രാജാവിന്റെ വളർത്തു പൂച്ച

പട്ടു വിരിച്ച മെത്തമേൽ, രാജാവിന്റെ മടിയിൽ കയറിക്കിടന്ന്‌ ആ സുന്ദരിപ്പൂച്ച, അതൊരു പൂച്ചയല്ലെന്നു സ്വയം കരുതി ജീവിച്ചു പോന്നു.

ഒ, ഞാനതു മറന്നു പോയി. എന്റെ കഷ്‌ടപ്പാടുകളെല്ലാം ഞൊടിയിടയിൽ മാറ്റിമറിക്കാൻ കഴിവുളള ഒരു ഫയലിന്റെ കാര്യമാണു പറയാൻ വന്നത്‌. ബുദ്ധിയും കഴിവുമുളള പല ഗുമസ്തന്മാരും വെട്ടിയും തിരുത്തിയും പുകയില കാർക്കിച്ചു തുപ്പിയും നശിപ്പിച്ച എന്റെ ജീവിതം.

അത്‌ കോമൾ സാറിന്റെ മേശപ്പുറത്തുണ്ടായിരുന്നു. കോമൾസാറിന്‌ അരുമയായിരുന്നു അത്‌. എന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യമല്ലേ. കോമൾസാറിന്റെ മേശപ്പുറത്ത്‌ മറ്റുളളവരുടെ-ഛെ, നൂറുകണക്കിന്‌ സാധാരണക്കാരുടെ-ജീവിതവുമായി ബന്ധപ്പെടാനിഷ്‌ടമില്ലാതെ ഒരൊറ്റ ഫയലായി, സുന്ദരിയായി അതങ്ങനെ കിടക്കുകയായിരുന്നു.

ടർക്കി പുതപ്പിച്ച പതുപതുത്ത സിംഹാസനത്തിൽ ഇരുന്ന്‌ കോമൾസാർ എന്റെ കണ്ണീർക്കഥ കേട്ടു. പൊടിപിടിച്ചു വീർത്ത പ്രമാണക്കെട്ടുകൾക്കിടയിലേക്കു തലയിട്ടു കൊണ്ട്‌ കോമൾസാർ ശക്തിയായി തുമ്മി.

സോറി, എനിക്കതു ചെയ്യാൻ കഴിയില്ലഡേ.

എനിക്കുറപ്പുണ്ടായിരുന്നു. കോമൾസാറതു ചെയ്യും. മറ്റുളളവർ ഉച്ചയൂണിന്‌ പോകുന്നതുവരെ ഞാൻ വെളിയിൽ കാത്തുനിന്നു. ഫയൽകൂമ്പാരങ്ങൾ മണത്തു മണത്തു ഞാൻ കോമൾസാറിന്റെ പുറകിലെത്തി.

രക്ഷിക്കണം സാർ.

കറങ്ങുന്ന കോമൾസാർ എന്നെ കണ്ടു.

വീണ്ടും താൻ.

വീണ്ടും എന്റെ ഫയൽ. മഞ്ഞക്കവറിട്ട എന്റെ ജീവിതം. സ്വന്തം നിസ്സഹായത വെളിവാക്കാനായി കോമൾസാർ കൈകൾ മലർത്തിക്കാട്ടി. ഞാൻ ആ കൈളിൽ മുത്തം വച്ചു. ആ കൈപ്പടങ്ങളിൽ പിടിച്ച്‌ കണ്ണീരുളള എന്റെ മുഖം അമർത്തിത്തിരുമ്മി. ഒരാവേശത്തോടെ എളിക്കുത്തിൽ നിന്നും ഒരഞ്ഞൂറു രൂപാ നോട്ടെടുത്ത്‌ സാറിന്റെ വലംകൈയിൽ വച്ചിട്ട്‌ ആ വിരലുകൾ മുറുക്കിയടച്ചു കൊടുത്തു. കോമൾസാർ എന്നെ ഇരുത്തി.

അസാധ്യമായതാണ്‌ നിങ്ങൾ ആവശ്യപ്പെടുന്നത്‌.

എന്നിട്ടും കോമൾസാർ സമ്മതിച്ചു.

മനുഷ്യത്വം മാത്രമാണ്‌ ഞാൻ പരിഗണിച്ചത്‌. നിയമസംഹിതകൾ എഴുതിയവരുടെ തലയിൽ ഇടിത്തീ വീഴട്ടെ. കോമൾസാർ രണ്ടാംനിലയിൽ കോൺഫറൻസിൽ പങ്കെടുക്കാനായി പോകുമ്പോൾ എനിക്കുറപ്പു തന്നിരുന്നു. അശോകമരച്ചുവട്ടിൽ കാത്തിരിക്കൂ. തന്റെ കാര്യം സാധിക്കാതെ ഞാൻ താഴേക്കില്ല.

കോൺഫറൻസു കഴിഞ്ഞു വിയർത്തും, ചിരിച്ചും, മുറുക്കിയും ഫയൽപുരുഷന്മാർ പടിയിറങ്ങി വന്നു. എല്ലാവരും എന്നെ നോക്കി തലകുലുക്കി.

താൻ മിടുക്കനാണല്ലോ. കോമൾസാറിനെ ചാക്കിട്ടല്ലോ.

പാവങ്ങൾ. എന്റെ ജീവിതത്തിൽ ചുവന്ന ഗുണനചിഹ്നങ്ങൾ കോറിയിട്ടു പീഡിപ്പിച്ചവരാണ്‌. എന്റെമേൽ ബീഡിച്ചാരം തട്ടിയിട്ടവരാണ്‌. പഠിക്കട്ടെ. അശോകപ്പൂക്കൾ ചവച്ചുകൊണ്ടു ഞാൻ പടിക്കെട്ടിലേക്കു നോക്കിനിന്നു. കോമൾസാറിന്റെ ശിപായി എത്തി.

സാറു വരും. കാത്തിരിക്ക്‌.

വീണ്ടുമൊരാൾ. ഒരധികാരി.

താൻ രക്ഷപ്പെട്ടു. കോമൾ രക്ഷിച്ചു.

ഓരോരുത്തരായി ഓഫീസിൽ നിന്നും തിരിച്ചു പോയിത്തുടങ്ങി. ജനാലകളും വാതിലുകളും അടച്ചു. നേരം ഇരുണ്ടു. മുകളിൽ കോൺഫറൻസ്‌ കഴിഞ്ഞു കാണില്ല. പടിക്കെട്ടിൽ വെളിച്ചം വീണു. അശോകമരച്ചോട്ടിൽ നീളൻ ടോർച്ചുമായി ചൗക്കീദാരെത്തി.

ആരാ എന്താ നില്‌ക്കുന്നേ.

കോമൾ സാർ പറഞ്ഞു. ഞാൻ നിന്നു.

ചൗക്കീദാർമാർക്ക്‌ ഓഫീസുകാര്യങ്ങൾ ഒന്നും അറിയില്ലായിരിക്കാം.

കോൺഫറൻസു കഴിഞ്ഞ്‌ കോമൾസാർ പോയിക്കാണുമല്ലോ.

ഇല്ല. എന്റെ കാര്യം ശരിയാക്കുകയാണ്‌.

മോളിൽ ആരുമില്ലെന്നേ. പോ…പോ…നാളെ വാ.

ഞാൻ ചിരിച്ചുപോയി. കോമൾസാർ ആ തടിച്ച ശരീരവും കരുണാർദ്രമായ മനസ്സുമായി മുകളിൽ അലിഞ്ഞ്‌ ആവിയായിപ്പോയെന്നോ? എന്റെ ഭാഗ്യത്തിന്‌ അപ്പോൾ മുകളിലെ പടിക്കെട്ടിൽ ഷൂവിട്ടു നടന്നിറങ്ങുന്ന ശബ്‌ദം കേൾക്കായി.

കേൾക്ക്‌. മുകളിൽ ആരുമില്ലെന്നു പറഞ്ഞയാളെവിടെപ്പോയി? എന്താ നാണിച്ചു മരപ്പട്ടിയായിപ്പോയോ?

ഷൂവിട്ടു നടക്കുന്നതല്ലാതെ ആരും ഇറങ്ങിവന്നില്ല. ഒരുവേള കോമൾസാർ എന്റെ ഫയലിൽ അവസാന തീരുമാനമെടുത്തു കഴിഞ്ഞിട്ട്‌ ഇറങ്ങി വരുമ്പോൾ അല്‌പം തിരുത്തൽ കൂടി ആവശ്യമെന്നു തോന്നി വീണ്ടും മുകളിലേക്കു പോയതാണെങ്കിലോ? ഓഫീസ്‌ സമുച്ചയത്തിൽ ഒരു ഭ്രമണം കഴിഞ്ഞ്‌ ചൗക്കീദാർ അശോകമരച്ചോട്ടിലെത്തി.

താൻ പോയില്ലേ. നട്ടപ്പാതിരക്കാണോ ഫയലുതീർപ്പ്‌.

അയാൾ എന്നെ ഉന്തിത്തളളി നീക്കാൻ ശ്രമിച്ചു. പടിക്കെട്ടിലെ വെളിച്ചം തീർത്ത അശോകമരനിഴലിൽ നിന്നും തെല്ലിട നീങ്ങി മാറാതെ ഞാൻ ഗൗരവത്തിൽ നിന്നു. കോമൾസാർ പറഞ്ഞതാണ്‌ ഇവിടെത്തന്നെ നില്‌ക്കണമെന്ന്‌. ഞാൻ മാറില്ല.

എന്റെ കോമൾസാർ, വേഗം വരു. ഫയലിലെ തീർപ്പറിയാൻ മാത്രമല്ല സാറിനെ ഒന്നു കാണാൻ കൂടി എനിക്കു കൊതിയാവുന്നു. ദേ പോലീസുകാരൻ പറയുന്നു, പത്തര കഴിഞ്ഞെന്ന്‌. അയാളും ചൗക്കീദാരും കൂടെ എന്നെ ചതച്ചു വിടും. വെളിച്ചം വീണു കിടക്കുന്ന പടിക്കെട്ടുകളിൽ നോക്കിക്കൊണ്ടു ഞാൻ ആലോചിച്ചു. ആരാണീ കോമൾ സാർ, എനിക്ക്‌. എന്റെ എല്ലാമെല്ലാം അദ്ദേഹത്തിന്റെ പേനാത്തുമ്പിലാണ്‌. അദ്ദേഹമിപ്പോൾ തിരിച്ചു വരും. ഞാൻ കാത്തിരുന്നില്ലെങ്കിൽ സാറിനു ദേഷ്യം വന്ന്‌ എന്റെ ഫയൽ-എന്റെ ജീവിതം-വലിച്ചു കീറി മുകളിലെ നിലയിൽ നിന്ന്‌ താഴേക്കു പായുന്ന കാറ്റിൽ പറത്തിയിട്ട്‌ അദ്ദേഹം ഏതെങ്കിലുമൊരു നഴ്‌സറി റൈം പാടിയേക്കും.

അപ്പോൾ ചൗക്കീദാർ പോലീസുകാരനോടു പറഞ്ഞത്‌ കോമൾ സാർ പെൻഷൻ പറ്റിയിട്ടു വർഷങ്ങളായെന്നാണ്‌. രാത്രിയിൽ, അഞ്ചുകട്ടയിടുന്ന ടോർച്ചുമായി ഓഫീസ്‌ സമുച്ചയത്തെ ഭ്രമണം ചെയ്‌തുചെയ്‌ത്‌ അയാൾക്ക്‌ തല തിരിഞ്ഞിരിക്കുന്നു. അശോകച്ചെടി കണ്ടാൽ ആനയെന്നു നിലവിളിക്കും. കോമൾസാർ മരിച്ചുപോയെന്നും അയാളിനി പറയും. പോലീസുകാരന്റെ കൈയിൽനിന്നും കുതറിച്ചാടി. വെളിച്ചം വീണു കിടക്കുന്ന പടിക്കെട്ടിലേക്ക്‌ ഓടിക്കയറി. മുകളിൽ ഷൂവിട്ടു നടക്കുന്ന ശബ്‌ദം എന്നോട്‌ കയർക്കുന്നതുപോലെ തോന്നി.

അശോക മരച്ചോട്ടിൽ നില്‌ക്കാനല്ലേ പറഞ്ഞത്‌

താഴെ നിന്നും പോലീസുകാരൻ വിളിച്ചു. ഇറങ്ങിവാടാ.

കോമൾ സാറേ…..

എന്റെ വിളികേട്ട്‌ ഷൂവിട്ടു നടക്കുന്ന ശബ്‌ദം നിലച്ചു. ഒരു നിമിഷത്തിനുളളിൽ ആ ശബ്‌ദം മുകളിലെ നിലയിലാകെ ചിതറിയോടി. അടച്ചുപൂട്ടിയ മുറികളും ശൂന്യമായ ഇടനാഴിയും കടന്ന്‌ എന്റെ വിളികൾ എങ്ങോട്ടോ ഇറങ്ങിപ്പോയി. പക്ഷേ, എന്റെ ജീവിതമാകെ മാറ്റി മറിക്കേണ്ട ആ ഫയലിന്റെ കാര്യമോ?

Generated from archived content: story1_jan6.html Author: chandrababu_panangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here