ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് ഞങ്ങളുടെ കോളനിക്ക് ചെവികേൾക്കാൻ വയ്യാത്ത ഒരംഗത്തെ കിട്ടിയത്. കണ്ടുപിടിക്കപ്പെട്ടതിൽവച്ച് ഏറ്റവും വലിയ ധനവാനും മനുഷ്യസ്‌നേഹിയുമായിരുന്നു അദ്ദേഹമെന്ന് ഞങ്ങൾ യോഗം ചേർന്ന് നിർണ്ണയിച്ചു. കാരണം അയാൾ കീശയിൽ കൈയിട്ട് കൈലേസെടുക്കുമ്പോഴൊക്കെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പറുത്തേക്കു വരുമായിരുന്നു. ബധിരനായ ആ കുടുംബനാഥനും അദ്ദേഹത്തിന്റെ സുന്ദരിയും സ്‌നേഹവതിയുമായ പ്രിയപത്‌നിക്കും നന്മ വരേണമേ എന്ന് ഒരു വാചാപ്രമേയത്തിലൂടെ ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുകയും തുടർന്ന് മേൽപ്പറഞ്ഞ മനുഷ്യസ്‌നേഹിക്ക് ഒരു ശ്രവണസഹായി നൽകാൻ തിരുമാനിക്കുകയും ചെയ്‌തു. അദ്ദേഹത്തിനെ ആ തീരുമാനമറിയിക്കാൻ ഞങ്ങൾ വളരെ പണിപ്പെട്ടു. അംഗവിക്ഷേപങ്ങളിലൂടെയും മണ്ണെഴുത്തിലൂടെയും ആകാശത്തെഴുത്തിലൂടെയും കുറെയൊക്കെ പറഞ്ഞൊപ്പിച്ചപ്പോൾ അദ്ദേഹം വിനയാന്വിതനായി തൊഴുത് ഞങ്ങളോടു നന്ദിപ്രകാശിപ്പിച്ചു.
എന്തു ചോദിച്ചാലും “ഉറക്കെപ്പറ, ഉറക്കെപ്പറ, ങേ, ങേ” എന്നല്ലാതെ അദ്ദേഹം ഒന്നും പറയുമായിരുന്നില്ല. “നല്ലോരു മനുഷ്യൻ. ചെവി കേട്ടൂടാ. അല്ലാരുന്നേൽ ഒരന്തിവായ്‌പ അല്ലെങ്കിൽ ആയിരമോ പതിനായിരമോ ചോദിക്കാമായിരുന്നു. ആ മുഖം കണ്ടോ! തീർച്ചയായും തരുമായിരുന്നു. പാവം!” ഞങ്ങൾ ഒറ്റയ്‌ക്കും കൂട്ടായും ചിന്തിച്ചതിങ്ങനെയാണ്.
ടൗൺഹാളിലെ യോഗത്തിൽ അദ്ധ്യക്ഷൻ അലറിക്കരഞ്ഞു. “നല്ലവനായ ഈ ചെറുപ്പക്കാരന് ചെവി കേട്ടൂടാത്തതിനാലാണ് നമ്മൾ ഈ ചെവിയന്ത്രം ഘടിപ്പിക്കാൻ തീരുമാനിച്ചത്. അയാൾ എല്ലാം കേട്ടുതുടങ്ങിയാൽ ഈ കോളനിക്കാർ രക്ഷപ്പെട്ടു. ഇട്ടുമൂടാൻ സ്വത്തല്ലിയോ ബധിരശിരോമണിയുടെ മണിപേഴ്‌സിൽ.” അദ്ധ്യക്ഷൻ അദ്ദേഹത്തെ നോക്കി തലകുലുക്കി. തന്നെ സ്‌തുതിക്കുകയാണെന്ന് കരുതി അദ്ദേഹം കൈ ഉയർത്തി തൊഴുതു. ഉദ്‌ഘാടകൻ വർണ്ണക്കടലാസിൽ പൊതിഞ്ഞ യന്ത്രം അദ്ദേഹത്തിന്റെ തലയിലുറപ്പിച്ചുകൊടുത്തു. ഇരുചെവികളിലും തൊട്ടിരുന്ന അത് അദ്ദേഹത്തിന് ഒരു കിരീടധാരിയുടെ പകിട്ടേകി. ഉദ്‌ഘാടകൻ ഉറക്കെപ്പറഞ്ഞു; “എവന്റെ ചെവിയിലേക്ക് നാം ശബ്‌ദത്തെ പറഞ്ഞയക്കുകയാണ്. ഞാൻ സ്വിച്ചിടുമ്പോൾ നിങ്ങളിലാരെങ്കിലും ഒരാൾ എഴുന്നേറ്റ് വന്ന് അവന് അഭിവാദ്യമോതണം. ശരി. വൺ ടൂ, ത്രീ. ഇതാ സ്വിച്ചോണായി.”
സദസ്സു മുഴുവൻ എഴുന്നേറ്റുനിന്ന് അലമുറയിടുന്നത് കേൾക്കായി.
“സാറേ എനിക്ക് പണം വേണം.‘ എന്നെ സഹായിക്കണേ,’ ‘വീട്ടുചെലവിന്.
’പിരിവ‘്, ’സപ്‌താഹം‘, ’ബോണസ്‘, ’കച്ചോടം പൊളിഞ്ഞു‘, ’അഡ്വാൻസ‘് അദ്ദേഹം അനങ്ങാതെ ഒന്നും പ്രതികരിക്കാതെ ഇരുന്നു. ”ഞാനൊന്നും കേട്ടില്ലല്ലോ“- അത്രയും മാത്രമാണ് അന്ന് അദ്ദേഹം പറഞ്ഞത്. എല്ലാവർക്കും വിഷമമായി. യന്ത്രച്ചെവി വച്ചാലും അദ്ദേഹത്തിനു കേൾക്കാൻ കഴിയില്ലെന്നുറച്ച് ഞങ്ങൾ നിരാശരായി. ഒരുതരത്തിലും പ്രയോജനമില്ലാത്ത അത്തരമൊരുവനെ പ്രകീർത്തിച്ചിട്ട് ഒന്നും നേടാനില്ലെന്ന് മനസ്സിലാക്കി ഞങ്ങൾ സ്വതസിദ്ധമായ ഭാഷയിൽ അയാളെ തെറിവിളിക്കാൻ തുടങ്ങി. തെറിയുടെ ഉസ്‌താദുമാരായ അദ്ധ്യക്ഷനും ഉദ്‌ഘാടകനും മൈക്കിലൂടെയാണ് അയാളെ ചീത്തവിളിച്ചത്.
പാവം. അദ്ദേഹമാകട്ടെ, ഈ ഭാവമാറ്റത്തിന്റെ അർത്ഥം മനസ്സിലാവാതെ മിഴിച്ചിരുന്ന് ചെവിയന്ത്രത്തിന്റെ ഏതോ ഒരു ബട്ടണിൽ അമർത്തിപ്പിടിച്ചു. അപ്പോൾ അയാളുടെ തലയിലേക്ക് ശബ്‌ദവും വെളിച്ചവും കടന്നുചെന്നു. അയാൾ ചാടിയെഴുന്നേറ്റുഃ ”ദേ, ശരിക്കുള്ള ബട്ടനമർത്തിയപ്പോൾ ഞാൻ എല്ലാം വ്യക്തമായി കേൾക്കുന്നു. ഇതാണോ നമ്മുടെ ഭാഷ! അയ്യോ, ഇതെനിക്കു വേണ്ടാ…..“ അയാൾ യന്ത്രച്ചെവി ഊരി സദസ്സിനുനേരേ എറിഞ്ഞിട്ട് വേഗം ഇറങ്ങിപ്പോയി.
***********
കഥയുടെ ആദ്യവായനക്കാരൻ ഇങ്ങനെ എഴുതി.
”അയാളുടെ കൈയിലെ പണത്തിന് അധികം പ്രാധാന്യം കൊടുക്കുകയും കോളനിക്കാരെ അത്യാർത്തിക്കാരാക്കുകയും ചെയ്യുകവഴി ഈ കഥയെഴുതിയവൻ സമൂഹത്തെ അപമാനിക്കുന്നു. ഉദ്‌ഘാടകനെക്കൊണ്ട് യന്ത്രത്തിന്റെ തെറ്റായ സ്വിച്ചിടുവിച്ചതുതന്നെ കഥാകൃത്തിന്റെ കഴിവുകേടായിട്ടേ ഞാൻ കാണു. ഇതൊരു ചീത്തക്കഥയാണ്. ഇതുവായിച്ചാൽ നമ്മൾക്കെന്തുകിട്ടും?!“
Generated from archived content: story1_april30_11.html Author: chandrababu_panangad