വക്കീലിനറിഞ്ഞൂടെ.“
”അങ്ങനേന്ന്………..“
”അല്ലാതെ പിന്നെ!“
”ഇരിയ്‌ക്കിരിയ്‌ക്ക്. നിങ്ങളെപ്പോലുള്ള മഹത്‌വ്യക്തികൾക്കിരിയ്‌ക്കാനാ ഈ കസേരകളൊക്കെ നെരത്തീട്ടിരിക്കണെ. മ്മ്‌ടെ, ഗുണശേഖരൻ പിള്ളൈ എന്തു പറയുന്നു.“
”പെൻഷനായപ്പിന്നെ ഇരിപ്പാ. ഒര്‌ചാര്‌കസേരേം വാങ്ങീട്ടൊണ്ട്. കൂട്ടിന് കൊറെ രാമായണോം, സോത്രമാലേം“.
”ഓ! അധ്യാത്മികത.“
”ഒലക്കേടെമൂട്!! നിങ്ങള് ആണുങ്ങളെ ശരിയല്ല വക്കീലെ. ഞാൻ ഇതിയാനോട് ഒര് നൂറുവട്ടം പറഞ്ഞതാ വല്ല രാഷ്‌ട്രീയത്തിലും എറങ്ങാൻ. അതിനെങ്ങന്യാ കേക്കത്തില്ല. അല്ലിങ്ങെഞ്ഞങ്ങടെകൂടെ സ്‌ത്രീവേദിലെങ്കിലും പ്രവർത്തിക്കാൻ പറഞ്ഞു. അപ്പഴും സാന്നന്നെ“.
”അതിന് സ്‌ത്രീവേദീല് സ്‌ത്രീകള്യല്ലേ നിങ്ങളെട്‌ക്കൂ?“
”ആരുപറഞ്ഞു? ആണുങ്ങൾക്കെന്താ സ്‌ത്രീവേദീല് പ്രവർത്തിച്ചാ പല്ലും കൊഴിഞ്ഞു? പോവ്വോ?“
”കൊഴിഞ്ഞുപോയിട്ടല്ല. കൊഴിച്ചുകളയോന്ന്‌ള്ള പേട്യാവും.“
”വക്കീലിനെന്താ സ്‌ത്രീവേദിക്കാരോടൊരു പുഛം?“.
”ഹായ്! ഹായ്!! പുഛോ?! എനിയ്‌ക്കോ?! ഇന്നാള് നിങ്ങള് ഗവൺമെന്റിന്റെ സ്‌ത്രീ വിരുദ്ധനയങ്ങൾക്കെതിരെ നഗ്നയോട്ടം സംഘടിപ്പിക്കുന്ന് പ്രസ്‌താവന ഇറക്ക്യേപ്പോ അത് നടത്തണംന്ന് പറഞ്ഞ് ആദ്യം അതിനെകുറിച്ച് പ്രതികരിച്ചത് ഞാനാ. അറ്യോ?“
”ഇവ്‌ടത്തെ പുരുഷന്മാര് അനുഭവിക്കുന്ന പ്രിവിലേജ്‌കള്‌ടെ നൂറിലൊര് ശതമാനം ഞങ്ങക്ക് ഉണ്ടോ ഈ വ്യവസ്‌ഥിതിയന്നെ ശരിയല്ല. ഒരു സ്‌ത്രീക്കിവിടെ ഒന്നിനും പറ്റുന്നില്ല. ഒരു പുരുഷന് ഷർട്ടൂരിനടക്കാം, മുണ്ട് മടക്കിക്കുത്തി നടക്കാം. വഴി വക്കിൽ മൂത്രമൊഴിക്കാം, ഡോയറിട്ട് നടക്കാം, ബാറ്യെപോയി രണ്ട് പെഗ്ഗടിക്കാം, വഴിവക്കില് രണ്ടിനിരിക്കാം, ഇതൊന്നും ഇവ്‌ടെ ഒരു സ്‌ത്രീക്കും പറ്റുന്നില്ല. ഇനി ഇതിനെതിരങ്ങാനും വല്ല സ്‌ത്രീകളും നടന്നാൽ ഉടനെ ഇവ്‌ടെത്തെ സദാചാര സൂക്ഷിപ്പുകാരുടെ വാള് പൊന്ത്വായി. ശിരഛേദത്തിന്! ഇതിനെതിരെ ഒരു പൊതുതാല്‌പര്യ ഹരജിതന്നെ ഫയല് ചെയ്യാനാ ഇപ്പോ അസോസിയേഷന്റെ തീരുമാനം. അതിനുകൂട്യാ ഞാൻ വന്നെ.!!
ഈശ്വരാ സരളാമണി മദംപൊട്ടീട്ടാണല്ലോ നില്പ്. തളയ്‌ക്കാനെന്തുചെയ്യും? വജ്രായുധം തന്നെ എടുത്ത് പരീക്ഷിക്കേണ്ടിവരും. ഇപ്പോ ഇവള്‌മാരെക്കെനി ഷർട്ടൂരിംകൂടി നടക്കെ വേണ്ടൂ. പണ്ട് മാറ് മറയ്‌ക്കാൻ വേണ്ട്യായ്‌രുന്നു ചാന്നാർ ലഹളനടത്ത്യെ……. ഇപ്പോ………..
“വക്കീലെന്താ കൂലംകഷായി ആലോചിക്കണെ?”
“ഞാൻ സരളാമണി പറഞ്ഞതിനെകുറിച്ചൊക്കെ ഒന്ന് തലപൊകഞ്ഞ് ചിന്തിച്ചുനോക്കീതാ.”
“എന്നിട്ട് എന്ത് തോന്നുന്നു? നമുക്കൊരു പൊതുതാല്പര്യഹരജ്യങ്ങ്‌ട് കൊടുത്താലോ വക്കീലെ? വക്കീലിന്റെ തീരുമാനമറിഞ്ഞിട്ടുവേണം ഞങ്ങക്ക് അസോസിയേഷന്റെ വക ഒരു പത്രസമ്മേളനം വിളിക്കാൻ.”
“അതിനിപ്പോ കോടതിയ്‌ക്കിക്കാര്യത്തിൽ എന്തുചെയ്യാൻ പറ്റുംന്നാ സരളാമണി പറയുന്നേ?”
“ഒന്നും ചെയ്യാൻ പറ്റത്തില്ലേ? ഇവ്‌ടെ തപ്പണതുംമുള്ളണതും പോലും നിരോധിക്കേണ്ടായല്ലോ?
”അതുപോല്യാണോ സരളാമണി ഇത്? തുണിയുരിഞ്ഞ് നടക്കാനുള്ള സ്വാതന്ത്ര്യം വേണന്നൊക്കെ പറഞ്ഞാ?…….“
”എന്തോന്നാ പറഞ്ഞാ? നിങ്ങള് പുരുഷമേധാവിത്വത്തിന്റെ പ്രശ്‌നങ്ങളാ ഇതൊക്കെ. നിങ്ങള് പരുഷന്മാർക്ക് എല്ലാം ആവാന്നന്നെ.!!
“ അതല്ല സരളാമണി. മുഖസ്‌തുതിപറയാന്നു വിചാരിക്കരുത്. സരളാമണിയെപോലെ സുന്ദരിയും സുശീലയും കോമളാങ്കിയും മധുഭാഷണിയുമായ ഒരു നാരീരത്‌നം ഇതിനൊക്കെ മുന്നിട്ടിറങ്ങാന്നു പറഞ്ഞാ……..”
വർണ്ണനകൾ കേട്ടതും സരളാമണി കാലുതെറ്റി ഐസും പൊറത്തുവീണെപോലെ പെട്ടെന്നു തണുത്തുപോയി. ടിയ്യാരുടെ അധരപുടങ്ങളിൽ നാണത്തിന്റെ റിംഗ്‌ടോണുകൾ കളിയാടാൻ തുടങ്ങി.
“അസോസിയേഷന്റെ ഒരു തീരുമാനം വക്കീലിനെ അറീച്ചെന്നെള്ളൂ.”
വാക്കുകളിലെ മയം മൂത്താര് പ്രത്യേകം ശ്രദ്ധിച്ചു. അസ്‌ത്രം ഏറ്റിട്ടുണ്ട്.
അതിലുവിരോധോന്നൂല്ല്യാ. കാണാൻ കൊള്ളാത്തോറ്റങ്ങള്‌വ്‌ടെ ജാക്കറ്റ്‌ന്ന്‌ല്ല, അടീലേ ഊരിനടന്നാലും ആര് ശ്രദ്ധിക്കാൻ? അതു പോല്യാണോ സരളാ മണിയുടെ കാര്യം? ജീവിതം ഇനിം കെടക്ക്വാ. ചെന്നട്ട് മ്മടെ പിള്ളൈയ്‌ക്കിത്തിരി എന്തേങ്കിലൊക്കെ വാങ്ങികൊടുക്കാൻ നോക്ക്. നല്ല ഒന്നാം തരം നാടൻ കോഴിമുട്ട കിട്ടും. ഏത്?“
”ഓ! വക്കീലിന്റൊര് കാര്യം!!
“ചാര് കസേരേന്നൊന്ന് എണീറ്റു കിട്ടണങ്ങെ ആരോഗ്യം വേണ്ടായോ? അത്രേ ഞാനുദ്ദേശ്ശിച്ചുള്ളൂ. സരളാമണി അപ്പോഴേക്കും കടന്നു ചിന്തിച്ചു.”
“കള്ളൻ!!”
സരളാമണി മുഖം താഴ്‌ത്തി നഖം കടിച്ചുതുപ്പി. അപ്പോഴേക്കും മൊബൈൽ ഫോണിൽ കൊടിച്ചിപ്പട്ടി ഏറുകൊണ്ട് മോങ്ങുന്ന പോലെ റിംഗ്‌ടോൺ വരാൻ തുടങ്ങി. ഈശ്വരാ!! ഭാര്യ തൃലോചനത്തിന്റെ വിളിയാണ്. ഇതെങ്ങാനും സരളാമണിയറിഞ്ഞാൽ ഇതുവരെ തണുപ്പിക്കാനെടുത്ത പണിയൊക്കെ ചൂട്ടത്താവും.
“ഇതെന്താ വക്കീലെ ഇങ്ങനൊര് സ്വരം?!! ആരാ? ”
“മിസ്‌കോളടിക്കുമ്പോ വരണതാ”.
“അത്യോ? കലക്കി! എന്നാ ഞാനങ്ങട്…….”
“എറങ്ങാന്ന്. ആയിക്കോട്ടെ. വക്കീലോഫീസിന്നെറങ്ങുമ്പോ യാത്രപറയാൻ പാടില്ല്യാന്നാ പഴമൊഴി.”
സരളാമണി മന്ദം മന്ദം ഒരു ഹിമകരടിയെപോലെ പുറത്തേക്കിറങ്ങുന്നതും നോക്കി മുത്താര് കസേരയിൽ ഒന്നുറകൂടി ഇളകിയിരുന്നു.
Generated from archived content: column1_feb4_09.html Author: chandrasekhar_narayanan