മൃഗവേട്ട അഥവാ രമണൻ

തീരെ ഇടുങ്ങിയൊരു തുരങ്കത്തിലൂടെയുളള കാഴ്‌ചപോലെയാണ്‌ അവളത്‌ കണ്ടത്‌. ബസ്സിലെ തിരക്കിനിടയിൽ എന്തിനെന്നറിയാതെ ഒന്ന്‌ പിറകോട്ട്‌ നോക്കിയതായിരുന്നു. അങ്ങനെ ചെയ്‌തതും തുരങ്കത്തിനപ്പുറത്തു നിന്ന്‌ രണ്ട്‌ കണ്ണുകൾ ഇത്തിരിമാത്രം കാണാവുന്ന അവളുടെ ദേഹത്ത്‌ തുളഞ്ഞേറിയത്‌ പൊടുന്നനെ, നോട്ടമേറ്റ്‌ പൊളളിക്കൊണ്ടായിരുന്നു തൊട്ടരികിലെ സീറ്റൊഴിഞ്ഞപ്പോൾ അവളവിടെ ഇരുന്നത്‌.

ഛെ! ഈ ആൺനോട്ടങ്ങളെന്ന്‌ അവളൊരു പരിഹാസച്ചിരിയോടെ മനസ്സിൽ കുറിച്ച്‌, സുരക്ഷിതമായ ഇടം തേടിയെന്നോണം ഒന്നുകൂടി സീറ്റിലേയ്‌ക്കൊതുങ്ങി. ഇതുപോലെ എത്രയെത്ര നോട്ടങ്ങളിലൂടെയാണ്‌ ഓരോ ദിവസവും പൊളളിപ്പിടഞ്ഞ്‌ ഉരുകിത്തീരുന്നതെന്ന്‌ അവളോർത്തു. യൂണിവേഴ്‌സിറ്റി ക്യാമ്പസിനകത്തും ലൈബ്രറിയിലും പ്രൊഫസറുടെ മുന്നിലും ബസ്സിലും ട്രെയിനിലും ആർത്തിയുടെ നോട്ടങ്ങൾ മാത്രം. പലപ്പോഴും ആർത്തി നുരയിടുന്ന കണ്ണുകൾക്ക്‌ മുൻപിൽ നിന്ന്‌ തെന്നി രക്ഷപ്പെടാൻ പോലും കഴിയാറില്ല.

കഴിഞ്ഞ ദിവസം പ്രൊഫസർ അവളുടെ നെഞ്ചിലേയ്‌ക്ക്‌ നോക്കിക്കൊണ്ടായിരുന്നു ഒരു സംശയച്ചോദ്യത്തിന്‌ മറുപടി പറഞ്ഞത്‌. ഉത്തരം പൂർത്തിയാക്കിയിട്ടും പ്രൊഫസർ കണ്ണെടുക്കുന്നില്ല എന്നറിഞ്ഞപ്പോൾ അവൾ അസ്വസ്ഥതയോടെ മുഖം കുനിച്ചു. പക്ഷേ പ്രൊഫസറുടെ കൈവിരലുകൾ പിടഞ്ഞിളകുന്ന തീനാമ്പുകളായി മുഖത്തും മാറിലും ഇഴഞ്ഞു നീങ്ങിയപ്പോൾ അവൾ പരിഭ്രമത്തോടെ എഴുന്നേറ്റു.

“പ്രൊഫസർ ഞാൻ പോകുന്നു” ദേഷ്യം നിയന്ത്രിച്ച്‌ അവൾ പതുക്കെ പറഞ്ഞു.

“നിന്റെ ഗവേഷണപ്രബന്ധം… ഡോക്‌ടറേറ്റ്‌..” പ്രൊഫസർ വിറയോടെ സൂചിപ്പിച്ചു.

പ്രൊഫസറുടെ ശബ്‌ദത്തിലെ താക്കീത്‌ അവൾ തിരിച്ചറിഞ്ഞു.

“ഇങ്ങനെ തിടുക്കപ്പെട്ടാലോ പ്രൊഫസർ! അൽപ്പം ക്ഷമിക്ക്‌ സാർ…”

അവൾ പെട്ടെന്ന്‌ പ്രലോഭനത്തിന്റെ ചൂണ്ട എറിഞ്ഞ്‌, പ്രൊഫസറെ ദിവസങ്ങളോളം ഫ്രീസ്‌ ചെയ്‌ത്‌ ഇരുത്തുന്ന രീതിയിൽ ഇളകി ചിരിച്ചു.

“ഓകെ… ഓകെ… ഞാൻ കാത്തിരിക്കാം.”

പ്രൊഫസർ കാറ്റടങ്ങിയ സമുദ്രംപോലെ ശാന്തനായി. പന്നി. അതിന്റെയൊര്‌ ആർത്തി. കാത്തിരിക്കൂ പ്രൊഫസറേ… ജീവിതം തന്നെ ഒരു കാത്തിരിപ്പാണെന്നല്ലേ മഹാൻമാർ പറയുന്നത്‌. നിങ്ങളും കാത്തിരിക്ക്‌. എന്റെ തിസീസ്‌ ഒന്നിങ്ങ്‌ പൂർത്തിയാവട്ടെ. എനിക്ക്‌ ഡോക്‌ട്രേറ്റിങ്ങ്‌ കിട്ടട്ടെ. അതുവരെ നിങ്ങളെ ഞാൻ കൊതിപ്പിച്ച്‌ കൊതിപ്പിച്ച്‌ ഇരുത്തുന്നുണ്ടെന്ന്‌ കേവലം ഒരു കഥയിലെ കഥാപാത്രമായല്ലാതെ മനസ്സിൽ ആവോളം ചിരിച്ചുകൊണ്ട്‌, പ്രൊഫസറുടെ കൺനോട്ടത്തെ ഒന്ന്‌ രണ്ട്‌ മൂന്ന്‌ എന്ന്‌ അടിവെച്ച്‌ അളന്നുകൊണ്ട്‌ അവൾ മുറിയിൽ നിന്നും പുറത്തിറങ്ങി. കാമ്പസിലെ ആൺപിളേളരുടെ നോട്ടം, ബസ്‌ യാത്രക്കാരുടെ നോട്ടം, വഴിയോര കച്ചവടക്കാരുടെ നോട്ടം, ഒക്കെ ഇതിലുമെത്രയോ അന്തസ്സാർന്നതാണെന്ന്‌ അതിനിടയിലും അവൾ വിചാരപ്പെടുന്നുണ്ടായിരുന്നു.

ഇപ്പോൾ യൂണിവേഴ്‌സിറ്റി വഴി പോകുന്ന ബസിലെ സീറ്റിൽ ആൺനോട്ടങ്ങളുടേയും മൊഴികളുടേയും പൊരുളുകൾ അളന്നങ്ങനെ ഇരിക്കുകയാണ്‌ അവൾ. വീണ്ടും എന്തോ ആലോചിക്കാനും പെട്ടെന്ന്‌ വഴിതെറ്റി ഓടാൻ തുടങ്ങുന്ന മനസ്സിനെ പിടിച്ചുനിർത്തി എഴുതി പൂർത്തിയാക്കേണ്ട തിസീസിന്റെ നേർവഴികളിലൂടെ പോകാനും തുടങ്ങുമ്പോഴാണ്‌ ഏതോ ഒരു ആൺപൃഷ്‌ഠം അപ്പാടെ തന്റെ തോളിൽ അമരുന്നതായി അവളറിഞ്ഞത്‌. പൃഷ്‌ഠം മാത്രമല്ല വിരലുകളും, പനിവിറയലുകളായി തോളിലും കൈതണ്ടയിലും ഇഴയുന്നുണ്ട്‌.

അസഹ്യതയോടെ ഒന്നുകൂടി സീറ്റിലേയ്‌ക്ക്‌ ഒതുങ്ങി ഇരുന്നുകൊണ്ട്‌ അവൾ ഒളികണ്ണിട്ട്‌ നോക്കി. നേരത്തെ ബസ്സിന്റെ പിറകുഭാഗത്ത്‌ നിന്ന്‌ നോക്കിയ ആളുതന്നെ ആയിരിക്കണം. മുപ്പത്‌ മുപ്പത്തിയഞ്ച്‌ വയസ്സ്‌ തോന്നിക്കുന്ന ഒരാൾ. വേഷം കൊണ്ട്‌ മാന്യൻ. തോൾബാഗ്‌ ഞാത്തിയിട്ടുണ്ട്‌. കാഴ്‌ചയ്‌ക്ക്‌ ഏതോ ഒരാഫീസ്‌ മൃഗം. അവളുടെ നോട്ടം കണ്ട്‌ അയാൾ ഒരു ചെറുചിരി എടുത്തണിയുന്നുണ്ട്‌. മറ്റൊരു പന്നി. അവൾ വിചാരിച്ചു. അതേനേരം എഴുന്നേറ്റുനിന്ന്‌ അയാളുടെ മുഖത്തൊന്ന്‌ പൊട്ടിച്ചാലുണ്ടാകാവുന്ന കാര്യങ്ങളെപ്പറ്റി അവൾ സങ്കല്പിച്ചു. ഓഫീസ്‌ മൃഗം അയ്യ്യോ ഞാനൊന്നും ചെയ്‌തില്ല എന്ന കുമ്പസാരത്തോടെ സാധുവാകാൻ ശ്രമിക്കും. പക്ഷെ ബഹളം കേട്ട്‌ സഹയാത്രികർ, പ്രത്യേകിച്ച്‌ ആൺയാത്രക്കാർ കിട്ടിയ അവസരം ഉപയോഗിച്ച്‌ തങ്ങളുടെ അസൂയ ചെറുപ്പക്കാരനുമേൽ ഛർദ്ദിച്ച്‌ തീർക്കും. കാണാൻ കൊളളാവുന്ന ഒരു പെണ്ണിനെ തോണ്ടുകയും പിടിക്കുകയും ചെയ്‌ത്‌ തങ്ങളുടെയൊക്കെ ഉളളിലുളള ഒരാഗ്രഹം ഈ പഹയൻ തട്ടിയെടുത്തുകളഞ്ഞല്ലോ എന്ന പകയായിരിക്കും ഒരുപക്ഷേ ചെറുപ്പക്കാരനുമേലുളള കടന്നാക്രമണങ്ങൾക്ക്‌ പിറകിലെ പ്രചോദനം.

പൊടുന്നനെ ബസ്സ്‌ നില്‌ക്കും. പിന്നെ പോലീസായി അന്വേഷണങ്ങളായി. മാധ്യമ പ്രവർത്തകർ പീഡനങ്ങളുടെ നീണ്ട കണ്ണീർക്കഥകളുമായി രസിക്കും. യൂണിവേഴ്‌സിറ്റി റിസർച്ച്‌ സ്‌കോളറായ യുവതിയെ പീഡിപ്പിച്ചവരെ ശിക്ഷിക്കുക. സ്‌ത്രീയുടെ സഞ്ചാരസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുക. റിസർച്ച്‌ സ്‌കോളർ ഒരുപാട്‌ നേരം ഓഫീസ്‌ മൃഗത്തിന്റെ തലോടലുകൾ സഹിച്ചിരുന്നതല്ലേ. ശേഷം ആൾക്കാര്‌ കാണുന്നു എന്ന്‌ മനസ്സിലാക്കിയപ്പോഴല്ലേ അവൾ പൊട്ടിത്തെറിച്ചത്‌. ആരും കണ്ടിരുന്നില്ലെങ്കിൽ അവൾ വീണ്ടും കലാപരിപാടി ആസ്വദിച്ചേനെ. കണ്ടെന്ന്‌ തോന്നിയപ്പോഴല്ലേ റിസർച്ച്‌ സ്‌കോളർ സദാചാരിണിയായത്‌.

നാളത്തെ വാർത്തകളും വാഗ്വാദങ്ങളും ഉൾക്കാതിനാലെ കേട്ട്‌ അവൾ പ്രക്ഷുബ്‌ധമായ മനസ്സുമായി ഇരുന്നു. അവൾക്കിറങ്ങേണ്ട യൂണിവേഴ്‌സിറ്റി സ്‌റ്റോപ്പ്‌ അടുത്തുവരികയാണ്‌. ഇപ്പോൾ അരികിൽ നിൽക്കുന്ന ഓഫീസ്‌ മൃഗത്തിന്റെ പൃഷ്‌ഠഭാഗമല്ല മുൻഭാഗത്തിന്റെ ഭാരം തന്നെയാണ്‌ അവളുടെ പിൻഭാഗത്ത്‌ അമരുന്നത്‌. അയാളുടെ വിരലുകൾ അവളുടെ അനാവൃതമായ തോളിൽ തോന്ന്യാക്ഷരങ്ങൾ എഴുതുകയാണ്‌.

പെട്ടെന്ന്‌ അവൾ ചാടി എഴുന്നേറ്റു. അവൾക്കിറങ്ങേണ്ട സ്‌റ്റോപ്പ്‌ ആയിക്കഴിഞ്ഞിരുന്നു. പക്ഷേ അതറിയാതെ അയാൾ പിടഞ്ഞ്‌ മാറി നില്‌ക്കുന്നതിനിടയിൽ തീക്ഷ്‌ണമായൊരു നോട്ടം എറിഞ്ഞ്‌ അവൾ തന്റെ പ്രതിഷേധം ജ്വലിപ്പിച്ചു.

തന്നെയും പുറത്തെറിഞ്ഞ്‌ ബസ്സ്‌ പാഞ്ഞുപോകുന്നത്‌ ആശ്വാസത്തോടെ അവൾ കണ്ടു. ഹോ, പീഡനങ്ങളുടെ ഇന്നത്തെ ഒരദ്ധ്യായം കഴിഞ്ഞിരിക്കുകയാണ്‌. ഇനി അടുത്ത അദ്ധ്യായങ്ങൾ…

ബസ്‌സ്‌റ്റോപ്പിൽ നിന്നും യൂണിവേഴ്‌സിറ്റി കവാടത്തിനരികിലെ പൂമരത്തിന്‌ കീഴിലേയ്‌ക്ക്‌ നടക്കുമ്പോൾ അവളുടെ മനസ്സ്‌ വളരെ കലുഷമായിരുന്നു. മനസ്സ്‌ പറയുന്നതുപോലെയൊന്നുമല്ല സംഭവിക്കുന്നത്‌. എന്നാൽ സംഭവിക്കുന്നവയുമായി മനസ്സിന്‌ സന്ധിചെയ്യാനും കഴിയുന്നില്ല. കലാപത്തിന്റെ കൊടികൾ ഉളളിലേ ഉയർത്തിക്കെട്ടാൻ കഴിയുളളു. പ്രതിഷേധങ്ങളും നിലവിളികളും നെഞ്ചിലങ്ങനെ ഒതുക്കിനിർത്തേണ്ടി വരുന്നു. അവ്യക്തമായ ചില ഭയങ്ങളാണ്‌ പലപ്പോഴും കടിഞ്ഞാണുകൾ തീർക്കുന്നത്‌.

“ഹലോ…” ശബ്‌ദം കേട്ട്‌ അവൾ തിരിഞ്ഞു നോക്കി.

അത്ഭുതം. ബസ്സിലെ പീഡകൻ! ഓഫീസ്‌ മൃഗം. ഇയാളെങ്ങനെ ഇവിടെ എത്തി? തനിക്കു പിറകെ ബസിൽ നിന്നും ഇയാളും പുറത്തു ചാടിയോ. ഇനി അതല്ല, സർവ്വകലാശാലയിലെ മറ്റൊരു റിസർച്ച്‌ സ്‌കോളറോ ഇയാൾ! വിഷയം പ്രാചീന കവിതകളിലെ മൂരിശൃംഗാരം… ഇതാ ഈ നേരം അയാൾ യാതൊരു ഉളുപ്പുമില്ലാതെ അരികിൽ ഇളിച്ചുകൊണ്ടു നിൽക്കുന്നു. ഭൂലോകതെറികൾ മുഴുവനും വിളിച്ച്‌ അയാളുടെ ഇളിമുഖത്ത്‌ അഞ്ച്‌ വിരലും പതിക്കണമെന്ന വിചാരമുണ്ടായെങ്കിലും, തെറിവാക്കുകൾ കെട്ടിക്കിടന്ന്‌ നാവ്‌ പൊളളുകയായിരുന്നുവെങ്കിലും അവൾ തന്നെ തന്നെ ഇളിച്ചുകാട്ടികൊണ്ട്‌ ചോദിച്ചുഃ

“നിങ്ങളിവിടെ?”

“നിന്നെ പരിചയപ്പെടാനായി വന്നതുതന്നെ.”

“എന്താ കാര്യം? ഇനിയും ബുദ്ധിമുട്ടിക്കാനാണോ?”

“നിന്നെ അത്രയ്‌ക്ക്‌ ഇഷ്‌ടമായതുകൊണ്ട്‌.”

“ശല്യപ്പെടുത്താനാണെങ്കിൽ ഞാനിതാ ആൾക്കാരെ വിളിച്ചുകൂട്ടും.”

“എങ്കിൽ നീ തന്നെ നാറും… നീ പറഞ്ഞിട്ടാ വന്നതെന്ന്‌ ഞാനൊര്‌ പ്രസംഗം കാച്ചും.”

ഇതെന്തൊര്‌ ധാർഷ്‌ട്യം. ഒരു ചവിട്ടിന്‌ പല്ല്‌ കൊഴിക്കാനാ തോന്നുന്നത്‌. എങ്കിലും അവൾ ആത്മനിയന്ത്രണം പാലിച്ചുകൊണ്ട്‌ ചോദിച്ചു.

“ആകട്ടെ എന്താ മൃഗത്തിന്റെ ജോലി? സോറി, നിങ്ങളേത്‌ ഓഫീസിലാ ജോലി ചെയ്യുന്നത്‌?”

അയാൾ മറുപടി പറഞ്ഞു. അവൾ എന്തോ അർത്ഥം വെച്ചുകൊണ്ട്‌ ചിരിച്ചു.

“റിസർച്ച്‌ സ്‌കോളറാ ഇല്ലെ?” അയാൾ പിന്നെയും ചോദിച്ചു.

“അതെ.”

“എന്താ സബ്‌ജക്‌ട്‌?”

“ആണുങ്ങളുടെ ഉളുപ്പില്ലാ നോട്ടങ്ങളുടെ സൗന്ദര്യശാസ്‌ത്രം.”

“അതു കളവ്‌. വല്ല പ്രണയോ മറ്റോ ആയിരിക്കും. ഉവ്വ്‌, പ്രണയം പോലെ സൗന്ദര്യമുളളവർക്ക്‌ പറ്റിയ വിഷയം പ്രണയം തന്നെ.”

അധിനിവേശക്കാരന്റെ ആവേശത്തോടെ അയാൾ ചിരിച്ചു. അവളെ എല്ലാംകൊണ്ടും ഞാൻ തോൽപ്പിച്ചു എന്നൊരു ഭാവം അയാൾക്ക്‌. പക്ഷേ അങ്ങനെ തോറ്റു കൊടുക്കുന്നത്‌ ശരിയല്ലല്ലോ എന്ന്‌ അവൾ സ്വയം ശാസിച്ചു. ഇയാളെ സൂത്രത്തിൽ ഒരു വലയിൽ വീഴ്‌ത്തി ശ്വാസം മുട്ടിക്കണം.

“നാളെ നിങ്ങള്‌ ലീവെടുത്ത്‌ വാ. നമുക്ക്‌ മറ്റെങ്ങോട്ടേങ്കിലും പോയി വിശദമായി സംസാരിക്കേം പ്രണയിക്കേം ചെയ്യാം… ഇപ്പം ഇതാ ഞാൻ വളരെ ലേറ്റായി.” അവൾ ചിരിയോടെ പറഞ്ഞു.

സമ്മതം പ്രകാശിപ്പിക്കുന്ന രീതിയിൽ അയാളുടെ മുഖം തെളിഞ്ഞു. അതുകണ്ട്‌ എന്റെ ഓഫീസ്‌ മൃഗമേ നിന്നെ ഞാൻ കളിപ്പിച്ചു തരാമെന്ന്‌ ഉളളാലെ ചിരിച്ച്‌ അവൾ തിടുക്കപ്പെട്ട്‌ ക്യാമ്പസിലേക്ക്‌ പ്രവേശിച്ചു.

പ്രൊഫസറുടെ മുറിയിൽ, പ്രൊഫസർ വരുന്നതും കാത്ത്‌ ഇരിക്കുമ്പോൾ അയാൾ നാളെ തീർച്ചയായും ക്യാമ്പസ്‌ കവാടത്തിൽ പൂമരച്ചുവട്ടിൽ നിർമ്മായ കർമ്മണാ എന്ന ബോർഡിനടുത്ത്‌ വന്നു നിൽക്കുമെന്ന്‌ അവൾക്ക്‌ ഉറപ്പുണ്ടായിരുന്നു. ഓഫീസ്‌ മൃഗം അവിടെ വന്നങ്ങനെ നിൽക്കട്ടെ. ഞാനുണ്ടോ നാളെ ഈ പരിസരത്തെങ്ങാൻ വരുന്നു. പ്രൊഫസർ നാളെ മുതൽ രണ്ടാഴ്‌ച ലീവാണ്‌. അപ്പോഴെന്തിന്‌ ഇങ്ങോട്ട്‌ വരണം. ഗൈഡില്ലാതെ എന്ത്‌ ഗവേഷണം, തിസീസ്‌! നാളെ മാത്രമല്ല മറ്റന്നാളും അതിന്റെ പിറ്റേന്നും അതിന്റെ പിറ്റേന്നും ഓഫീസ്‌ മൃഗം ഇവിടെയിങ്ങനെ ചുറ്റിപ്പറ്റി കളിക്കും. കളിക്കട്ടെ. ഒടുവിൽ കളി മടുക്കുമ്പോൾ പിൻതിരിയും. എന്നിട്ടും വിടാതെ പിൻതുടരുകയാണെങ്കിൽ അങ്ങോട്ട്‌ പ്രണയം നടിച്ച്‌ കഴുത്ത്‌ ഞെരിക്കണം. എന്തായാലും മൃഗത്തിന്റെ ഉളളിലിരിപ്പ്‌ അത്ര നല്ലതൊന്നുമല്ലെന്ന്‌ ഉറപ്പാ… പ്രണയം ഭാവിച്ച്‌ ഒരുതരത്തിൽ ആധിപത്യം സ്ഥാപിച്ച്‌ കിട്ടേണ്ടതൊക്കെ കിട്ടിക്കഴിഞ്ഞാൽ ഓഫീസ്‌ മൃഗം ഒരടയാളവും അവശേഷിപ്പിക്കാതെ അടുത്ത ഇരയെത്തേടി പോകും. അത്രയും വിചാരപ്പെടുമ്പോഴേയ്‌ക്കും എന്തോ ശബ്‌ദം കേട്ട്‌ അവൾക്ക്‌ പരിസരബോധമുണ്ടായി. പ്രൊഫസർ കേറി വന്നതാണ്‌. മുറിയിൽ പ്രവേശിച്ചതും പ്രൊഫസർ മുറിവാതിൽ ചേർത്ത്‌ ചാരിയ ഒച്ചയാണ്‌ കേട്ടത്‌. അതെന്തിനെന്നറിയാതെ അവൾ എഴുന്നേറ്റ്‌ ഇത്തിരി പരിഭ്രമത്തോടെ അയാൾക്ക്‌ സുപ്രഭാതം പറഞ്ഞു.

പ്രൊഫസർ ഗുഡ്‌മോണിംഗ്‌ പറഞ്ഞുകൊണ്ട്‌ അവളെ പിടിച്ചിരുത്തി. അപ്പോൾ പ്രൊഫസറുടെ വിരലുകൾ ആവശ്യത്തിലേറെ തോളിൽ പതിഞ്ഞിട്ടുണ്ടെന്ന്‌ അവൾ വിചാരിച്ചു. ഏയ്‌ ഒക്കെ വെറും തോന്നലുകൾ മാത്രമാണെന്നും അവളുടനെ ജാള്യപ്പെട്ടുകൊണ്ട്‌ തിരുത്തി.

“പ്രൊഫസർ, പ്രാചീനകൃതികളിലെ പ്രണയം കുറേക്കൂടി മാംസനിഷ്‌ഠമായതല്ലേ?”

അയാൾ മുൻപിലെ കസേരയിൽ ഇരുന്നെന്നറിഞ്ഞപ്പോൾ അവൾ ചോദിച്ചു.

“ഉവ്വ്‌, എന്താ ഇപ്പം അതിലിത്ര സംശയം. അല്ലെങ്കിൽ പ്രണയം എക്കാലത്തും മാംസനിഷ്‌ഠം തന്നെയായിരുന്നു. അത്‌ ഇനിയും അങ്ങനെയായിരിക്കും. അല്ല എന്നൊക്കെയുളളത്‌ വെറും നുണയാ…”

“താങ്ക്‌ യൂ പ്രൊഫസർ. ഇതാ ഗവേഷണ പ്രബന്ധത്തിന്റെ ആദ്യഭാഗം” അവൾ പ്രൊഫസർക്കുനേരെ ഫയൽ നീട്ടി.

അപ്പോൾ എന്തുകൊണ്ടെന്നറിയില്ല, ഗവേഷണത്തിന്‌ കണ്ടെത്തിയ വിഷയത്തെ ഓർത്ത്‌ അവൾക്ക്‌ ഇത്തിരി പുച്ഛം തോന്നി. ശരിക്കും പ്രാചീന മലയാള സാഹിത്യകൃതികളിലെ പ്രണയമായിരുന്നില്ല റിസർച്ചിന്‌ കണ്ടെത്തേണ്ടിയിരുന്നത്‌. നേരത്തെ ഓഫീസ്‌ മൃഗത്തിനോട്‌ പറഞ്ഞതുപോലെ ആണുങ്ങളുടെ ഉളുപ്പില്ലാ നോട്ടങ്ങളുടെ സൗന്ദര്യശാസ്‌ത്രം തന്നെയായിരുന്നു.

ഇപ്പോൾ പ്രൊഫസർ എന്തിനോ കഷണ്ടി തടവുന്നു. നര വല്ലാതെ അധിനിവേശം ഉറപ്പിച്ചിരിക്കുന്ന താടിയിലൂടെ വിരലോടിക്കുന്നു. പിന്നെ അവളെത്തന്നെ നോക്കിക്കൊണ്ട്‌ ഇരിക്കുകയാണ്‌ പ്രോഫസർ. അപ്പോൾത്തന്നെയായിരുന്നു അയാളുടെ കഷണ്ടിയിൽ സാമാന്യം വലിയ ഒരു കൊതുക്‌ വന്നിരുന്നത്‌. പ്രൊഫസർ അതറിയുന്നില്ല. മറ്റൊരു റിസർച്ച്‌ സ്‌കോളർ. യൂണിവേഴ്‌സിറ്റി പ്രൊഫസർമാരുടെ ചോര ഗവേഷണവിഷയം. ഗൈഡ്‌ മറ്റേതോ കൊതുക്‌ പ്രൊഫസർ. അവൾക്ക്‌ ചിരി വന്നു. ഒരൊറ്റ അടിക്ക്‌ കൊതുക്‌ ഗവേഷകനെ കൊല്ലാൻ അവൾക്ക്‌ തോന്നി. പക്ഷേ സാധിച്ചില്ല. അവൾ കൈ ചലിപ്പിക്കുന്നതിനുമുന്നെ പ്രൊഫസർ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു. റിസർച്ച്‌ സ്‌കോളർ പ്രൊഫസറുടെ ശിരോഭാഗത്തുനിന്നും പറന്നുയർന്ന്‌ അവൾക്ക്‌ ചുറ്റും ഒന്ന്‌ വലം വെച്ച്‌ എങ്ങോ പറന്നുപോയി. അന്നേരത്തേയ്‌ക്കും പ്രൊഫസർ മറ്റൊരു കൊതുകായി അവൾക്കരികിൽ എത്തിക്കഴിഞ്ഞിരുന്നു. പ്രൊഫസറുടെ വരവുകണ്ട്‌ അവളെഴുന്നേറ്റു. അവൾക്കെന്തെങ്കിലും ചെയ്യാനോ, മാറി നിൽക്കാനോ സാധിക്കുന്നതിന്‌ മുൻപ്‌ പ്രൊഫസർ വീശി ഒടുങ്ങാൻ തുടങ്ങുന്നൊരു കാറ്റിന്റെ ആവേശത്തോടെ അവളെ ഒന്ന്‌ വാരി പുണരുകയും വൃദ്ധമായ ഒരു ചുംബനം അവളുടെ കവിളത്ത്‌ പതിച്ചിടുകയും ചെയ്‌തു.

ഞെട്ടി ഉണർന്ന അവൾ എങ്ങനെയോ അയാളെ തട്ടി അകറ്റി തെല്ല്‌ മാറിനിന്നു. അറപ്പോടെ അവൾ കവിളു തടവി. അതിനിടയിൽ പ്രൊഫസർ ചാരിവെച്ച വാതിൽ പാളികൾ അവൾ തുറന്നിട്ടു. പ്രൊഫസർ അതറിയാതെ വീണ്ടും അവൾക്കുനേരെ നീങ്ങുന്നതുകണ്ട്‌ ഒരു പ്രത്യാക്രമണത്തിന്‌ ഒരുങ്ങിക്കൊണ്ടെന്നോണം അവൾ നിന്നു.

“പ്രൊഫസർ, സ്‌ത്രീപീഡനം… മാധ്യമപ്രവർത്തകരുടെ വിചാരണ… മനുഷ്യാവകാശ സംഘടന… കോടതി..” പെട്ടെന്ന്‌ അവൾ പ്രതിരോധത്തിന്റെ അസ്‌ത്രങ്ങൾ മിനുക്കിക്കൊണ്ട്‌ പ്രൊഫസറെ നോക്കി ചിരിച്ചു.

വിര്യം അടങ്ങിയ ആളായി പ്രൊഫസർ കിതച്ചു. ഭീതിയുടെ ബാധയിൽ പ്രൊഫസർ അവളെ നോക്കി.

“സർ, എല്ലാറ്റിനും അതിന്റേതായ സമയമില്ലേ! എന്റെ തീസിസൊന്നു പൂർത്തിയാകട്ടെ… എനിക്ക്‌ ഡോക്‌ടറേറ്റിങ്ങ്‌ കിട്ടിക്കോട്ടെ. എന്നിട്ട്‌ ഞാൻ സാറിനെ ശരിക്കും സൽക്കരിക്കുന്നുണ്ട്‌.”

തളർന്നിരിക്കുന്ന പ്രൊഫസറെ ആശ്വസിപ്പിച്ചുകൊണ്ട്‌ അവൾ പുറത്തിറങ്ങി. പീഡനത്തിന്റെ മറ്റൊരദ്ധ്യായം എന്ന്‌ അപ്പോൾ അവൾ മനസ്സിൽ കുറിച്ചിട്ടു. ഈ ലോകത്ത്‌ ജീവിക്കുകയെന്നാൽ വലിയ സങ്കടം തന്നെ എന്നും അവൾ ആലോചിക്കാതെയിരുന്നില്ല.

യൂണിവേഴ്‌സിറ്റി ലൈബ്രറിയിലേയ്‌ക്ക്‌ പോകണമെന്ന വിചാരമുണ്ടായിരുന്നു അവൾക്ക്‌. എന്നാൽ പോകുംവഴികളിൽ, തണൽമരങ്ങൾക്കു കീഴിൽ, ലൈബ്രറി ഹാളിൽ, പുസ്‌തകഷെൽഫുകൾക്കിടയിൽ ഏതുതരം ഗവേഷകരായിരിക്കും ഉണ്ടാവുകയെന്ന്‌ ഒരുവേള അവളാലോചിച്ചു. പലതരം മുഖംമൂടികളും അണിഞ്ഞ്‌ റിസർച്ച്‌ സ്‌കോളറുകൾ ദർശനങ്ങളും വിളമ്പി എന്തായാലും അവിടങ്ങളിലൊക്കെ ഉണ്ടാവും. അവരെ എങ്ങനെയൊക്കെയാണ്‌ നേരിടേണ്ടതെന്ന്‌ ഗവേഷണം നടത്തി കണ്ടെത്തുകതന്നെ വേണം. അതിനെന്ത്‌ വഴിയെന്ന്‌ ചിന്തിച്ചുകൊണ്ട്‌ നടന്ന്‌ യൂണിവേഴ്‌സിറ്റി കോമ്പൗണ്ടും പിന്നിട്ട്‌ നിർമ്മായ കർമ്മണാ കവാടവും കടന്ന്‌ അവൾ പുറത്ത്‌ റോഡിലെത്തിക്കഴിഞ്ഞിരുന്നു. ഹോ, ഇതെന്ത്‌ നടത്തമെന്ന്‌ സ്വയം ശപിച്ചുകൊണ്ട്‌ ഒരു നിമിഷം റോഡോരത്തെ പൂമരത്തണലിൽ നിന്നു. ഒന്നുകൂടി കവാടം കടന്ന്‌ യൂണിവേഴ്‌സിറ്റിയിലേയ്‌ക്ക്‌ പ്രവേശിക്കണോ അതല്ല റോഡുമുറിച്ച്‌ അപ്പുറമെത്തി ബസ്‌ സ്‌റ്റോപ്പിൽ നിന്നും അടുത്ത ബസ്‌ കേറി നാടുപിടിക്കണോ എന്നതായി അവളുടെ ആലോചന.

ഒടുവിൽ അവൾ സീബ്രാ ലൈനിലൂടെയല്ലാതെ റോഡ്‌ ക്രോസ്‌ ചെയ്‌ത്‌ ബസ്‌ സ്‌റ്റോപ്പിലെത്തി. പുരുഷനോട്ടങ്ങൾ അവളെ സംബന്ധിച്ചിടത്തോളം ഒരു വിഷയം അല്ലാതായിത്തീർന്നതുകൊണ്ട്‌ അവൾ ആരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ യാത്രയിൽ നാളെ യൂണിവേഴ്‌സിറ്റിക്കു മുൻപിൽ പൂമരച്ചുവട്ടിൽ വന്നുനിൽക്കാൻ സാധ്യതയുളള ഓഫീസ്‌ മൃഗത്തെപ്പറ്റിത്തന്നെയായിരുന്നു അവൾ കൗതുകപൂർവ്വം ചിന്തിച്ചത്‌. മൃഗത്തിന്റെ തൃഷ്‌ണയോടെയുളള കാത്തിരിപ്പ്‌. സഹികെട്ടുകൊണ്ട്‌ നാലുഭാഗത്തേയ്‌ക്കുമുളള നോട്ടം. ഒടുവിൽ നിരാശ. അതിനെപ്പറ്റിയൊക്കെ വിചാരിക്കെ അവൾക്ക്‌ നല്ല രസം തോന്നി. പക്ഷേ പൊടുന്നനെ നാളെ മൃഗം നിരാശനായി പോകാൻ പാടില്ല, അതിനെ എന്തായാലും കാണുക തന്നെ വേണമെന്ന്‌ അവൾ ഉറപ്പിച്ചു. കണ്ടാൽ മൃഗത്തെ പരിചരിക്കേണ്ട രീതിയെപ്പറ്റിയും അവൾ യാത്രയിലുടനീളം മനസ്സിൽ റിഹേഴ്‌സൽ നടത്തി. രാത്രി വീട്ടിൽ അമ്മയുടേയും അനിയത്തിയുടേയും ശ്രദ്ധ വെട്ടിച്ചും അവൾ മനസ്സിലും പ്രത്യക്ഷത്തിലുമായി പരിശീലനം പൂർത്തിയാക്കി. ഉവ്വ്‌, അങ്ങനെയൊക്കെത്തന്നെയാണ്‌ നാളെ വേണ്ടതെന്നും അവസാനം അവൾ ഒരു റിസർച്ച്‌ സ്‌കോളറായല്ലാതെ, ഒരു ഫെമിനിസ്‌റ്റ്‌ കഥയിലെയും നായികയായല്ലാതെ തന്നെ തീരുമാനിച്ചു.

അല്‌പം വൈകിയിരുന്നു അടുത്ത ദിവസം യൂണിവേഴ്‌സിറ്റിക്കു മുൻപിൽ ബസ്സിറങ്ങുമ്പോൾ. എങ്കിലും അത്ഭുതം, പൂമരച്ചുവട്ടിൽ ഓഫീസ്‌ മൃഗം റെഡി. സുസ്‌മേര വദനൻ. ഞാനിയാളെ രമണനെന്ന്‌ വിളിക്കട്ടെ. അവൾ മനസ്സിൽ പറഞ്ഞു. എന്നാൽ അയാളെ കണ്ടില്ലെന്ന്‌ നടിച്ച്‌ ധൃതിപ്പെട്ട്‌ അവൾ ക്യാമ്പസ്സിനകത്തേയ്‌ക്ക്‌ പ്രവേശിക്കാൻ തുടങ്ങുമ്പോൾ അയാൾ അതിലും ഏറെ തിടുക്കത്തിൽ ‘ശൂ’ ശബ്‌ദമുണ്ടാക്കി അവളെ വിളിച്ചു. ‘ങേ’, ശബ്‌ദത്തോടെ അവൾ തിരിഞ്ഞുനില്‌ക്കുകയും അയാളെ ആദ്യമായി കാണുന്നതുപോലെ നോക്കുകയും ചെയ്‌തു.

അപ്പോഴേയ്‌ക്കും അയാൾ നിന്നിടത്തുനിന്നും അവൾക്കുനേരെ നടന്നു തുടങ്ങിയിരുന്നു.

“യ്യോ! രമണൻ സാർ..” അവൾ വിസ്‌മയം നടിച്ചു.

“അത്ഭുതം. ഇതെങ്ങനെ എന്റെ പേര്‌ ഇത്ര കൃത്യമായി നീയറിഞ്ഞു?” അയാൾ ആത്മാർത്ഥമായും അതിശയപ്പെട്ടു.

“അങ്ങനെയൊക്കെയാ സാറേ സ്‌നേഹത്തിന്റെ ചില കളികൾ. അന്യോന്യം സ്‌നേഹിക്കുന്നവർക്ക്‌ ആരും പറയാതെ തന്നെ പലതും തിരിച്ചറിയാൻ കഴിയും.” അവൾ പതുക്കെ ചിരിച്ചു.

അനന്തരം അവൾ പൂമരച്ചുവട്ടിലേയ്‌ക്ക്‌ നടന്നു. അയാളും നിസ്സങ്കോചം അവളെ പിൻതുടർന്നു. മറ്റാരെങ്കിലും ദൃശ്യങ്ങളോരോന്നും കാണുന്നുണ്ടാകുമെന്ന വിചാരമൊന്നും അവൾക്കുണ്ടായിരുന്നില്ല. മടിയേതുമില്ലാതെ മരച്ചുവട്ടിൽ നീണ്ടുകിടക്കുന്ന വലിയ വേരിനുമുകളിലായി അവളിരുന്നു. അയാൾ തെല്ല്‌ ശങ്കിച്ചാണെങ്കിലും അവൾക്കരികിൽ ഇരുന്നു. അവർക്കുമുകളിൽ ഏതോ കാല്‌പനിക പ്രണയകഥയിലെന്നപോലെ മരം പൂകൈകൾ ഇളക്കി. ചുവന്ന പൂക്കൾ അനുരാഗമഴയായി അവർക്കുമേൽ പതിച്ചു. കാറ്റ്‌ വീശിയെത്തി പിന്നെയും പിന്നെയും മരച്ചില്ലകളെ ഊഞ്ഞാലാട്ടി.

“നീ ലൈല. ലൈല തന്നെ… ശരിയല്ലെ?” അയാൾ ചോദിച്ചു.

“അത്‌ തെറ്റ്‌. ഞാൻ ശരിക്കും ചന്ദ്രിക.” അവൾ ചിരിച്ചു.

“ഹോ, എന്റെ വായന തെറ്റി. സോറി.” അയാളൊന്ന്‌ ചമ്മിയതായി അഭിനയിച്ചു.

അത്‌ അഭിനയം മാത്രമാണെന്ന്‌ അവൾക്ക്‌ മനസ്സിലാവുകയും ചെയ്‌തു.

“ഇരിക്കട്ടെ, ഇന്നലെ എന്തൊക്കെയാ രമണൻ ബസ്സിൽ നിന്നും എനിക്കുനേരെ കാണിച്ചത്‌?” പൊടുന്നനെ അവൾ ചോദിച്ചു.

“ചന്ദ്രികയോടുളള ഇഷ്‌ടം മനസ്സിലൊതുങ്ങി നില്‌ക്കാതെ വന്നപ്പോഴല്ലെ അങ്ങനെയൊക്കെ ചെയ്‌തുപോയത്‌. മറ്റാരും കാണാതിരുന്നത്‌ ഭാഗ്യം.”

“കണ്ടിരുന്നെങ്കിലോ?”

“ചന്ദ്രികയുടെ രമണൻ മാനം കെട്ട്‌ ആത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നു.”

അതല്ലെങ്കിലും വേണ്ടിവരുമെന്ന്‌ അവൾ പറഞ്ഞില്ല. സംഭാഷണം ഇനിയെങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന്‌ ഒരുവേള അവൾ ചിന്തിച്ചു. പിന്നെ അവൾ ചോദിച്ചു.

“രമണന്റെ ജോലി എന്താണെന്നാ പറഞ്ഞത്‌? കഞ്ഞി കുടിക്കാൻ വകയുളള ജോലിയാണോ?”

“ആർ.ടി.ഒ. ഓഫീസിലാ… ശമ്പളോം അതിനുപുറമെ…”

“ഹോ, എന്നാ നല്ല ക്യാഷുളള കൂട്ടത്തിലാണല്ലോ. അതിരിക്കട്ടെ രമണന്‌ എന്നോട്‌ തീവ്രമായ പ്രണയംണ്ടോ?”

“ഇതെന്ത്‌ ചോദ്യം! ഇതാ ഈ മൊബൈലില്‌ ചന്ദ്രികേടെ ചിരിമുഖം കണ്ടോ. അതുപോലെ എന്റെ നെഞ്ചിലും നിറഞ്ഞ്‌ നിന്നങ്ങനെ ചിരിക്കുകയല്ലേ നീ..”

“അതുശരി, അപ്പോൾ രമണൻ ചന്ദ്രികയെ ആത്മാർത്ഥമായി പ്രണയിക്കുന്നൂന്ന്‌ ചുരുക്കം.”

“പിന്നില്ലാതെ.”

“രമണന്‌ പുറമെ വീട്ടിലാരൊക്കെ ഉണ്ട്‌?”

ഒരുനിമിഷം അയാളെന്തോ ആലോചിച്ചു. നുണക്കഥകൾ സങ്കൽപ്പിക്കുകയാണ്‌ അയാളെന്ന്‌ അവളുറപ്പിച്ചു. അതാണ്‌ ഇങ്ങനെയൊരു മൗനത്തിന്റെ ഇടവേള.

“ഞാനും അമ്മയും അച്‌ഛനും മാത്രം.”

“ചെറിയ കുടുംബം! അവിടെ ചക്രവർത്തിനിയായി ചന്ദ്രികയ്‌ക്ക്‌ വിലസാം.

”അത്‌ ഷുവർ. ങാ, ചന്ദ്രികേ അടുത്ത ഒരാഴ്‌ച ഞാൻ ലീവാ.“

”അതിന്‌?“

”നമുക്ക്‌ വേണമെങ്കിൽ കുറച്ച്‌ ദിവസം ഇവിടുന്ന്‌ മാറിനില്‌ക്കാം.“

”കാനനച്ചോലയിൽ ആടുമേയ്‌ക്കാനങ്ങ്‌ പോയാലോ രമണാ?“

”തമാശ കള ചന്ദ്രികേ. ഞാനതല്ല ഉദ്ദേശിച്ചത്‌. വല്ല നൈനിത്താളിലോ കൊടൈക്കനാലിലോ പോകാമെന്നാണ്‌.“

”അതെന്തിനാ രമണാ?“

”ച്ഛെ! ഈ ചന്ദ്രികയ്‌ക്ക്‌ ഒന്നും അറിഞ്ഞുകൂടാത്തതുപോലെ.“

അങ്ങനെ പറയുന്നേരം രമണൻ ഒന്ന്‌ വിരലു കടിച്ച്‌ നാണം അഭിനയിച്ചിരുന്നെങ്കില്ലെന്ന്‌ ചന്ദ്രിക ഉളളാലെ ചിരിച്ചു. ശേഷം അവൾ നിശ്ശബ്‌ദയായി. രമണൻ എല്ലാംകൊണ്ടും കെണിയിൽ വീണുകഴിഞ്ഞു. ഇനി ഈ ഓഫീസ്‌ മൃഗത്തെ, കാമുകരമണനെ എന്ത്‌ ചെയ്യണമെന്ന്‌ തിരുമാനിക്കേണ്ടത്‌ ചന്ദ്രികയാണ്‌. ഒരു നിമിഷം അവൾ വെറുതെ ഒന്ന്‌ ചുറ്റും നോക്കി. അവിടവിടെ ചിലരൊക്കെ തങ്ങളെ ശ്രദ്ധിച്ചുകൊണ്ട്‌ നില്‌ക്കുന്നുണ്ട്‌. കാമ്പസ്‌ കവാടത്തിൽ നില്‌ക്കുന്ന രണ്ടുപേരുടെ കണ്ണുകൾ പൂമരച്ചോട്ടിലേയ്‌ക്കു തന്നെയാണ്‌. മൂന്നുനാല്‌ കാമ്പസ്‌ പശുക്കൾ പുറത്തിറങ്ങുന്നുണ്ട്‌. അവരുടെ ശ്രദ്ധയും പൂമരച്ചോട്ടിലേയ്‌ക്ക്‌. എന്തോ കേൾക്കാനെന്നോണം നനുത്തൊരു കാറ്റും വീശിയടിച്ച്‌ അവരുടെ അരികിലേയ്‌ക്ക്‌ വരുന്നുണ്ട്‌. അവൾ ഒളികണ്ണിട്ട്‌ രമണന്റെ മുഖത്തുനോക്കി. നേർത്തൊരു വിജയസ്‌മിതമോ പ്രണയത്തിന്റെ വെണ്ണിലാ ചന്ദനക്കിണ്ണമോ എന്താണ്‌ രമണന്റെ മുഖത്ത്‌ നിഴലിച്ചങ്ങനെ നില്‌ക്കുന്നതെന്ന്‌ അവൾക്ക്‌ പെട്ടെന്നൊന്നും മനസ്സിലായില്ല.

”രമണൻ മൊബൈൽ നമ്പരും ലാന്റ്‌ ഫോൺ നമ്പരും തരിക. ഇന്നോ നാളെയോ ഞാൻ വിളിച്ച്‌ സംസാരിക്കാം. ഇതാ നോക്ക്‌ ഓരോ കൊരങ്ങൻമാര്‌ ശ്രദ്ധിക്കുന്നുണ്ട്‌. തല്‌ക്കാലം നമുക്കിവിടുന്ന്‌ പോകാം. ഇനിയും ദിവസമുണ്ടല്ലോ രമണാ! രമണൻ പറഞ്ഞതുപോലെ ഒരു യാത്ര എന്തായാലും തരപ്പെടുത്താം.“

പൊടുന്നനെ അവൾ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു. രമണൻ അവളുടെ കൂടെ യൂണിവേഴ്‌സിറ്റി കവാടംവരെ ചെന്നു. ഇന്ന്‌ യൂണിവേഴ്‌സിറ്റിയിൽ പോകേണ്ട ആവശ്യം ഇല്ല എങ്കിലും തല്‌ക്കാലം രമണനെ ഒഴിവാക്കാനായി അവൾ ക്യാമ്പസിലേക്ക്‌ കടന്നു. വെറുതെ ലൈബ്രറിക്ക്‌ നേരെ നീങ്ങുമ്പോൾ അയ്യ്യോ രമണന്‌ ഒരുമ്മ കൊടുക്കാമായിരുന്നു, അതെന്തേ താനങ്ങ്‌ മറന്നുപോയത്‌ എന്നവൾ മനസ്സിൽ ചിരിച്ചു. ചന്ദ്രികയ്‌ക്ക്‌ തന്നോട്‌ പ്രണയമില്ലെന്നോ മറ്റോ രമണൻ കരുതുമോ! പാവം, അടുത്ത കൂടിക്കാഴ്‌ചയിൽ പലിശയടക്കം നൽകാൻ ശ്രമിക്കാം എന്ന പരിഹാസത്തിൽ അവൾ മുൻപോട്ട്‌ നോക്കിയപ്പോൾ ലൈബ്രറിയിൽ നിന്നും ഇറങ്ങുന്നു മറ്റൊരു റിസർച്ച്‌ സ്‌കോളർ മൃഗം. നീണ്ട സന്ന്യാസിത്താടി ബുദ്ധിജീവി അടയാളമായി കൊണ്ടുനടക്കുന്ന സ്‌കോളർ ജാട. അതിന്റെ നോട്ടവും ഒരുതരം അളിഞ്ഞ നോട്ടം. പോ പുല്ലേ എന്ന്‌ മനസ്സിൽ പറഞ്ഞുകൊണ്ട്‌ അവൾ ലൈബ്രറിയിലേയ്‌ക്ക്‌ കേറി. ഒന്നിനുമല്ലാതെ തെല്ലുനേരം കണ്ണിൽ കണ്ട പുസ്‌തകങ്ങളൊക്കെ മറിച്ചുനോക്കി.

വീട്ടിലേയ്‌ക്കുളള മടക്കയാത്രയിൽ ബസിൽ അവൾ കണ്ണടച്ചിരുന്നു. രമണൻ, പ്രൊഫസർ, മറ്റനേകം നോട്ടക്കാർ അങ്ങനെ ഓരോ മുഖവും മനസ്സിന്റെ ഗാലറികളിൽ നിരന്നിരുന്ന്‌ അവളെ എന്തെന്നില്ലാതെ പ്രകോപിപ്പിക്കുകയായിരുന്നു. ഇത്രനാളും അവരുടെയൊക്കെ മുൻപിൽ തോറ്റുകൊടുക്കുകയായിരുന്നു താനെന്ന്‌ അതേ നിമിഷം അവളോർത്തു. ഉവ്വ്‌, ഇനി അവരെ തനിക്ക്‌ തോല്‌പിക്കണം. ആ തീരുമാനവുമായിട്ടായിരുന്നു രാത്രിയിൽ അവൾ ഫോണിനരികിൽ ഇരുന്നത്‌.

ആദ്യം അവൾ രമണനെ വിളിച്ചു. അപ്പുറത്തുനിന്നും ഏതോ സ്‌ത്രീ ഹലോ പറയുമ്പോഴേയ്‌ക്കും അവൾ രമണനെപ്പറ്റി അന്വേഷിച്ചു. രമണൻ വീട്ടിലെത്തിയില്ലെന്ന മറുപടി. ഉടനെ അവൾക്ക്‌ ഫോൺ വെയ്‌ക്കാമായിരുന്നു. പക്ഷേ അവളുണ്ടോ സംസാരം നിർത്തുന്നു.

”ആരാ അത്‌? രമണന്റെ അമ്മയാ?“

മറുപുറത്തുനിന്നുളള മറുപടി കേട്ട്‌, രമണന്റെ വേഷമൊന്ന്‌ അഴിയുന്നതു കണ്ട്‌ അവൾ പതുക്കെ ചിരിച്ചു.

”ഹോ, രമണന്റെ വൈഫാ അത്‌! ങാ.. ഇത്‌ ഞാൻ ചന്ദ്രിക. രമണന്റെ കാമുകിയാ… അതെ രമണൻ വന്നാ പറയണം ഞാൻ വിളിച്ചിരുന്നു. നാളെയോ മറ്റന്നാളോ രമണൻ പറഞ്ഞപ്രകാരം ഒരു യാത്രയ്‌ക്ക്‌ ഞാൻ തയ്യാറാ എന്ന്‌.“

അത്രയും പറഞ്ഞതിൽ പിന്നെ അവൾ ഫോൺ വെച്ചു.

അനന്തരം രമണന്റെ വീട്ടിൽ ഉണ്ടാകാൻ സാധ്യതയുളള ഭൂകമ്പങ്ങളെപ്പറ്റി ചിന്തിച്ച്‌ വല്ലാതെ ഒന്ന്‌ ചിരിച്ചുകൊണ്ട്‌ പ്രൊഫസറുടെ ഫോൺ നമ്പറിൽ വിരലുവെക്കുകയും വീണ്ടും ചില നമ്പരുകൾ ഓർമ്മിച്ചെടുക്കുകയും തന്റെ ഗവേഷണ പ്രബന്ധത്തിന്റെ മറ്റ്‌ ഭാഗങ്ങളെപ്പറ്റി ചിരിയോടെ ചിന്തിക്കുകയുമായി ചന്ദ്രിക.

Generated from archived content: story_oct19_05.html Author: chandran_pookkadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here