തൃലോചനപുരാണം ബാലെ

“പബ്ലിക്‌ പ്രോസിക്യൂട്ടറുമാരെ നിയമിക്കുന്നു. യോഗ്യത, മൂന്നുവർഷം ബാറിൽ എക്‌സ്‌പീരിയൻസ്‌. ശെടാ!! ഇതെന്തൊരു ഗ്രേപ്പഴ!? ബാറിൽ എക്‌സ്‌പീരിയൻസോ? ഇതൊന്താ ഇങ്ങനെ പത്രത്തില്‌?”

“എങ്ങനേന്ന്‌………………?”

“ബാറിലെ എക്‌സ്‌ പീരിയൻസെ?”

“എന്റെ തൃലോചനം, അത്‌ നീയ്യുദ്ദേശ്ശിക്കുന്ന തരത്തിലുള്ള ബാറല്ല. വക്കീലന്മാരുടെ ബാർ കൗൺസിലാ.”

“അത്യോ?! എന്നാ അങ്ങനെ എഴുതണ്ടെ? ഇതാളുകള്‌ ഒര്‌മാതിരി തെറ്റിധരിച്ച്‌ പോവില്ലേ?”

“​‍്‌അതയിന്‌ നിങ്ങളെ ഉദ്ദേശ്ശിച്ചുള്ള പരസ്യല്ല.”

“ആരെ ഉദ്ദേശ്ശിച്ചുള്ളതാണെന്ന്‌ എനിയ്‌ക്ക്‌ മനസ്സിലായി.”

“തൃ-ലോ-ച-നം!!”

“എന്തോന്നാ പറേമ്പൊത്ര ചൊണ? ആ, ആട്ടക്കാരി വക്കീല്‌ അന്വേഷിച്ചു വന്നപ്പഴെ എനിയ്‌ക്കു തോന്നി.”

“പത്‌ക്കെ! അവര്‌ കേക്കും”

“എന്താ കേട്ടാ?”

“ഓ!! നിന്റെ സൗന്ദര്യബോധം എന്തിനാ തുലോചനം ഈ രാവിലെതന്നെ ഇങ്ങനെ കൊട്ടിഘോഷിക്കണെ?”

സൗന്ദര്യത്തെക്കുറിച്ച്‌ കേട്ടതും തൃലോചനാമ്മ പന്തംകണ്ടപെരിച്ചാഴിയെപോലെ മിഴിച്ച്‌ നോക്കാൻ തുടങ്ങി. ഇതിയാൻ എന്താ ഉദ്ദേശ്ശിച്ചതെന്ന്‌ അത്രങ്ങട്‌ മനസ്സിലായൂല്ല്യാ! എന്നാലും പറഞ്ഞതിലെന്തോ ഉണ്ടെന്നു തോന്നിയപ്പോൾ തൃലോചനാമ്മ ഒന്ന്‌ തണുത്തു.

“എന്തോന്നാ ഈ സൗന്ദര്യത്തെക്കുറിച്ചിപ്പോ പറഞ്ഞേ?”

എടീ ഭയങ്കരീ!! അതു നിനക്കേറ്റല്ലേ? കുടുംബം കലക്കി. മൂത്താര്‌ പല്ലിറുമി.

“പിറ്‌ പിറ്‌ക്കാതെ കാര്യം പറ മനുഷ്യാ.”

“എടിയേ, ഇപ്പോ ആരാ നിങ്ങടെ വിമൺസ്‌ ക്ലബ്ബിലെ പ്രസിഡന്റ്‌?”

“അതിലെന്തോന്നാ ഇത്ര സംശയം? ഈ ഞാൻ തന്നെ. സാക്ഷാൽ കൊറ്റന്നൂർ കോവിലകത്തെ ഇളയവർമ്മ തമ്പുരാന്റെ ചെറുമകൾ ശ്രീമതി തൃലോചനം.”

“ആണല്ലോ!? ഒരു വിമൺസ്‌ ക്ലബ്ബിന്റെ പ്രസിഡന്റ്‌ന്നൊക്കെ പറഞ്ഞാ കൊറച്ച്‌ സൗന്ദര്യബോധോക്കെവേണം.”

“അപ്പോ എനിയ്‌ക്കിത്‌ രണ്ടും ഇല്ല്യാന്നാണല്ലേ പറഞ്ഞുവരണത്‌. നിങ്ങള്‌ വാല്‌ പൊക്കിപ്പെഴെ എനിയ്‌ക്ക്‌ മനസ്സിലായി.”

“ഛെ!! എന്റ തൃലോചനം നിനക്ക്‌ സൗന്ദര്യല്ല്യാന്ന്‌ എപ്പോഴെങ്കിലും ഞാൻ പറഞ്ഞട്ട്‌ണ്ടോ? ഞാനങ്ങനെ പറയുന്ന്‌ തോന്നണുണ്ടോ നെനക്ക്‌? ഇപ്പഴും എന്റെ തൃലോചനത്തെ കണ്ടാ മൂന്ന്‌ പെറ്റതാണെന്നുപോലും ആരും പറയില്ല. ഇന്നാള്‌ ഇവ്‌ടെവന്ന ഒരു കക്ഷി ചോദിക്ക്യ സാറിന്റെ ഭാര്യ ഇത്ര ചെറുപ്പാണോന്ന്‌?”

“ഈശ്വരാ!! അങ്ങനെ ചോദിച്ചോ?”

“പിന്നല്ലാതെ.”

“ഞാൻ തെറ്റിധരിച്ചുപോയി.”

“അതാ നെന്റെ കൊഴപ്പം. പ്രത്യേകിച്ചും വിമൺസ്‌ ക്ലബ്ബുപോലെ പ്രശസ്‌തമായ ഒരു ഇൻസറ്റിറ്റ്യൂഷന്റെ പ്രസിഡന്റു സ്‌ഥാനം വഹിച്ചിരിക്കുന്ന ഒരാളെന്നൊക്കെ പറഞ്ഞാ ഒര്‌ സൗന്ദര്യബോധം വേണന്നെ ഞാനുദ്ദേശിച്ചുള്ളൂ. കാരണന്താ? കൊറച്ചു മുമ്പ്‌ എന്നെ അന്വേഷിച്ചുവന്ന ആ ലേഡീ വക്കീല്‌ രഹസ്യായിട്ട്‌ എന്നോട്‌ ചോദിക്ക്വാ, ‘വക്കീലിന്റെ മിസീസ്‌ വളരെ അറിയപ്പെടണ ഒരാളാണല്ലേന്ന്‌. അവര്‌ പത്രത്തിലൊക്കെ നിന്റെ ഫോട്ടോ കണ്ടിരിക്കണു.”

“ഭഗവാനെ എന്നിട്ടാണോ അവരെ ഞാൻ കുറ്റപ്പെടുത്തീത്‌! ച്ചെ!! ഒരു ഗ്ലാസ്സ്‌ പച്ചവെള്ളം പോലും കൊടുത്തില്ല്യാ. എന്താ എന്നോടപ്പോ ഇതൊന്നും പറയാഞ്ഞെ?”

“പറയാനായുമ്പോഴേയ്‌ക്കല്ലെ നീ ചാടീത്‌”.

“മോശായിപോയല്ലേ.?”

“പിന്നല്ലാതെ. അതാണ്‌ ഞാൻ പറഞ്ഞെ ഒരു സൗന്ദര്യബോധോക്കെ വേണന്ന്‌.”

“ചെലപ്പൊ ഞാനാങ്ങന്യാ. ഒര്‌ ബോധോണ്ടാവില്ല്യാ.”

“അത്‌ ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ തൃലോചനം. ദിവസോം തലേല്‌ നെല്ലിക്കാതളം വെച്ചാമതി.”

“അത്‌ ഭ്രാന്തിന്‌ള്ള ചികിത്‌സ്യല്ലേ?”

“അതാര്‌ പറഞ്ഞു.”

“കിഴക്കേലെ ജാനകി.”

“അവരങ്ങനെ പറഞ്ഞോ? അത്‌ പറയാൻ വഴില്ലല്ലോ! അവർക്ക്‌ മുഴുവട്ടായോണ്ട്‌ പറയുന്നതാ. അവരുദ്ദേശ്ശിച്ചത്‌ ചിലപ്പോ നെല്ലിക്കേടെ കൂർവാവും. നെല്ലിക്കേടെ കുരു കളഞ്ഞിട്ടെ തളം വെക്കാവൂ. അല്ലെങ്കിൽ സ്‌ത്രീകളുടെ സൗന്ദര്യം നഷ്‌ടപ്പെടും.”

“ എന്നാ എനിയ്‌ക്കതൊന്ന്‌ പരീക്ഷിക്കണം.”

“ആരും അറിയണ്ടാട്ടാ.”

“അതെന്താ?”

“നിങ്ങളെ വിമൺസ്‌ ക്ലബ്ബിലെ മെമ്പർമാരെങ്ങാനു മറിഞ്ഞാ ഒക്കേം കൂട്ടത്തോടെ ചെയ്യാൻ തൊടങ്ങും. എല്ലാം ഒരെ ലെവലിലെത്ത്യാ പിന്നെ നീ പ്രസിഡന്റാവ്വോ എന്റെ തൃലോചനം? അതോണ്ട്‌ നന്മള്‌ ചെയ്യണതൊന്നും മറ്റുള്ളോര്‌ അറിയരുത്‌. ഇതൊക്കെ എന്റെ ഒരു കക്ഷിപറഞ്ഞുതന്നതാ. പുള്ളിക്കാരൻ ഉട്ട്യോപ്പ്യേലെ ഡോക്‌ടറാ. നീ ചെലപ്പോ കേട്ടുകാണും, ഡോക്‌ടർ ഉറാങ്ങുട്ടാൻ.”

“എവ്‌ടെയോ കേട്ടട്ട്‌ണ്ട്‌.”

“അതാ ഞാൻ പറഞ്ഞെ. നീ സമാധാനായി പോയി നെല്ലിക്കാ വാങ്ങാനുള്ള ഏർപ്പാട്‌ ചെയ്യ്‌. എനിയ്‌ക്ക്‌ കോടത്യെ പൂവ്വാൻ നേരായി.”

“അപ്പൊ ഞാൻ വിചാരിച്ച പോല്യല്ലാ.”

“ആര്‌?”

“അവ്‌ട്‌ന്ന്‌…….” തൃലോചനം നാണം കൊണ്ട്‌ ഒന്ന്‌ തുടുത്തു. ? എന്നോട്‌ ഇഷ്‌ടാണല്ലേ?“

”ഇപ്പോഴെങ്കിലും നിനക്കത്‌ മനസ്സിലായല്ലോ തൃലോചനം.“

”അതേയ്യ്‌……“

”പറ……..“

”ഇന്ന്‌ നേരത്തെ വരണം. ഞാൻ കാത്തിരിക്കും. തിരുവാതിര്യല്ലേ?“

”ൻഘേ!!“ ശംഭോമഹാദേവാ!! രക്ഷിക്കണേ. ഇത്രേം ഓർത്തില്ല്യായിരുന്നു. മുത്താര്‌ പെടഞ്ഞ്‌ പുറത്തേക്കിറങ്ങി.

Generated from archived content: mootharu13.html Author: chandrasekhar-narayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here