ജീവനുള്ള സ്മാരകങ്ങള്‍

ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മറ്റ് മഹാന്മാരുടെയും ഒക്കെ പേരില്‍ രാജ്യത്തുടനീളം കെട്ടിടങ്ങളും സ്തൂപങ്ങളും മറ്റ് വിവിധ രൂപത്തിലുള്ള സ്മാരകങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ഇത്തരം സ്മാരകങ്ങളാകട്ടെ, അത് പ്രതിനിധീകരിക്കുന്ന മഹാരഥന്‍മാരുടെ ആശയാദര്‍ശങ്ങളുമായോ ജീവിതദര്‍ശങ്ങളുമായോ യാതൊരു വിധത്തിലും പൊരുത്തപ്പെടാത്തതുമാണ്. പലപ്പോഴും അവരുടെ സ്മരണകളെ പോലും അപമാനിക്കുന്ന വിധത്തിലാണ് ഈ സ്മാരകങ്ങളുടെ അവസ്ഥ.

വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ശുചിത്വത്തിന്റെ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച മഹാത്മജിയുടെ പ്രതിമകളും സ്മാരകങ്ങളും തെരുവോരങ്ങളില്‍ ഏറ്റവും വൃത്തിഹീനമായ അവസ്ഥയില്‍ നിത്യേന ഗാന്ധിനിന്ദ നിര്‍വ്വഹിക്കുകയാണ്. മണമറഞ്ഞവര്‍ക്കുള്ള സ്മാരകങ്ങള്‍ നിലനിര്‍ത്താന്‍ ഒരേക്കറോളം വരുന്ന സ്ഥലത്ത് മരങ്ങള്‍ നിറഞ്ഞ ഒരു സ്മൃതിവനം തീര്‍ത്ത് മക്കള്‍ മാതൃകയാവുന്നത്.

ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിലുള്ള വരകുളം കവലയ്ക്ക് സമീപം കൊച്ചിവീട്ടില്‍ കേശവന്‍ എന്ന മനുഷ്യന്റെ മരണശേഷം തറവാട്ട് ഭൂമി കഷ്ണങ്ങളാക്കി വേദനയുടെ മുറിവുകള്‍ തീര്‍ക്കാന്‍ തയ്യാറാവാതെ മക്കള്‍ പിതൃസ്വത്തായ ഒരേക്കര്‍ ഭൂമിയില്‍ നിറയെ മരങ്ങള്‍ നട്ടുപിടിപ്പിച്ച് പൊതുഇടമാക്കി നിലനിര്‍ത്താനൊരുങ്ങുകയാണ്.

കേശവന്‍ സ്മൃതിവനം എന്ന പേരിലുള്ള ഈ സ്മാരകം വെറുമൊരു സ്മാരകം മാത്രമല്ല, ചുറ്റുപാടിലേക്ക് ജീവന്റെ ഓജസുറ്റ കിരണങ്ങള്‍ പ്രസരണം ചെയ്യുന്ന ഒരിടം കൂടിയായി മാറുന്നു. മനുഷ്യനു മാത്രമല്ല, കിളികളും മറ്റ് ജീവികളും അടക്കമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ഇവിടേക്ക് പ്രവേശനമുണ്ട്. ഭൂമിയിലെ, ആരും ആട്ടിയോടിക്കാനില്ലാത്ത അഭയകേന്ദ്രമായി കേശവന്‍ എന്ന ഒരു സാധാരണ മനുഷ്യന്റെ സ്മരണ പുലരുകയാണ്. മരണത്തിനു ശേഷവും ഒരാള്‍ക്ക് ഒരള്‍ക്ക് ഭൂമിയില്‍ ജീവിക്കാന്‍ കഴിയുന്നത് സ്മാരകങ്ങള്‍ കൂടി ജീവനുള്ളതാകുമ്പോഴാണ്. നിര്‍ജ്ജീവമായ കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും മഹാരഥന്‍മാരുടെ പേരിട്ട് അവരുടെ ഓര്‍മ്മകളെ മലീമസമാക്കുന്ന പ്രവൃത്തികളില്‍ നിന്ന് ഒരു മോചനമുണ്ടാകാന്‍ കേശവന്‍ സ്മൃതിവനം ഒരു മാതൃകയാകുമോ?

(2015 ഏപ്രില്‍ 18 തിയ്യതിയിലെ പത്രപ്രവര്‍ത്തയോട് കടപ്പാട്)

കടപ്പാട് – ലിറ്റില്‍മാഗസിന്‍

Generated from archived content: essay1_july13_15.html Author: chandrababu_thrikkalangottu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here