ഒളിയുദ്ധങ്ങൾ

പിളർപ്പിനുശേഷം പത്തുവർഷം കഴിഞ്ഞിരിക്കുന്നു. ഞരമ്പുകൾ കെട്ടഴിഞ്ഞ്‌ സ്വതന്ത്രമാവുന്നു. ഇനി ശാന്തിയുടെ കാലമെന്നറിയുക. ജേക്കബ്‌, പടർന്നു കയറുന്ന ഈ പ്ലാസ്‌റ്റിക്‌ വളളികളും ഇലച്ചാർത്തും ഒരിക്കലും ഒരു പൂ വിടർത്തുന്നില്ല. നമ്മെ ആകർഷിക്കാനായി ഈ കൃത്രിമക്കുടിൽക്കെണിയൊരുക്കിയിരിക്കുന്ന ബാറുടമ മാത്രം നമ്മുടെ സൗഹൃദ സംവാദങ്ങളറിയുന്നു. അയാൾ ഞങ്ങളുടെ കേന്ദ്രക്കമ്മറ്റിയുടെ നിഴൽരൂപമാണ്‌, ഭയക്കേണ്ട. നിന്റെ നോട്ടം കണ്ടാലറിയാം കഴിഞ്ഞ പത്തു വർഷമായി നിന്നെ ചൂഴ്‌ന്നു നിന്ന മരണഭയം ഒഴിഞ്ഞു പോയതായി വിശ്വാസം വരുന്നുണ്ടാവില്ല.

“ജേക്കബ്‌, നീ പേടിക്കണ്ടാ. നിന്നെ കൊല്ലാൻ ഉത്തരവിട്ട നേതാവ്‌ ഞങ്ങളുടെ പ്രസ്ഥാനം വിട്ട്‌ പ്രതിലോമകാരികളുടെ കൂടെച്ചേർന്നു.”

“പക്ഷെ, ഉത്തരവിടുമ്പോൾ അയാൾ നിങ്ങളുടെ ദൈവമായിരുന്നില്ലേ? വാക്കുകൾ പിൻവലിക്കാനാവാത്തതല്ലേ?”

“ഇല്ല. കൊലവിളി ശൂന്യമായ ഒരു കുമിളയായി അപമൃത്യു വരിച്ചെന്നു നീ കരുതുക. നീ ചിരിച്ചേ. അങ്ങനെ. ഹാ… ഹാ..”

ലാഭനഷ്‌ടങ്ങളുടെ കണക്കുകൾ നോക്കാതെ നമ്മുടെ പ്രസ്ഥാനങ്ങൾ വീണ്ടും ഒന്നാവുകയാണ്‌. നമുക്ക്‌ വിശ്വസനീയമാംവിധം വിശദീകരിക്കാനാകാത്ത എത്രയോ സംഭവങ്ങൾ ലോകത്തുണ്ടാകുന്നു. പ്രസ്ഥാനത്തിന്റെ പിളർപ്പും ആ ഗണത്തിൽ പെടുത്തിയാൽ പോരേ? നമ്മുടെ അകൽച്ചയുടെ കാലം ചരിത്രത്തിലെ വിടവായിത്തന്നെ അവശേഷിക്കട്ടെ.

ശ്രദ്ധിക്കൂ.. കഴുത്തിനു താഴെ ഐ ലൗ ഇൻഡ്യാ എന്നു പെയിന്റടിച്ച ഒരു മദാമ്മ അപ്പുറത്തെ ബാറിൽനിന്നും സ്‌ത്രീകൾക്കായുളള ടോയ്‌ലറ്റന്വേഷിച്ച്‌ വേച്ചുവേച്ചു വരുന്നു. ചരിത്രം നമ്മെ കളിയാക്കിക്കൊണ്ടു പുറകോട്ടു നീങ്ങാൻ തുടങ്ങിയിരിക്കുന്നു. ജടകെട്ടിയ മുടിയിഴകൾ വിടർത്തിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ വിരലുകൾ ഇന്നലെവരെ ശത്രുവിനെതിരെ കാഞ്ചിയിൽ അമർന്നിരിക്കുകയായിരുന്നെന്ന്‌ എനിക്കറിയാം.

ചരിത്രത്തിൽ പത്തു വർഷം എത്ര നിസ്സാരം. ഇപ്പോഴിതാ നാമും നമ്മുടെ ശത്രുവായിരുന്ന ആ ദുഷിച്ച പ്രസ്ഥാനവുമായി ഐക്യപ്പെട്ടിരിക്കുന്നു. ഭാവി നമ്മുടേതാണ്‌. അമാന്തം കാട്ടാതെ ആ മദ്യം കൂടി കുടിക്കൂ. നമുക്കിടയിൽ ശത്രുവില്ല. ഭൂതകാലം മിഥ്യ.

എന്റെ സെൽഫോൺ ശബ്‌ദിക്കുന്നു.

“ഇങ്ങോട്ടൊന്നും പറയരുത്‌. എല്ലാം അനുസരിച്ചാൽ മതി.”

പക്ഷെ എനിക്കെങ്ങനെ അതിനു കഴിയും. ഈ പത്തുവർഷം കാത്തിരുന്നത്‌ അയാളെ കൊല്ലാനല്ല. തിരിച്ചു കിട്ടാനായിരുന്നു. അയാളുടെ ചിന്തകൾ ഞങ്ങൾക്കു മുതൽക്കൂട്ടാവും.

ജേക്കബ്ബിന്റെ ഭയം മാഞ്ഞുതുടങ്ങിയ മുഖത്തു നോക്കിക്കൊണ്ട്‌ ഞാൻ ചോദിച്ചുപോയി. “നിങ്ങൾ ആ പൊരിച്ച മുയലിറച്ചി അല്‌പം പോലും കഴിച്ചില്ലല്ലോ. നിങ്ങൾ വല്ലാത്തൊരു കുടിയൻ തന്നെ.”

നമ്മുടെ പ്രസ്ഥാനം എങ്ങനെ ഭിന്നിച്ചു പോയി.

“കരടു നയരേഖയുടെ അച്ചടിയാണ്‌ പ്രശ്‌നമായത്‌.” ജേക്കബ്‌ ആവേശം കൊണ്ടു.

“ഓരോ അബദ്ധങ്ങൾ. സർവ്വം മായ എന്നല്ലേ?”

“അല്ല സുഹൃത്തേ, സത്യം തന്നെ. എല്ലാം സംഭവിച്ചതാണ്‌. ഭൂതകാലം അസത്യമാണെന്ന ചിന്തയാണ്‌ ഭയാനകം. ചരിത്രത്തിലെ പിഴവുകൾ ആവർത്തിക്കാതിരിക്കാനാണ്‌ ഈ ഐക്യപ്പെടലിലൂടെ നമ്മൾ ശ്രമിക്കേണ്ടത്‌.”

ഓ.. മദ്യം തിളക്കുന്നു.

‘എനിക്കെന്നോടു ചോദിക്കേണ്ടിവന്നുഃ സെൽഫോൺ സംഭാഷണം നീ മറന്നോ?)

ഞാനെങ്ങനെ ഈ പാവത്തിനെ കൊല്ലും.

ജേക്കബ്‌ അയാളുടെ വിയർപ്പും മണ്ണും കുഴഞ്ഞു പറ്റിയ കൈത്തലങ്ങളിലേക്കു ചാഞ്ഞ്‌ ഉറക്കം പിടിച്ചെന്നു തോന്നുന്നു. കൊതിച്ച സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു. സെൽഫോൺ വീണ്ടും വിളിക്കും. പറഞ്ഞതു ചെയ്‌തില്ലെങ്കിൽ ശിക്ഷ ഒഴിവാക്കാനാവില്ല. ഞാൻ ധ്യാനിക്കാൻ തുടങ്ങി. വേണം കൊല്ലുവാൻ ഒരു കാരണം. മദ്യം ഒരു പുതപ്പാവട്ടെ.

(ജേക്കബ്‌, കഴിഞ്ഞ പത്തുവർഷമായി നീ പ്രസ്ഥാനത്തിന്റെ ശത്രുവാണ്‌. നമ്മുടെ പ്രസ്ഥാനങ്ങൾ ഒന്നായതും പൊതുശത്രുവുമായി രമ്യതയിലായതും വെടിനിർത്തൽ പ്രഖ്യാപിച്ചതും നേരായിരിക്കാം. നേര്‌ എപ്പോഴും നേരായ നേരായിരിക്കണമെന്നില്ലല്ലോ. പത്തു വർഷം മുമ്പു പ്രസ്ഥാനത്തിന്റെ ശത്രുവായിരുന്നവരെല്ലാം കൊല്ലപ്പെട്ടു. നീയൊഴികെ. അന്നത്തെ ഉത്തരവു നടപ്പാക്കേണ്ടതുണ്ട്‌.)

ഗ്ലാസിലെ അഗ്നി വീണ്ടും വിഴുങ്ങിയിട്ട്‌ ഞാൻ കഴിഞ്ഞ പത്തുകൊല്ലമായി കൊണ്ടു നടക്കുന്ന പിസ്‌റ്റളെടുത്ത്‌ അയാളുടെ ചങ്കിനുനേരെ കാഞ്ചി വലിച്ചു. ഒരാളെ കൊല്ലാൻ ഏറ്റവും നല്ല സമയം അയാൾ ഒരു കുട്ടിയെപ്പോലെ സ്വപ്‌നം കണ്ടുറങ്ങുമ്പോഴാണ്‌. ദയനീയമായ ഒരു സൈലന്റ്‌ ഡത്ത്‌. മേശപ്പുറത്തുകൂടി മദ്യം ഒഴുകിയൊഴുകി മാർബ്ബിൾത്തറയിലേക്കിറ്റു വീഴാൻ തുടങ്ങി. പ്ലാസ്‌റ്റിക്‌ ഇലപ്പടർപ്പുകളിൽ ബാറുടമയുടെ മുഖം തെളിഞ്ഞു മാഞ്ഞു. സെൽഫോണെടുത്ത്‌ യാന്ത്രികമായി ഞാനലറുകയായിരുന്നു.

എല്ലാം പറഞ്ഞതുപോലെ. ഓപ്പറേഷൻ സക്‌സസ്‌.

കൈയിൽ സെൽഫോണല്ല. ഒരു കറുത്ത വിഷജീവി. അതെന്നോടു പറയാൻ തുടങ്ങിയതിങ്ങനെയായിരുന്നു.

“ജേക്കബിന്റെ കൊലപാതകത്തിലൂടെ പ്രസ്ഥാനത്തിന്റെ ഐക്യത്തിനു തുരങ്കംവച്ച നിന്നെ പുറത്താക്കിയിരിക്കുന്നു. ഇനി ഞങ്ങളുടെ കുട്ടികൾ നിന്നെ കൈകാര്യം ചെയ്യും.”

പിന്നെ ഉഗ്രൻ ചിരിയായിരുന്നു.

“പക്ഷെ, നിങ്ങളുടെ ഉത്തരവനുസരിച്ചല്ലെ ഞാനയാളെ വധിച്ചത്‌?”

ചിരിമുഴക്കം വാക്കുകളായിഃ അത്‌ ആവശ്യമായിരുന്നു, നീ ഒരനാവശ്യവും.

“ജേക്കപ്പേ, ടേയ്‌. നമ്മടെ ഗതി. നമ്മൾ, ജീവിതങ്ങൾ ചെലവഴിച്ചു. എനിക്കു നിന്നെ അറിയാം, ചത്തെങ്കിലും നിനക്കെന്നേയും. അതാണടേയ്‌ സുഹൃത്‌ബന്ധം. എനിക്കു പുതിയ റോളാണെടേയ്‌, ഒറ്റുകാരന്റെ റോൾ. അതിനു ശിക്ഷയും വിധിച്ചിട്ടുണ്ട്‌. ശിക്ഷാവിധിയുടെ തലക്കുറിയും പേറി ഞാൻ ഒളിജീവിതത്തിലേക്ക്‌ ഒഴിഞ്ഞുപോകട്ടെ, വരുന്ന പത്തു വർഷത്തേക്കെങ്കിലും.

Generated from archived content: story_july2.html Author: chandrababu_panangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here