അരുത് സാർ, ഇങ്ങനെയുളെളാരു നിസ്സഹകരണ മനോഭാവം തീരെ ശരിയല്ല. ഞാനാണെങ്കിലിതാ കാര്യങ്ങളങ്ങ് പറഞ്ഞു തുടങ്ങിയതല്ലേ ഉളളൂ. അപ്പോഴേക്കും നിങ്ങളുടെ മുഖത്ത് വല്ലാത്തൊരു ചിരി ആവരണമിടുകയായി. പറയുന്നതൊന്നും തീരെ വിശ്വസിക്കാൻ കൊളളില്ലെന്ന നിലപാട്. ഹോ! നശിച്ചൊരു കാലം. വന്നു വന്ന് ആരും ഒന്നും വിശ്വസിക്കാതായിരിക്കുന്നു. ഇതിൽ ആരെയും കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. അങ്ങനെയൊക്കെയാണല്ലോ കാലത്തിന്റെയും ലോകത്തിന്റെയും ഒരു പോക്ക്. പക്ഷേ വിശ്വാസമാണ് സർ പ്രശ്‌നം. വിശ്വസിക്കുന്നവരെ മാത്രം ഈയൊരു പദ്ധതിയിലേക്ക് സ്വാഗതം ചെയ്‌താൽ മതി എന്ന് ഞങ്ങളുടെ വണ്ടർ വേൾഡ് എന്ന കമ്പനിക്ക് നിർബന്ധമുണ്ട്.
ഇതാ നോക്കൂ, ഞാനെന്തിനാണിപ്പോൾ ഇങ്ങനെയുളെളാരു സായാഹ്‌നം തന്നെ കണ്ടെത്തി നിങ്ങളുടെ അരികിലെത്തിയിരിക്കുന്നത്? എനിക്കറിയാം നിങ്ങൾ വല്ലപ്പോഴും ജീവിതത്തെക്കുറിച്ചും വരുംകാലത്തെപ്പറ്റിയുമൊക്കെ ചിന്തിക്കുന്നത് ഇത്തരം വൈകുന്നേരങ്ങളിൽ ഇവിടെ ഒറ്റയ്‌ക്കിരുന്നു കൊണ്ടാണെന്ന്. പകൽ നേരം ഓഫീസ് ജീവിതത്തിന്റെ തിക്കുമുട്ടിലങ്ങനെ കഴിയുമ്പോൾ ജീവിത വിചാരങ്ങൾക്കൊക്കെ എവിടെ നേരം സർ! പക്ഷേ ഞങ്ങൾ ലക്ഷ്യമിടുന്നവരുടെ ജീവിതത്തിലേക്കും മനസ്സിലേക്കും കേറിച്ചെല്ലാൻ പറ്റുന്ന സമയകാലങ്ങൾ കണ്ടെത്തുക, ഒളിച്ചുകളിയില്ലാതെ വസ്‌തുതകൾ അവതരിപ്പിക്കുക, സംഗതികൾ ശരിക്കും ബോധ്യപ്പെടുത്തി അവരെ ഞങ്ങളുടെ സ്‌കീമിലേക്ക് കൊണ്ടുവരിക, ഇതൊക്കെ വണ്ടർ വേൾഡിന്റെ ശാഠ്യം തന്നെയാണ് സാർ.
അതേ സാർ, എന്തെന്ത് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് ഇക്കാലത്ത് ഓരോ ആളും ജീവിക്കുന്നത്. സുഖവും സമാധാനവും പലരും ആഗ്രഹിക്കുന്നുവെങ്കിലും എങ്ങനെ അതെല്ലാം ലഭിക്കും. നിങ്ങളുടെ അവസ്ഥ തന്നെ ആലോചിക്ക്. നല്ലൊരു ജോലി, തരക്കേടില്ലാത്ത ശമ്പളം, ഭാര്യയ്‌ക്കും ഉദ്യോഗം. ആൺമക്കൾ രണ്ടുപേരും ഉന്നത ബിരുദത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്നവർ. ചുറ്റുപാടുമുളളവരുടെ കാഴ്‌ചപ്പാടിൽ ജീവിതം സുന്ദരം, ഐശ്വര്യപ്രദം. പക്ഷേ ഇതിലെത്ര ശരിയുണ്ട്? ഇന്നലെയും ഇന്നുമെല്ലാം നിങ്ങൾ വീട്ടിൽ നിന്നും ഓഫീസിലേക്ക് പുറപ്പെട്ടത് സന്തോഷത്തോടെ തന്നെയോ? ഒരിക്കലും ആയിരിക്കണമെന്നില്ല. ഒന്നുകിൽ സ്വന്തം ഈഗോയുമായി കഴിയുന്ന മിസിസ്സുമായി അല്ലെങ്കിൽ കുട്ടികളുമായി നിസ്സാരമെന്നു തോന്നുന്ന, അതല്ലെങ്കിൽ വലിയ ചില കാര്യങ്ങളെ പ്രതി കലഹിച്ചുകൊണ്ടല്ലെ നിങ്ങൾ ഓഫീസിലേക്കിറങ്ങിയത്? എന്താ സർ പതുക്കെ ഒന്നു ഞെട്ടുന്നത്! ഉവ്വ്, നിങ്ങളുടെ മുഖം വിളറുന്നുമുണ്ട്. അകമ്പടിയായി വല്ലാത്തൊരു നിശ്വാസവും. അപ്പോൾ ഞാൻ പറയുന്നത് ശരിയാകാനേ സാധ്യതയുളളൂ. ആയിരിക്കും, അങ്ങനെയൊക്കെയാണല്ലോ സംഗതികളുടെ കുഴഞ്ഞുമറിഞ്ഞുളള കിടപ്പ്. എങ്കിൽ ഈ അൻപതാം വയസ്സിൽ എല്ലാ സ്വാസ്ഥ്യവും തകർന്നങ്ങനെ ജീവിക്കുന്ന ഒരാൾ നിങ്ങൾ. എന്തേ സത്യം തന്നെ അല്ലേ?
കേൾക്കണോ സാർ, ഇന്നലെ ഞങ്ങളുടെ കമ്പനിയുടെ പുതിയ സ്‌കീമിലേക്ക് ഒരു സ്‌ത്രീ സ്വന്തം ഇഷ്‌ടപ്രകാരം കടന്നുവന്നിരുന്നു. ഈ നഗരത്തിൽ നിന്നും ഞങ്ങളുടെ പദ്ധതിയിലേക്ക് പ്രവേശിച്ച ആദ്യത്തെ വനിതയാണ് അവരെന്നോർക്കണം. ആരോടും, സ്വന്തം ഭർത്താവിനോടു പോലും അന്വേഷിക്കാതെയായിരുന്നു അവർ ഞങ്ങളുടെ പദ്ധതിയിൽ പ്രവേശനം നേടിയത്.
അവരാണെങ്കിൽ നാല്‌പത്തിയഞ്ചു വയസ്സുകാരിയായ ഒരു കോളജ് അദ്ധ്യാപിക. നാല്‌പത്തിയഞ്ചാം വയസ്സിലും സുന്ദരി. ആരും കേറി പ്രേമിച്ചു പോകും അവരെ. രണ്ടു കുട്ടികളുടെ അതും യുവാക്കളുടെ അമ്മയാണ് അവരെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. പറയാൻ ബുദ്ധിമുട്ടുണ്ട്, എന്നാലും നിങ്ങളോടായതുകൊണ്ട് പറയുകയാണ്. മറ്റൊന്നുമല്ല സർ ഞാനിന്നലെ ചെല്ലുമ്പോൾ അവർ വീട്ടിലെ സ്വകാര്യതയിൽ കമ്പ്യൂട്ടർ സ്‌ക്രീനിലായി-ഹോ, കോരിത്തരിച്ചു പോകും-ചില വല്ലാത്ത നേരമ്പോക്കുകളങ്ങനെ കാണുകയായിരുന്നു. എന്നെ കണ്ടിട്ടും അവർ ചിത്രകാഴ്‌ചകൾ നിർത്തിയില്ല എന്നത് എന്നെ ഞെട്ടിച്ചൊന്നുമില്ല. അല്ലെങ്കിലും ഇതിലെന്ത് അതിശയമിരിക്കുന്നു. ഇക്കാലത്തിനിടയിൽ ആണിന്റേതും പെണ്ണിന്റേതുമായി ഞാനിതെത്ര ജീവിതം കണ്ടു.
അതുപോട്ടെ, അവരുടെ അനുവാദമില്ലാതെ തന്നെ ഞാൻ എന്റെ പദ്ധതിയുടെ വിശദീകരണത്തിലേക്ക് കടന്നെന്നു പറഞ്ഞാൽ മതിയല്ലോ. നിശബ്‌ദയായി കുറേ നേരം എല്ലാം കേട്ടിരിക്കുകയായിരുന്നു അവർ. പൊടുന്നനെ ഞാൻ പോലും പ്രതീക്ഷിക്കാത്ത ഒരു സന്ദർഭത്തിൽ അവരുടെ മുഖഭാവം മാറി.
ഒരു നാല്‌പത്തിയഞ്ചുകാരിക്ക് സെക്ഷ്വലായിട്ടുളള വികാരങ്ങളൊന്നുമുണ്ടാകില്ലെ മിസ്‌റ്റർ? എന്നെ വിസ്‌മയപ്പെടുത്തിക്കൊണ്ടായിരുന്നു അവരുടെ ചോദ്യം വന്നത്. അതേ ക്ഷണം ഞാനങ്ങ് പതറിപ്പോയി സർ. എന്നാൽ സത്യം പറയണമല്ലോ എന്റെ മുമ്പിൽ വല്ലാത്തൊരു നിലയിൽ ഇരിക്കുകയായിരുന്ന അവരെ ഞാൻ വിസ്‌തരിച്ച് ഒരു നോട്ടം നോക്കി. ശരിയാണ് തുടർന്ന് പല അർത്ഥങ്ങളുളള ഒരു വഷളൻ ചിരിയായിരുന്നു ഞാനവർക്ക് നൽകിയത്.
നാല്‌പത്തിയഞ്ച് വയസ്സ് ഒരു വയസ്സോ മേഡം! വികാരങ്ങൾ ജ്വലിച്ചു നിൽക്കുന്നൊരു പ്രായമല്ലേ അത്. അറ്റ് ഹെർ ഫോട്ടീസ് ഷീ ഈസ് ലൈക്ക് അമേരിക്ക, ടെക്‌നിക്കലി പെർഫക്‌റ്റ് എന്നൊക്കെ കവികൾ പറയുമെങ്കിലും ഒരു നാല്‌പത്തിയഞ്ചുകാരി നെഞ്ചിൽ വഹിക്കുന്ന സമുദ്രങ്ങളെ അവരുണ്ടോ കണ്ടിരിക്കുന്നു. തന്റെ ഉളളിലേക്ക് ലോകത്തെ മുഴുവനും ആവാഹിക്കണമെന്ന് ഒരു പെണ്ണ് ആഗ്രഹിക്കുന്ന പ്രായമാ മേഡം നാൽപ്പത്തിയഞ്ച് വയസ്സ്. ഒരു ധൈര്യത്തിന് ഞാനങ്ങ് വാചാലനായി. അവരുടെ നോട്ടവും എന്തോപോലുളള ആ ഇരിപ്പുമൊക്കെ എനിക്കൊരു വല്ലാത്ത ഊർജ്ജം പകർന്നു തന്നെന്നു പറഞ്ഞാൽ അതിലൊട്ടും തെറ്റില്ല.
ഗുഡ്. നിങ്ങൾ ശരി കാണുന്നു. പക്ഷേ ഇവിടെ എന്റെ ഭർത്താവൊരാളുണ്ട്. അൻപതുകാരനായ വലിയ ഓഫീസർ. അയാൾക്കിതൊന്നും അറിയാത്തതുപോലെ. നാൽപ്പത്തിയഞ്ചുകാരി ഒരു പെണ്ണോ എന്ന നിസ്സംഗത. അയാളുടെ അവഗണന കൊണ്ടുമാത്രാ മിസ്‌റ്റർ ഞാൻ കോളജിൽ ചെറുപ്പക്കാരുമായി കമ്പനി കൂടുന്നത്. തെറ്റിദ്ധരിക്കണ്ട കമ്പനി എന്നു പറഞ്ഞാൽ ഇതുവരെ വെറും സൗഹൃദം മാത്രമായിരുന്നു. എന്നിട്ടും ഹസ്‌ബെന്റിന് സംശയം. ഇന്നും രാവിലെ വഴക്കുണ്ടാക്കിയാ ഇവിടുന്ന് ഇറങ്ങിയത്
പോട്ടെ മേഡം. ചില ആണുങ്ങളങ്ങനെയാ. കൂടെ ഉളളവരെ അവർ വേണ്ടതുപോലെ പരിഗണിക്കില്ല. എന്നാലോ വേറൊരു പെണ്ണിനെ കണ്ടാലുളള അവരുടെ ഒരു വഷളൻ നോട്ടോം നിന്നെ ഞാൻ ഇപ്പം എന്തൊക്കെയോ ചെയ്‌തു കളയുമെന്ന ഭാവോം….! പറയാൻ മടി തോന്നുന്നു മേഡം അത്തരം കാര്യങ്ങൾ.
നിങ്ങൾ പറയുന്നതെത്ര വാസ്‌തവം! കേൾക്കണോ എന്റെ പുരുഷന്റെ വിശേഷങ്ങൾ
പ്ലീസ് മേഡം. അതെല്ലാം മറന്നേക്ക്. നമുക്കീ സംസാരം ഇവിടെ നിർത്തി ഞാനവതരിപ്പിച്ച പ്രൊജക്‌ടിലേക്ക് വരാം. അവർ വീണ്ടും രഹസ്യത്തിന്റെ പല വാതിലുകളും തുറക്കുമെന്ന് കരുതി പൊടുന്നനെ ഞാൻ പറഞ്ഞു. അവർ പറയുന്ന രഹസ്യാഖ്യാനങ്ങൾ കേൾക്കാൻ കൗതുകം ഇല്ലാത്തതുകൊണ്ടായിരുന്നില്ല. എനിക്കെന്റെ വഴിയിലേക്ക് വരേണ്ടത് ആവശ്യമായിരുന്നല്ലോ. അവരാണെങ്കിൽ അപ്പോഴേക്കും ഞങ്ങളുടെ പ്രൊജക്‌ടിലേക്ക് പകുതി ദൂരം വരികയും ചെയ്‌തിരുന്നു.
അതെയതെ, അതാണല്ലോ ഞാൻ പറഞ്ഞു വരുന്നത്. നിങ്ങളുടെ പ്രൊജക്‌ട് ഇപ്പൊഴേ എന്നെ പ്രലോഭിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഈ നാൽപ്പത്തിയഞ്ചാം വയസ്സിൽ ഹസ്‌ബെന്റ് എന്നെ ഇങ്ങനെ അവഗണിക്കുകയാണെങ്കിൽ റിട്ടയേർഡിനുശേഷം എന്റെ ജീവിതം എന്തുമാത്രം തരിശായിരിക്കും. മക്കളിലെങ്ങനെ പ്രതീക്ഷ അർപ്പിക്കും. ഈശ്വരാ ജീവിതം തന്നെ അരക്ഷിതമായിരിക്കില്ലേ…?
അതുകൊണ്ടാണല്ലോ ഞങ്ങൾ ഇത്തരം ഒരു പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നത്. ഞങ്ങളുടെ കമ്പനി സ്വന്തം നേട്ടങ്ങളേക്കാൾ പ്രാധാന്യം നൽകിയിരിക്കുന്നത് ഇതിൽ ചേരുന്നവരുടെ ജീവിതത്തിനാ മേഡം.
അതേ മിസ്‌റ്റർ, എന്നെ നിങ്ങളുടെ പദ്ധതിയിൽ ചേർക്കുക. ഈ ഡീലിംഗ് നമ്മളല്ലാതെ മറ്റാരും അറിയരുത്.
അവിശ്വസനീയമായിരുന്നു സർ സംഗതികൾ. ഇത്ര നിഷ്‌പ്രയാസം ഞങ്ങളുടെ സ്‌കീമിലേക്ക് എന്റെ അനുഭവങ്ങളിൽ കടന്നു വരുന്ന ആദ്യത്തെ ഇര അവർ. അതും ഒരു സ്‌ത്രീ. ഭംഗിവാക്കല്ല. സത്യമായും ആ ഒരു സന്തോഷവുമായിട്ടാണ് ഞാനിപ്പോൾ നിങ്ങളുടെ സമീപം എത്തിയിരിക്കുന്നത്. ഹോ, ഇതെന്ത് സർ ഇങ്ങനെ മുഖം കുനിച്ചിരിക്കുന്നത്! യ്യോ, ഇപ്പോൾ മുഖം ഉയർത്തി വല്ലാത്തൊരു നിസ്സഹായതയോടെ എന്നെ നോക്കുന്നു നിങ്ങൾ. ശ്ശ്…ദാ സർ ഈ പെഗ്ഗു കൂടി അങ്ങ് പിടിപ്പിക്ക്. എന്തിനേയും നേരിടാനുളെളാരു കരളുറപ്പല്ലേ നമുക്ക് വേണ്ടത്. കേട്ട സത്യങ്ങൾ വിഹ്വലം. കേൾക്കാനിരിക്കുന്നതോ അതിവിഹ്വലം എന്നൊക്കെ നമ്മൾ ചിന്തിക്കണമല്ലോ ഇക്കാലത്ത്.
ഹുയിശ്! ഇതെന്ത് സർ എന്നിട്ടും എന്തെന്നില്ലാത്തൊരു പരവേശം. ഇത്ര ആരോഗ്യമുളള അവസ്ഥയിൽ ഒരാളിങ്ങനെ പരവേശം കാണിച്ചാലോ. വിട് സർ, ഒരു പക്ഷേ ഞാൻ നേരത്തെ പറഞ്ഞ സ്‌ത്രീ സാറിന്റെ വളരെ വേണ്ടപ്പെട്ട ആരെങ്കിലും ആയിരിക്കും. ദൈവമേ അല്ലെങ്കിൽ അവർ….? ദാ നിങ്ങൾ പിന്നെയും ഞെട്ടി. മുഖം ഒന്നുകൂടി വിളറി. അപ്പോൾ അവർ നിങ്ങളുടെ ഭാര്യ തന്നെയോ! അയ്യേ, എങ്കിൽ ഞാനെന്തൊക്കെയാ പറഞ്ഞത്. ക്ഷമിക്ക് സർ. അതേ സർ അതെല്ലാം ഒഴിവാക്ക്. ഓകെ, ഓകെ, എല്ലാം ക്ഷമിച്ചെന്ന് ആ മുഖം പറയുന്നു. ങാ… അല്ലെങ്കിലും നിങ്ങൾക്ക് അൻപത് വയസ്സായി എന്ന് ആരാ പറയുക? നിങ്ങളെ കണ്ടാൽ അറിയാമ്മേലേ തീർച്ചയായും നിങ്ങൾ നിങ്ങളുടെ മിസിസ്സിനെ ആവോളം രമിപ്പിക്കുന്നുണ്ടെന്ന്. അവർക്കും കുട്ടികൾക്കും വേണ്ടതൊക്കെ ചെയ്‌ത് കൊടുക്കുന്നുണ്ടെന്ന്. എന്നിട്ടും അവർക്ക് പരാതി. അപ്പോൾ അതിന്റെ അർത്ഥമെന്താ? അതേ സർ ചില സ്‌ത്രീകൾ അങ്ങനെയാണ്. നമ്മൾ നമ്മുടെ ഒരു ജന്മം മുഴുക്കെ അവർക്ക് നീക്കിവെച്ചാലും അവർ പരാതി പറയും. അങ്ങനെയുളളവരെ തൃപ്‌തിപ്പെടുത്താൻ ആർക്കുമൊട്ട് സാധിക്കുകയുമില്ല. ഉവ്വ്, എനിക്കും ഇക്കൂട്ടരെ പേടിയാ. എത്ര മനസ്സിലാക്കിയാലും ഇവരെ മനസ്സിലാക്കാനാവില്ല.
ങ്‌ഹാ..അതൊക്കെ ഉപേക്ഷിക്ക് സർ. ഞാൻ സൂചിപ്പിച്ച സ്‌ത്രീ ആരായാൽ നമുക്കെന്ത്? പോട്ടെ, അവർ അവരുടെ ചില വാശികളുമായി ജീവിക്കട്ടെ. അവരെയൊന്നും നന്നാക്കിയെടുക്കാൻ നമ്മൾ ഒരു ജന്മം മിനക്കെട്ടാലും സാധിക്കില്ല. ഫലം വട്ടപൂജ്യമായിരിക്കും. അതുകൊണ്ട് നിങ്ങൾ പ്രസക്തമായ വസ്‌തുതയിലേക്ക് വരിക. കൂട്ടുകാർ പ്രായോഗികമതിയാവുക. ഈ ലോകം പ്രായോഗികമതികൾക്ക് മാത്രം ഫിറ്റായിട്ട് മാറിക്കൊണ്ടിരിക്കുകയാണെന്ന് അനുസ്‌മരിക്കുക. ഹോ, ഒന്നാലോചിച്ച് നോക്ക് സാർ. അരക്ഷിതമായ അവസ്ഥയിലൂടെയല്ലെ നിങ്ങൾ കടന്നുപോകുന്നത്? എന്തെന്ത് സഹനങ്ങൾ. ഉദ്യോഗവും പദവികളുമൊക്കെ ഉളള അവസ്ഥയിൽ ജീവിതം ഇങ്ങനെയാണെങ്കിൽ ഇതൊക്കെ നഷ്‌ടപ്പെട്ട് കഴിഞ്ഞാലത്തെ നിലയോ?
നിങ്ങൾ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചാലും ഭാര്യക്ക് ഉദ്യോഗമുണ്ടാകും. അപ്പോഴേക്കും മക്കൾ പഠനം പൂർത്തികരിച്ച് ഉദ്യോഗം, വിവാഹജീവിതം തുടങ്ങിയ പ്രലോഭനങ്ങളിലേക്ക് നീങ്ങിയിട്ടുണ്ടാകും. പിന്നെ അവർക്ക് അവരുടെ ജീവിതത്തിലെ ലാഭനഷ്‌ടങ്ങൾ. ആയുസ്സിന്റെ പുസ്‌തകത്തിലെ അദ്ധ്യായ സായൂജ്യങ്ങൾ.
ഇപ്പോഴത്തെ ആരോഗ്യമെല്ലാം ക്ഷയിച്ച് ഒന്നിനും കൊളളാതെയാകുന്ന നിങ്ങളെ ആരു നോക്കും? നിങ്ങളുടെ വാക്കുകൾക്ക് വീട്ടിൽ എന്തു വിലയുണ്ടാകും. എന്റെ ദൈവമേ വെറും ദുരിതങ്ങൾ. സങ്കടക്കടൽ താണ്ടാനാവാതെ നിൽക്കുന്ന നിശ്വാസങ്ങൾ. ആർക്കൊക്കെയോ ബാധ്യതയും ശാപവും. ഇതിയാനൊന്ന് മുടിഞ്ഞുകിട്ടിയെങ്കിലെന്ന ഒളിഞ്ഞും തെളിഞ്ഞുമുളള പ്രാർത്ഥനകൾ.
ന്റെ സാറേ, കഴിഞ്ഞ ദിവസം ഞാനൊരു വീട്ടിൽ പോയിരുന്നു. ജീവിതത്തെപ്പറ്റിയുളള എന്റെ ഒട്ടുമിക്ക കാഴ്‌ചപ്പാടുകളും കീഴ്‌മേൽ മറിഞ്ഞത് അന്നാണെന്നു പറഞ്ഞാൽ അതൊരു നിലയ്‌ക്കും അവാസ്‌തമല്ല. വീട്ടിലെത്തിയ ഞാൻ ആദ്യം കണ്ടത് അടഞ്ഞു കിടക്കുന്ന വാതിലുകൾ. എന്തിനെന്നറിയാതെ എന്നിട്ടും ഞാൻ കാളിംഗ്‌ബെല്ല് പലവട്ടം അടിച്ചു. ആരും വാതിൽ തുറന്നില്ല. പിൻതിരിയാൻ തുടങ്ങുമ്പോഴല്ലെ വീടിനോടനുബന്ധമായുളള മുറിയിൽ നിന്നും എന്തോ ശബ്‌ദം കേട്ടത്. നേരിയ ജിജ്ഞാസയിൽ അങ്ങോട്ടുചെന്ന് ഒരു കിളിവാതിൽ പഴുതിലൂടെ നോക്കുമ്പോഴോ? യ്യോ! ഒരു കിഴവൻ മുറിയിൽ ബന്ധിതനെപ്പോലെ. അവിടം ആകെ വൃത്തികെട്ടത്. ദുർഗന്ധമായിരുന്നു മുറിയിൽ നിന്നും വീശി എത്തിക്കൊണ്ടിരുന്നത്. കിഴവനോ ഇളകാൻ പോലും വയ്യാതെ കട്ടിലിൽ കിടക്കുന്നു. നിസ്തബ്ധം ഞാനങ്ങനെ നിൽക്കുമ്പോൾ ഒരു കുറിയ മനുഷ്യൻ എവിടുന്നോ അരികിലെത്തി എന്നെ തൊട്ടു. ആ വീട്ടിലെ വേലക്കാരൻ. അയാളായിരുന്നു സർ ഇപ്പോൾ മുറിയിൽ നരകിച്ച് കഴിയുന്ന, മുമ്പ് പ്രതാപിയായിരുന്ന ഒരച്ഛന്റെ കഥ പരിഹാസഭരിതമായൊരു ഭാഷയിൽ എനിക്കു പറഞ്ഞു തന്നത്.
അതേ സർ, അയാളുടെ ഭാര്യ മുമ്പേ മരിച്ചുപോയിരുന്നു. നാലു മക്കളുളളതിൽ നാലുപേരും വലിയ നിലയിൽ ഉദ്യോഗം ഭരിക്കുന്നവർ. രണ്ടുപേർ വിദേശത്ത്, മറ്റുളളവർ ഈ നഗരത്തിൽ തന്നെ ജോലി ചെയ്യുന്നവർ. ഞെട്ടണ്ട, അതിലൊരാൾ നിങ്ങളുടെ ഓഫീസിലുമുണ്ട്. നാല് ആൺമക്കളും കൂടി ഇടക്കാലത്ത് അച്ഛനോടൊരു കാരുണ്യം കാണിച്ചു. അച്ഛനെ പരിചരിക്കാൻ ഒരു ഹോംനഴ്‌സിനെ നിയമിച്ചു അവർ. പക്ഷേ ഇടയ്‌ക്കെപ്പോഴോ അച്ഛൻ ഹോംനഴ്‌സിനോട് ശൃംഗരിച്ചു എന്നും സുന്ദരിയായ അവളെ എന്തെല്ലാമോ ചെയ്‌തു എന്നും ആരോപിച്ചുകൊണ്ട് തന്ത്രപൂർവ്വം അവർ നഴ്‌സിനെ ഒഴിവാക്കി. യഥാർത്ഥസംഗതി വേറെ എന്തൊക്കെയോ ആയിരിക്കാനല്ലേ സർ സാധ്യത? ഏതായാലും അവരുടെ നല്ലവനായ അച്ഛൻ ഇപ്പോൾ തടവറയിൽ കഴിയുന്നതുപോലെ കഴിയുന്നു.
അതാണല്ലോ സർ ഞാൻ ചോദിക്കുന്നത്, വയസ്സായിക്കഴിഞ്ഞാൽ ആരുണ്ടാകും നമുക്കൊക്കെ സ്‌നേഹപരിചരണങ്ങൾ തരാൻ? മക്കളോ? ഭാര്യയോ? ഇല്ല. വരുംനാളുകളിൽ അവർക്കൊന്നും അതിന് സമയവും സാവകാശവും ഉണ്ടാകില്ല. ഓരോരുത്തരും അവരുടെ ജീവിതമേ മുൻപിൽ കാണുളളൂ. ഭാരങ്ങളെയൊക്കെ ഓരോ ആളും വെറുക്കും. ഭാരങ്ങൾ വലിച്ചെറിയാനായിരിക്കും സർവ്വരും താത്‌പര്യം കാണിക്കുക. നമ്മുടെ നാട്ടിൽ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് വിചാരിക്കുകയാണെങ്കിൽ ആ വിചാരം തികച്ചും വിഡ്‌ഢിത്തം. ദാ ഒന്നാലോചിച്ചു നോക്കൂ. സാറുതന്നെ ഇപ്പോൾ ഉന്നതമായൊരു പൊസിഷനിലിങ്ങനെ കഴിയുന്ന ആളല്ലേ. പറഞ്ഞിട്ടെന്ത്, നിങ്ങളെ ഭാര്യയും മക്കളും എത്രമാത്രം സ്‌നേഹിക്കുന്നുണ്ട്. ആദരിക്കുന്നുണ്ട്. എനിക്കറിയാം, ഞാൻ പറയുന്നത് ശരി മാത്രമാണെന്ന്. അവിടെയാണ് സർ, ഞങ്ങളവതരിപ്പിക്കുന്ന പ്രൊജക്‌ടിന്റെ പ്രസക്തി. എന്ത് എന്റെ പേരെന്തെന്നോ? നാടെവിടെയെന്നോ അയ്യേ, അതിലങ്ങനെ എന്തിരിക്കുന്നു സാർ? അല്ലെങ്കിലും ഇവിടെയിപ്പോൾ പേര് പറയുക, നാട് പറയുക അതിലൊക്കെ എന്തുണ്ട് സർ കഥ.
അതേ സർ, പലതരം സ്‌കീമുകളുണ്ട് ഞങ്ങൾക്ക്. അതിൽ ഈ നഗരത്തിൽ ഞങ്ങളവതരിപ്പിക്കുന്ന പ്രൊജക്‌ടുകളിൽ ഒന്നുമാത്രമാണ് പറുദീസ അരികെ. ഇങ്ങനെയുളെളാരു പദ്ധതി ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവരെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുളള ഒന്നാണ്. തെറ്റിദ്ധരിക്കരുത്. വാർദ്ധക്യാവസ്ഥയിൽ, അല്ലെങ്കിൽ റിട്ടയേർഡ് ജീവിതാവസ്ഥയിൽ ഞങ്ങൾ നിങ്ങളെ ആനയിക്കുന്നത് വിചിത്രമായ ഒരു ലോകത്തേയ്‌ക്കാണ്. ശ്രദ്ധിച്ചില്ലേ, പറുദീസ അരികെ എന്നാണ് വണ്ടർ വേൾഡ് നിങ്ങളെപ്പോലുളളവരുടെ മുമ്പിൽ വെയ്‌ക്കുന്ന പദ്ധതിയ്‌ക്ക് നൽകിയിരിക്കുന്ന പേര്. അപ്പോൾ ഓർക്കുക, ഈ രാജ്യത്തും രാജ്യത്തിനുപുറത്തും അതിരുകളില്ലാതെ വളർന്നിരിക്കുന്ന വണ്ടർ വേൾഡിന്റെ ഒരു പ്രതിനിധി മാത്രമായ ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് സ്വർഗ്ഗത്തിലേക്കു തന്നെയാണ്. പുരുഷന്മാരുടെ സ്വർഗ്ഗത്തിൽ അവരെ പരിചരിക്കാൻ സ്‌ത്രീകൾ. വെറും സ്‌ത്രീകളല്ല, അതിസുന്ദരിമാരായ സ്‌ത്രീകൾ. ഓരോ പുരുഷനും അയാളുടെ മനസ്സും ശരീരവും ആവശ്യപ്പെടുന്ന രീതിയിലുളള സ്‌നേഹശുശ്രൂഷകൾ. വിനോദങ്ങൾ. ഒന്നിനും ഒരു തടസ്സവുമില്ലാതുളള ജീവിതം. മുമ്പ് അനുഭവിച്ച ദുരിതങ്ങളിൽ നിന്നെല്ലാമുളള മോചനം. അതോ മരണം വരെ. സ്‌ത്രീകൾക്കായുളള സ്വർഗ്ഗത്തിലും സൗകര്യങ്ങൾ ഇങ്ങനെയൊക്കെ തന്നെ. കൂടുതലറിയാൻ ഈ ബ്രോഷർ പരിശോധിക്കൂ സർ. ചില ചിത്രങ്ങൾ സഹിതമാണ് നിങ്ങൾക്കായി രൂപപ്പെടുന്ന സ്വർഗ്ഗങ്ങളെപ്പറ്റി ബ്രോഷറിൽ വിശദീകരിച്ചിരിക്കുന്നത്. ഹായ്, നിങ്ങൾ ബ്രോഷർ കൗതുകത്തോടെ നോക്കിത്തുടങ്ങി. എന്തേ സർ, ഈനേരം ആ മുഖത്ത് നേരിയ ഒരു ചിരി. ശ്ശോ… സാറിന് ഇപ്പം തന്നെ ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് വരാൻ ആഗ്രഹമുളളപോലെ.
പക്ഷേ ക്ഷമിക്കണം സർ, ഇപ്പോൾ അതിന് യാതൊരു വഴിയുമില്ല. ഞങ്ങളുടെ കമ്പനി ഇവിടെ വിപുലമായ സൗകര്യങ്ങളോടെ ആദ്യത്തെ രണ്ട് സ്ഥാപനങ്ങൾ തുടങ്ങുക ഒന്ന് രണ്ട് വർഷം കഴിഞ്ഞിട്ടു മാത്രമാണ്. നിങ്ങളെപ്പോലുളളവർക്കായി ഈ നഗരത്തിൽ ഇങ്ങനെയുളെളാരു പ്രൊജക്‌ട് ഞങ്ങൾ ആരംഭിച്ചതല്ലേ ഉളളൂ. സ്‌റ്റേറ്റിനു പുറത്ത് പരിഷ്‌കൃത നഗരങ്ങളിൽ വർഷങ്ങൾക്കു മുൻപ് ഞങ്ങൾ തുടങ്ങിക്കഴിഞ്ഞ പദ്ധതിയാണിത്. അവിടെയൊക്കെ ഞങ്ങളുടെ പറുദീസാ വാതിലുകൾക്ക് മുമ്പിൽ എന്തെന്ത് തിരക്ക്! അമ്പമ്പോ അത് പറയാതിരിക്കുന്നതുതന്നെ നല്ലത്. അതുകൊണ്ട് തൽക്കാലം പറുദീസയിൽ എത്തിച്ചേരാൻ തീവ്രമായി ഇച്ഛിക്കുന്നവർ ഇവിടെ കാത്തിരിക്കുകയേ നിർവ്വാഹമുളളൂ. കുറച്ചുകാലം കാത്തിരുന്നാൽ തന്നെ എന്ത് സാർ! ഇതിൽ അംഗമാവുന്നതോടെ പറുദീസ നിങ്ങളുടെ തൊട്ടരികെ നിൽക്കുന്ന സ്ഥിതിയല്ലേ.
ഇല്ല സർ, ഇനിയും ഞാനിത് നീട്ടുന്നില്ല. നിങ്ങളുടെ വിലയേറിയ സമയം അരമണിക്കൂറിലേറെ ഞാൻ അപഹരിച്ചുകഴിഞ്ഞു. എന്റെ സമയം, ങാ… അത് സാരമില്ല. നിങ്ങളെപ്പോലുളളവരുടെ ആഹ്ലാദവും ശാന്തിയുമാണ് ഞങ്ങൾക്ക് മുഖ്യം. ഇതാ നോക്ക്, ഈ ബാറിൽ അങ്ങേമൂലക്ക് മേശപ്പുറത്ത് തലചായ്‌ച് ഒറ്റയ്‌ക്കിരിക്കുന്ന ആ മനുഷ്യനെ നിങ്ങൾ കണ്ടോ? വീടും കുടുംബവുമൊക്കെ അയാൾക്കുമുണ്ട്. പക്ഷേ ജീവിതം കൊണ്ടും മനസ്സുകൊണ്ടും എന്തെന്നില്ലാതെ ഏകാകിയായിപ്പോയ ഒരാളാണ് അയാൾ. ജോലിയിൽ നിന്ന് പിരിയാൻ ഇനി ഒരു ആറ് വർഷം കൂടി. എന്നാൽ ഇപ്പോൾത്തന്നെ അയാളെ ഭാര്യക്ക് വേണ്ടാതായിരിക്കുന്നു. ഒന്നിനും പറ്റാത്ത ശവം എന്നാ ഭാര്യ അയാൾക്കുനേരെ നീട്ടുന്ന പുച്ഛം. ആ സ്ഥിതിക്ക് പെൻഷൻ പറ്റി കഴിഞ്ഞാലത്തെ അയാളുടെ ജീവിതത്തെപ്പറ്റി ഒന്ന് സങ്കൽപ്പനം ചെയ്‌തുനോക്കൂ സർ. അതോർക്കുമ്പോൾ തന്നെ എനിക്ക് പേടിയാവുന്നു. ഈ നഗരത്തിൽ ഞങ്ങളുടെ പദ്ധതി ലക്ഷ്യമിടുന്ന ഒരു ക്വാട്ടയുണ്ട്. അത് പൂർത്തിയാകുന്നതിന് മുമ്പേ എനിക്ക് അയാളേയും അയാളെപ്പോലുളള മറ്റു ചിലരേയും സ്വർഗ്ഗവാതിൽക്കൽ എത്തിക്കേണ്ടതുണ്ട്.
ആയതിനാൽ ഞാൻ വീണ്ടും അധികം വിസ്‌തരിക്കുന്നില്ല. നിങ്ങൾ ജോലിയിൽ നിന്ന് പിരിയാൻ ഇനിയും അഞ്ചുവർഷമുളള സ്ഥിതിക്ക് മാസത്തിൽ ആയിരം രൂപാ വീതമാണ് സ്‌കീമിലേക്ക് അടക്കേണ്ടത്. മാസവരുമാനത്തിൽ തുച്ഛമായ ഒരു സംഖ്യ ഭാവിക്കുവേണ്ടി നീക്കിവെക്കുക. അഞ്ചുവർഷം കൊണ്ട് അടക്കുന്ന തുക എത്ര ചെറുതായിരിക്കും! എന്നാലോ നിങ്ങൾക്ക് കിട്ടുന്നത് സ്വർഗ്ഗവും! പണം ഞങ്ങൾ കൈപ്പറ്റില്ല സർ. ഞങ്ങൾ തരുന്ന ഒരെക്കൗണ്ട് നമ്പറിൽ നിങ്ങൾ ബാങ്കിൽ പണം അടയ്‌ക്കണം. സ്‌കീമിൽ ചേരുന്നവരുടെ അടവുസംഖ്യകൾക്ക് അന്തരമുണ്ടാകും. ആകെ ഒടുക്കേണ്ട സംഖ്യ. അതിന്റെ ക്രമം. എല്ലാം വിശദമായിതാ ബ്രോഷറിൽ. പിന്നെ ഈ ചാർട്ടും കൈവശം വെച്ചോളൂ. ഹോ, ഒരു കാര്യം മറന്നു, പണം അടച്ചുകൊണ്ടിരിക്കേ, സ്വർഗ്ഗത്തിൽ എത്തിച്ചേരുന്നതിനു മുമ്പ് പണം ഒടുക്കുന്ന ആൾ മരണപ്പെടുകയാണെങ്കിൽ ഒരു നിലക്കും അടച്ച പണം നഷ്‌ടപ്പെടുകയില്ല. അതിനുളള വകുപ്പുകൂടി ഈ സ്‌കീമിനുണ്ടെന്നുളളത് ഇതിന്റെ എടുത്തു പറയേണ്ടുന്ന പ്രത്യേകതയാണ്. അതായത് നിങ്ങൾക്ക് ഒരു അവകാശിയെ, ഇഷ്‌ടമുളള ആരെയെങ്കിലും നോമിനിയായി ചേർക്കാം. ഇതാ അപേക്ഷാ ഫോമിൽ അതിനുളള പ്രത്യേക കോളമുണ്ട്.
എന്തേ?…ഇത് ആർക്കൊക്കെയോ പണം വാരാനുളള ഒരു തട്ടിപ്പ് പരിപാടിയാണെന്ന് ഒരിക്കലും വിചാരിക്കരുതേ സർ. അങ്ങനെ തട്ടിപ്പ് നടത്താനാണെങ്കിൽ വേറെ എന്തെല്ലാം വഴികൾ നമ്മുടെ നാട്ടിലുണ്ട്. അതേ, സ്വർഗ്ഗത്തിലേക്ക് അനേകം വഴികളുണ്ട്. അതിലെല്ലാ വഴികളും വിശുദ്ധിയുടെ വഴികൾ മാത്രമാണ് സർ. ഓർക്കുക, നിങ്ങളെപ്പോലുളളവരെ മാത്രമല്ല ജീവിതത്തിൽ അനിശ്ചിതത്ത്വങ്ങളും അരക്ഷിതാവസ്ഥകളും വേട്ടയാടാൻ സാധ്യതയുളള എല്ലാ വിഭാഗം ജനങ്ങളെയും ഞങ്ങൾ ഘട്ടംഘട്ടമായി ലക്ഷ്യമിടുന്നുണ്ടെന്ന് ഓർക്കുക. ഉവ്വ് സർ, മഹത്തായ കർമ്മ മേഖലകളിലേക്കാണ് വണ്ടർ വേൾഡ് ഇറങ്ങിയിരിക്കുന്നത്.
അഭിനന്ദനം. സർ താത്‌പര്യത്തോടെ ഫോമ് കൈപ്പറ്റിക്കഴിഞ്ഞു. ഇപ്പോൾ ആ മുഖം വല്ലാതെ തെളിഞ്ഞിരിക്കുന്നു. ഏതോ സമസ്യക്ക് ഉത്തരം കിട്ടിയ ആശ്വാസമാണല്ലോ മുഖത്ത്. തീർച്ചയായും നമ്മുടെ ഭാവികൂടി കണ്ടുകൊണ്ടുളള കളികളേ സർ ഇനിയെങ്കിലും നമ്മൾ ജീവിതത്തിൽ കളിക്കാവൂ. അല്ലെങ്കിൽ ഭാവിയിൽ നമ്മൾ തെണ്ടിപ്പോകത്തേ ഉളളൂ. അതുകൊണ്ട് വീട്ടിലെത്തി ഇന്നുതന്നെ സമാധാനത്തോടെ ഫോറം പൂരിപ്പിക്കുക. കാര്യങ്ങളെല്ലാം രഹസ്യമായിരിക്കട്ടെ. സംശയിക്കേണ്ട, ഞാൻ നാളെ കാലത്ത് ഓഫീസിലെത്തി ഫോം കൈപ്പറ്റുന്നതായിരിക്കും. സാധാരണ അപേക്ഷ അപ്പപ്പോൾ തന്നെ പൂരിപ്പിച്ച് വാങ്ങുകയും ആദ്യ ഗഡു സംഖ്യ സ്വീകരിക്കുകയുമാണ് ഞങ്ങളുടെ പതിവു രീതി. പക്ഷേ നിങ്ങളായതുകൊണ്ട് ഇങ്ങനെയൊരു ഇളവനുവദിക്കുകയാണ്. സാറിന് കാര്യഗൗരവവും വിവേകവും ഉളളതിനാൽ വീണ്ടുവിചാരങ്ങളിലൂടെ ഭാവിജീവിതം നരകക്കുഴികളിൽ പതിപ്പിക്കുകയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എന്താ സർ ശരിയല്ലേ?
സന്തോഷം. എല്ലാം അംഗീകരിച്ചമട്ടിൽ നിങ്ങൾ ചിരിക്കുന്നു. ദാ നോക്കൂ സർ, അവിടെ ആ മൂലക്കിരിക്കുന്ന ദുരിതം പിടിച്ച മനുഷ്യനെ ശ്രദ്ധിക്ക്. അയാളിതാ ഇപ്പോൾ ഇങ്ങോട്ട് എന്നെത്തന്നെ എന്തോ പ്രത്യാശയോടെ നോക്കുന്നു. നിങ്ങളെപ്പോലെ അയാളും സ്വർഗ്ഗത്തിലേക്ക് വരാൻ തീവ്രമായി ആഗ്രഹിക്കുകയായിരിക്കണം. സോറി സർ. ഇനിയും ഇവിടെ സാറിനരികിൽ സമയം കളയാതെ ഞാൻ ആ മനുഷ്യനെക്കൂടി സഹായിക്കട്ടെ. അപ്പോൾ സർ എല്ലാം നമ്മൾ പറഞ്ഞതുപോലെ. സഹകരണത്തിന് ഒരിക്കൽ കൂടി നന്ദി. ശുഭരാത്രി.
Generated from archived content: story_parudeesa.html Author: chandran_pookkadu
Click this button or press Ctrl+G to toggle between Malayalam and English