മധ്യേ ഇങ്ങനെ

അദൃശ്യമായ ഒളിയിടങ്ങളിൽ നിന്നാണ്‌ അരൂപികൾ വന്നത്‌. പിന്നെ പൊടുന്നനെ എന്തൊക്കെയോ രൂപങ്ങളാവാൻ തിടുക്കപ്പെട്ടുകൊണ്ട്‌ അരൂപികൾ അവൾക്ക്‌ നേരെ നീങ്ങുകയും അവളെ പൊതിയുകയുമായിരുന്നു. അപ്പോൾ വല്ലാത്തൊരു നിലവിളിപ്പിടച്ചിലോടെ ഞെട്ടിയുണർന്ന അവൾക്ക്‌, കണ്ടത്‌ സ്വപ്‌നമോ യാഥാർത്ഥ്യമോ എന്നൊന്നും കുറേനേരത്തേക്ക്‌ മനസ്സിലായില്ല. അസ്വസ്ഥതയുടെ ആഴങ്ങളിൽ നിന്ന്‌ ഏതോ ഉപരിതലത്തിലേയ്‌ക്ക്‌ ഉയർന്നുകൊണ്ടിരിക്കെ ക്രമേണ അവൾക്ക്‌ പരിസരബോധമുണ്ടായി. തീക്കുഴലിലൂടെ മുമ്പിലായി ചില കാഴ്‌ചകൾ വെളിപ്പെടുന്നതുപോലെ. മുറിയിലെവിടെയും കടന്നാക്രമണത്തിനൊരുങ്ങി അരൂപികൾ പതുങ്ങി നിൽപ്പുണ്ടെന്ന്‌ അവൾ ഭയപ്പെട്ടു.

രാവേറെ വളർന്നു കഴിഞ്ഞിരുന്നില്ല. നിറം മങ്ങികത്തുന്നൊരു ബൾബ്‌ ചൊരിയുന്ന നേർത്ത വെളിച്ചമേ മുറിയിൽ ഉണ്ടായിരുന്നുളളൂ. ശാന്തമല്ലാത്തൊരു നിദ്രയിൽ വീണ്‌ അഭയമില്ലാതെ അലയുന്നവരായി അവളുടെ അരികിൽ അപ്പുവും അമ്മുവും. അപ്പു കരയുകയാണെങ്കിൽ അമ്മു എന്തോ പിറുപിറുക്കുന്നു. കുട്ടികളും ദുഃസ്വപ്‌നങ്ങൾ കണ്ട്‌ ഭീതിപ്പെടുകയാണെന്ന്‌ അവൾക്ക്‌ തോന്നി.

അന്നേരം വീടിനുപുറത്ത്‌ ശബ്‌ദങ്ങൾ തിടം വെച്ചുണരുകയായിരുന്നു. ആരെല്ലാമോ പതുക്കെ സംസാരിക്കുന്നു. വരാന്തയുടെ ഗ്രിൽസ്‌ വാതിൽ തുറക്കുന്ന ഒച്ച. പിന്നെയും ശബ്‌ദങ്ങൾ. ഇപ്പോൾ എന്തോ ഇറക്കിവെക്കുന്നതിന്റെ ബഹളമാണ്‌ ഉയരുന്നത്‌. പതുക്കെപ്പതുക്കെ എന്ന്‌ ആരോ പറയുന്നുമുണ്ട്‌. പരിചിതമായ ശബ്‌ദംപോലെ. തുടർന്ന്‌ ഒരു വാഹനത്തിന്റെ ഇരമ്പം. വാഹനം മുറ്റത്തുനിന്ന്‌ പുറത്തേക്ക്‌ പോവുകയാണോ? ഒടുവിൽ ബഹളങ്ങളെല്ലാം ഒടുങ്ങിയതിനു ശേഷമുളള നിശ്ശബ്‌ദത വെളിയിൽ. അതേനേരം അവളിൽ സംശയങ്ങൾ നിറഞ്ഞു. പുലർകാലത്ത്‌ എപ്പോഴോ പിണങ്ങിപ്പോയ അയാളെ മദ്യപിച്ച്‌ നിലതെറ്റിയ അവസ്ഥയിൽ ആരോ വരാന്തയിൽ കൊണ്ടിട്ട്‌ പോയതാണോ? അല്ലെങ്കിൽ എന്തെങ്കിലും അപകടം സംഭവിച്ച്‌ അയാളെയും കൊണ്ട്‌… എന്തായിരുന്നു രാവിലത്തെ പിണക്കത്തിന്‌ കാരണം? പക്ഷേ ഒന്നും ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല.

പേടിപ്പെരുക്കങ്ങളിൽ മറ്റൊന്നും ആലോചിക്കാൻ അവൾക്ക്‌ സാധിച്ചില്ല. ധൃതിയോടെ അവൾ വാതിൽ തുറന്നു. അവൾ ഇറങ്ങിവരുന്നതു പ്രതീക്ഷിച്ചുകൊണ്ടെന്നോണം വരാന്തയിൽ അയാൾ! അവിടെ നിരത്തി ഇട്ടിരിക്കുന്ന പുതിയതരം ഇടിപ്പിടങ്ങളിലൊന്നിൽ ഇരിക്കുകയാണ്‌ അയാൾ. ഇരിപ്പിടങ്ങൾക്കു പുറമെ ചെറുതും വലുതുമായ ചില പെട്ടികളും നിരന്നങ്ങനെ… ഒറ്റനോട്ടത്തിൽ അവൾക്ക്‌ ചിലത്‌ ബോധ്യപ്പെട്ടുതുടങ്ങി. എന്നാൽ ഒന്നും വിശ്വസിക്കാനാവുന്നില്ല. പേടിസ്വപ്‌നത്തിന്‌ ശേഷം വെളിപ്പെടുന്ന സുഖസ്വപ്‌നമോ മുമ്പിലായി കാണുന്നതെന്ന്‌ വ്യക്തമാവുന്നില്ല.

അയാൾ ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. ഒരുവേള അത്ഭുതം നിറഞ്ഞ ആഹ്ലാദത്തോടെ അയാളോട്‌ സംസാരിക്കാൻ അവളാഗ്രഹിച്ചു.

“സംശയിക്കേണ്ട! സ്വപ്‌നമല്ല, എല്ലാം യാഥാർത്ഥ്യം തന്നെ.”

അവളെന്തെങ്കിലും ചോദിക്കുന്നതിനുമുമ്പ്‌ അയാൾ പറഞ്ഞു.

ദൈവമേ! അവളൊന്ന്‌ തെളിഞ്ഞുചിരിച്ചു. പരാതികളിലും പരിഭവങ്ങളിലും എപ്പോഴൊക്കെയോ ചിരിച്ചിളകുകയും നിലവിളിച്ച്‌ തുളുമ്പുകയും ചെയ്‌ത ഒട്ടുമിക്ക കഥാപാത്രങ്ങളും വീട്ടുകോലായിൽ എത്തിയിരിക്കുന്നു. ഇതെങ്ങനെ കിനാവല്ലെന്ന്‌ കരുതും?

“ഒക്കെ അകത്തേയ്‌ക്കെടുത്ത്‌ വെക്കാം. നീ കൂടി ഒന്ന്‌ സഹായിക്ക്‌.” വീണ്ടും അയാളവളെ ആശ്‌ചര്യപ്പെടുത്തി.

അയാൾ പറഞ്ഞ പ്രകാരം അതെല്ലാം വരാന്തയിൽ നിന്നും നീക്കം ചെയ്യാൻ അയാളെക്കാളും താല്‌പര്യം കാണിച്ചത്‌ അവളായിരുന്നു. അപ്പോഴുളള അവളുടെ മുഖത്തെ തിരയിളക്കങ്ങളും കണ്ണുകളിലെ ജ്വലനവും കണ്ട്‌ എന്തുകൊണ്ടോ അയാൾ മുഖം തിരിച്ചു.

“കുട്ടികളെ വിളിച്ച്‌ ഇതെല്ലാം കാണിച്ചുകൊടുത്താലോ? അടുത്ത വീട്ടിൽ പോയി ടി.വി. കാണാൻ സമ്മതിക്കാത്തതിന്റെ പേരിൽ നിലവിളിച്ചപ്പം അടിയും കൊണ്ട്‌ ഉറങ്ങീതാ അപ്പു. എന്തിനോ വാശികാണിച്ച അമ്മൂനും കിട്ടി അടി.”

“പാവം കുട്ടികൾ… എല്ലാം നാളെ കണ്ടോട്ടെ അവർ. അതുവരെ കാണാവുന്നേടത്തോളം നല്ല സ്വപ്‌നങ്ങളോ ദുഃസ്വപ്‌നങ്ങളോ കണ്ടുറങ്ങട്ടെ കുട്ടികൾ.”

അയാളുടെ മുനവെച്ച വർത്തമാനം കേട്ട്‌ ദേഷ്യം തോന്നിയെങ്കിലും അവളൊന്നും പറഞ്ഞില്ല. അയാളെ നോക്കി എല്ലാം ഒരു കിനാവുപോലെ എന്ന്‌ വിസ്‌മയപ്പെട്ടുകൊണ്ട്‌ തെളിഞ്ഞൊന്ന്‌ ചിരിക്കുകമാത്രം ചെയ്‌തു അവൾ. അങ്ങനെ ചിരിക്കുമ്പോൾ അവളുടെ മനസ്സിൽ അതിരുകളില്ലാത്ത ഒരാകാശം. മായാരൂപങ്ങളായല്ലാതെ ആകാശത്തിൽ തിളങ്ങി നിൽക്കുന്ന കുറേ നക്ഷത്രങ്ങൾ. മനസ്സിന്റെ ചില്ലുപാളികൾ കടന്ന്‌ കണ്ണുകളിൽ നിറയുന്ന നക്ഷത്രജ്യോതിസ്സ്‌.

രണ്ട്‌

അകലെയെങ്ങോ ഒളിഞ്ഞുനിന്നുകൊണ്ട്‌ നോക്കുകയാണ്‌ ഇപ്പോൾ സൂര്യൻ. പ്രഭാതസ്‌മിതമായി പ്രസരിക്കുന്ന സൂര്യകിരണങ്ങൾക്ക്‌ വല്ലാത്തതിളക്കം. മഞ്ഞിന്റെ നേർത്ത തിരശ്ശീല ഇളകി ഉയർന്നങ്ങനെ പറക്കുന്ന ശലഭങ്ങളും കാറ്റിലാടുന്ന ഇലകളും. മഞ്ഞ്‌ നെയ്യുന്ന സ്‌ഫടികജാലക തിരശ്ശീലയിലോ മനസ്സിലോ മഴവില്ല്‌ നിറപ്പെടുന്നതെന്ന്‌ മനസ്സിലാവുന്നില്ല. അതിശയം! എന്തുമാത്രം ഭംഗിയാണ്‌ ഈ പ്രഭാതത്തിന്‌. ഇത്തരം കാഴ്‌ചകളിൽ ആഹ്ലാദപ്പെട്ടിട്ട്‌ നാളുകളെത്ര കഴിഞ്ഞു.

പരിസരദൃശ്യങ്ങളിൽ ആശ്ചര്യപ്പെട്ടുകൊണ്ട്‌ അവൾ അപ്പോഴും ഉണരാത്ത കുട്ടികളെ ശ്രദ്ധിച്ചു. ഏതോ സൗമ്യസ്വച്ഛമായ തടാകത്തിൽ നീന്തുന്നവരായി കുട്ടികൾ. അവരുടെ പ്രസന്നമായ മുഖത്ത്‌ തുടിക്കുന്നത്‌ എന്തിനോടൊക്കെയോ ഉളള പ്രിയത. ഉറങ്ങട്ടേ, മതിയാകുവോളം ഉറങ്ങട്ടെ കുട്ടികൾ. ഒഴിവു ദിവസമാണല്ലോ ഇന്നവർക്ക്‌.

അടുത്തേതോ മരത്തിലിരുന്ന്‌ ഏത്‌ പക്ഷിയാണ്‌ പാടുന്നത്‌! കിളിപ്പാട്ടിന്റെയും മഴവില്ലിന്റെയും പ്രഭാതം. അവൾക്കാകെ രസം തോന്നി.

ആഹ്ലാദം മനസ്സിലൊതുക്കി നിർത്താൻ വയ്യാതെയവൾ വരാന്തയിലെത്തി. അവിടെ പത്രത്തിൽ മുഖം താഴ്‌ത്തി ഒന്നും വായിക്കാതെ അയാൾ ഇരിക്കുന്നു. അവൾ അരികിലെത്തിയത്‌ അയാൾ അറിഞ്ഞില്ല. പത്രത്തിലേക്ക്‌ കണ്ണുകൾ നീട്ടി ഇരിക്കുകയായിരുന്നെങ്കിലും അക്ഷരങ്ങളിൽ അശുഭത്തിന്റെ നിഴലുകൾ ഇളകുന്നതുകണ്ട്‌ ഏതും വായിക്കാനാവാതെ, എന്തിനെന്നറിയാതെ അയാൾ ഗണിതങ്ങളുടെ ഗോവണിയിൽ മേലോട്ടു കേറിയും അതിനേക്കാൾ വേഗതയിൽ താഴോട്ട്‌ ഇറങ്ങിയും കൊണ്ടുളള ഒരു കളിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അതിനിടയ്‌ക്ക്‌ എന്തോ ശബ്‌ദം കേട്ടപ്പോഴാണ്‌ അയാൾ ശിരസ്സുയർത്തിയത്‌. തൊട്ടടുത്ത്‌ അവൾ. തെളിഞ്ഞൊരു കനകാംബരച്ചിരി അവളുടെ മുഖത്ത്‌, ആ ചിരിയിലേയ്‌ക്ക്‌ നിഴലുപടർത്താതിരിക്കാനെന്നോണം അയാൾ തലവെട്ടിച്ചു.

“വീടു പണിത്‌ കടം പിടിച്ചു നിൽക്കുന്നതിനിടയിൽ എങ്ങിനെയാ നിങ്ങൾ ഒരുപാട്‌ വീട്ടുപകരണങ്ങൾ വാങ്ങിയതെന്ന്‌ ഇതുവരെ പറഞ്ഞില്ല. എത്ര ദിവസമായി ഞാനിതു തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു.” എന്തോ ഓർത്തുകൊണ്ട്‌ അവൾ ചോദിച്ചു.

പച്ചപ്പുകൾ തെല്ലുപോലുമില്ലാത്ത ഒരിടത്ത്‌ മനസ്സു വീണുപോയനിലയിൽ ഇരിക്കുകയായിരുന്നു അയാൾ. അതുകൊണ്ടു തന്നെ അവളുടെ ചോദ്യം അയാൾ കേട്ടില്ല. തുടർന്നും അവളതാവർത്തിക്കുന്നതു കേട്ട്‌ അപരിചിതമായ ഭാവത്തോടെ അയാൾ അവളെ ശ്രദ്ധിച്ചു.

“എന്തിനാ വെറുതെ വഴികളെപ്പറ്റി അറിയുന്നത്‌? അതറിയാതിരിക്കുന്നതല്ലേ നല്ലത്‌?” ഒരുപാടു നേരത്തിനുശേഷം അയാൾ ചോദിച്ചു.

“എനിക്കറിയാം ദേഷ്യം കൊണ്ടാ ഇങ്ങനെയെല്ലാം പറയുന്നത്‌. ഞാനെപ്പോഴും പറയാറുളള പരാതികൾ നിങ്ങളുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞങ്ങനെ നിൽപ്പുണ്ട്‌.” അവൾ പരിഭവിച്ചു.

“അതല്ല, നിനക്ക്‌ കേട്ടേ പറ്റൂ എന്നാണെങ്കിൽ പറയാം.”

“അല്ലെങ്കിൽ ചോദിക്കില്ലല്ലോ. എല്ലാം ഞാനും അറിയുന്നതല്ലേ നല്ലത്‌?”

“ശരിയാ ഒക്കെ നീയും അറിയണം.”

അയാൾ പറയുന്നതു കേൾക്കാനായി അവൾ കാതു കൊടുത്തു.

“നോക്കൂ, ഇന്നാളൊരു ദിവസം കടയിലിരിക്കുകയായിരുന്നു ഞാൻ. ഉച്ചനേരം. നേരം അത്രയൊക്കെയായിരുന്നുവെങ്കിലും അതുവരെ വിൽപ്പനയൊന്നും നടന്നിരുന്നില്ല. പക്ഷേ, അന്നേരമതാ വരുന്നൂ നാലഞ്ചുപേർ. പരിചയളേളാരും ഇല്ലാത്തോരും! അവരെക്കണ്ട്‌ ഞാനാകെ അത്ഭുതപ്പെട്ടു.”

“ആരായിരുന്നു അവർ?”

“പുറത്ത്‌ വെയിലിന്‌ തീപിടിച്ചു നിൽക്കുകയായിരുന്നു. അതിനിടെ അതിശയം പോലെ നിന്റെ മരിച്ചുപോയ അപ്പനപ്പൂപ്പന്മാർ വന്നു?”

അയാളുടെ വിശദീകരണം അവളെ ദേഷ്യപ്പെടുത്തിയെങ്കിലും അത്‌ ആസ്വദിച്ചുകൊണ്ട്‌ അവൾ ഇരുന്നു. പറയട്ടെ, അയാൾ പറയട്ടെ. അയാളിൽ വിങ്ങിനിൽപ്പുളളത്‌ എന്നോടുളള ഈർഷ്യയാണ്‌.

“ദാ.. നിന്റെയും മക്കളുടേയും വിശേഷങ്ങളായിരുന്നു അവർ കൂടുതലും തിരക്കിയത്‌. കൂടെ എന്റെ വിശേഷങ്ങളും. ഒന്നും പറയേണ്ടെന്ന്‌ കരുതിയെങ്കിലും ഒടുവിൽ ഞാനെല്ലാം പറഞ്ഞു. കടം വാങ്ങി വീടു പണിതതും അയൽവീടുകൾ പലതും കണ്ട്‌ അവിടെയുളള സൗകര്യങ്ങളൊന്നും വീട്ടിലില്ലാത്തതിനെപ്പറ്റി നീ സങ്കടപ്പെടുന്നതും സങ്കടപ്പെടൽ ഒടുവിൽ കുറ്റപ്പെടുത്തലായി മാറിയതും ഒരു രക്ഷയുമില്ലാതെ ആത്മഹത്യ ചെയ്യാനോ നാട്‌ വിടാനോ ഞാൻ തീരുമാനിച്ചിരിക്കുന്നതിനെപ്പറ്റിയുമെല്ലാം…”

“യ്യോ! എന്നിട്ടോ?” അയാളുടെ ആത്മനിന്ദയോളമെത്തുന്ന പരിഹാസം ശരിക്കും ഇഷ്‌ടപ്പെട്ടുകൊണ്ടെന്നോണം അവൾ ചോദിച്ചു.

“എന്തോരം പണമാ അവരുടെ കയ്യിൽ! വലിയപ്പൂപ്പനാണ്‌ എന്റെ ധർമ്മസങ്കടം എല്ലാ അർത്ഥത്തിലും മനസ്സിലാക്കിയത്‌. വലിയപ്പൂപ്പൻ നാലഞ്ച്‌ കെട്ട്‌ നോട്ടെടുത്ത്‌ എന്നെ ഏൽപ്പിച്ച്‌ കാരുണ്യത്തോടെ ഒരു പറച്ചിൽ, മോനേ ഞങ്ങൾക്കൊന്നും ജീവിതത്തിന്റെ സുഖം അനുഭവിക്കാൻ കഴിഞ്ഞില്ല. എന്നും ദുരിതങ്ങളും പ്രാരാബ്‌ധങ്ങളുമായിരുന്നു. നിങ്ങളെങ്കിലും ജീവിതം ആസ്വദിക്കെന്ന്‌. പണം വാങ്ങാൻ ഞാൻ മടിക്കുന്നത്‌ കണ്ട്‌ വാങ്ങിക്കോ മോനേ എന്ന്‌ നിന്റെ അച്ഛനും! ആ സ്ഥിതിക്ക്‌ ഞാനെന്തിന്‌ പണം വാങ്ങാതിരിക്കണം.?”

“അതാ സത്യം…! അവർക്കൊക്കെ ഞാൻ ജീവനായിരുന്നു. ഇനീപ്പം എപ്പഴാ അവർ വരിക. എന്നെ കാണാൻ വന്നില്ലല്ലോ ഇക്കാലത്തിനിടയ്‌ക്ക്‌ അവരൊന്നും. വീണ്ടും അവര്‌ നിങ്ങളെത്തന്നെ കാണാനാ വരുന്നതെങ്കില്‌ ഈ വീടിന്റെ പെയ്‌ന്റിങ്ങ്‌ വർക്കുകളൊന്നും തീർന്നില്ല, വീടിന്‌ നല്ലൊരു മുറ്റംല്ല, പൂന്തോട്ടമില്ല, ഗേറ്റില്ല, ഫോണില്ല എന്നൊക്കെ പറഞ്ഞേക്കണേ. ഇനീം അവര്‌ പണം തന്നാ ഭാഗ്യായീലേ..”

പെട്ടെന്ന്‌ കരച്ചിലിന്റെ ഒരു വേലിയേറ്റമായി അവൾ അകത്തേയ്‌ക്ക്‌ പാഞ്ഞു.

അപ്പോൾ എന്തൊരു ബോറൻ പ്രഭാതങ്ങളും വൃത്തികെട്ട വിചാരങ്ങളും ദുരന്തശേഷിപ്പുകളുമാ എന്നെത്തേടി നിരന്തരം വന്നുകൊണ്ടിരിക്കുന്നതെന്ന്‌ നെഞ്ചിലങ്ങ്‌ നിലവിളിക്കുകയായി അയാൾ.

മൂന്ന്‌

ആഹ്ലാദത്തിന്റെ അജ്ഞാതങ്ങളായ ആകാശങ്ങളിൽ ചിറകു വിടർത്തി പറക്കുകയാണ്‌ അപ്പുവും അമ്മുവും, അവരാണീയിടെയായി ജീവിതം ആസ്വദിക്കുന്നത്‌. എന്തൊരുൽസാഹവും അടുക്കും ചിട്ടയുമാണ്‌ അവരുടെ ദിനചര്യകൾക്ക്‌. സമയപ്പട്ടിക വെച്ച്‌ ക്രമപ്പെടുത്തിയതുപോലുളള ജീവിതം. രാവിലെ ഉണരുന്നു. സ്‌കൂളിൽ പോകുന്നു. കൃത്യസമയത്തെത്തി ഗൃഹപാഠങ്ങൾ ചെയ്‌ത്‌ പിന്നെ ഇത്തിരി നേരം ടി.വിക്കുമുമ്പിൽ. കളിപ്പാട്ടങ്ങളോടും മറ്റും അൽപ്പസമയം സല്ലാപം. അപ്പുവോ അമ്മുവോ ഏതിനും ശാഠ്യം കാണിക്കുന്നില്ല. നല്ല അനുസരണയുളള കുട്ടികളായി അവർ.. ഉവ്വ്‌, അവരാണീയിടെയായി എല്ലാ അർത്ഥത്തിലും ജീവിതം ആസ്വദിക്കുന്നത്‌.

അവളതെല്ലാം തിരിച്ചറിയുമ്പോൽ തന്നെ തന്റെ മനസ്സിലായി നിറയെ ഉത്‌ക്കണ്‌ഠകൾ പെരുകുന്നതും അറിയുന്നുണ്ടായിരുന്നു. ചുഴികളിൽ പിന്നെയും പിന്നെയും വീഴുന്ന നില. ആശ്വാസത്തിന്റെ വിളുമ്പുകളെവിടെയും തെളിയുന്നില്ല. കുറെ ദിവസങ്ങളായി അയാൾ തുടരുന്ന മൗനവും മൗനത്തിൽ ആണ്ടിറങ്ങികൊണ്ടുളള ആലോചനകളുമാണ്‌ അവളെ തളർത്തുന്നത്‌. കടയിലേക്ക്‌ അയാൾ പോയിട്ട്‌ ദിവസങ്ങളെത്രയോ കഴിഞ്ഞു. ഒളിച്ചുകളിയിലേർപ്പെട്ടിരിക്കുന്ന ഒരാളായി വീട്ടിൽതന്നെ കഴിയുന്നു അയാൾ. അന്വേഷണവുമായി ആര്‌ വരുമ്പോഴും അയാൾ ഭീതിപ്പെടുന്നു. തപാൽക്കാരനെയാണ്‌ അയാളേറ്റവും ഭയപ്പെടുന്നത്‌.

“ഇതാ ഇപ്പം ഒരു കുറവ്‌. കടയിൽ സാധനങ്ങൾ ഒന്നുമില്ല. ഒന്നും വാങ്ങാൻ ആരും വരാറുമില്ല. പിന്നെന്തിന്‌ പോണം കടയിൽ?” ഇടയ്‌ക്ക്‌ ഒരു ദിവസം അയാൾ പറഞ്ഞു. കട തുറക്കേണ്ടതിനെപ്പറ്റി അവൾ ഓർമ്മിപ്പിച്ചപ്പോഴായിരുന്നു അത്‌.

ക്ഷേമാന്വേഷണങ്ങൾക്കായി അപ്പനപ്പൂപ്പന്മാർ വന്നാലോ എന്ന്‌ ചിരിയോടെ ചോദിച്ച്‌ അയാളെ ഒരുണർവ്വിലേക്ക്‌ കൊണ്ടുവരണമെന്ന്‌ വിചാരിച്ചിട്ടും അയാളുടെ പരിക്ഷീണമായ സ്ഥിതി കണ്ട്‌ അവളേതും പറഞ്ഞില്ല. വിഭ്രമസ്വപ്‌നങ്ങൾ കണ്ട്‌ പേടിക്കുന്ന ഒരാളുടെ മുഖമായിരുന്നു അവളുടേത്‌.

“പക്ഷികളും മനുഷ്യരുമെല്ലാം സ്വന്തം പരിമിതികൾ തിരിച്ചറിയണം. അതറിയാതെ പറക്കാൻ തുടങ്ങിയാൽ എന്തെന്ത്‌ ആപത്തുകളാ സംഭവിച്ചു കൂടാത്തത്‌?”

അയാളുടെ വാക്കുകൾ അവളെ അത്‌ഭുതപ്പെടുത്തുകയല്ല, വിഹ്വലയാക്കുകയായിരുന്നു.

“നമ്മൾ പരിമിതികൾ തിരിച്ചറിഞ്ഞില്ല. പിന്നെ കുട്ടികൾ… അവർക്കെന്തറിയാം!”

“ദൈവമേ! എനിക്കൊന്നും മനസ്സിലാവുന്നില്ല.”

“അതുവ്വ്‌. അതുതന്നെ കുഴപ്പം. ആരും മനസ്സിലാക്കേണ്ട കാര്യം മനസ്സിലാക്കുന്നില്ല.”

“യ്യോ! ഇത്‌ വല്ലാത്തൊരു സങ്കടം തന്നെ.”

“തെളിച്ച്‌ പറയാം, ഈ വലിയ വീടും സൗകര്യങ്ങളും സത്യത്തിൽ നമ്മുടെ പരിമിതികളിലൊതുങ്ങുന്നതാ? മറ്റാരുടെയൊക്കെയോ സൗഭാഗ്യങ്ങൾ കണ്ട്‌ അത്‌ നമ്മുടേത്‌ കൂടിയാക്കാൻ കൊതിച്ചതല്ലെ നമ്മൾ. നിന്റെ ചില നിർബ്ബന്ധങ്ങൾ… നമുക്കും ചില സുഖങ്ങളെങ്കിലും വേണ്ടേ എന്ന വാശി. ആരെയെല്ലാമോ തോൽപ്പിക്കണമെന്ന എന്റെ ശാഠ്യം.”

“അതുകൊണ്ടിപ്പം എന്ത്‌ കുഴപ്പാ പറ്റീത്‌?” ഒന്നും പിടികിട്ടാതെ അവൾ ചോദിച്ചു.

അയാളൊന്നും പറഞ്ഞില്ല. നെഞ്ചുപൊളളുന്ന വിചാരങ്ങളുടെ മണൽതാഴ്‌വരകളിൽ അലയുന്ന ഒരാളായി ഇരിക്കുകയായിരുന്നു അയാൾ.

അപ്പനപ്പൂപ്പന്മാരല്ലേ പണം തന്നത്‌, അവരുണ്ടോ അത്‌ മടക്കിചോദിക്കുന്നു, പിന്നെന്തിത്‌ പരിഭ്രമിക്കണം എന്ന്‌ തമാശ പറയാൻ അവൾക്കുമായില്ല. അവൾ വ്യാകുലപ്പെടുകയും, ഏതോ ഭ്രമക്കാഴ്‌ചകളിൽ കടലെടുക്കുന്ന മാളികകൾ, മണൽമാളികകൾ അവളുടെ മുമ്പിലും മനസ്സിലും തെളിയുകയുമായിരുന്നു.

നാല്‌

അനന്തരം ഒരു ദിവസം അവളുടെ സ്വപ്‌നത്തിൽ വീണ്ടും അദൃശ്യമായ ഒളിയിടങ്ങളിൽ നിന്നും അരൂപികൾ വന്നുകൊണ്ടിരിക്കെ ആയിരുന്നു അയാൾ അവളെ തട്ടി ഉണർത്തിയത്‌. രാത്രി വളരെ കനപ്പെട്ടു കഴിഞ്ഞിരുന്നില്ല. ഇത്തവണയും അരൂപികൾ അവളെ നിരാർദ്രം പേടിപ്പിക്കാൻ തുടങ്ങുകയായിരുന്നു. കുട്ടികൾ പഠിക്കാനിരുന്നപ്പോൾ അവരുടെ ചാരെ ഇരുന്ന്‌ ഒരർദ്ധമയക്കത്തിലേക്ക്‌ വലിച്ചെറിയപ്പെടുകയായിരുന്നു അവൾ.

അവൾ നോക്കുന്നേരം ചിരിച്ചുകൊണ്ട്‌ നിൽക്കുന്ന അയാൾ. ഒരുപാട്‌ ദിവസങ്ങൾക്കു ശേഷമായിരുന്നു അയാളുടെ ചിരിക്കുന്ന മുഖം അവൾ കാണുന്നത്‌. പുറത്തെങ്ങോ പോയി വന്നിരിക്കുകയാണ്‌ അയാൾ. ചിരിമുഖം കാട്ടി നിൽക്കുന്ന അയാളെ കണ്ട്‌ അവൾ വിസ്‌മയപ്പെട്ടു. ഇതെന്തീശ്വരാ എല്ലാവിധ പ്രശ്‌നങ്ങൾക്കും പരിഹാരമായോ? അപ്പനപ്പൂപ്പന്മാർ ഒരിക്കൽക്കൂടി വന്ന്‌ അനുഗ്രഹിച്ചോ! അവൾക്കാകെ ശങ്ക. ഒന്നും പറയാതെ അയാൾ ചിരിക്കുക തന്നെ. അതേ ചിരിയോടെയായിരുന്നു അയാൾ കുട്ടികളുടെ പഠനമുറിയിൽനിന്നും ഇറങ്ങി സിറ്റൗട്ടിലേക്ക്‌ നടന്നത്‌. അതിനിടെ കുറെനേരം കുട്ടികളെ സ്‌നേഹത്തോടെ തലോടാനും അയാൾ മറന്നിരുന്നില്ല.

അയാളവളെ വിളിച്ചില്ലെങ്കിലും അവളും പിറകെ ചെന്നു.

“എന്താ ഇന്നിത്ര സന്തോഷം? അവസാനം ആശങ്കകളോടെ അവൾ ചോദിച്ചു.”

“അറിഞ്ഞോ വിശേഷം? അപ്പനപ്പൂപ്പന്മാരുടെ എഴുത്തു വന്നു തുടങ്ങി. കടങ്ങൾ പലിശ സഹിതം തിരിച്ചടക്കണം, അല്ലെങ്കിൽ ഈടാക്കാനുളള വഴി നോക്കും എന്ന താക്കീതും.”

“അമ്മേ!… അതിനിത്ര സന്തോഷിക്ക്‌​‍ാ…”

“പിന്നെ നിലവിളിക്കാനാ!”

“വീട്‌ പട്ടിണിയിലേക്ക്‌ നീങ്ങുന്നു. കുട്ടികൾക്ക്‌ പഴയ പ്രസരിപ്പില്ല. അവരും ആകെ പേടിക്കുന്നതുപോലെ…”

“പാവം കുട്ടികൾ.”

“നമ്മുക്കൊക്കെ എന്താ പറ്റിയത്‌? കപ്പൽ തകർന്ന്‌ കടലിൽ കുടങ്ങിയവരായി നമ്മൾ. അപ്പനപ്പൂപ്പന്മാരെന്ന കടംങ്കഥേണ്ടാക്കി എവിടുന്നൊക്കെയോ കടോം വാങ്ങി എന്തിനായിരുന്നു നമ്മൾ” അവൾക്ക്‌ പറഞ്ഞു തീർക്കാനായില്ല.

അയാൾ മിണ്ടിയില്ല. എവിടെയോ മനസ്സിനെ തളളിയിട്ട്‌ വിവശം അയാളിരുന്നു.

“ഇനിയെന്താ നമ്മൾ ചെയ്യ്യാ…” അവൾ നിലവിളിയിൽ നിറഞ്ഞു.

“വഴികൾ പലതുണ്ട്‌…” ഒരുപാട്‌ നേരത്തിന്‌ ശേഷം അയാൾ പതുക്കെ പറഞ്ഞു.

അവളുടെ മുഖത്ത്‌ ഭീതി നിറഞ്ഞു.

“വീടും പുരയിടോം കടേം എല്ലാം വിറ്റ്‌ കടങ്ങൾ തീർക്കാൻ ശ്രമിക്കുകയെന്നതാ ഒന്നാമത്തെ വഴി.”

അയാളത്രയും പറയുമ്പോഴേക്കും സഹനത്തിന്റെ അവസാനത്തെ നൗകയും തകർന്ന്‌ അവൾ വേവലാതിക്കടലിൽ മുങ്ങിത്തുടങ്ങിയിരുന്നു. മറ്റുവഴികളേതെന്ന്‌ ചോദിക്കാൻ അവൾക്കായില്ല. വീടാകെ വട്ടം കറങ്ങുന്നതായും ഇരുളിന്റെ ഗിരിനിരകൾ മുൻപിൽ രൂപം കൊളളുന്നതായും അവൾക്കനുഭവപ്പെട്ടു. നിലവിളിയോടെ അബോധത്തിന്റെ ഗർത്തങ്ങളിലേക്കു തന്നെ അവൾ വീണു.

പിന്നെ ദിവസങ്ങൾക്കുശേഷം ഒരു വൈകുന്നേരം സർക്കാർ ആശുപത്രിക്കു മുകളിലെ നരച്ച ആകാശത്ത്‌ അഭയമില്ലാതെ പറക്കുകയായി രണ്ടു പക്ഷികൾ. എന്തോ അന്വേഷിച്ചു കൊണ്ടു പറന്നു തളർന്ന പക്ഷികൾ, ഒടുക്കം ആശുപത്രി മോർച്ചറിക്കരികിലെ വൃക്ഷശിഖരത്തിൽ കരഞ്ഞു തളർന്നവരായി മുഖത്തോടു മുഖം നോക്കിയിരിപ്പായി.

“എവിട്യാ അവരുളളത്‌? ചെറിയൊരു ചിറകനക്കംപോലും കേൾക്കുന്നില്ലാലോ!”

അവരിൽ ഒരു പക്ഷി സഹികെട്ട്‌ ചോദിച്ചു.

“അകത്തുപോയി ഒന്നുകൂടെ കാണുന്നോ അവരെ?” രണ്ടാം പക്ഷി സംശയപ്പെട്ടു.

“നാലഞ്ചു ദിവസം വാർഡില്‌ ചുറ്റിപ്പറ്റി നിന്ന്‌ അവരുടെ പിടച്ചില്‌ കണ്ടതും മരണനിലവിളി കേട്ടതും മതിയായില്ലേ? നമുക്കു മാത്രം മരിച്ചാപ്പോരായിരുന്നോ? എന്തിനായിരുന്നു അവരേം നമ്മള്‌..” ഒന്നാം പക്ഷി പൊറുതികേടോടെ ശിരസ്സു കുടഞ്ഞു.

“ക്ഷമിക്ക്‌. നമ്മളില്ലാത്ത ലോകത്തെ അനാഥത്വവും ദുരിതങ്ങളും അവരെ കഷ്‌ടപ്പെടുത്തേണ്ടെന്ന്‌ കരുതീട്ടല്ലേ ഞാൻ…”

“ഒന്നും അറിയാഞ്ഞ്‌ അവരുറങ്ങുമ്പം എന്നെക്കൊണ്ട്‌ നിങ്ങള്‌ അവരുടെ മേല്‌ മണ്ണെണ്ണ ഒഴിപ്പിച്ചു. നനഞ്ഞപ്പം അവര്‌ കണ്ണു തുറന്നു. ന്റെ ദൈവമേ… എനിക്ക്‌ നേരേളള അവരുടെ അമ്മേ എന്ന വിളിയോടേളള എന്തോപോലുളള നോട്ടം. അതുകണ്ട്‌ വേണ്ടാന്ന്‌ ഞാൻ കരഞ്ഞുപറഞ്ഞിട്ടും നിങ്ങള്‌ കണ്ണുംപൂട്ടി തീപ്പെട്ടി…”

“തെറ്റിപ്പോയി. കണക്കുകളും എല്ലാ നിലപാടുകളും തെറ്റിപ്പോയി. ക്ഷമിക്കില്ലേ നീ?”

“ഈശ്വരാ ആരെയാ ഞാൻ കുറ്റപ്പെടുത്തേണ്ടത്‌..”

അപ്പോൾ അവരെ ഞെട്ടിച്ചുകൊണ്ട്‌ മോർച്ചറിക്കു മുൻപിൽ ഒരു ആംബുലൻസ്‌ വന്നു നിന്നു. ആ കാഴ്‌ചയിൽ പക്ഷികൾ നിശ്ചലനിലവിളി കൈക്കൊണ്ടു. അവർ മരത്തിനു മുകളിൽ തളർന്നിരിക്കേ എങ്ങു നിന്നോ നേർത്ത ചിറകൊച്ചകൾ. നനുത്ത കാറ്റ്‌. പിന്നെ ഭ്രാന്തുപിടിച്ച്‌ ശിരസ്സു തല്ലുന്ന കാറ്റ്‌. കൊഴിയുന്ന ഇലകൾ. പൂക്കൾ. ഒടുവിൽ ആംബുലൻസ്‌ ഇളകിത്തുടങ്ങുന്നേരം ഉലയുന്ന മരച്ചില്ലകൾക്കിടയിൽ, അവരുടെ കാതരികിൽ ‘അമ്മേ’ ‘അച്ഛാ’ എന്ന നിലവിളിച്ചെത്തം.

Generated from archived content: story_feb5.html Author: chandran_pookkadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English