എന്തായിരിക്കും ദൈവത്തിന്റെ മേൽവിലാസം? ദൈവത്തിന് മേൽവിലാസമുണ്ടോ? എല്ലാവരും ദൈവത്തെക്കുറിച്ച് പറയുന്നു. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എപ്പോഴും അമ്മ ദൈവത്തെ വിളിച്ച് കരയുന്നു. പക്ഷേ ഇതൊന്നും ദൈവം അറിയുന്നില്ലെന്നുണ്ടോ? കാണുന്നില്ലെന്നുണ്ടോ? ദൈവമിനി അന്ധനും ബധിരനുമായിരിക്കുമോ? ആർക്കും അറിയാത്തൊരു സ്ഥലത്ത് തനിച്ചിരിപ്പാവും ദൈവം. ദൈവത്തിന്റെ മേൽവിലാസം തപ്പിപ്പിടിച്ചെ പറ്റൂ. എവിടെയായിരിക്കും ദൈവമിരിക്കുന്നത്? ഭൂമിയിലോ, അതാവില്ല എന്നാ പിന്നെ, അതെ; ആകാശത്തുതന്നെയാവണം. ചോദിക്കുന്നവർക്കൊന്നും യാതൊരു അറിവുമില്ല. അമ്മയോടു ചോദിച്ചപ്പോൾ അമ്മ തന്നെ കെട്ടിപിടിച്ചു കരയാണ് ചെയ്‌തത്. അയലത്തെ കുഞ്ചൂനോട് പറഞ്ഞപ്പൊ ‘പ്രാന്തത്തീ’ന്ന് വിളിച്ചു. ക്ലാസ്സിലെ അമ്മൂനും, ഉണ്ണിക്കും, ആയിഷയ്‌ക്കും ഒന്നും അറിയില്ല. ഇനി ആരോടാ ഒന്നു ചോദിക്കാ? ചേച്ച്യോടൊ? അതുവേണ്ട. ചേച്ചിയ്‌ക്ക് കരയാൻ മാത്രെ അറിയൂ. എന്തായാലും മേൽവിലാസം ഇല്ലാതിരിക്കില്ല. മാഷ് പറഞ്ഞതല്ലെ എല്ലാവർക്കും മേൽവിലാസം ഉണ്ടെന്ന്. അങ്ങന്യാണെങ്കിൽ എന്തായിരിക്കും ദൈവത്തിന്റെ മേൽവിലാസം?
പക്ഷേ, ഇനി ആരോടാണ് ചോദിക്കുക! ആരോടെങ്കിലും ചോദിക്കണം. എന്നു കരുതി ശലഭമോൾ ഇടവഴിയിൽനിന്നും പാടവരമ്പിലേക്ക് ഇറങ്ങി. വരമ്പിൽ മുഴുവൻ സ്‌നേഹപുല്ലാണ്. പാവാട ഒതുക്കി പിടിച്ചില്ലെങ്കിൽ പിന്നെ അതുമതി. അച്ഛമ്മ ചെല്ലുമ്പോഴേക്കും പറയും.
“ഒരു കൂസലുല്ല്യാണ്ടല്ലെ നടത്തം. പെങ്കുട്ട്യൊളായാലെ ഒരടക്കോതുക്കൊക്കെ വേണം.”
അച്ഛമ്മ എപ്പോഴും അങ്ങന്യാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കുപറയും. ഒരിക്കെ ദൈവത്തെ കുറിച്ച് ചോദിച്ചപ്പൊ പറഞ്ഞത്; നിന്നെ പോല്യെളള കരിന്തലോള്‌ളേളടത്ത് ദൈവല്ല ചെകുത്താനാ വര്യാന്നാ.
അച്ഛമ്മയ്‌ക്ക് എപ്പോഴും തന്നോടുദേഷ്യാ. തന്നോടുമാത്രമല്ല. അമ്മോടും ചേച്ച്യോടും ഒക്കെ ദേഷ്യാ. അതിന്‌ളള ന്യായം അച്‌ഛൻ മരിക്കാൻ കാരണം ഞങ്ങളാർന്നൂന്നാ അച്ഛമ്മയ്‌ക്ക് വിചാരം.
അമ്മ പറേണത് അച്‌ഛൻ നെല്ല് പണ്യാൻ വായ്‌പെട്‌ത്തത് ജപ്‌ത്യായപ്പൊ നിക്കകളളില്ല്യാതെ വെഷം കഴിച്ചതാന്നാ. പാവം അച്‌ഛൻ! എന്നും അങ്ങാട്യെ പോയി വരുമ്പോ പപ്പടവടേം ചക്കരമുണ്ടായിം വേണ്ടോളം കൊണ്ട്‌രും.
അച്‌ഛൻ മരിച്ചതോടെ കിങ്ങിണ്യേം കുട്ട്യോള്യൊക്കെ അമ്മ വിറ്റു. പാവം കിങ്ങിണി ഇപ്പൊ എവ്‌ട്യാവോ? അച്‌ഛളേളപ്പൊ എത്ര വൈകി വന്നാലും താനും അച്‌ഛനുംകൂടി കിങ്ങിണി പശൂനെ ഉമ്മച്ചിട്ടെ ഉറങ്ങാറുളളൂ.
ആണിക്കാലൻ സോമുവാണ് കിങ്ങിണ്യെ മേടിച്ചുകൊണ്ടുപോയത്. എന്തിനാണെന്ന് ആർക്കറിയാം. അച്ഛളെളപ്പോ അറവക്കാരൻ സോമൂനെ പടിക്കകത്തോട്ട് കടത്തില്ല്യായിരുന്നു. കിങ്ങിണീന്ന് പറഞ്ഞ നാരേണന് സ്വന്തം മോളെപോല്യാ ആളോള് പറയും.
പാടവരമ്പ് അവസാനിക്കുന്ന വഴിയമ്പലത്തിന്റെ അരികത്തെത്തിയപ്പോൾ അമ്പലത്തിലെ വാരസ്യാരമ്മ തിടുക്കപ്പെട്ട് വരുന്നത് ശലഭമോൾ കണ്ടു. വാരസ്യാരമ്മയെ കണ്ടപ്പോൾ ശലഭമോൾക്ക് തോന്നി ഒന്നു ചോദിച്ചാലോ. വാരസ്യാരമ്മ്യാമ്പോ അറീന്ന്‌ച്ചാ പറയേം ചെയ്യും. പാവാ.
ശലഭമോൾ പൂവരശിന്റെ തണലിലേക്ക് മാറിനിന്നു. വാരസ്യാരമ്മ അരികിലെത്തിയപ്പോൾ താൻ നിൽക്കുന്നേടത്തേക്ക് വരാനായി ശലഭമോൾ കണ്ണുകൊണ്ട് ആംഗ്യം കാട്ടി.
“ന്താന്റെ കുട്ട്യെ?” വാരസ്യാരമ്മ വെറ്റിലക്കറ പിടിച്ച പല്ലുകൾ കാട്ടി ലോഹ്യം നടിച്ചു.
“യ്‌ക്കൊരു കാര്യറ്യാനാ… പറ്യൊ?”
“ന്താ പറ്യാണ്ട്… പാഠശാലേലെ മാഷ്‌ര്‌ടെ ചോദ്യെന്ന്വല്ലല്ലോ.”
“ഏയ്യ്. ഇത്‌യ്‌ക്ക് റ്യാനാ.”
“അത്യൊ?”
“ദൈവംവ്‌ട്യാ താമസിക്കണെന്നറ്യൊ വാസ്യാമ്മയ്‌ക്ക്?”
“ങ്‌ഹായ്യ് ഇത് നല്ലകഥ!… അമ്പലത്തിലല്ലെ ദൈവരിയ്‌ക്കണെ?”
“അതല്ല. ശരിക്ക്‌ളള ദൈവം. എനിക്ക് മേൽവിലാസം അറ്യാനാ.”
“അങ്ങന്യെം ഒര് ദൈവൊണ്ടോ! അത്‌യീ വാരസ്യാര് തളളയ്‌ക്ക് നിശ്ചല്ല്യാകുട്ട്യെ.”
“ഉവ്വ് വാസ്യെമ്മെ. മാഷ് പറഞ്ഞതല്ലെ. എല്ലാവർക്കും മേൽവിലാസം ഉണ്ടെന്ന്.”
“എന്തിനാ അത്?”
“യ്‌ക്കൊരു കത്തെഴ്‌താനാ.”
“എന്നാ നമ്മ്‌ടെ വാസേനോട് ചോദിക്കാർന്നില്ല്യെ. അവനറ്യം പോഷ്‌റ്റ്‌മാനല്ലെ.”
വാരസ്യാരമ്മ തണൽ പറ്റി നടന്നു. ശലഭമോൾ തെല്ലിടക്കൂടി അവിടെ തന്നെനിന്നു. വാരസ്യാരമ്മ പറഞ്ഞ ഉപായം അവൾക്ക് നന്നേ ബോധിച്ചിരുന്നു. അതിന്റെ സന്തോഷത്തിൽ മനസ്സൊന്നു തുടിക്കുകയും ചെയ്‌തു.
എന്തായാലും വാസേട്ടന് അറിയാതിരിക്കില്ല. പോസ്‌റ്റ്‌മാന് വിലാസമറിയില്ലെങ്കിൽ പിന്നെ ആർക്കാണ് മേൽവിലാസമറിയുക? ഈശ്വരാ വാരസ്യാരെ കണ്ടതെ ഭാഗ്യം. പിന്നെ എന്തെഴുതാനാണെന്ന് വാരസ്യാര്‌മ്മ ചോദിച്ചില്ല. ചോദിച്ചാ നൊണ പറയേണ്ടി വന്നേനെ. നന്നായി.
പൂവരശ്ശിൽ കാറ്റുവീശി. വെയിലിൽ നിഴലുകൾ ഇളകിയാടി. കൂർക്കുവിളിച്ച് കുന്നിറങ്ങി പാടത്തിന്റെ അറ്റത്തുനിന്നും കുറെ ആളുകൾ ചുവന്ന മാലയിട്ട് അലങ്കരിച്ച പോത്തുകളെകൊണ്ട് വരുന്നതുകണ്ടപ്പോൾ ശലഭമോൾ ഓർത്തു. ഇന്ന് പോത്തോട്ടമകമാണ്; കാവിലെ എഴുന്നളളിപ്പും. നേരത്തെ എത്തിയില്ലെങ്കിൽ അമ്മ വഴക്കുപറയും. എഴുന്നളളിപ്പ് കാണാൻ കൊണ്ടുപോകാൻ ആരുമില്ലെങ്കിലും വഴക്ക് പറയാൻ ഒര്‌പാട് ആളുകളുണ്ട്. താനും ചേച്ചിയും പെങ്കുട്ട്യോളായതോണ്ട് ഒറ്റയ്‌ക്കെവിടേം പോകരുതെന്നാ താക്കീത്.
ശലഭമോൾ വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് നാണമ്മാൻ വിസ്‌തരിച്ച് ഇരിപ്പുണ്ട്. തൂണും ചാരി ശങ്കിച്ചുനിൽക്കുന്ന അമ്മ തന്നെ കണ്ടപ്പോൾ മുണ്ടിന്റെ കോന്തലകൊണ്ട് മുഖം തുടക്കുന്നതുകണ്ടു. നാണമ്മാൻ കല്ല്യാണബ്രോക്കറാണ്. ചേച്ചീടെ കാര്യത്തിനായി വരുംന്നതാണെന്ന് ശലഭമോൾക്കറിയാം. പക്ഷേ ഒന്നും നടക്കാറില്ല. വരുന്നോർക്ക് മുഴോൻ പണ്ടോം പണോം വേണന്നാണ് അമ്മ പറേണത്. എവിടുന്ന് എടുത്ത് കൊടുക്കാനാണത്? ഇരിക്കണ വീടുവരെ എന്നാ ബാങ്ക്‌കാര് കൊണ്ട് പോവാന്നറിയില്ലാത്രെ.
ശലഭമോൾ പുസ്‌തകങ്ങൾ ഒതുക്കിവെച്ച് അടുക്കളയിലേക്ക് ചെന്നു. പാത്യെംപൊറത്ത് മധുരടാതെ ലോട്ടയിൽ മൂടിവെച്ചിരിക്കുന്ന വെറും ചായ ഒരു കവിൾ മോന്തി മുറ്റത്തേക്കിറങ്ങിയപ്പോൾ ചാച്ചട്ടീലിരുന്ന് ചേച്ചി കരയുകയാണ്. പാവം ചേച്ചി. കരയാൻ മാത്രെ അറിയൂ. ശലഭമോൾ ചേച്ചിയുടെ അരികത്തെത്തിയപ്പോൾ ചേച്ചി അവളേയും കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ശലഭമോൾ ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ കരച്ചില് കൂട്വെളളൂ.
അകായിയിൽനിന്ന് അച്ഛമ്മയുടെ ബഹളം കേൾക്കാനുണ്ട്. മുർക്കാൻ തീർന്നിരിക്കും. അച്ഛമ്മ അങ്ങന്യാണ്. ആര് വെഷമിച്ചാലും ഒരു വിരോദോല്ല്യാ. സ്വന്തം കാര്യം മാത്രെളളൂ തളളയ്‌ക്ക്. അമ്മ പൊട്ടിത്തെറിക്കുന്ന കാണാം. ആര് ചത്താലും അവനോന്റെ പളള വീർക്കണംന്നന്നെ.
രാത്രി കിടക്കുമ്പോൾ മുഴുവനും ശലഭമോൾ നാളെ താൻ കാണാൻ പോകുന്ന പോസ്‌റ്റുമാനെക്കുറിച്ച് ഓർമ്മിച്ചു കിടന്നു. ഇക്കാര്യം എങ്ങനെ ചോദിക്കുമെന്നതിനെക്കുറിച്ച് ശലഭമോൾക്ക് ഒരു സന്ദേഹമുണ്ടായിരുന്നില്ല. കാരണം അവളുടെ അറിവുകളിൽ മേൽവിലാസങ്ങൾ കണ്ടെത്തിതരേണ്ടത് പോസ്‌റ്റുമാന്റെ ജോലിയായിരുന്നു.
പോസ്‌റ്റുമാൻ വാസേട്ടനാണെങ്കിൽ നല്ല തമാശക്കാരനാണ്. ശലഭമോൾക്കതറിയാം. എവിടെവെച്ച് കണ്ടാലും, ബാങ്കിന്റെ കടലാസുകൾ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴും വാസേട്ടൻ തന്റെ ചേച്ചിയെക്കുറിച്ച് അവളോട് അന്വേഷിക്കാറുണ്ട്.
ചേച്ചിക്കയാളെ ദേഷ്യമായതിനാൽ ശലഭമോൾ താൻ ചോദിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചൊന്നും ചേച്ചിയോട് പറയണ്ടാന്നുവെച്ചു. പറഞ്ഞാൽ ചേച്ചി ചിലപ്പൊ പൊതിരെ ചീത്ത പറയും. അമ്മയോടുപോലും പറഞ്ഞു കൊടുക്കും. ഏതെങ്കിലും വടി ഒടിയുവോളം അമ്മ പിന്നെ അടിക്കുകയും പിന്നീട് തന്നെ കെട്ടിപ്പിടിച്ച് കരയുകയും ചെയ്യും.
രാവിലെ പതിനൊന്നുമണിയോടടുത്താണ് സൈക്കിളിലുളള വാസേട്ടന്റെ വരവ്. അത് ശലഭമോൾക്കറിയാം. നാളെ ശനിയാഴ്‌ചയായതിനാൽ കാണാനും എളുപ്പമാണ്. വഴിയമ്പലത്തിന്റെ അടുത്ത് നിന്നാമതി. പെൻസിലും നോട്ട് പുസ്‌തകോം കൈപിടിക്കണംന്ന് മാത്രം.
രാവിലെ ചന്നംപിന്നം മഴ ചാറുന്നുണ്ടായിരുന്നു. ശലഭമോൾ വഴിയമ്പലത്തിന്റെ അരതിണ്ണയിൽ കുത്തിയിരുന്നു. വളവുതിരിഞ്ഞുളള സൈക്കിളിന്റെ ബെല്ലടി കേട്ടപ്പോൾ റോഡിലേക്കിറങ്ങി. വാസേട്ടനാണ്. അകലന്നെ തന്നെ കണ്ടപ്പോൾ പല്ലിളിക്കാൻ തുടങ്ങിയിട്ടുണ്ട്. ശലഭമോൾക്ക് സന്തോഷായി.
“എന്താ നാലാം ക്ലാസുകാരി സുന്ദരി ഒറ്റക്കിങ്ങനെ?”
ശലഭമോൾ സൈക്കിളിന്റെ അരികിലേക്കു നടന്നു.
“യ്‌ക്ക് ഒര് കാര്യറ്യാനാ.”
“എന്താച്ചാലും ഈ വാസേട്ടൻ നടത്തിതരും പറ പറ!”
“ദൈവത്തിന്റെ മേൽവിലാസം അറ്യൊ?”
“ദൈവത്തിന്റെ മേൽവിലാസോ!” ആളൊന്ന് ഞെട്ടി. പിന്നെ ദുരൂഹമായൊന്ന് ചിരിച്ച് എന്തോ ആലോചനയിലാണ്ടു.
“പേനേം കടലാസുണ്ടോ?”
“ങ്‌ഹാ.”
“എന്നാ എഴുതിക്കൊ.”
ശലഭമോൾക്ക് വിശ്വസിക്കാനായില്ല. സന്തോഷംകൊണ്ട് അവളുടെ വെളുത്ത മുഖം ഈറനണിഞ്ഞു. മാസങ്ങളോളമായി അന്വേഷിച്ചുനടന്നത് എത്ര ലാഘവത്വത്തോടെയാണ് കൈയ്യിലെത്തിയത്. അവൾ കുനുകുനന്നനെ എഴുതിയെടുത്തു.
“ദൈവം തമ്പുരാൻ, സ്വർഗ്ഗലോകം, ഭൂമിക്കു മുകളിൽ പി.ഒ., ആകാശം.”
മനോഹരമായ മേൽവിലാസം. വാസേട്ടനോട് അവൾക്കൊരു പ്രത്യേക ബഹുമാനം തന്നെ തോന്നി. തന്നേക്കാൾ എത്രയെത്ര കാര്യങ്ങളാണ് വാസേട്ടനറിയുന്നത്. വാസേട്ടൻ ദൈവത്തിനെ നേരിട്ടു കണ്ടിട്ടുണ്ടത്രെ. കത്ത് കൊണ്ടുകൊടുക്കാൻ പോകുമ്പോഴായിരിക്കാം. കത്ത് കൊണ്ടുകൊടുക്കാൻ പോകുമ്പോൾ ആരെയാണ് നേരിൽ കാണാതിരിക്കുക! ഭാഗ്യം തന്നെ. തനിക്കും വളർന്നു വലുതാവുമ്പോൾ ഒരു പോസ്‌റ്റുമാനാവണമെന്ന് വിചാരിച്ചു.
വീട്ടിലെത്തിയപ്പോൾ ശലഭമോൾ പേനയും നോട്ടുപുസ്‌തകവുമെടുത്ത് തട്ടിന്റെ മുകളിലേക്ക് ഓടിക്കയറി. പഴയ മരഗോവണി വല്ലാതെ കലമ്പിയപ്പോൾ തളത്തിലിരുന്നിരുന്ന അച്ഛമ്മ പ്രാകുന്നതുകേട്ടു.
“കൂര്‌ത്തംകെട്ട് പോവ്‌ളെളാ, കരിന്തലോള്…”
തട്ടിന്റെ മുകളിലാണ് തന്റെ ലോകം. എലികളും കൂറകളും നരിച്ചീരും സ്വസ്ഥമായി വിഹരിക്കുന്ന ജീർണ്ണിച്ച തട്ടുമോളിലിരുന്നാണ് പാഠം പഠിക്കുന്നതും സ്വപ്‌നം കാണുന്നതും. അമ്മ എപ്പോഴും പറയും അവിടെ ചെന്ന് ഒറ്റക്ക് ഇരിക്കരുതെന്ന്. എന്തൊ എന്നാലും ഇവിടെയാണ് ഏറെയിഷ്‌ടം. കുട്ടികളൊത്ത് കഥകൾ പറയുന്നതും, രാജാവും രാജ്ഞിയുമാവുന്നതും ഇവിടെയിരുന്നാണ്. അച്ഛൻ വിഷം കഴിച്ച് മരിച്ചുകിടന്നതും താൻ ദൈവത്തെക്കുറിച്ച് സ്വപ്‌നം കാണുന്നതും ഈ തട്ടിൻ മോളിലിരുന്നാണ്.
ശലഭമോൾ ഓർത്തു. അച്‌ഛൻ പറയുമായിരുന്നു; എല്ലാം അറിയുന്ന ഒരാൾ ദൈവം മാത്രമാണെന്ന്. ദൈവം വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്ന്. അടുക്കളയിലിരുന്ന് കരയുമ്പോൾ അമ്മയും പറയുന്നതുകേൾക്കാം ഇനി ദൈവം വിചാരിച്ചാലെ എന്തെങ്കിലും നടക്കുവെന്ന്. അപ്പോഴൊക്കെ ശലഭമോൾ ചിന്തിച്ചു. ദൈവത്തിന്റെ മേൽവിലാസം കിട്ടിയാൽ എല്ലാം ഒന്ന് എഴുതിയറിക്കണമെന്ന് ചേച്ചിക്ക് നാണമ്മാൻ കൊണ്ടുവരുന്ന വിവാഹവും അമ്മയ്‌ക്ക് കടംവീട്ടാനും തനിക്ക് സ്‌കൂളിലെ ഫീസടക്കാനും അങ്ങനെയെല്ലാം ഒന്നു നടത്തിത്തരണമെന്ന് ദൈവത്തെ അറിയിക്കാമെന്ന്്. അറിച്ചാൽ ദൈവം തീർച്ചയായും എല്ലാം നടത്തിതരാതിരിക്കില്ല. ദൈവം പ്രത്യക്ഷപ്പെട്ട് കാര്യങ്ങൾ സാധിച്ചുകൊടുക്കുന്ന എത്രയെത്ര കഥകളാണ് വായിച്ചിരിക്കുന്നത്. ഇപ്രാവശ്യത്തെ ഉപപാഠപുസ്‌തകത്തിൽപോലും അത്തരത്തിലുളെളാരു കഥയുണ്ടല്ലോ.
ശലഭമോൾ നോട്ടുപുസ്‌തകത്തിൽ എല്ലാം എഴുതിയശേഷം താഴെ തന്റെ പേരെഴുതി അതിനു താഴെ ഒരു ചെറിയ പൂവിന്റെ പടം വരച്ച് അറിയുന്ന തരത്തിൽ ഒരൊപ്പും വെച്ചു. കടലാസ് നോട്ടുപുസ്‌തകത്തിൽനിന്നും ഭദ്രമായി കീറിയെടുത്ത് അമ്മ കല്ല്യാണങ്ങൾക്ക് വഹവെക്കാനായി കൊണ്ടുവെച്ചിരിക്കുന്ന കാലികവറിന്റെ ഉളളിലാക്കി ചോറുംവറ്റുകൊണ്ട് നന്നായി തുപ്പലം നനച്ച് ഒട്ടിച്ചു.
ഇനിയെല്ലാം വാസേട്ടന്റെ കയ്യിലാണ്. കാര്യങ്ങൾ പറഞ്ഞപ്പോൾ വാസേട്ടൻ പറഞ്ഞിരിക്കുന്നത് ദൈവം മറുപടി തരാതിരിക്കില്ലെന്നാണ്. ശലഭമോൾ പിറ്റെദിവസം തന്നെ കത്ത് വാസേട്ടനെ രഹസ്യമായി ഏൽപ്പിച്ചു. കത്തിനു മറുപടി വന്നാൽ ആരോടും പറയാതെ കൊണ്ടുവന്നുതരാമെന്നും ഏറ്റിട്ടുണ്ട്.
മഹാഭാഗ്യം! അല്ലാതെന്തുപറയാൻ ദിവസങ്ങളെണ്ണി കാത്തിരുന്ന ശലഭമോളെ ഞെട്ടിച്ചുകൊണ്ട് രണ്ടാംദിവസം തന്നെ വാസേട്ടൻ കത്തിനു മറുപടിയുമായി സ്ഥലത്തെത്തി.
ഒരു ചുവന്ന കവർ. ശലഭമോൾ വല്ലാതായി. വാസേട്ടൻ പറഞ്ഞുഃ
“ആരെയും കാണിക്കരുത്. വിശേഷം എന്താച്ചാ പറയണം കേട്ടോ…”
തട്ടുമോളിന്റെ ശൂന്യതയിലിരുന്ന് കത്തുവായിച്ച ശലഭമോൾ സന്തോഷംകൊണ്ട് മതിമറന്നു. ദൈവം തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുകയാണ് നാളെ ഞാൻ നിന്നെ കാണാൻ വരുന്നുണ്ടെന്ന്. പാടത്തിനറ്റത്തെ ഇഞ്ചക്കാടുകൾക്കപ്പുറത്തെ വിജനമായ ചോറക്കൂട്ടങ്ങൾക്കടുത്തു വരിക. നീ ആഗ്രഹിക്കുന്നതെന്തും ഞാൻ തരാം.
കത്ത് വീണ്ടും വീണ്ടും വായിച്ചു. തന്റെ എല്ലാ വിഷമങ്ങളും തീരാൻ പോവുകയാണെന്നാലോചിച്ചപ്പോൾ ശലഭമോൾക്കല്‌പം ഗർവ്വ് തന്നെ തോന്നാതിരുന്നില്ല. അമ്മയും ചേച്ചിയും ഞെട്ടിത്തരിക്കണം. അച്ഛമ്മ മുറുക്കാൻകറ പിടിച്ച പല്ലിളിച്ച് അന്തം വിടണം. ഇനി ദൈവത്തെ കണ്ടിട്ടെ ഇവരോടൊക്കെ കാര്യം പറയൂ.
പിറ്റെദിവസം നേരം വെളുത്തപ്പോൾ തന്നെ ശലഭമോൾ കുളിച്ചൊരുങ്ങി തയ്യാറായി. അമ്മയും ചേച്ചിയും എവിടെക്കാണെന്നു ചോദിച്ചപ്പോൾ ഒരൂട്ടം കാര്യമുണ്ടെന്ന് മാത്രം പറഞ്ഞു. അവർക്ക് ദേഷ്യം വന്നുകാണും. വരട്ടെ. അവരറിയുന്നില്ലല്ലോ താൻ ദൈവത്തെ കാണാൻ പോവുകയാണെന്ന്.
വെയിൽ പരന്നപ്പോൾ വാസേട്ടൻ പറഞ്ഞപോലെ പതുങ്ങിപ്പതുങ്ങി പാടവരമ്പിലെത്തി. ശലഭമോൾ അവിടെ കാത്തുനിൽക്കുകയായിരുന്നു. വാസേട്ടനെ കണ്ടപ്പോൾ അവൾ ഹൃദ്യമായി പുഞ്ചിരിച്ചു. നിഷ്‌കളങ്കമായ അവളുടെ പുഞ്ചിരിപോലെ കടപൊട്ട്‌ള് വന്ന നെൽച്ചെടികളിൽ ഇളംകാറ്റ് നൃത്തം വെക്കുന്നുണ്ടായിരുന്നു.
അയാൾ അവളുടെ കൈകൾ ചേർത്തുപിടിച്ചു.
“പോരണത് ആരും കണ്ടിട്ടില്ലല്ലോ?”
“സത്യം”
“അതുമതി”
“വാ നടക്ക്.”
അയാളുടെ മർജ്ജാരമൗനത്തിന്റെ തണൽപറ്റി അവൾ വേഗം നടന്നു. അയാൾ അവളെയുംകൊണ്ട് ചോറക്കാടുകളുടെ വന്യതയിലേക്ക് ചൂഴ്‌ന്നിറങ്ങി. നോക്കെത്താ ദൂരത്തേക്ക്. നോവിന്റെ ഏങ്ങലടികൾ പോലും പ്രതിധ്വനിക്കാത്തൊരിടത്തേക്ക്…
Generated from archived content: story1_aug10_05.html Author: chandrasekhar-narayan