വിയർപ്പോടെ ഭക്ഷിക്കാൻ
ഞാൻ, നിനക്കപ്പമായി;
ദാഹനേര,ത്തി-
ളനീരായി;
മഴയത്ത്
കുടയും,
മഞ്ഞിൽ
പുതപ്പും,
കണ്ണിൽ വിളക്കുമായി;
പക്ഷെ……!
* * * * * * *
നാളെ-
വിധിന്യായ വേളയിൽ
നീ ഉണർന്നിരിക്കുക,
വീഞ്ഞും ഈന്തപ്പഴവും
ഭുജിച്ച്
മനസ്സ് തണുപ്പിക്കുക;
പിന്നെ,
ഒരു പ്രാർത്ഥന……
പുലർച്ചക്ക് കുരിശാരോഹണം;
നീ, മൂകസാക്ഷി.
കരൾ പിളർന്ന്
കുരിശ് മുത്തി വരുന്ന
ചോര കാൺകെ
പിന്തിരിഞ്ഞേക്കുക;
ഒടുവിലത്തെ
സങ്കീർത്തനം ചൊല്ലി
ഒരൊലീവിലയറുത്ത്
ഓർമ്മകൾക്ക് ബലി;
ശുഭം.
ക്രൂശിതൻ-
നിനക്കാരുമായിരുന്നില്ല!
ഇനിയവൻ
ചരിത്രത്തിന്റെ
തിരുശേഷിപ്പ്….
നീയോ,
ജീവിതത്തിന്റെ പരിഛേദം!
Generated from archived content: vazhikal.html Author: chandran_alakkara
Click this button or press Ctrl+G to toggle between Malayalam and English