മുത്താര് വക്കീൽ കുടുംബകോടതിയിൽ നിന്നും കേസുകഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ഗുമസ്‌തൻ കിട്ട്വാര് കയറുപൊട്ടിയതുപോലെ ഒരു പൊതിയുമായി പെടഞ്ഞ് വരുന്നുണ്ട്.
ഇയാള് അമ്മാത്തേക്ക് വരുന്ന പോല്യാണല്ലോ കോടതീക്ക്‌ള്ള വരവും! കിട്ട്വാര് അടുത്തെത്തിയപ്പോൾ മൂത്താര് ഒന്നിരുത്തിമൂളി; “ ങ് ഉം ഉം…?”
“ച്ചിരി സന്തോഷമാണ്. മ്മ്‌ടെ ഇന്നലെത്തെ ഒരു കേസില് ജപ്‌തി പട്ടിക അനുവദിച്ച് തന്നേന്….”
“എന്തോന്ന് സന്തോഷം ?”
“ച്ചിരിപശ, രണ്ടുണ്ട നൂല്, പേപ്പറ്, കപ്പലണ്ടിമുട്ടായി, സരളമേഡത്തിന് സ്ലൈഡ്. ഓഫീസിലിപ്പോ കാശ് വാങ്ങല് തല്‌ക്കാലം നിറ്‌ത്തിരിക്ക്യാണത്രെ.”
“ഏമ്പ്യൻ!! എന്നാ രണ്ട് അടിപ്പാവാടേം കൂടി എടുത്തുകൊണ്ട് കൊടുക്കാർന്നു.”
“കൊടുക്കാർന്നു…..”
“പിന്നെന്തുപറ്റി?”
“കാശ്……….”
“ചവ്‌ട്ടും ഞാൻ!! പോടോ മുമ്പീന്ന്” അതും പറഞ്ഞത് വരാന്തയിലേക്കിറങ്ങിയപ്പോഴാണ് കോണിപ്പടിയുടെ അരികെ തിയ്യാടികെടന്ന് പരുങ്ങുന്ന കണ്ടത്.
“ടോാാാ, തിയ്യാടി”. മൂത്താര്‌ടെ വിളികേട്ടപ്പോൾ തിയ്യാടി തിരിഞ്ഞുനോക്കി.
“ആര് മൂത്താര് വക്കീലോ!, സ്വാമിയെ ശരണമയ്യപ്പാ! തേട്യെവള്ളിതന്നെ കാല്യെചുറ്റി.”
“താൻ ഡൈവോഴ്‌സിനു ശേഷം സന്യസിക്കാൻ പുവ്വാണെന്നു പറഞ്ഞ് പോയതാണല്ലോ! പിന്ന്യേം വല്ലേനിം പിടിച്ച് കെട്ട്യൊ?”
“പതുക്കെപറ വക്കീലേ. നമുക്കിങ്കട് മാറി നിന്ന് സംസാരിക്കാം”.
തിയ്യാടി കക്ഷത്തുകരുതിയിരുന്ന കറുത്ത ബാഗിൽ നിന്നും ഒരു ത്രിവർണ്ണ നോട്ടീസെടുത്ത് വക്കീലിനു കൊടുത്തു.
“ഇതൊന്ന് നോക്കിയേര്.”
“എന്തോന്ന്?”
“പുതിയൊരു സംരഭാണ്. ഞാൻ വക്കീലിനെ കാണാനായി അങ്ങോട്ട് വരാനിരിക്ക്യായ്‌രുന്നു.”
മൂത്താര് നോട്ടീസ് നിവർത്തി.
തിയ്യാടീസ് റീമാരേജ് ബ്യൂറോ. കുടുംബകോടതിക്ക് മുൻവശം. ഓഫീസ് സമയം രാവിലെ പത്തുമണിമുതൽ വൈകിട്ട് ആറുമണിവരെ. പ്രൊപ്രൈറ്റർ. ബഹു. ശ്രീമത് കല്ല്യാണരാമ തിയ്യാടി. ബി.എ. ഓണേഴ്‌സ് മദ്രാസ് സർവ്വകലാശാല.
പ്രിയ ഭാര്യഭർത്താക്കന്മാരെ, കുടുംബ കോടതിയിലെ വിവാഹമോചനം ഒരിക്കലും നിങ്ങളുടെ വൈവാഹിക ജീവിതത്തിന് ഒരന്തിമവിധിയല്ല. നിങ്ങളുടെ വിധി തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. അതുകൊണ്ട് ഒരു വിവാഹമോചനഹർജി ഒരിക്കലും നിങ്ങളുടെ വൈവാഹിക ജീവിതത്തിന്റെ ആനന്ദാനുഭൂതികൾക്ക് തടസ്സമായിക്കൂടാ. വരൂ, നിങ്ങൾക്ക് അനുയോച്യമായ ഭാര്യയേയും ഭർത്താവിനേയും വീണ്ടും തിരഞ്ഞെടുക്കാൻ തിയ്യാടീസ് റീമാറേജ് ബ്യൂറോവിന്റെ മെഗാഷോ. ആയിരക്കണക്കിന് തന്റേതല്ലാത്ത കാരണംകൊണ്ട് ഡൈവേഴ്‌സായ ഭാര്യാഭർത്താക്കന്മാരുടെ പൂർണ്ണമായ വിവരങ്ങളും, ബഹുവർണ്ണ ചിത്രങ്ങളും. കുട്ടികളെ അടക്കം വേണ്ടവർക്ക് പ്രത്യേക സംവിധാനം. നിയമപരമായ പൂർണ്ണ പിന്തുണ. നൂറുശതമാനം വിശ്വസിക്കാം. രജിസ്‌ട്രേഷൻ ഫീവെറും 1500&-ക. കുട്ടികൾ ഉള്ളവർക്ക് 2000&-ക. നേരിട്ടും ഏജൻസികൾ മുഖാന്തിരവും രജിസ്‌റ്റർ ചെയ്യാം. വിവാഹം നടന്നാൽ യാതൊരു കമ്മീഷനും നൽകേണ്ടതില്ല. സർവ്വീസ് ചാർജ്ജ് മാത്രം ഈടാക്കുന്നു.
നോട്ടീസ് വായിച്ചു കഴിഞ്ഞപ്പോൾ മൂത്താര് ഒരു ദീർഘനിശ്വാസം വിട്ടു. ഇത്രോം കാലത്തിനിടയ്‌ക്ക് കോടതീല് ഒരുപാട് കള്ളന്മാരെ കണ്ടട്ട്‌ണ്ട്. പക്ഷേ ഇമ്മാതിരിയൊര് മൊതലിനെ ഇതാദ്യമായിട്ടാണ്. കോടതിയെ മൊത്തം വിഴുങ്ങും. ലവന്റെ ഒര് കല്ല്യാണരാമരോമ താടി! ഒണക്കകിൽറ്റ് ജുബ്ബേം, കസവുമുണ്ടും, ചന്ദനക്കുറീം, ചെവീലൊര് ചെമ്പരത്തിപൂവിന്റെ കുറവ് മാത്രേ ഇനിള്ളൂ.
“എങ്ങനീണ്ട് വക്കീലെ എന്റെ പുതിയ പരിപാടി?”
“ബാഹു – കേമാന്ന്…..”
“ന്ന്……..?
”ഞാൻ പറയാതിരുക്കോടൊതീ -യ്യാടി?“
”തന്നെ? തന്നെ?“
”നോട്ടീസിൽ ഒരു കാര്യംകൂടെ ചേർക്കാമായിരുന്നു.“
”അതെന്തോന്നാ വക്കീലേ?“
”കപ്പിൾസ് ഫ്രെണ്ട്‌ലി റീമാരേജ് ബ്യൂറോദി ഫസ്‌റ്റ് അറ്റംപ്‌റ്റ് ഇൻ വേൾഡ് ഏന്റ് റെക്കഗ് നൈസ്‌ഡ് ബൈ ഫാമിലി കോർട്ട് ഓഫ് ഇന്ത്യ.“
”െൻമ്മോ‘ കലക്കൻ വാചകങ്ങൾ !! നോട്ടീസ് അടിക്കുന്നതിനുമുമ്പ് വക്കീലിനെ കാണണംന്നു വിചാരിച്ചതാ നടന്നില്ല. എല്ലാം പെട്ടെന്നായിപോയി. എന്തായാലും അടുത്ത നോട്ടീസിനുമുമ്പ് വക്കീലിനെ കൾസൾട്ട് ചെയ്‌തിട്ടെ നോട്ടീസടിക്കൂ.“
”വേണമെങ്കിൽ തന്റെ പടോംകൂടി വെയ്‌ക്കാം ഹെ.“
അതുകൂടികേട്ടതോടെ തിയ്യാടി ഒന്ന് വിനയാന്വതനായി.
”അത് വേണോ വക്കീലേ?“
”ഇരുന്നോട്ടേന്ന്…………….
“ഓ അങ്ങനെ……”
“ഇപ്പോ തന്റെ ഡൈവേഴ്‌സ്‌ഡ് വൈഫ് പത്മലാക്ഷി എന്തുപറയുന്നു?”
“ഓള് പൊറത്തോ?”
“ആണ് കേരളത്തിന്റെ അന്നത്തെ ജാരന്റെ കൂടെ സ്‌ഥലം വിട്ടു.”
“അങ്ങനെ ! താൻ സന്യസിക്കാൻ പോയിട്ട് എന്തായി?”
“ഒര് മാസത്തോളം സന്യസിച്ചു. അപ്പഴാ മനസ്സിലായത്. അത് നമ്‌ക്ക് പറ്റണ പണ്യെന്ന്വയല്ല വക്കീലെ. പിന്നെ വല്ല സന്ന്യാസിനിമാരൊക്കെള്ള ആശ്രമാണെങ്കില് ഒര് രസോക്കെണ്ട്. ഇത് പൂഡകൊഴിഞ്ഞ കൊറെ വയസമ്മാരാ. കുളീം ജപോം പ്രാർത്ഥനാന്നും പറഞ്ഞ്….. ചെന്നു പെട്ട സ്‌ഥലം ശര്യായില്ല. പിന്നെ സ്വന്തമായിട്ടൊരു ആശ്രമം തൊടങ്ങാന്നൊക്കെ പ്ലേനിട്ടു. അപ്പഴാ ഇങ്ങനൊരാശയം വന്നു വീണത്. സംഗതി കൊഴപ്പല്ല്യാ ഇവ്‌ട്യായോണ്ട് നല്ല പോളിങ്ങാ. അടുത്ത പരിപാടി ജില്ലാ അടിസ്ഥാനത്തില് എല്ലാ ഫേമിലികോടതികള്‌ടേം മുമ്പിന് ഇമ്മാതിരി തൊടങ്ങനാ”
“ഭേഷ്! ഭേഷ്! ”
“പരമാവതി നമുക്കാവണ സഹായങ്ങള് ജനങ്ങൾക്ക് ചെയ്യാ. എന്താ വക്കീലേ അതാ എന്റെ പോളിസി. പരോപകാരം പരമാനന്ദം.?
ഇതുകേട്ടപ്പോൾ മുത്താര്‌ക്ക് ഓർമ്മവന്നത് കുഞ്ചൻ നമ്പ്യാര്‌ടെ നാലുവരികളാ.
’രാജ്യകാര്യങ്ങളിൽ ശ്രദ്ധിക്കയെന്നൊരു
വ്യാജം നടിച്ച് സമസ്‌തജനങ്ങളെ
തേജോവധം ചെയ്‌ത് വിത്തമാർജ്ജിച്ചുകൊ-
ണ്ടാ ജീവനാന്തം സുഖിക്കുന്നിതു ചിലർ,.
എന്തോ ഓർത്തുകൊണ്ടുള്ള മുത്താര്‌ടെ നില്‌പ്‌കണ്ടപ്പോൾ തിയ്യാടിക്ക് ഇക്ഷബോധിച്ചു. താൻ പറഞ്ഞതെല്ലാം വക്കീലിന് അരക്ഷരം പ്രതി ഏറ്റിരിക്കയാണ്.
”വക്കീലേ, ഞാൻ വൈകീട്ട് ഓഫീസിലോട്ടൊന്ന് വര്‌ണ്‌ണ്ട്?“
”എന്താവോ?“
”ഓഫീസില് ഇതുവരെ വന്ന ഡൈവേഴ്‌സ് കേസുകളുടെ അഡ്രസ്സുകളൊന്ന് തരണം. ഓരോ നോട്ടീസ് അയച്ചുകൊടുക്കാനാ. അറ്യേണ വക്കീല്‌മാരോടൊക്കെ പറഞ്ഞട്ട്‌ണ്ട് അഡ്രസ്സില് ഏതെങ്കിലും വിവാഹം നടന്നാ ട്വന്റി – ട്വന്റി. തിയ്യാടി പറഞ്ഞവാക്ക് വാക്കാ. പിന്നെ…..“
”പിന്നെ?“
”വക്കീലിന്റെ പേരോന്ന് ഞാൻ അടുത്ത നോട്ടീസിൽ വെച്ചോട്ടെ. ഞങ്ങളുടെ ലീഗൽ അഡ്വൈസൽ.“
”അപ്പോ താൻ അറിഞ്ഞില്ലേഹെ?“
”എന്തോന്ന് വക്കീലേ?“
”മാരേജ ്‌ബ്യൂറോകളിൽ ലീഗൽ അഡ്വൈസർമാരെ വെക്കാൻ പാടില്ലാന്ന് ബൂട്ടാൻ ഹൈക്കോടതി പറഞ്ഞത്.“
”അങ്ങനേം പറഞ്ഞോ?“
ഇല്ലടോ തിയ്യാ-ടി! എന്റെ കുടുംബകൂടി കൊളം കോരീട്ടുവേണം തനിക്ക്…… അല്ലാ, ഇയ്യാൾക്കെവിടുന്നാണാവോ ഈ ബി.എ.ഓണേഴ്‌സ് കിട്ടീത്? ഏഴാം ക്ലാസ്സാണെന്നാണല്ലോ കേൾവി. ചോദിക്കന്നെ!
”തിയ്യാടിക്കെവ്‌ട്‌ന്നാവോ ഈ ബി.എ.ഓണേഴ്‌സ്……..?“
”ഒരു ഗമ്മിനുവേണ്ടി വെച്ചിട്ടുള്ളതാ വക്കീലേ. ഇതൊക്കെ ഇപ്പോ ആരന്വേഷിക്കാനാ?“
അപ്പോപെട്വാണെങ്കിൽ ഒരായുസ്സിന് കോതമ്പുണ്ട തിന്നാനുള്ള വകുപ്പുകളുമായിട്ടാണ് ഇഷ്‌ടന്റെ രംഗപ്രവേശം. വിജയീഭവഃ
”അപ്പോപിന്നെ കാണാം തിയ്യാടീ“ ന്നു പറഞ്ഞത് പുറത്തേക്കിറങ്ങാൻ നിക്കുമ്പോഴാണ് കിട്ട്വാര്‌ടെ വീണ്ടും ഒരു പൊതിയുമായിട്ടുള്ള വരവ്.
ഇയാൾക്കിതെന്തിന്റെ അസ്‌കിത്യാ? ഒര് പെറ്റീഷൻ എഴുതാൻ പറഞ്ഞാ നേരല്ല്യാ.
കിട്ട്വാര് വന്നോണം വന്ന് പൊതി തിയ്യാട്യെ ഏൽപ്പിച്ചു.
”ഡൈവോഴ്‌സ് കഴിഞ്ഞവര്‌ടെ അഡ്രസ്സുകളാണ്.“
”അത് ശരി !!“ മുത്താര് കിട്ട്വാരെ അരികിലേക്ക് വിളിച്ചു. ” ഇവ്‌ടെകൂടിക്കോ. അപ്പോ കോതമ്പുണ്ട തിന്നുമ്പോ ഒരുമിച്ച് തിന്നാം. കേട്ട്യോടോ കിട്ട്വ – രെ?
“കോതമ്പുണ്ട്യോ?!
” അല്ല. നെയ്യുണ്ട! അതാണല്ലോ ജയില്‌ല് മൂന്നുനേരം വിതരണം“
”ചതിച്ചോ!“
കിട്ട്വാര് തറേല് ഇരുന്നുപോയി. വക്കീല് പറഞ്ഞാ പറഞ്ഞതാ.
Generated from archived content: mootharu9.html Author: chandrasekhar-narayan
Click this button or press Ctrl+G to toggle between Malayalam and English