മണല്‍പ്പരപ്പില്‍ തട്ടി
ചിന്നിച്ചിതറിയ
സൂര്യ കിരണങ്ങള്‍
നേത്ര ഗോളങ്ങള്‍ തുളച്ചു കയറി
ആരോ മറന്നു വച്ച പോല്‍
ചില കുഞ്ഞു ജലശേഖരങ്ങ-
ളതില്‍ നിമിഷങ്ങ-
ളാഘോഷമാകുന്നോ-
രായിരം ദേശാനപക്ഷികള്‍
നാളെക്കൊരുകുടം വെള്ളത്തിനാ-
യൊരു കൊറ്റിയെങ്ങു നിന്നോ പറന്നെത്തി.
നാളെയിതും വറ്റി
വരണ്ടുപോയെങ്കിലോ?
കോണ്‍ക്രീറ്റ് കാലുകളില്‍
ചൂളം വിളിച്ചു പായുന്നൊ-
രാധിപത്യത്തിന്‍ പുകവണ്ടി
പൊക്കുടനെ കിനാവു കാണുന്നു
കരിഞ്ഞുണങ്ങിയ കണ്ടല്‍ക്കാടുകള്‍
ആരെയോ പേടിച്ചോടുന്നു
വഴിതെറ്റി വന്നപോല്‍
മഴമേഘങ്ങള്‍
ഇതു വഴിയൊരു
പുഴയൊഴുകിയിരുന്നുപോലും!
ഒരു ദേശ സംസ്കൃതി
സ്ഫുടം ചെയ്തൊഴുകിയ
ശതകോടിയാത്മാക്കള്‍
ശാന്തിക്കിടം നേടിയ
ഒരു സ്വര്‍ഗ്ഗഭൂമിയി
ന്നതിന്നാത്മ ശാന്തിക്കായ് കേഴുന്നു
ഇതു വഴിയൊരു
പുഴയൊഴുകിയിരുന്നു പോലും.
Generated from archived content: poem1_oct25_13.html Author: chandran_keezhpayur